കേരളകലാമണ്ഡലത്തിന്റെ സ്ഥാപനവും വി. കൃഷ്ണന്‍ തമ്പി മുന്‍കൈയെടുത്ത് തിരുവനന്തപുരത്തു സംഘടിപ്പിച്ച കഥകളി ക്ലബ്ബും അതേത്തുടര്‍ന്ന് കേരളത്തിലെ മറ്റിടങ്ങളില്‍ ഉടലെടുത്ത കേന്ദ്രങ്ങളും ഈ നൂറ്റാണ്ടിന്റെ നാലാം ദശകത്തിന്റെ ആരംഭം മുതല്‍ പുതിയ പല ആട്ടക്കഥകളുടെയും പിറവിക്ക് കാരണമായിട്ടുണ്ട്. ഹൈന്ദവപുരാണകഥകളെവിട്ട്, ഭാരതീയവും വൈദേശികവുമായ ഇതിവൃത്തങ്ങളെ ആധാരമാക്കി പുതിയ ആട്ടക്കഥാസൃഷ്ടികള്‍ നടത്താന്‍ പലരും തയ്യാറായി. ദേശാന്തരങ്ങളില്‍ അംഗീകാരവും ലഭിച്ചതോടുകൂടി പുതിയ ഇതിവൃത്തങ്ങള്‍ കണ്ടെത്താനുള്ള ഉത്സാഹം കവികളുടെ ഇടയില്‍ വര്‍ധിച്ചു.സമകാലിക രാഷ്ട്രീയസാമൂഹിക സംഭവങ്ങള്‍ കൂടി ആട്ടക്കഥാരൂപത്തില്‍ വരാനിടയായി. വള്ളത്തോളിന്റെ ജാപ്കാട്ടാളനെപ്പോലെ രണ്ടാം ലോകയുദ്ധകാലത്ത് ഉണ്ടായ ആട്ടക്കഥകളാണ് ഗാന്ധിവിജയവും നാസിനാഥവിജയവും ഹിറ്റ്‌ലര്‍ വധവും. വള്ളത്തോളിന്റെ ശിഷ്യനും മകനും, മഗ്ദലനമറിയം, നാഗില എന്നിവയെപ്പോലെ കുമാരനാശാന്റെ കരുണയും ടാഗൂറിന്റെ ചിത്രയും ചണ്ഡാലികയും ബിസര്‍ജനും കഥകളി വേഷമണിഞ്ഞ് മലയാളത്തില്‍ അവതരിച്ചിട്ടുണ്ട്. ഷെയ്ക്‌സ്പിയറുടെ ടെമ്പസ്റ്റും ബൈബിള്‍ പഴയനിയമത്തിലെ അബ്രഹാമിന്റെ ജീവിതകഥയെ ആധാരമാക്കിയുള്ള അബ്രഹാമിന്റെ ബലിയും ആണ് ഏറ്റവും ഒടുവില്‍ വിദേശകഥകളെ ആസ്പദമാക്കി രചിക്കപ്പെട്ട ആട്ടക്കഥകള്‍.