ദുരന്തനാടകത്തിന്റെ പ്രയോജനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന വേളയിലാണ് അരിസ്റ്റോട്ടില്‍ കഥാര്‍സിസ് എന്ന പദം പ്രയോഗിക്കുന്നത്. ദുരന്തനാടകാനുഭവം അനുവാചകരില്‍ സൃഷ്ടിക്കുന്ന വൈകാരികാനുഭവത്തെ കഥാര്‍സിസ് എന്ന് വിളിച്ചുകൊണ്ട് മറ്റൊരു സന്ദര്‍ഭത്തില്‍ താന്‍ ഈ സംജ്ഞ വിശദീകരിക്കാമെന്ന് പറയുന്നുണ്ടെങ്കിലും, പിന്നീട് അദ്ദേഹം ഈ വാഗ്ദാനം പാലിക്കുന്നില്ല. പില്‍ക്കാലത്ത് അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രത്തിന് വ്യാഖ്യാനം രചിച്ച പണ്ഡിതന്മാരില്‍ ചിലര്‍ കഥാര്‍സിസിനെ തങ്ങളുടേതായ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കഥാര്‍സിസിനെ പ്രാചീന വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനാണ് എഫ്.എല്‍. ലുക്കാസ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കഥാര്‍സിസ് ഒരുതരം വൈകാരികമായ സന്തുലനമാണ്. മനുഷ്യരിലുള്ള നാലുതരം ഹ്യൂമറുകളുടെ അനുപാത വ്യത്യാസമാണ് വ്യക്തികളുടെ സ്വഭാവഘടനയെ നിര്‍ണയിക്കുന്നതെന്ന് പ്രാചീന വൈദ്യശാസ്ത്രം പറയുന്നു. ഇവയുടെ അനുപാതം എപ്പോഴും സന്തുലിതമായിരിക്കുകയില്ല. ദുരന്ത നാടകദര്‍ശനം സൃഷ്ടിക്കുന്ന വൈകാരികാഘാതം ഈ ഹ്യൂമറുകളുടെ സന്തുലനം സാധിക്കുന്നു. അതുതന്നെയാണ് കഥാര്‍സിസ് എന്ന അനുഭവം.

