വിശ്വസാഹിത്യത്തില്‍ സാഹിത്യനിരൂപണത്തിന്റെ തുടക്കം ഗ്രീക്ക് ഭാഷയിലാണ്. സര്‍ഗാത്മക രചനയോടൊപ്പമാണ് നിരൂപണം വളര്‍ന്നത.് ഹോമറിന്റെയും അരിസ്റ്റോഫനിസിന്റെയും സാഹിത്യകൃതികളില്‍ നിരുപണത്തിന്റെ ആദ്യാങ്കുരണങ്ങള്‍ കാണാമെങ്കിലും പ്ലേറ്റോ ആണ് സാമ്പ്രദായിക സാഹിത്യപഠനത്തിന്റെ ആദ്യ ആചാര്യന്‍.
പ്ലേറ്റോ മനുഷ്യരാശിക്ക് നല്‍കിയ സംഭാവന 30 സംവാദകൃതികളും 13 കത്തുകളുമാണ്. കത്തുകളില്‍ പലതും പ്രക്ഷിപ്തമാണെന്ന് അഭിപ്രായമുണ്ട്. ‘റിപ്പബ്ലിക്’, ‘സിമ്പോസിയം’, ‘ഐയോണ്‍’, ‘നിയമങ്ങള്‍’, ‘അപ്പോളജി’, ‘ഫീഡ് ഡ്രസ’് , ‘സ്റ്റേറ്റ്‌സ്മാന്‍’, ‘ഫിലബസ്’ തുടങ്ങിയവയാണ് പ്ലേറ്റോയുടെ പ്രധാന സംവാദങ്ങള്‍. കലയെക്കുറിച്ച് ഒരു സൈദ്ധാന്തിക ഗ്രന്ഥം പ്ലേറ്റോ എഴുതിയിട്ടില്ല. എന്നാല്‍, തത്ത്വചിന്തകന്റെ കീഴില്‍ ഒരു ആദര്‍ശരാഷ്ട്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം രചിച്ച ‘റിപ്പബ്ലിക്’, ‘അപ്പോളജി’, ‘നിയമങ്ങള്‍’, ‘ഐയോണ്‍’ എന്നീ ഗ്രന്ഥങ്ങളിലെല്ലാം കലയെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ കാണാം. ധാര്‍മികമായ അധ:പതനത്തിന് സാഹിത്യകല ഇടയാക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പ്ലേറ്റോ എഴുതാന്‍ തുടങ്ങിയത്. അനുകരണാത്മക കലയെ ദാരിദ്ര്യംപിടിച്ച മാതാപിതാക്കള്‍ക്ക് ജനിച്ച ദാരിദ്ര്യംപിടിച്ച കുട്ടി എന്ന് വിശേഷിപ്പിക്കുന്നു. അതു ജനിക്കുന്നത് മനുഷ്യമനസ്സിന്റെ അധമമായ മണ്ഡലത്തിലാണെന്നും അദ്ദേഹം പറയുന്നു. പ്ലേറ്റോ ആദ്യകാലത്ത് ഹോമറിന്റെ ആരാധകനായിരുന്നു. ഈ ആരാധനയെ സ്വന്തം ജീവിതത്തില്‍ സംഭവിച്ച ഒരപരാധം എന്ന നിലയിലാണ് പിന്നീട് അദ്ദേഹം റിപ്പബ്ലിക്കില്‍ വിവരിക്കുന്നത്.
