ജീവിതം

ക്ലാസിക്കല്‍ റോമന്‍ സാഹിത്യവിമര്‍ശകരില്‍ ശ്രദ്ധേയനാണ് ഹോരസ്. ബി.സി 65ല്‍ ഇറ്റലിയിലെ വെനുസിയായില്‍ ജനിച്ചു. തത്വചിന്ത പഠിക്കാന്‍ ഫ്രാന്‍സിലേക്കുപോയി. അക്കാലത്താണ് ജൂലിയസ് സീസര്‍ വധിക്കപ്പെട്ടത്. ബ്രൂട്ടസ് ഹോരസിന് പട്ടാളത്തിലൊരു ജോലികൊടുത്തു. റിപ്പബ്ലിക്കന്‍ സൈന്യത്തോടു ചേര്‍ന്ന് പൊരുതിയ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെങ്കിലും റോമില്‍ മടങ്ങിവന്ന് ഖജനാവില്‍ ഒരു ഗുമസ്തനായി ജോലി ചെയ്തു. ബി.സി 39ല്‍ മഹാകവി വെര്‍ജിലുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. ഇത് ജീവിതത്തിലെ ഒരു നേട്ടമായിത്തീര്‍ന്നു. പില്‍ക്കാലത്ത് അഗസ്റ്റിസ് ചക്രവര്‍ത്തിയോടടുക്കുന്നതിനും അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിന് പാത്രമാകുന്നതിനും സാധിച്ചു. ബി.സി 8-ല്‍ ഹോരസ് അന്തരിച്ചു.

അഗസ്റ്റസിനുള്ള കത്ത്

അഗസ്റ്റസ് ചക്രവര്‍ത്തിയുമായുള്ള സൗഹൃദത്തിന്റെ ഫലങ്ങളിലൊന്ന് അഗസ്റ്റസിനുള്ള കത്താണ്. ക്ലാസിക്കല്‍ സാഹിത്യത്തെക്കുറിച്ചുള്ള പൊള്ളവാക്കുകള്‍ പറയുകയും സമകാലിക സാഹിത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നവരെ ഹോരസ് ഈ കൃതിയില്‍ അപഹസിക്കുന്നു. ഗ്രീക്ക് റോമന്‍ കവിതകളുടെ ഉത്ഭവത്തെക്കുറിച്ച് താരതമ്യപരമായി ചിന്തിക്കുകയും, റോമന്‍ കവിതയുടെ ചരിത്രം സംഗ്രഹിക്കുകയും ചെയ്യുന്നു അദ്ദേഹം. ശ്രേഷ്ഠമായ നാടകകൃതികളെ ഉപേക്ഷിച്ച്, അരങ്ങിലെ വിഭ്രമിപ്പിക്കുന്ന പ്രകടനങ്ങളില്‍ അഭിരമിക്കുന്ന നാടകാസ്വാദകരെ അദ്ദേഹം കഠിനമായി വിമര്‍ശിക്കുന്നു. പ്രാചീനത്വമല്ല, ആന്തരികമായ ഗുണപ്രകൃതിയാണ് കൃതികളെ വിലയിരുത്തുവാന്‍ മാനദണ്ഡമാക്കേണ്ടത്. ജൂലിയസ് ഫ്‌ളോറസിനെഴുതിയ കത്തിലും സാഹിത്യവിമര്‍ശനപരമായ പരാമര്‍ശങ്ങള്‍ കാണുന്നു. ആഴമില്ലാത്ത കവിതകള്‍ എഴുതി ജനപ്രീതി നേടുന്ന കവികളെ അദ്ദേഹം പരിഹസിക്കുന്നു. ഏറ്റവും നല്ല വാക്കുകള്‍ ഏറ്റവും നല്ല രീതിയില്‍ വിന്യസിക്കുമ്പോഴാണ് ഉത്തമകൃതികള്‍ ഉണ്ടാകുന്നത്. അതിന് കഠിനമായ അധ്വാനം ആവശ്യമാണെന്ന് അദ്ദേഹം കവികളെ ഓര്‍മപ്പെടുത്തുന്നു. പിസ്റ്റോ സഹോദരന്മാര്‍ക്കുള്ള കത്ത് എന്ന രചനയാണ് ഹോരസിനെ സാഹിത്യവിമര്‍ശകന്‍ എന്ന നിലയില്‍ അനശ്വരനാക്കുന്നത്. സാഹിത്യവിമര്‍ശനത്തില്‍ ആര്‍സ് പൊയറ്റിക്ക എന്ന പേരിലാണ് ഈ കൃതി അറിയപ്പെടുന്നത്. ക്വിന്റിലിന്‍ തന്റെ ഗ്രന്ഥമായ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓറട്ടേറിയയില്‍ ഈ പേര് ഉപയോഗിച്ചതോടെയാണ് സാഹിത്യ ലോകത്തില്‍ ഇതിന് പ്രചാരം ലഭിച്ചത്. പ്ലേറ്റോയെയോ അരിസ്റ്റോട്ടിലിനെയോ പോലെ അപഗ്രഥന വൈഭവമോ താത്ത്വികാടിസ്ഥാനത്തിലുള്ള മൗലികവീക്ഷണമോ അദ്ദേഹത്തിനില്ല. എങ്കിലും, കാവ്യകല പരിശീലിക്കുന്ന സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനംചെയ്യുന്ന ചില നിരീക്ഷണങ്ങളും ഉപദേശങ്ങളും രേഖപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കലാസൃഷ്ടിയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഔചിത്യമാണ് കലാതത്വങ്ങളില്‍ പ്രധാനമായി ഹോരസ് ചുണ്ടിക്കാട്ടുന്നത്. ഈ ഔചിത്യം കവിതയുടെ ജൈവരൂപ സങ്കല്‍പവുമായി ബന്ധപ്പെടുന്നവയുമാണ്. കവിക്ക് കല്പനാസ്വാതന്ത്ര്യം ഉണ്ടെങ്കിലും അസംഭവങ്ങള്‍ രചിക്കാന്‍ അധികാരമില്ല. സ്ഥാനസ്ഥിതമല്ലെങ്കില്‍ എത്ര ചാരുവായ ചിത്രീകരണമായാലും നിഷ്പ്രയോജനമാകും. ‘കപ്പല്‍ച്ഛേദത്തില്‍പ്പെട്ട് വിലപ്പെട്ട ജീവിതം രക്ഷിക്കാന്‍ മുങ്ങിത്തുടിക്കുന്നവരെ ചിത്രീകരിക്കുന്നതിനിടയില്‍, സൈപ്രസ് മരം വരയ്ക്കുവാന്‍ മടിക്കുന്നുണ്ടെന്നു കരുതി അതു തിരുകി കൊള്ളിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും’ എന്ന് ഹോരസ് ചോദിക്കുന്നു.
ഏകാഗ്രമനസ്സായി, പ്രകരണത്തില്‍നിന്ന് പാളിപ്പോകാതെ രചന നിര്‍വഹിക്കുക എന്നതാണ് അഭികാമ്യമായ ധര്‍മം.. കൃതിയുടെ സമഗ്ര പ്രതീതിയെക്കുറിച്ച് ഹോരസ് പറയുന്നത് വളരെ ശ്രദ്ധേയമാണ്. വിശദാംശങ്ങളില്‍ എത്രമാത്രം കരവിരുത് കാണിച്ചാലും സമഗ്രശില്പം വികലമായിപ്പോയേക്കാം. കൊച്ചു കൊച്ചു തെറ്റുകള്‍ തിരുത്തി ഗൗരവമുള്ള വൈകല്യം സംഭവിച്ചാല്‍ എങ്ങനെയായിരിക്കും, അത്തരം ഒരു പ്രതിഭാശില്പിയുടെ കാര്യം ഹോരസ് ചൂണ്ടിക്കാണിക്കുന്നു. കൈവിരലിലെ നഖവും തലയിലെ മുടിയും വേണ്ടവണ്ണം ശ്രദ്ധയോടെ അദ്ദേഹം ഉണ്ടാക്കുന്നു. എന്നാല്‍, ആകെത്തുകയില്‍ ശില്പം ഒരിടത്തും എത്തുന്നില്ല. ഇത് അനുമോദനം അര്‍ഹിക്കുന്ന അവസ്ഥയല്ല.
എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹോരസ് വളരെ ആദരണീയമായ ഉപദേശം കൊടുക്കുന്നു. സ്വന്തം കഴിവുകള്‍ക്കിണങ്ങിയ കാര്യങ്ങളെ, തനിക്ക് അപ്രാപ്യമായവയെ മനസ്സിലാക്കി പ്രവര്‍ത്തിക്കുക. തന്റെ ശക്തിക്ക് ഇണങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുത്താല്‍ എഴുത്തുകാരന് വാക്കുകിട്ടാതെ വിഷമിക്കേണ്ടിവരികയില്ല. അയാളുടെ ചിന്ത സുവ്യക്തവും ചിട്ടയുള്ളതായിരിക്കുകയും ചെയ്യും. കാവ്യസന്ദര്‍ഭത്തിനനുയുക്തമായ പദം കണിശമായി ഉപയോഗിക്കുക എന്നതാണ് ചിന്തയുടെ ഗുണവും ആകര്‍ഷണീയതയും. സ്വന്തം തട്ടകത്തില്‍ ഒതുങ്ങിനിന്നാലേ വാക്കുകളുടെ ഈ ഉചിതസംയോഗം സാധ്യമാകൂ.

വാക്കുകളെക്കുറിച്ച് ഹോരസിന് വേറെയും ചില കാര്യങ്ങള്‍ പറയാനുണ്ട്. സൂക്ഷ്മതയോടും ഔചിത്യത്തോടും കൂടി വാക്കുകള്‍ പ്രയോഗിക്കുക, വൈദഗ്ദ്ധ്യത്തോടെ അവ വിന്യസിക്കുക -അപ്പോഴാണ് അംഗീകാരം നേടാന്‍ കഴിയുന്നത്. ദുര്‍ഗ്രഹമായ ആശയങ്ങള്‍ പ്രതിപാദിക്കേണ്ടി വരുമ്പോള്‍ പുതിയ പ്രയോഗങ്ങള്‍ കണ്ടുപിടിക്കേണ്ടി വരും. വിവേചന ബുദ്ധിയോടുകൂടി ചെയ്യുകയാണെങ്കില്‍ പഴയ തലമുറയ്ക്ക് തീരെ അപരിചിതമായ വാക്കുകള്‍ സൃഷ്ടിക്കാനും കവിക്ക് അവകാശമുണ്ട്. റോമന്‍ കവിതയില്‍ ഗ്രീക്ക് പദങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഇന്നത്തെ നിലയ്ക്ക് അപ്രസക്തമാണെങ്കിലും വാക്കുകള്‍ ചിലപ്പോള്‍ പ്രചാരലുബ്ധമാവുകയും വീണ്ടും പ്രചാരത്തില്‍ വരികയും ചെയ്യാമെന്ന അഭിപ്രായം സ്വീകാര്യമാണ്. വര്‍ത്തമാനകാല ജീവിതത്തിന്റെ മുദ്രപതിഞ്ഞ പദങ്ങള്‍ പ്രയോഗിക്കാന്‍ മനസ്സിരുത്തണമെന്ന് അദ്ദേഹം എടുത്തുപറയുന്നു. പഴയ ഇലകള്‍ കൊഴിയുന്നതുപോലെ വാക്കുകള്‍ കൊഴിഞ്ഞുപോകും. പുതിയ പദങ്ങള്‍ ജീവന്‍വച്ച് പ്രചാരം നേടും. ‘മനുഷ്യന്റെ സൃഷ്ടികള്‍, അവ എന്തൊക്കെയായാലും നശിച്ചുപോകും. ശാശ്വത ജീവിതത്തിന് ഭാഷയ്ക്കുള്ള സാധ്യത അവയെക്കാള്‍ എത്രയോ കുറവാണ്. ഇപ്പോള്‍ പ്രയോഗത്തില്‍നിന്ന് വീണുപോയിട്ടുള്ള പദങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും ഉപയോഗത്തില്‍ വരാം. ഇപ്പോള്‍ ആദരിക്കപ്പെടുന്നവ പൊലിഞ്ഞു പോയെന്നും വരാം. ഭാഷയുടെ പ്രമാണങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും നിയാമകങ്ങളായി നില്‍ക്കുന്നത് പ്രയോഗങ്ങളാണ്.
