ജനശബ്ദത്തിന്റെ മാറ്റൊലി
ബി.ആര്.പി. ഭാസ്കര്‍
(രമേശ്ബാബുവിന്റെ ‘മാറ്റൊലി’ എന്ന ലേഖന സമാഹാരത്തിന് എഴുതിയ അവതാരിക)
മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കര്‍ നമുക്കിടയിലുണ്ട്. അവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ കടുത്ത പക്ഷപാതിത്വം വച്ചുപുലര് ത്തുന്നവരാണെന്ന് കാണാന്‍ കഴിയും. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് രുചിക്കാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ് അവര്‍ മാധ്യമ നിഷ്പക്ഷതയുടെ വക്താക്കളായി അവതരിക്കുന്നത്. നമ്മുടെ ഭരണഘടന പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. അത് പരാമര്ശിക്കപ്പെടണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഭരണഘടന ശില്പിയായ ഡോ. ബി.ആര്. അംബേദ്കര്‍ നല്കിയ മറുപടി പത്രസ്വാതന്ത്ര്യം ഭരണഘടന എല്ലാ പൗരന്മാര്ക്കും വാഗ്ദാനം ചെയ്യുന്ന അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നാണ്. പില്ക്കാലത്ത് സുപ്രീം കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു.
ഇതില്‍ നിന്ന് രണ്ട് വസ്തുതകള്‍ വായിച്ചെടുക്കാം. ഒന്ന്, ഏതൊരു പൗരനേയും പോലെ അഭിപ്രായം വച്ചു പുലര്‍ത്താനും അത് പ്രകടിപ്പിക്കാനുമുള്ള അവകാശം ഒരു മാധ്യമത്തിനുമുണ്ട്. രണ്ട്, പൗരനില്ലാത്ത ഒരവകാശവും ഒരു മാധ്യമത്തിനുമില്ല. നല്ല പത്രപ്രവര്‍ത്തനം ആവശ്യപ്പെടുന്നത് നിഷ്പക്ഷതയല്ല, വസ്തുനിഷ്ഠതയാണ്. അച്ചടിയുടെ കാലത്തുതന്നെ മാധ്യമങ്ങള്‍ വാർത്താവിനിമയത്തോടൊപ്പം പൊതുജനാഭിപ്രായ സ്വരൂപണവും തങ്ങളുടെ കര്‍ത്തവ്യത്തില്‍ പെടുത്തിയിരുന്നു. ദേശീയതലത്തില്‍ സ്വാതന്ത്ര്യ സമരകാലത്തും കേളത്തില്‍ നവോത്ഥാന കാലത്തും ആ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്ത പലരും അഭിപ്രായ സ്വരൂപണം ലക്ഷ്യമിട്ടുകൊണ്ട് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയിരുന്നു. അവയില്‍ ചിലത് പില്ക്കാലത്ത് വാർത്താവിനിമയത്തിനു കൂടുതല്‍ പ്രാധാന്യം കല്പിച്ചുകൊണ്ട് ബഹുജന മാധ്യമങ്ങളായി രൂപാന്തരപ്പെട്ടു.
ബഹുജന മാധ്യമങ്ങള്‍ക്ക് വ്യത്യസ്ത ചിന്താഗതിക്കാരായ ആളുകളെ ആകർഷിക്കേണ്ടതുണ്ട്. അതിനായി അവര്‍ സ്വന്തം അഭിപ്രായങ്ങള്‍ ഉപേക്ഷിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ അവയെ വാര്‍ത്താ പംക്തികളിലേക്ക് സംക്രമിപ്പിച്ച് വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ പാടില്ല. അതുകൊണ്ട് ബഹുജന മാധ്യമങ്ങള്‍ വാര്‍ത്താ വിനിമയ പ്രക്രിയയെയും അഭിപ്രായ സ്വരൂപണ പ്രക്രിയയെയും വേര്‍തിരിച്ചു കാണുകയും വാര്‍ത്തയും അഭിപ്രായവും കൂട്ടിക്കുഴയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഈ സമീപനത്തെ ഒരു തത്വ രൂപത്തില്‍ ആവിഷ്കരിച്ചുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടില്‍ ബ്രിട്ടനിലെ മാഞ്ചെസ്റ്റര്‍ ഗാര്‍ഡിയന്റെ പത്രാധിപരായിരുന്ന സി.പി. സ്കോട്ട് പറഞ്ഞു: “വസ്തുതകള്‍ പാവനമാണ്, അഭിപ്രായപ്രകടനം സ്വതന്ത്രവും.” (Facts are sacred, comment is free). വസ്തുതകള്‍ പാവനമാണ്, അവയെ മാനിക്കണം എന്ന് പറയുന്നതിന്റെ അര്‍ത്ഥം സത്യസന്ധമായി പ്രവര്‍ത്തിക്കണം എന്നാണ്. ഇത് മാധ്യമങ്ങള്‍ക്ക് മാത്രം ബാധകമായ തത്വമല്ല. എല്ലാ തുറകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ബാധകമായ ഒന്നാണ്. സ്വതന്ത്രമായ അഭിപ്രായ പ്രകടനം എന്ന തത്വം ഉള്‍കൊള്ളാന്‍ കഴിയാത്തവരുണ്ട്. ജനാധിപത്യബോധത്തിന്റെ കുറവാണ് അവിടെ വെളിപ്പെടുന്നത്.