കഥാര്‍സിസിനെ മതപരമായ ചടങ്ങുമായി ബന്ധപ്പെടുത്തി അര്‍ഥം കല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. രോഗികള്‍ അസ്വസ്ഥത ജനിപ്പിക്കുന്ന ഒരുതരം മതാത്മക സംഗീതത്തിനോടൊപ്പിച്ച് തുള്ളി ഇഴഞ്ഞ് തളര്‍ന്നുവീഴുമ്പോള്‍ അവരുടെ മനസ്സ് ഒരുതരത്തില്‍ വിരേചിതമാവുകയാണ്. ആഹ്ലാദകരമായ ഒരു സമാശ്വാസം അവര്‍ക്കു ലഭിക്കുകയും ചെയ്യുമെന്ന് അരിസ്റ്റോട്ടില്‍ വിവരിക്കുന്നുണ്ട്. മതാത്മക സംഗീതത്തിന്റെ സ്ഥാനം നാടകത്തിന് കല്പിച്ചുകൊടുക്കുകയാണ് കഥാര്‍സിസിന് മതപരമായ അര്‍ഥം നല്‍കുന്ന പണ്ഡിതന്മാര്‍ ചെയ്യുന്നത്. ഭയകരുണങ്ങളുടെ പിരിമുറക്കം ഒഴിവാക്കി മാനസികമായ പ്രശാന്തതയില്‍ ട്രാജഡി പ്രേക്ഷകനെ എത്തിക്കുന്നു എന്നു സാരം.
ഹിപ്പോക്രിറ്റസിന്റെ കഥാര്‍സിസിന് വിരേചനo എന്നാണര്‍ഥം. ഇതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് ബെര്‍നെയ്‌സ് കഥാര്‍സിസിനെ വ്യാഖ്യാനിക്കുന്നു. വേദനാജനകമായ പദാര്‍ഥങ്ങളെ ശരീരത്തില്‍നിന്ന് പുറന്തള്ളി സ്വാസ്ഥ്യം നല്‍കുക എന്നാണ് വിരേചനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനു സമാനമായി യുക്തിപൂര്‍വവും വിശ്വസനീവുമായ ഒരു നാടകീയ സന്ദര്‍ഭം സൃഷ്ടിച്ച് അനുവാചകരിലെ ഭയകരുണങ്ങളെ ഉദീപ്തമാക്കുകയും, അവയെ മെല്ലെ പ്രശാന്തമായൊരവസ്ഥയില്‍ എത്തിക്കുകയും ചെയ്യുക. അങ്ങനെ ആഹ്ലാദകരമായ ഒരു ശാന്തിയുടെ അനുഭവം ഉണ്ടാക്കുക- ഇതാണ് ബെര്‍നെയ്‌സ് നല്‍കുന്ന വ്യാഖ്യാനം.
ഈ വ്യാഖ്യാനത്തില്‍നിന്നും ബൂച്ചര്‍ അല്‍പ്പംകൂടി മുന്നോട്ടു പോകുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച്, വികാര വിരേചനമല്ല വികാര വിമലീകരണമാണ് കഥാര്‍സിസില്‍ സംഭവിക്കുന്നത്. ദുരന്തനായകന്റെ അനിവാര്യമെങ്കിലും അനര്‍ഹമായ പതനം വിശ്വസനീയമായി അവതരിപ്പിക്കപ്പെടുന്നത് നാടകീയമായി അനുഭവിക്കുന്ന അനുവാചകന്‍ ഒരളവോളം ആ കഥാപാത്രവുമായി തന്മയീഭവിക്കുകയും അയാളില്‍ ഭയകരുണങ്ങള്‍ ഉദ്ദീപ്തമാവുകയും ചെയ്യുന്നു. മനുഷ്യന്റെ ഏതു വികാരവും സ്വാര്‍ഥതയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അതുകൊണ്ടുതന്നെ അത് അശുദ്ധവുമാണ്. എന്നാല്‍, രംഗത്ത് അവതരിക്കപ്പെടുന്ന ദുരന്താനുഭവത്തിന് വിധേയനാകുന്ന കഥാപാത്രത്തോടോ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനോടോ, അനുവാചകന് സ്വാര്‍ഥപരമായ യാതൊരു ബന്ധവും ഇല്ല. രംഗത്തു നടക്കുന്ന അനുഭവങ്ങളുമായി ഒരളവോളം തന്മയീഭവിക്കുമ്പോഴും അത് അയഥാര്‍ഥമാണെന്ന ബോധം അനുവാചകനുണ്ട്. അപ്പോള്‍ സംഭവ്യമെങ്കിലും അയഥാര്‍ഥമായ ഒരു സംഭവത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ഭയകരുണങ്ങള്‍ ഉദ്ദീപ്തമാകുന്നത്. അതുകൊണ്ടുതന്നെ ഈ വികാരങ്ങള്‍ സാര്‍വലൗകികവും നിര്‍വ്യക്തിഗതവുമാകുന്നു. വികാരത്തിന് സംഭവിക്കുന്ന ഈ പരിണാമത്തെയാണ് വിമലീകരണം എന്ന പദംകൊണ്ട് ബൂച്ചര്‍ വിവക്ഷിക്കുന്നത്.