വികാരത്തിന് അനുഗുണമായ ഭാഷയാണ് കവി എപ്പോഴും പ്രയോഗിക്കേണ്ടത്. കഥാപാത്രങ്ങള്‍ ഏത് വൈകാരിക അവസ്ഥയില്‍ നില്‍ക്കുന്നുവെന്നു മനസ്സിലാക്കി അതിനുപറ്റിയ വാക്കുകള്‍ പ്രയോഗിക്കണം. ആവിഷ്‌കരിക്കുന്ന വികാരവും ആവിഷ്‌കരണശൈലിയും പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആളുകള്‍ ഒന്നുകില്‍ ഉറക്കംതൂങ്ങും, അല്ലെങ്കില്‍ പരിഹസിച്ച് ചിരിക്കും. വ്യത്യസ്ത വൃത്തങ്ങള്‍ കവി വികസിപ്പിച്ചെടുത്തതുതന്നെ ശൈലിയും വികാരവും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയതിന്റെ ഫലമാണ്. ഇത്രയൊക്കെ മനസ്സിലാക്കിയതുകൊണ്ടും കാര്യമില്ല. ആവിഷ്‌കരണം അനുവാചകനില്‍ ഏശണമെങ്കില്‍ ആവിഷ്‌കൃതവികാരം കവി സ്വയം അനുകരിച്ചിരിക്കണം. ദുഃഖം അനുഭവിച്ചവന്റെ വാക്ക് കേള്‍വിക്കാരിലും ദുഃഖമുണ്ടാക്കും.

സാഹിത്യത്തിന്റെ ലക്ഷ്യം ആനന്ദമാണോ അറിവാണോ എന്നതിനെ സംബന്ധിച്ച് ഇന്നും അഭിപ്രായാന്തരങ്ങളുണ്ട്. ഇതിനെക്കുറിച്ച് തികച്ചും പക്വമായ അഭിപ്രായം ഹോരസ് മുന്നോട്ടുവയ്ക്കുന്നു. ആനന്ദവും അറിവും പരസ്പര വിരുദ്ധങ്ങളായിട്ടല്ല അദ്ദേഹം അവതരിപ്പിക്കുന്നത.് ആഹ്ലാദകരമായ അറിവാണ് സാഹിത്യത്തിന്റെ ലക്ഷ്യം. കൃതി ആഹ്ലാദിപ്പിക്കുന്നില്ലെങ്കില്‍, വികാരങ്ങളെ ഉണര്‍ത്തുന്നില്ലെങ്കില്‍ അതു സാഹിത്യമല്ല. ആഹ്ലാദം അതില്‍ത്തന്നെ പര്യവസാനിക്കാതെ ജീവിതത്തെക്കുറിച്ച് ഒരു നവ്യബോധം ഉണര്‍ത്തുന്നു. ‘ആനന്ദത്തെയും പ്രയോജനത്തെയും കൂട്ടിയോജിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാവരുടെയും അഭിനന്ദനം ലഭിക്കും. കാരണം അത്തരം കൃതികള്‍ ആനന്ദിപ്പിക്കുക മാത്രമല്ല, പ്രബോധിപ്പിക്കുകയും ചെയ്യുന്നു. ആ കൃതികള്‍ പുസ്തകക്കച്ചവടക്കാരന് പണമുണ്ടാക്കിക്കൊടുക്കുക മാത്രമല്ല വിദൂരദേശങ്ങളില്‍ പോലും പ്രചരിക്കുകയും ഗ്രന്ഥകാരന് ശാശ്വത യശസ്സ് നേടിക്കൊടുക്കുകയും ചെയ്യുന്നു’.