പ്ലേറ്റോയുടെ സങ്കല്പത്തില്‍ രണ്ടുതരം യാഥാര്‍ഥ്യങ്ങളുണ്ട്. ഒന്നാമത്തേത് പരിഗണനത്തിന് വിധേയമാകുന്ന ഒരു ഭൗതികലോകം തന്നെയാണ്. രണ്ടാമത്തത് ഇന്ദ്രിയങ്ങള്‍ക്ക് അതീതവും ബുദ്ധിമാത്ര ഗ്രാഹ്യവുമായ കേവലരൂപങ്ങളുടെ അനശ്വരമായ ഒരു ലോകം. ഈ ലോകത്തെ വേള്‍ഡ് ഓഫ് ഐഡിയാസ് എന്നും വേള്‍ഡ് ഓഫ് ഫോംസ് എന്നും രണ്ടായി തിരിക്കുന്നു. വസ്തുക്കളിലെ സാമാന്യ ധര്‍മത്തെ വേര്‍തിരിച്ചെടുത്താല്‍ കിട്ടാവുന്ന സാരാംശത്തെയാണ് പ്ലേറ്റോ ഫോം എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നതെന്ന് ബെര്‍ട്രാന്റ് റസ്സല്‍ അഭിപ്രായപ്പെടുന്നു. വെളുത്ത വസ്തുക്കള്‍ അനവധിയുണ്ടെങ്കിലും വെളുപ്പ് എന്ന ആശയം ഒന്നുമാത്രം. വസ്തുക്കള്‍ക്കല്ലാതെ ഭൗതികലോകത്തില്‍ നിലനില്‍പ്പില്ല. അനശ്വരമായ ആശയലോകത്തിന്റെ അപൂര്‍ണവും അസമര്‍ഥവുമായ അനുകരണങ്ങളടങ്ങിയ ഈ ഭൗതിക ലോകം നിഴല്‍ മാത്രമാണെന്ന് പ്ലേറ്റോ പറയുന്നു. മികച്ചരീതിയില്‍ എഴുതണമെങ്കില്‍ വിഷയത്തെക്കുറിച്ച് ഒരു സമ്പൂര്‍ണ ജ്ഞാനം കവിക്കുണ്ടായിരിക്കണമെന്ന് റിപ്പബ്ലിക്കില്‍ പ്ലേറ്റോ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, കവികള്‍ക്ക് ഈ ജ്ഞാനം ഇല്ല, അവര്‍ നിഴലുകളെ യാഥാര്‍ഥ്യമായി കരുതുന്നവരാണ്.
ഇന്ദ്രിയബോധത്തിന്റെ പരിമിതിയെ ‘ഗുഹയ്ക്കകത്തിരിക്കുന്ന തടവുകാര്‍’ എന്ന പ്രസിദ്ധ ദൃഷ്ടാന്തത്തിലൂടെ റിപ്പബ്ലിക്കിന്റെ ഏഴാം പുസ്തകത്തില്‍ പ്ലേറ്റോ വിശദീകരിക്കുന്നു. ഒരു ഗുഹയ്ക്കകത്ത് കുറെ തടവുകാര്‍ ഇരിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ പ്ലേറ്റോ നമ്മോട് പറയുന്നു. കുട്ടിക്കാലംമുതല്‍ അവര്‍ ബന്ധനസ്ഥരാണ്. പിറകിലേക്കോ വശങ്ങളിലേക്കോ നോക്കാന്‍ വയ്യാത്ത വിധം അവരുടെ കാലുകളും കഴുത്തും ചങ്ങലയ്ക്കിട്ടിരിക്കുന്നു. തടവുകാരുടെ മുന്നില്‍ ഒരു ഭിത്തിയുണ്ട്. അവരുടെ പിന്നിലായി കുറച്ചകലെ ആളിക്കത്തുന്ന അഗ്‌നികുണ്ഡത്തിനു മുന്നിലുള്ള പാതിയിലൂടെ പലതരം വസ്തുക്കള്‍ ചുമന്നുകൊണ്ട് ആളുകള്‍ നടന്നുപോകുന്നു. ഇവരുടെ നിഴലുകള്‍ തടവുകാരുടെ മുമ്പിലുള്ള ഗുഹാഭിത്തിയില്‍ വീഴും. ഈ നിഴലുകള്‍ കാണുന്ന തടവുകാര്‍ വിശ്വസിക്കുന്നു, അതാണ് യാഥാര്‍ഥ്യമെന്ന്. കലാകാരന്മാര്‍ ഇതുപോലെ നിഴലുകള്‍ കണ്ട് യാഥാര്‍ഥ്യമെന്ന് തെറ്റിദ്ധരിക്കുന്നു. അങ്ങനെ അവര്‍ നിഴലുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നു.
