കവിസങ്കല്പത്തില്‍നിന്നു വിഭിന്നമാകാം അനുവാചക സങ്കല്പം; കവി കാണാത്തത് അനുവാചകന്‍ കവിതയില്‍ കാണുന്നു; കവിയുടെ ഉദ്ദേശ്യത്തിന് വിപരിതമായിപ്പോലും. ഇതു അനുവാചകന്റെ കുറവല്ല, കവിതയുടെ കഴിവാണ്. കാരണം, ഒരു കവിത അര്‍ഥപൂര്‍ത്തി നേടുന്നത് കവിതയില്‍ മാത്രമല്ല, അനുവാചകഹൃദയത്തിലുംകൂടിയാണ്. സൃഷ്ടടിയിലും ആസ്വാദനത്തിലും കവിതയ്ക്കും വേണം ഇണചേരല്‍; പൊരുത്തം പോലെ അതു സംഭവിക്കുന്നു; സംഭവിക്കാതെയുമാവുന്നു.
മഴയേറ്റ് ഈര്‍പ്പം പെരുകിപ്പകരുമ്പോള്‍ മണ്ണിനകത്തു കിടക്കുന്ന വിത്തുകള്‍ വേരും മുളയും പൊട്ടി മുകളിലേക്കു വരുന്നു. അതുപോലെ പതപ്പെട്ട ചുറ്റുപാടില്‍, മനസ്സില്‍ പതിഞ്ഞ നിനവുകള്‍ ഇഴയും ഈണവും ഉള്‍ക്കൊണ്ട്, കവിതയായി ചമയുന്നു.
…………

മുതിര്‍ന്നവരുടെ മൂപ്പെത്തിയ കലാവിദ്യയെക്കാള്‍ ഇളംമനസ്സകളുടെ 'ബാലചാപല്യ'മാണ് കവിത. അടിസ്ഥാനപരമായി കവിത കുട്ടികളുടെ കലയാണ്. ഒരളവോളം കഥയും അങ്ങനെത്തന്നെ. ഇളംപാകമുള്ള മനസ്സുകളില്‍നിന്നേ കവിത വരികയുള്ളൂ. ആ പാകം കൈവിടാത്തവര്‍ക്കേ അതാസ്വദിക്കാനും കഴിവുണ്ടാകുകയുള്ളൂ. കവിതയുടെ പ്രധാനഗുണം അതിലാകമാനമുള്ള നിഷ്‌കളങ്കതയാണ്. മുതിര്‍ന്നവരാണല്ലോ കവിത എഴുതുന്നത്. ആസ്വദിക്കുന്നവരും അവര്‍തന്നെ. എങ്കില്‍ ഈ ന്യായത്തിന് എന്തു യുക്തി? തലനരച്ചവരും ഒരുകാലത്ത് കുട്ടികളായിരുന്നു.

…………
ചരാചരങ്ങള്‍ക്കെല്ലാംതന്നെ ചൈതന്യവും ജീവനും ഉണ്ടെന്ന തോന്നല്‍ കുട്ടിക്കാലത്തിന്റേതാണ്. തുമ്പി കുട്ടികളുടെ തോഴനായതും അമ്പിളി അമ്മാവനായതും, പാവകള്‍ ജീവനുള്ള പൈതങ്ങളായതും, പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും മറ്റും സഖാക്കളായതും മറ്റും ഇങ്ങനെയാണ്. സര്‍വചരാചരങ്ങളിലും സമഗ്രജീവിതദര്‍ശനം എന്നത് ബാലമനസ്സിന്റെ സവിശേഷതയാണ്. ഈ രീതിയില്‍ ആടോപത്തോടെ അതിനതു പറയാന്‍ പറ്റാറില്ലെങ്കിലും. ഇതുതന്നെയാണ് കവിതയുടെയും ദര്‍ശനം. ഭൗതികശാസ്ത്രങ്ങള്‍ പ്രകൃതിയിലെ പ്രതിഭാസങ്ങളെയെല്ലാം സ്ഥൂലവും സൂക്ഷ്മവുമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ രീതിയില്‍ അവയെക്കുറിച്ചുള്ള സത്യങ്ങളും സമാവിഷ്‌കരിച്ചിരിക്കുന്നു. ഒരു ശാസ്ത്രീയ മനസ്സ് ഇതിലൊക്കെ വിശ്വസിക്കും.
സാങ്കേതികവിദഗ്ദ്ധന്മാര്‍ക്കും ഈ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാതെ തരമില്ല. പക്ഷേ, ഇതൊന്നും കവിതയുടെ മൗലികപ്രകൃതവുമായി പൊരുത്തപ്പെട്ടു പോകുന്നില്ല.
മനുഷ്യര്‍ ചന്ദ്രഗോളത്തില്‍ ചെന്നിറങ്ങി, ചന്ദ്രനെന്താണെന്ന് നേരില്‍ക്കണ്ടു മനസ്സിലാക്കി. എന്നിട്ടും ഈ വിശ്വാസം കവിത അംഗീകരിക്കുന്നില്ല. കവിതയുടെ യുക്തിബോധം അതിനെതിരല്ലെങ്കിലും. ശാസ്ത്രത്തിന്റെ സത്യം കവിതയുടെ സത്യമല്ല. കോപ്പര്‍നിക്കസിന്റെയും ഗലീലിയോയുടെയും ന്യൂട്ടന്റെയും ഐന്‍സ്റ്റൈന്റയും കണ്ടുപിടിത്തങ്ങള്‍ കവിതയുടെ ഭ്രമണപഥത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടല്ല. അത് ആന്തരികമായി സ്വന്തമായ ആദിസങ്കല്പങ്ങളിലൂടെ, അവയാല്‍ നിര്‍ണീതമായ ഭ്രമണപഥത്തിലൂടെ മനുഷ്യമനസ്സില്‍നിന്ന് മനുഷ്യമനസ്സിലേക്ക് സംക്രമിച്ചുകൊണ്ടേയിരിക്കുന്നു-ഓരോ മനുഷ്യനെയും അവന്റെ കുട്ടിക്കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട്, ആ നിഷ്‌കളങ്കതയെ വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട്. കവിത ഒരു കായകല്പ ചികിത്സയാണ്.
( എം.ഗോവിന്ദന്റെ ഉപന്യാസങ്ങള്‍)