കരീന്ദ്രന്‍’ എന്ന അപരനാമധേയത്താല്‍ അറിയപ്പെടുന്ന കിളിമാനൂര്‍ രാജരാജവര്‍മകോയിത്തമ്പുരാന്റെ (1812-46) രാവണവിജയം ഒറ്റപ്പെട്ട മികച്ച ആട്ടക്കഥയാണ്. പുരാണോപജീവികളായ മറ്റു രചനകളിലെല്ലാം(ആട്ടക്കഥകള്‍ ഉള്‍പ്പെടെ) ദുഷ്ടനും ഭീകരനുമായി പ്രതിനായകസ്ഥാനത്തുമാത്രം നിറുത്തിയിട്ടുള്ള രാവണന്റെ രാജസപ്രൗഢിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രചിക്കപ്പെട്ട ഈ കൃതി കേരളീയ സാഹിത്യകൃതികളില്‍ ഒറ്റപ്പെട്ടു നില്ക്കുന്നു. കാവ്യഭംഗിയും ഗേയസൗഭാഗ്യവും മുറ്റിനില്ക്കുന്ന പല ശ്ലോകങ്ങളും ഗാനങ്ങളും ഈ കൃതിയെ ആകര്‍ഷകമാക്കുന്നു.
കളിയരങ്ങുകളില്‍ പ്രചാരത്തിലിരിക്കുന്ന ആട്ടക്കഥകളില്‍ തൗര്യത്രികസൗഭാഗ്യംകൊണ്ട് സവിശേഷതയാര്‍ജിച്ച മറ്റു ചില കൃതികളുമുണ്ട്. ആടാനും പാടാനും വായിച്ചു രസിക്കാനും പറ്റിയ വിധത്തില്‍ രചിച്ച ഇത്തരം കൃതികളില്‍ മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനോന്റെ (1745-1805) സന്താനഗോപാലവും രുഗ്മാംഗദചരിതവും മുന്‍പന്തിയിലാണ്. 18-ാം ശതകത്തില്‍ ഉണ്ടായിരുന്ന മറ്റ് ആട്ടക്കഥാകൃത്തുകളില്‍ പ്രമുഖര്‍ കല്ലൂര്‍ നമ്പൂതിരിപ്പാട് (ബാലിവിജയം), പുതിയിക്കന്‍ തമ്പാന്‍ (കാര്‍ത്തവീരവിജയം), പാലക്കാട് അമൃതശാസ്ത്രികള്‍ (ലവണാസുരവധം) എന്നിവരാണ്. 19-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന ബാലകവി രാമശാസ്ത്രികളുടെ ബാണയുദ്ധം, വയസ്‌കര ആര്യന്‍നാരായണന്‍ മൂസ്സിന്റെ (1835-95) ദുര്യോധനവധം, മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി (1843-1905) യുടെ കുചേലവൃത്തം എന്നിവ മറ്റു പ്രമുഖ ആട്ടക്കഥകളാണ്. 18-ാം ശതകത്തിന്റെ ആദ്യപാദത്തില്‍ ജീവിച്ചിരുന്ന ശിവഭക്തനായ ഇരട്ടക്കുളങ്ങര വാരിയര്‍ എഴുതിയ ‘കിരാതം’ കാവ്യസൗന്ദര്യം തീരെ കുറവാണെങ്കിലും രംഗപ്രയോഗക്ഷമതയില്‍ മുന്നിട്ടു നില്ക്കുന്നു.
മലയാളത്തില്‍ ആട്ടക്കഥകള്‍ നാനൂറിലധികം ഉണ്ടായിട്ടുള്ളതായി സാഹിത്യ ചരിത്രകാരന്‍മാര്‍ കണക്കു കൂട്ടുന്നു. അതില്‍ മികച്ചവ 20ല്‍ താഴെയേ വരൂ. സംഗീതം, സാഹിത്യം, അഭിനയയോഗ്യത എന്നിവയെല്ലാം തികഞ്ഞിട്ടുള്ള ഉത്കൃഷ്ടകൃതികള്‍പോലും അംഗീകാരവും പ്രചാരവും ലഭിക്കാതെ പോയിട്ടുണ്ട്.