മേല്പറഞ്ഞ തത്ത്വചിന്തയുടെ പിന്‍ബലത്തിലാണ് പ്ലേറ്റോ കവികളെ ആക്രമിച്ചത്. പരമമായ രൂപങ്ങള്‍ സൃഷ്ടിക്കുക ആര്‍ക്കും സാധ്യമല്ല. ഈ ദൃശ്യപ്രപഞ്ചത്തില്‍ അനേകം മേശകളും കട്ടിലുകളും ഉണ്ടെങ്കിലും ഇവയ്ക്കാധാരമായി നില്‍ക്കുന്ന കേവലരൂപങ്ങളാണ് പരമസത്യം. ആശാരി സൃഷ്ടിക്കുന്ന കട്ടില്‍ ഈ കേവലരൂപത്തിന്റെ അനുകരണം മാത്രമാണ്. ആശാരി നിര്‍മിച്ച കട്ടിലിന്റെ യഥാര്‍ഥ രൂപമല്ല, ഏകദേശ ഛായ മാത്രമാണ് ചിത്രകാരന്‍ പകര്‍ത്തുന്നത്. അതുകൊണ്ട് കലാകാരന്‍ പരമസത്യത്തില്‍ നിന്ന് കൈവേലക്കാരനേക്കാള്‍ അകന്നുനില്‍ക്കുന്നു. തന്റെ വാദം വ്യക്തമായി അവതരിപ്പിച്ചതിനുശേഷം പ്ലേറ്റോ പറയുന്നു: ‘ദുരന്തകാവ്യരചയിതാവും അനുകര്‍ത്താവാണ്. അതുകൊണ്ട് മറ്റെല്ലാ അനുകരണക്കാരെയും പോലെ സത്യത്തിന്റെ സിംഹാസനത്തില്‍നിന്ന് അയാള്‍ മൂന്നുപ്രാവശ്യം അകന്നുനില്‍ക്കുന്നു’. മൂന്നുവട്ടം എന്നാണ് പ്ലേറ്റോ പറയുന്നതെങ്കിലും പ്ലേറ്റോയുടെ കണക്കനുസരിച്ച് രണ്ടുവട്ടമേ കല സത്യത്തില്‍നിന്ന് അകന്നു നില്‍ക്കുന്നുള്ളൂ. ആശയം, വസ്തു, കല- ഈ ശ്രേണിയില്‍ മൂന്നാംസ്ഥാനത്താണ് കല നില്‍ക്കുന്നത്.
പരമസത്യത്തില്‍ വിശ്വാസം അര്‍പ്പിച്ച ചിന്തകനായിരുന്നു പ്ലേറ്റോ. അദ്ദേഹത്തിന്റെ കലാസിദ്ധാന്തം ഈ ദര്‍ശനവുമായി ഇണങ്ങി നില്‍ക്കുന്നു. കവിതയ്ക്ക് സത്യത്തിന്റെ നന്മകളെ കാണാന്‍ ഉള്‍ക്കണ്ണുകളില്ല. ബാഹ്യവും ഭാഗികവുമായ ചില വസ്തുതകളെ നിര്‍ജീവമായ അനുകരണം എന്ന നിലയ്ക്ക് കവിത അവതരിപ്പിക്കുന്നു. അതൊരിക്കലും നിര്‍മിതിയല്ല, അനു കൃതി മാത്രമാണ്. സത്യത്തെ പൂര്‍ണമായും ദര്‍ശിക്കുവാന്‍ തത്ത്വചിന്തകനു മാത്രമേ കഴിയൂ. പ്രകൃതിയെ സ്‌നേഹിക്കുന്ന ഗായകന്‍ ധര്‍മനിഷ്ഠനായ രാജാവ്, രാഷ്ട്രതന്ത്രജ്ഞന്‍, സാമ്പത്തികശാസ്ത്ര വിദഗ്ദ്ധന്‍, വൈദ്യന്‍, കച്ചവടക്കാരന്‍, കായികാഭ്യാസി- ഇവരുടെയെല്ലാം താഴെമാത്രമേ കവിക്ക് സ്ഥാനം അനുവദിക്കാവൂ.

