ലൈംഗികവികാരങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമായ സാഹിത്യമാണ് അശ്ലീലസാഹിത്യം. ഭാരതീയ കാവ്യസങ്കല്പപ്രകാരം വ്രീഡാദായി, ജുഗുപ്‌സാദായി, അമംഗളാതങ്കാദായി എന്നിങ്ങനെയുള്ള ഭേദം നിമിത്തം അശ്ലീലം മൂന്നുവിധമാണ്. ഒരേ സംസ്‌കാരത്തിന്റെയോ സമുദായത്തിന്റെയോ പരിധിക്കുള്ളില്‍പ്പെടുന്നവര്‍പോലും അശ്ലീലതയെപ്പറ്റി വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. പുരാണേതിഹാസങ്ങളിലും ലബ്ധപ്രതിഷ്ഠങ്ങളായ സാഹിത്യകൃതികളിലും അശ്ലീലഭാഗങ്ങളുണ്ട്. സംസ്‌കൃതത്തിലെ സ്തനനിതംബവര്‍ണനകളിലും സംഭോഗശൃംഗാര പ്രതിപാദനങ്ങളിലും സാഹിത്യഭംഗിയുണ്ട്. സാധാരണക്കാരന് മനസ്സിലാകാത്ത സംസ്‌കൃത കൃതികളിലെ അശ്ലീലാംശങ്ങള്‍ പച്ചമലയാളത്തില്‍ അവതരിപ്പിക്കുമ്പോള്‍ അവയ്ക്ക് വ്യാപകമായ പ്രസിദ്ധീകരണവും പ്രചാരവും ലഭിക്കുന്നു. ‘ഒരു ഗ്രന്ഥത്തിന്റെയോ ചിത്രത്തിന്റെയോ സ്വഭാവമായി അശ്ലീലതയെ കണക്കാക്കുവാന്‍ സാധ്യമല്ലെന്ന് നിയോഡാര്‍ വ്യുഡറും, ഭാഷയല്ല മനസാണ് ഈജിയന്‍ തൊഴുത്തായി കരുതേണ്ടതെന്ന് ഡി. എച്ച്. ലോറന്‍സും വാദിക്കുന്നു.
അശ്ലീലപ്രതീതി ജനിപ്പിക്കുന്ന ലേഖനങ്ങളെയും ഗ്രന്ഥങ്ങളെയും മറ്റും തടയാന്‍ എല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും നിയമങ്ങളുണ്ട്. പല രാജ്യങ്ങളിലും നിലവിലുള്ള അശ്ലീലനിരോധന നിയമങ്ങള്‍ അശ്ലീലതയുടെ നിര്‍വചനം ഉള്‍ക്കൊള്ളുന്നതേയില്ല. നിര്‍വചനത്തിനു മുതിരാതെ അശ്ലീലതയെ അശ്ലീലത എന്നുമാത്രം വിവരിച്ചുകൊണ്ടാണ് അതു ചെയ്യുന്നത്. അശ്ലീലതയെ മറ്റുചില പദപ്രയോഗങ്ങള്‍കൊണ്ട് വിശേഷിപ്പിക്കുന്നള്ളു. ‘അസാന്മാര്‍ഗികം’, ‘അധാര്‍മികം’, ‘അവിശുദ്ധം’, ‘അസഭ്യം’, ‘ആഭാസം’, ‘വൃത്തിഹീനം’, ‘അസഹ്യം’, ‘ലൈംഗിക വികാരോത്തേജകം’ എന്നീ വിശേഷണപദങ്ങള്‍ നിയമനിര്‍മാതാക്കള്‍ കൂടെക്കൂടെ ഉപയോഗിക്കുന്നു.അശ്ലീലവികാരങ്ങളെ ഇള ക്കിവിടുന്ന രചനകളുടെ പ്രസിദ്ധീകരണത്തെ 1പതിനെട്ടാം ശതകം വരെ ബ്രിട്ടനില്‍ കൈകാര്യം ചെയ്തുപോന്നത് ക്രൈസ്തവസഭകളായിരുന്നു. 1727ലാണ് ഈ വിഷയം ഒരു കോടതിവിചാരണയ്ക്ക് ആദ്യം വിധേയമാകുന്നത്. അശ്ലീല പ്രസിദ്ധീകരണങ്ങളെ നിരോധിച്ചുകൊണ്ടുള്ള ആദ്യത്തെ നിയമം (Obscene Publications Act) 1857ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി. ഇപ്പോള്‍ അവിടെ നിലവിലുള്ളത് ഇതേ പേരിലുള്ള 1859ലെ നിയമമാണ്. ഈ നിയമം സ്‌കോട്ട്‌ലാന്‍ഡിനും വടക്കേ അയര്‍ലന്റിനും ബാധകമല്ല. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ഇതിനു തുല്യമായ നിയമനിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ട്. ‘ചര്‍ച്ചാവിഷയമായ വസ്തു (സാഹിത്യസൃഷ്ടി) സമൂഹനിലവാരങ്ങള്‍വച്ചു നോക്കിയാല്‍ ഒരു ശരാശരി വ്യക്തിയുടെ അധമവികാരങ്ങളെ (prurient interests) ഉത്തേജിപ്പിക്കാന്‍ പര്യാപ്തമാണോ’ എന്നതാണ് അശ്ലീലസാഹിത്യത്തിന്റെ അളവുകോലായി യു.എസ്. സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത് (റോത്ത് കേസ്, 1957). 1968ലെ ഹിക്‌ളിന്‍ കേസില്‍ ഇംഗ്‌ളണ്ടിലെ ഒരു കോടതി പുസ്തകത്തെ സാകല്യേനയല്ല, അതിലെ ഒറ്റപ്പെട്ട പരാമര്‍ശങ്ങളെയാണ് പരിധിയില്‍പ്പെടുത്തിയത്.