ഭാരതീയ കാവ്യചിന്തയുടെ കേന്ദ്രമായ ഭരതമുനിയുടെ രസസൂത്രത്തിന് പില്‍ക്കാലത്തുണ്ടായ വ്യാഖ്യാനങ്ങളില്‍ പ്രധാനപ്പെട്ട ഭട്ടനായകന്റെ ഭുക്തി വാദത്തിന് ബൂച്ചര്‍ കഥാര്‍സിസിനു നല്‍കുന്ന വ്യാഖ്യാനത്തോട് വളരെ അടുപ്പമുണ്ട്. ഭട്ടനായകന്റെ ഉപദര്‍ശനം അനുസരിച്ച്, രസം ഉല്‍പന്നമാകുകയോ അനുമിക്കപ്പെടുകയോ അഭിവ്യക്തമാകുകയോ ചെയ്യുന്നില്ല. അതു പൂജിക്കപ്പെടുകയാണ് ചെയ്യുന്നത്. രംഗത്ത് അവതരിപ്പിക്കപ്പെടുന്ന വിഭാവാനുഭാവ വ്യഭിചാരീ ഭാവങ്ങള്‍ ഭാവകത്വം എന്ന വ്യാപാരത്തിന്റെ ഫലമായി സാധാരണീകൃതങ്ങളാകുകയും, ഇവ അനുവാചകന്റെ സ്ഥായീഭാവത്തെ സാധാരണീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് സ്ഥായീഭാവം രസമായിത്തിരുന്നത്. ഭോജകത്വ വ്യാപാരത്തിലൂടെ ഈ രസം ആസ്വദിക്കപ്പെടുന്നു.
കഥാര്‍സിസിനെപ്പോലെ രസനിഷ്പത്തിക്കും ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ ഉണ്ട്. കഥാര്‍സിസിന് ബൂച്ചര്‍ നല്‍കുന്ന വ്യാഖ്യാനത്തോടു മാത്രമാണ് ഭട്ടനായകന്റെ സാധാരണീകരണ സിദ്ധാന്തം യോജിച്ചു പോകുന്നത്. ഭയകരുന്നങ്ങളെ നിര്‍ വ്യക്തിഗതമാക്കുക എന്നാണ് വിമലീകരണംകൊണ്ട് ബൂച്ചര്‍ അര്‍ഥമാക്കുന്നത്. സാധാരണീകരണംകൊണ്ട് സ്ഥായീഭാവത്തിന് സംഭവിക്കുന്നതും അതുതന്നെ. കവിയുടെ വ്യക്തിത്വത്തിന്റെ പരിധി വിട്ടുയരുമ്പോഴാണ് സ്ഥായീഭാവം സാര്‍വലൗകികമായിത്തീരുന്നത്. അരിസ്റ്റോട്ടില്‍ ഭയം, കരുണം എന്നീ വികാരങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. എന്നാല്‍, വാസനാരൂപത്തിലുള്ള ഏത് അടിസ്ഥാനഭാവവും ഭാരതീയരുടെ സങ്കല്പം അനുസരിച്ച് സാധാരണീകരണത്തിന്റെ പരിധിയില്‍ വരുന്നു.