നിര്‍ഭാഗ്യവശാല്‍ വാര്‍ത്തകള്‍ അഭിപ്രായം കലര്‍ത്താതെ വാര്‍ത്താ പംക്തികളില്‍ കൊടുക്കുകയും അഭിപ്രായ പ്രകടനം മുഖപ്രസംഗ പേജില്‍ ഒതുക്കുകയും ചെയ്യുന്ന രീതി നമ്മുടെ നാട് ഉള്‍പ്പെടെ പലയിടങ്ങളിലെയും പത്ര ങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. അതേസമയം വാര്‍ത്തയും അഭിപ്രായവും കൂട്ടിക്കുഴയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ചില ലോകപ്രശസ്ത പത്രങ്ങള്‍ അഭിപ്രായപ്രകടനത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
പത്രങ്ങള്‍ പരമ്പരാഗതമായി സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത് മുഖപ്രസംഗങ്ങളിലാണ്. (നമ്മുടെ രാജ്യത്ത് സാധാരണയായി മുഖപ്രസംഗത്തില്‍ പ്രതിഫലിക്കുന്നത് പത്രഉടമയുടെ അഭിപ്രായമാണ്, പത്രാധിപരുടേതല്ല.)
പല പത്രങ്ങളും മുഖപ്രസംഗ പേജില്‍ സമകാലികവിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കാറുണ്ട്. വായനക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും കുറച്ച് സ്ഥലം നീക്കിവയ്ക്കുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില പാശ്ചാത്യ പത്രങ്ങള്‍ മുഖപ്രസംഗ പേജിനു എതിരെയുള്ള പേജും അഭിപ്രായ പ്രകടനങ്ങള്‍ക്കായി മാറ്റിവച്ചു. ഇത് കൂടുതല്‍ പേര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനും അങ്ങനെ അഭിപ്രായസ്വരൂപണ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാനും സഹായിച്ചു. അത്ര ദൂരം പോകാന്‍ കഴിഞ്ഞില്ലെങ്കിലും പ്രബുദ്ധരായ വായനക്കാരുള്ള മലയാള പത്രങ്ങള്‍, അഭിപ്രായ സ്വരൂപണത്തിനു കൂടുതല്‍ പ്രാധാന്യം കല്പിച്ചുകൊണ്ട്, വായനക്കാര്‍ക്ക് കൂടുതല്‍ സ്ഥലം നല്കാന് ശ്രമിക്കേണ്ടതാണ്. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അപഗ്രഥിക്കാനും വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും അച്ചടി മാധ്യമാങ്ങളോളം കഴിവ് മറ്റൊരു മാധ്യമ വിഭാഗത്തിനുമില്ല. അതിനാല്‍ മറ്റ് മാധ്യമങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന
ഇക്കാലത്ത് ഈ ശക്തി പരമാവധി പ്രയോജനപ്പെടുത്താന്‍ പത്രങ്ങള്‍ ശ്രമിക്കേണ്ടതാണ്.
ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ജനയുഗം ദിനപത്രത്തില്‍ രമേശ് ബാബു “മാറ്റൊലി” എന്ന ശീര്‍ഷകത്തില്‍ എഴുതുന്ന പംക്തിയില്‍ നിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങളടങ്ങുന്ന ഈ പുസ്തകമാണ്. പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തുന്ന ഒരു പംക്തിയാണ് അദ്ദേഹത്തിന്റേത്.
പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ, അത് രാജ്യത്തിനകത്തായാലും പുറത്തായാലും, രമേശ് ബാബു ആഞ്ഞടിക്കുന്നു. വിദ്വേഷത്തില്‍ അധിഷ്ഠിതമായ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പ്രയോക്താക്കള്‍ നൂറ്റാണ്ടുകളായി സമാധാനപൂര്‍ണ്ണമായി കഴിഞ്ഞു പോന്ന ലക്ഷദ്വീപു നിവാസികളുടെ ജീവിതം തകര്‍ക്കുന്നതിനെ അദ്ദേഹം അതിശക്തമായി അപലപിക്കുന്നു.സാമ്രാജ്യത്വ കാലത്ത് വടക്കന്‍ അതിര്‍ത്തി വരെയെത്തിയ സാറിന്റെ റഷ്യന്‍ സാമ്രാജ്യത്തിന്റെയും തെക്കന്‍ അതിര്ത്തിവരെയെത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും പിടിയില്‍ പെടാതെ നിഷ്പക്ഷത പാലിച്ചുകൊണ്ട് സമര്‍ത്ഥമായി സ്വാതന്ത്ര്യം നിലനിര്‍ത്തിയ രാജ്യമാണ് അഫ്ഗാനിസ്ഥാന്. അവിടത്തെ സമീപകാല സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനോഘടനയില്‍ അമേരിക്കന്‍ ഭരണകൂടവും താലിബാനും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് അവരുടെ ചെയ്തികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കമ്മ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ അമേരിക്കന്‍ ഭരണകൂടം പാകിസ്ഥാന്റെ സഹായത്തോടെ വളര്‍ത്തിയ ഭീകരവാദികളാണല്ലോ താലിബാനികള്‍.വസ്തുതകള്‍ നിരത്തിയാണ് രമേശ് ബാബു അമേരിക്കയുടെ ഇരുപത് വര്‍ഷം നീണ്ട അഫ്ഗാന് യുദ്ധം വിലയിരുത്തുന്നത്. യുദ്ധ ചെലവ് 97,800 കോടി ഡോളര്‍ (72ലക്ഷം കോടിരൂപ). ഒരു ഘട്ടത്തില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ഒരു ലക്ഷം കടന്നിരുന്നു. കൊല്ലപ്പെ ട്ടവരുടെ കണക്ക് ഇങ്ങനെ: അമേരിക്കയുടെ 2,448 പട്ടാളക്കാര്‍, നാറ്റോ രാജ്യങ്ങളുടെ 1,144 പട്ടാളക്കാര്‍, 3,846 യുഎസ് കോണ്‍ട്രാക്ടര്‍മാര്‍, 444 സന്നദ്ധപ്രവര്‍ത്തകര്‍, 72 മാധ്യമപ്രവര്‍ത്തകര്‍ .ഏതാണ്ട് 66,000 അഫ്ഗാന് സ്വദേശികളും 51,191 താലിബാനികളും ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. അഫ്ഗാന് യുദ്ധത്തിനു സ്ത്രീകള്‍ കൊടുക്കേണ്ടി വന്ന വിലയും അദ്ദേഹം കണക്കാക്കുന്നു.
അഫ്ഗാന് സ്ത്രീകള്‍ നേരത്തെ വോട്ടവകാശം നേടിയിരുന്നു. 1950ല്‍ പര്‍ദ്ദ നിരോധിക്കപ്പെട്ടു. 1980 കളില്‍ മതമൗലികവാദികള്‍ ശക്തമായതോടെ സ്ത്രീസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു.
പംക്തികാരന് സ്വന്തം അഭിപ്രായം വായനക്കാരന്റെ മുന്നില്‍ വയ്ക്കാനുള്ള അവകാശമുണ്ട്. ആ അവകാശം വിനിയോഗിക്കുമ്പോള്‍ തന്റെ അഭിപ്രായങ്ങള്‍ക്ക് ആധാരമാക്കുന്ന വസ്തുതകള്‍ കൂടി വായനക്കാരനു മുന്നില്‍ വയ്ക്കുന്ന രമേശ് ബാബുവിന്റെ സമീപനം ഒരു നല്ല മാതൃകയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും സ്ത്രീവിരുദ്ധത പ്രകടമാകുന്നുണ്ട്. സ്വാഭാവികമായും ലേഖകന്‍ അതിനെതിരേയും ശബ്ദമുയര്‍ത്തുന്നു. അങ്ങനെ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അതിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ വനിതാ വിഭാഗമായ ‘ഹരിത’ക്കെതിരെ അച്ചടക്ക ലംഘനം ആരോപിച്ച് നടപടി എടുത്തതിനെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു.
വിഷയങ്ങളുടെ വൈവിധ്യമാണ് രമേശ് ബാബുവിന്റെ പംക്തിയുടെ ഒരു സവിശേഷത. രാഷ്ട്രീയ രംഗം മാത്രമല്ല സാമൂഹ്യ രംഗവും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സഹവര്‍ത്തിത്വവും സഹിഷ്ണുതയും നിലനില്‍ക്കുന്ന കേരളത്തില്‍ സമഭാവനയുടെ ബാഹ്യ രൂപത്തിനുള്ളില്‍ ജാതീയതയുടെ മായാക്കറകള് ഇപ്പോഴുമുണ്ടെന്ന് പുതുതലമുറയുടെ വ്യവഹാരങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന അദ്ദേഹത്തിന്റെ
വാക്കുകള്‍ ശ്രദ്ധിക്കുക.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നില്ലെങ്കിലും സ്വത്വഭാവങ്ങൾ മലയാളിമനസിൽ ഒളിപാർക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജനപക്ഷത്തുനിന്നുകൊണ്ട് പ്രശ്നങ്ങളെ നോക്കിക്കാണുന്ന പത്രപ്രവര്‍ത്തകനാണ് രമേശ് ബാബു. അദ്ദേഹത്തിന്റെ പംക്തിയില്‍ കൂടി വായനക്കാരനിലെത്തുന്നത് ജനശബ്ദത്തിന്റെ മാറ്റൊലിയാണ്.
Leave a Reply