ഇംഗ്ലണ്ടില്‍ കാംപ്‌ബെല്‍ പ്രഭു രൂപംനല്‍കിയ നിയമത്തില്‍ ‘അശ്ലീലത’ നിര്‍വചിക്കപ്പെട്ടിട്ടില്ലായിരുന്നു. കുമ്പസാരത്തിന്റെ പൊയ്മുഖം മാറ്റപ്പെടുന്നു എന്ന ഒരു ലഘു ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പ്രസ്തുത നിയമത്തിന്റെ പരിധിയില്‍പ്പെടുമോ എന്ന പ്രശ്‌നം 1868ല്‍ കോടതി മുന്‍പാകെ ഉന്നയിക്കപ്പെട്ടു. ചീഫ് ജസ്റ്റീസ് കോക്‌ളോണ്‍ അന്ന് അശ്ലീലതയ്ക്ക് ഒരു നിര്‍വചനം നല്‍കാന്‍ ശ്രമിച്ചു. അശ്ലീലത ഉണ്ടെന്ന് ആരോപിതമായ പ്രസിദ്ധീകരണത്തിന് അതു വായിക്കാനും അസാന്‍മാര്‍ഗിക പ്രേരണയ്ക്ക് വശംവദരാകാനും ഇടയുള്ളവരായ ഒരു വിഭാഗത്തെ അധഃപതിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുവാനുമുള്ള പ്രവണത ഉണ്ടെങ്കില്‍ അത് അശ്ലീലപ്രസിദ്ധീകരണമായി പരിഗണിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിക്‌ളിന്‍ നിയമശാസനം എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത വിധി, 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ബ്രിട്ടീഷുകാര്‍ രാഷ്ട്രീയ മേധാവിത്വവും സ്വാധീനശക്തിയും പുലര്‍ത്തിയിരുന്ന രാജ്യങ്ങളിലൊക്കെയും നടപ്പാക്കി. ഏകദേശം ഒരു നൂറ്റാണ്ടുകാലം ‘ഹിക്‌ളിന്‍ നിയമം’ നിലനിന്നു.
ഇന്ത്യയിലും ഹിക്‌ളിന്‍ നിയമത്തിന്റെ മാതൃകയിലുള്ള അശ്ലീല പ്രസിദ്ധീകരണ നിരോധന നിയമങ്ങള്‍ നിലവിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292, 293, 294 എന്നീ വകുപ്പുകള്‍ അശ്ലീലതയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു. ലോകമെങ്ങുമുള്ള വായനക്കാരില്‍ നിന്നും സമ്മിശ്രമായ സ്വീകരണം ലഭിച്ച ഡി.എച്ച്. ലോറന്‍സിന്റെ ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍ എന്ന നോവല്‍ അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്നുണ്ടോ എന്ന പ്രശ്‌നം സുപ്രീംകോടതി മുന്‍പാകെ വരികയുണ്ടായി. പ്രസ്തുത ഗ്രന്ഥത്തില്‍ ലേഡി ചാറ്റര്‍ലി സ്വകാമുകനുമായി ലൈംഗികവേഴ്ച നടത്തുന്ന പന്ത്രണ്ടിലധികം സന്ദര്‍ഭങ്ങള്‍ ഉണ്ട് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ആ സന്ദര്‍ഭങ്ങളുടെ വര്‍ണനാ രീതിയും നായികാനായകന്‍മാര്‍ ആ അവസരത്തില്‍ ഉപയോഗിക്കുന്ന ഭാഷയും കുലീനമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ‘സഭ്യതയുടെയും സദാചാരത്തിന്റെയും അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്ന’ പ്രസക്തഭാഗങ്ങളെ പ്രധാനമായും അടിസ്ഥാനമാക്കി ഗ്രന്ഥം അശ്ലീലമാണെന്നു കോടതി വിധി കല്പിച്ചു.