ട്രാജഡി

ഇരുപത്തിയാറ് അദ്ധ്യായങ്ങളുള്ള പൊയറ്റിക്‌സിന്റെ ആദ്യത്തെ അഞ്ച് അധ്യായങ്ങള്‍ അനുകരണാത്മക കലകളെക്കുറിച്ചും മറ്റുമാണ് ചര്‍ച്ചചെയ്യുന്നത്. തുടര്‍ന്നുവരുന്ന പതിനാല് അധ്യായങ്ങളില്‍ ദുരന്ത നാടക സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ വിചാരമാണ്. ആറാം അധ്യായത്തിന്റെ തുടക്കത്തില്‍ ഷഡ്പദി കാവ്യങ്ങളെയും കോമഡിയെയും കുറിച്ചുള്ള ചിന്ത പിന്നീടൊരവസരത്തിലാകാം എന്നുപറഞ്ഞു മാറ്റിവച്ചിട്ട് അരിസ്റ്റോട്ടില്‍ ട്രാജഡിയെ നിര്‍വചിക്കുന്നു.’ ട്രാജഡി’ഏതെങ്കിലും ഗൗരവാവഹവും സ്വയംപൂര്‍ണവും നിശ്ചിത ദൈര്‍ഘ്യമുള്ളതുമായ ഒരു ക്രിയയുടെ അനുകരണമാണ്. അതിന്റെ ഓരോ ഭാഗത്തിനും സമുചിതമായ അലംകൃതഭാഷ ഉപയോഗിച്ചിരിക്കുന്നു. ആഖ്യാനമല്ല നേരിട്ടുള്ള അവതരണമാണ് അതിന്റെ രീതി. കരുണവും ഭയവും ഉണര്‍ത്തി ആ വികാരങ്ങളുടെ കഥാര്‍സിസ് അത് ലക്ഷീകരിക്കുന്നു. ട്രാജഡിയുടെ വിഷയമാണ് അരിസ്റ്റോട്ടില്‍ ഒന്നാമതായി നിര്‍ദേശിക്കുന്നത്. ഗൗരവമുള്ള ഒരു ക്രിയയുടെ അനുകരണമാണ് ട്രാജഡി എന്നു പറയുമ്പോള്‍ അതിന് കോമഡിയില്‍ നിന്നുള്ള അന്തരമാണ് ധ്വനിപ്പിക്കുന്നത്. ആദി മധ്യാന്ത സുഘടിതമായ ക്രിയ എന്നാണ് സ്വയംപൂര്‍ണമായ എന്നതിന്റെ അര്‍ഥം. നാടകത്തിലെ വിവിധ ഘടകങ്ങള്‍ എങ്ങനെ സമിചീനമായി ഇണങ്ങി സമഗ്രരൂപം കൈക്കൊള്ളുന്നു എന്ന് ആസ്വാദകന് അറിഞ്ഞ് ആസ്വാദിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉചിതമായ വലുപ്പം നാടക ക്രിയയ്ക്ക് ഉണ്ടായിരിക്കണം. സമുചിതമായ അലംകൃതഭാഷ എന്നതുകൊണ്ട് താളലയങ്ങളും ഗീതങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഷയെന്നാണ് താനുദ്ദേശിക്കുന്നതെന്ന് അരിസ്റ്റോട്ടില്‍ വ്യക്തമാക്കുന്നു. അനുകരണം ആഖ്യാനരൂപത്തിലല്ല, നേരിട്ടുള്ള അവതരണ രൂപത്തിലാണ് എന്നു പറയുമ്പോള്‍ ട്രാജഡിക്ക്
ഇതിഹാസത്തില്‍നിന്നുള്ള വ്യത്യാസമാണ് പ്രകടമാകുന്നത്.

ട്രാജഡിയുടെ ഘടകങ്ങള്‍

ട്രാജഡിയെ നിര്‍വചിച്ചതിനുശേഷം അതിന്റെ ഘടകങ്ങളെക്കുറിച്ച് അരിസ്റ്റോട്ടില്‍ ചര്‍ച്ചചെയ്യുന്നു. ആറു ഘടകങ്ങള്‍ ട്രാജഡിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.

1. ഇതിവൃത്തം (പ്ലോട്ട്)
2.. സ്വഭാവ ചിത്രീകരണം (ക്യാരക്ടര്‍)
3.. പദശില്പം (ഡിക്ഷന്‍)
4.. ചിന്ത (തോട്ട്)
5.. ഗീതം (മെലഡി)
6.. ദൃശ്യം (സ്‌പെക്ടക്കിള്‍)