ഒരു കൃതി എഴുതിക്കഴിഞ്ഞാല്‍ പക്വമതിയായ ഒരു വിമര്‍ശകന്റെ പരിശോധനയ്ക്ക് സമര്‍പ്പിക്കണം. സൗഹാര്‍ദത്തോടെ എന്നാല്‍, കര്‍ക്കശമായിത്തന്നെ കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിനു കഴിയും. സത്യസന്ധനായ അദ്ദേഹം ചൈതന്യമില്ലാത്ത ഏതു വരിയെയും തള്ളിപ്പറയും. ഉപരിവിപ്ലവമായ അലങ്കാരങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കും. ‘നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി ഞാനെന്തിനാണ് ഒരു സ്‌നേഹിതന്റെ മുഷിച്ചില്‍ സമ്പാദിക്കുന്നത’് എന്ന് അദ്ദേഹം വിചാരിക്കുകയില്ല. അത്തരം വിമര്‍ശകന്റെ സഹായമാണ് തേടേണ്ടത്. ഇത്രയും കഴിഞ്ഞാലും പ്രസിദ്ധീകരിക്കുവാന്‍ തിടുക്കം കൂട്ടരുത്. എഴുതിക്കഴിഞ്ഞാല്‍ കൃതി ഒമ്പതു വര്‍ഷം സൂക്ഷിക്കണം. പിന്നെയും പ്രസിദ്ധീകരണയോഗ്യമെന്ന് കണ്ടാല്‍മാത്രം പ്രസിദ്ധീകരിക്കുക.
കവിയുടെ സിദ്ധിക്കാണോ സാധനയ്ക്കാണോ പ്രാധാന്യം എന്ന മര്‍മസ്പര്‍ശിയായ ചോദ്യം ഹോരസ് ചോദിക്കുന്നു. ഇവ പരസ്പരാശ്രയങ്ങളാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മനുഷ്യന് പ്രയത്‌നംകൊണ്ട് പ്രതിഭയെ സൃഷ്ടിക്കാനാവുകയില്ല. പ്രകൃതി കനിഞ്ഞുനല്‍കുന്ന ഒരു വരമാണത്. എന്നാല്‍, ഇച്ഛാശക്തി ഉപയോഗിച്ച് അനുഷ്ഠിക്കേണ്ടതാണ് സാധന. അതുകൊണ്ട് ഹോരസ് ഊന്നിപ്പറയുന്നത് അതിന്റെ കാര്യമാണെന്നു മാത്രം. അത് ജന്മസിദ്ധമായ പ്രതിഭയുടെ നിഷേധമല്ല. പ്രതിഭയുടെ അനുഗ്രഹം നേടിയ ഒരാള്‍ എങ്ങനെ അധ്വാനിച്ച് അതിനെ സഫലീകരിക്കണം എന്നാണ് അദ്ദേഹത്തിന് ഉപദേശിക്കാനുള്ളത.്
മൗലികവീക്ഷണം ഒന്നും അവതരിപ്പിക്കുന്നില്ലെങ്കിലും ഹോരസിന്റെ സാഹിത്യവീക്ഷണം കാവ്യരചനയില്‍ വ്യാപൃതരാകുന്ന യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. അരിസ്റ്റോട്ടിലിന്റെയോ ലോംഗിനസിന്റെയോ നിരയില്‍പ്പെടുന്ന വിമര്‍ശകനല്ല ഹോരസ്. ഏറെക്കാലത്തെ കാവ്യരചനാ പാരമ്പര്യത്തില്‍നിന്നു നേടിയ അനുഭവജ്ഞാനം തനിക്ക് സ്‌നേഹവും വാത്സല്യവുമുള്ള രണ്ടു യുവാക്കള്‍ക്കാണ് അദ്ദേഹം പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ട് ജ്ഞാന വയോവൃദ്ധനായ ഒരു ആചാര്യന്റെ വിവേകപൂര്‍ണമായ വാക്കുകള്‍ എന്ന നിലയില്‍ എക്കാലത്തെയും സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് അതു മികച്ച ഉപദേശമായിരിക്കും.