അശ്ലീലസാഹിത്യം വായനക്കാരന്റെ പ്രവൃത്തികളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നു പരക്കെ ഒരു ധാരണയുണ്ട്. എന്നാല്‍ അതിന് ഉപോദ്ബലകങ്ങളായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഡാനിഷ് ഗവണ്‍മെന്റ് നിയോഗിച്ചിരുന്ന ഒരു കമ്മിഷന്റെ റിപ്പോര്‍ട്ടനുസരിച്ച് അശ്ലീലപ്രസിദ്ധീകരണങ്ങള്‍ക്കെതിരായ നിയമങ്ങള്‍ പിന്‍വലിച്ചിരുന്ന ഒരു വര്‍ഷത്തില്‍, ലൈംഗിക കുറ്റങ്ങള്‍ 25 ശതമാനം കുറയുകയുണ്ടായി എന്നാണ് കാണുന്നത്. ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘട്ടനാത്മകമായ സന്ദര്‍ഭങ്ങള്‍ വികാരതീവ്രതയ്ക്കു ഭംഗംവരാതെ അനുവാചകഹൃദയങ്ങളിലേക്ക് പകര്‍ത്തുവാന്‍ ഉദ്യമിക്കുന്ന വേളയിലാണ് പലപ്പോഴും സാഹിത്യകൃതികളില്‍ അശ്ലീലാംശം കടന്നുകൂടുന്നത്. വിവാഹിതരായ ദമ്പതികളുടെ ലൈംഗികജീവിതത്തില്‍ അസാധാരണമായൊന്നുമില്ലെങ്കില്‍ മേല്പറഞ്ഞ രീതിയിലുള്ള വൈകാരികസംഘട്ടനങ്ങള്‍ ഉണ്ടാവുക സാധ്യമല്ല. അതിനാല്‍ സാഹിത്യകൃതികളില്‍ അവ സാധാരണ പരാമര്‍ശവിധേയമാകുകയുമില്ല; നേരെമറിച്ച് വൈവാഹികബന്ധത്തിനു വെളിയിലുള്ള സ്ത്രീപുരുഷ സമ്പര്‍ക്കവും തദനുബന്ധിയായ ലൈംഗിക പ്രശ്‌നങ്ങളും അവ വൈകാരികതലത്തില്‍ ഉളവാക്കുന്ന സംഘട്ടനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും പകര്‍ത്തുമ്പോള്‍ പലപ്പോഴും ലൈംഗികാംശം ഒരു നോവലിലോ ചെറുകഥയിലോ കടന്നുകൂടിയെന്നുവരാം. പല സാഹിത്യകൃതികളുടെയും ആത്മസത്ത തന്നെയും അത്തരം സന്ദര്‍ഭങ്ങളുടെ ഹൃദയാവര്‍ജകങ്ങളായ ആവിഷ്‌കരണഭംഗിയിലായിരിക്കും.
1959ലെ ബ്രിട്ടീഷ് അശ്ലീലതാ നിരോധന നിയമത്തിന്റെ വ്യവസ്ഥകളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു; ഒരു പ്രസിദ്ധീകരണം ശാസ്ത്രത്തിന്റെയോ സാഹിത്യത്തിന്റെയോ കലയുടെയോ വിജ്ഞാനത്തിന്റെയോ വികസനത്തിനു സഹായകമാണെങ്കില്‍ അതില്‍ തെറ്റില്ല; സാഹിത്യകലാശാസ്ത്രപണ്ഡിതന്‍മാരുടെ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്നതാണ്; കേസിന് ആസ്പദമായ കൃതിയെ ഒന്നായി വിവക്ഷിക്കണം (ഒറ്റപ്പെട്ട ഉദ്ധരണികളല്ല); ഗ്രന്ഥകാരന്‍മാര്‍ക്കും പ്രസാധകര്‍ക്കും പറയാനുള്ളത് കോടതി ശ്രദ്ധിക്കണം.ഡി.എച്ച്. ലാറന്‍സിന്റെ ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍, ഹെന്‍ട്രി മില്ലറുടെ ട്രോപിക് ഓഫ് കാന്‍സര്‍, ജോണ്‍ ക്‌ളേലാന്‍ഡിന്റെ ഫാനിഹില്‍ എന്നിവ ഈ മാനദണ്ഡങ്ങളനുരിച്ച് കോടതിയുടെ അംഗീകാരം കിട്ടിയവയാണ്. എന്നാല്‍ റാല്‍ഫ് ഗിന്‍സ് ബര്‍ഗിന്റെ ഈറോസ് എന്ന ഗ്രന്ഥം കോടതി നിരോധിച്ചു (1966). സാധാരണക്കാരുടെ അധമവികാരങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ഈ കൃതിയെ പ്രസാധകന്‍മാര്‍ ‘കച്ചവടാവശ്യങ്ങള്‍ക്ക് ചൂഷണം ചെയ്തു’ എന്നതായിരുന്നു പ്രധാന കുറ്റം.