ട്രാജഡിയുടെ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം ട്രാജഡിയുടെ ആത്മാവെന്ന് അരിസ്റ്റോട്ടില്‍ വിശേഷിപ്പിക്കുന്ന ഇതിവൃത്തം തന്നെയാണ്. പൂര്‍ണമായ അര്‍ഥത്തില്‍ ജീവിതത്തിലെ ക്രിയയുടെ കലാപരമായ പര്യായമാണ് നാടകത്തിലെ ഇതിവൃത്തം. ഇതിവൃത്തമാണ് നാടകത്തിലെ പ്രധാന തത്വം. ഇതിവൃത്തമില്ലാതെ നാടകമില്ല. എന്നാല്‍, കഥാപാത്ര സ്വഭാവ ചിത്രീകരണം കൂടാതെയും നാടകമുണ്ടാകാമെന്ന് അരിസ്റ്റോട്ടില്‍ അഭിപ്രായപ്പെടുന്നു. കഥാപാത്ര ചിത്രീകരണത്തിന് രണ്ടാം സ്ഥാനമാണ് അദ്ദേഹം നല്‍കുന്നത്. സ്വന്തം ക്രിയകള്‍കൊണ്ട് ഇതിവൃത്തം സൃഷ്ടിക്കുന്ന ആളുകള്‍ അരിസ്റ്റോട്ടില്‍ സങ്കല്പത്തില്‍ കഥാപാത്രങ്ങളാണ്.

വാക്കുകളില്‍ അര്‍ഥത്തെ ആവിഷ്‌കരിക്കുകയാണ് ലളിതമായി പറഞ്ഞാല്‍ പദശില്പം. ഡയാനോയിയ എന്ന ഗ്രീക്ക് പദത്തെയാണ് ചിന്ത എന്ന് തര്‍ജമ ചെയ്യുന്നത്. കഥാപാത്ര സ്വഭാവത്തിനും ഇതിവൃത്തത്തിനും തമ്മിലുള്ള ആഴമേറിയ ബന്ധം വിശദമാക്കുന്നതിന് ഒരു മനശാസ്ത്രജ്ഞന്റെ ഉള്‍ക്കാഴ്ചയോടെ മനുഷ്യസ്വഭാവത്തിന്റെ സവിശേഷതകളിലേക്ക് അരിസ്റ്റോട്ടില്‍ വിരല്‍ചൂണ്ടുന്നു. മനുഷ്യസ്വഭാവത്തെ ഇതോസ് എന്നും ഡയാനോയിയ എന്നും അദ്ദേഹം രണ്ടായി തിരിക്കുന്നു. വ്യക്തിസ്വഭാവത്തിലെ ധാര്‍മികഘടകമാണ് (മോറല്‍ എലിമെന്റ്) ഇതോസ്. ബുദ്ധിപരമായ ഘടകമാണ് ഡയാനോയിയ. ഇതില്‍ ആദ്യത്തെ ഘടകം കഥാപാത്രങ്ങളുടെ പ്രവൃത്തികളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രകടമാകുന്നു. എന്നാല്‍, ഡയാനോയിയ സംഭാഷണത്തിലൂടെ മാത്രമേ പ്രകടമാകുന്നുള്ളൂ. അരിസ്റ്റോട്ടിലിന്റെ ഇതിവൃത്ത സങ്കല്‍പത്തോടടുത്തു നില്‍ക്കുന്ന ഘടകങ്ങളാണ് ഇവയെന്ന് ബൂച്ചര്‍ അഭിപ്രായപ്പെടുന്നു. ഗീതം അലങ്കരണങ്ങളില്‍ മുഖ്യമാണ്. ദൃശ്യം വികാരപരമായ ആകര്‍ഷണമുള്ളതാണെങ്കിലും കവിതയോട് ഏറ്റവും കുറച്ചുമാത്രം ബന്ധപ്പെട്ടിരിക്കുന്നു. രംഗകലയായ നാടകമല്ല നാടകസാഹിത്യമാണ് അരിസ്റ്റോട്ടിലിന്റെ ചര്‍ച്ചാവിഷയം എന്ന് ഇത് വ്യക്തമാക്കുന്നു.