പ്ലേറ്റോയുടെ കലാനിഷേധത്തിന്റെ
അടിസ്ഥാനകാരണങ്ങള്‍

1. ധാര്‍മികം

കവികള്‍ ജനപ്രിയാഭിരുചികളെ കൂടുതല്‍ പരിഗണിക്കുന്നു. അതിനാല്‍, സരസമായ ദുശ്ശീലങ്ങള്‍ വര്‍ണിക്കുന്നതില്‍ അവര്‍ താത്പര്യം കാട്ടുന്നു. തന്മൂലം സമുദായത്തില്‍ സദാചാരം നിലനിര്‍ത്തുന്നതില്‍ കവിത ഉപയോഗപ്രദമാകുന്നില്ല. മാത്രമല്ല, കവികള്‍ ദൈവങ്ങളെക്കുറിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ദൈവങ്ങളും വീരയോദ്ധാക്കളും ചതിയന്മാരും കൈക്കൂലിക്കാരുമായി അവര്‍ ചിത്രീകരിക്കുന്നു.

2. ബൗദ്ധികം

യാഥാര്‍ഥ്യത്തെക്കുറിച്ച് ബോധ്യമല്ലാത്ത നിഴലുകള്‍ കണ്ട് സത്യമാണെന്ന് ധരിക്കുന്നവരാണ് കവികള്‍. കവികള്‍ ചിത്രകാരന്മാരെപ്പോലെ വസ്തുക്കളുടെ ബാഹ്യതലം മാത്രം ചിത്രീകരിക്കുന്നു. അതിനാല്‍ കവിത യാഥാര്‍ഥ്യത്തില്‍നിന്ന് അകന്നു നില്‍ക്കുന്നു.

3. വൈകാരികം

ദൈവികമായ ഏതോ പ്രചോദനത്തില്‍നിന്നാണ് കവിതയുടെ ഉത്ഭവം. അതുകൊണ്ട് ഒരു സാഹിത്യശില്പത്തിന്റെ ഭംഗി അവയ്ക്ക് ലഭിക്കുന്നില്ല. കവികളുടെ വ്യക്തിത്വത്തിനതീതമായ ഏതോ അതീതശക്തികളുടെ പ്രേരണ മൂലമാണ് കവിത ഉണ്ടാകുന്നത്. ഒരു ധാരായന്ത്രം അതു സ്വീകരിക്കുന്ന ജലത്തെ വെറുതെ ഒഴുക്കിക്കളയുന്നതുപോലെ കാവ്യദേവതയുടെ പ്രേരണ മൂലം അവര്‍ എന്തൊക്കെയോ പുലമ്പുകയാണ്. ദുരന്തനാടകങ്ങളില്‍ ഭയകരുണങ്ങള്‍ അനിയന്ത്രിതമായി ആവിഷ്‌കരിക്കപ്പെടുന്നു. വികാരങ്ങളെ നിയന്ത്രിക്കുന്നതിനു പകരം അവ വെള്ളവും ആഹാരവും കൊടുത്തു വളര്‍ത്തുകയാണ് ചെയ്യുന്നത്. വികാരങ്ങളെ ഭരിക്കുന്നതിനു പകരം അവയുടെ അടിമകളാകാനാണ് ദുരന്ത നാടകങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

4. പ്രയോജനപരം

കലയുടെ പ്രയോജനപരതയ്ക്ക് പ്രാധാന്യം കൊടുത്ത ചിന്തകനാണ് പ്ലേറ്റോ. അയാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്ന കല എപ്പോഴും പ്രയോജനരഹിതമാണ്. സാഹിത്യകൃതികളെ ആഖ്യാനാത്മകം, സംവേദനാത്മകം എന്നിങ്ങനെ വിഭജിച്ചുകൊണ്ട് നാടകങ്ങളില്‍ കവി കഥാപാത്രമായി മാറുന്നതായി പ്ലേറ്റോ പറയുന്നു. അനുവാചകരേയും അങ്ങനെ മറ്റുള്ളവരാകാന്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെ അന്യരായി തീരുന്നത് പൗരന്മാരുടെ വ്യക്തിത്വത്തിനും സ്വഭാവഘടനയ്ക്കും ഹാനി വരുത്തുന്നു.
കലയുടെ ഉപയോഗത്തിനും ആത്മീയ മൂല്യത്തിനും പ്രാധാന്യം കല്പിച്ച ചിന്തകനാണ് പ്ലേറ്റോ. അതിനാല്‍ ഒരു കലാനിഷേധിയായി മാത്രം അറിയപ്പെടേണ്ട വ്യക്തിയല്ല. കലയുടെ സ്വഭാവത്തെ ധാര്‍മികമാനദണ്ഡങ്ങള്‍ കൊണ്ടുമാത്രം അളക്കാന്‍ ശ്രമിച്ചതാണ് പ്ലേറ്റോയ്ക്ക് പറ്റിയ തെറ്റ്. പ്ലേറ്റോ സാഹിത്യത്തെ കുഴിച്ചുമൂടാനാണു വന്നത്, അല്ലാതെ പ്രശംസിക്കാന്‍ അല്ല എന്നായിരുന്നു ലൂക്കോസിന്റെ അഭിപ്രായം. സാഹിത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും ധര്‍മത്തെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും പ്ലേറ്റോ മൂന്നോട്ടുവച്ച ആശയങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. ജീവിതത്തെ പരമപ്രധാനമായിക്കണ്ട ടോള്‍സ്റ്റോയി അടക്കമുള്ള പില്‍ക്കാല സാഹിത്യചിന്തകന്മാരുടെ മാര്‍ഗദര്‍ശിയാണ് പ്ലേറ്റോ.