കവിതയ്ക്കകവും പുറവുമില്ല

കവിതായായാലും പദ്യം പദ്യത്തിന്റെ
രൂപത്തിലെഴുതണം
ഗദ്യം ഗദ്യത്തിന്റെ രൂപത്തിലും

കവിത ധ്വന്യാത്മകമായിരിക്കണം
എന്നുവെച്ചാല്‍ അത് ആസ്വാദകന്റെ മനസ്സില്‍
മുഴങ്ങിക്കൊണ്ടിരിക്കണം.

മനസ്സിന്റെ ഭാഷയില്‍ പറഞ്ഞാലേ മനസ്സില്‍ തട്ടുകയുള്ളൂ

സാമാന്യത്തെ വിശേഷമാക്കിയും
വിശേഷത്തെ സാമാന്യമാക്കിയും
കവിതയെഴുതാം.

ചിന്തിക്കുന്നവന്റെ ബുദ്ധി വളരും
ചിന്തിക്കാത്തവന്റെ ബുദ്ധി തളരും

അമ്മ എന്നു പറയേണ്ടിടത്ത് മാതാവ് എന്നു പറയരുത്

കവിത ആലോചനാമൃതമായാല്‍ മാത്രം പോരാ
ആപാത മധുരവുമാകണം.
ആദ്യം ചൊല്ലിക്കേള്‍ക്കുമ്പോള്‍ത്തന്നെ-
ഒന്നാമത്തെ വായനയ്ക്കുതന്നെ മധുരിക്കുന്നതാകണം എന്നര്‍ഥം. ആ മധുരം എത്ര ആസ്വദിച്ചാലും
മടുക്കാത്തതുമാകണം.

വായനക്കാരനെ അറിഞ്ഞുകൊണ്ടല്ല സാഹിത്യസൃഷ്ടി
നടത്തേണ്ടത്. കവി ആരെന്ന് നോക്കിക്കൊണ്ടല്ല കൃതി വായിക്കേണ്ടത്.

ഓര്‍മ്മിക്കാനുള്ള കഴിവുപോലെതന്നെ
നല്ലതാണ് മറക്കാനുളള കഴിവും.

വായനയോടൊപ്പം ചിന്തന
ചിന്തയോടൊപ്പം ഭാവന

ഗദ്യമെഴുതുമ്പോള്‍ മാത്രമല്ല
പദ്യമെഴുതുമ്പോഴും
വാക്യഘടന ശരിയായിരിക്കണം.

വായനയൊരു സാധനയാക്കണം.

സൂക്ഷിച്ചുനോക്കിയാല്‍ എല്ലാറ്റിലും
കവിത കാണാം.

സാഹിത്യവാസനയുള്ളവര്‍ പുസ്തകം മാത്രംപോരാ,
സ്വന്തം മനസ്സടക്കം ഈ പ്രപഞ്ചം മുഴുവന്‍
വായിച്ചുകൊണ്ടിരിക്കണം.

ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍ വായിക്കാന്‍
എന്നും ഒരു പുസ്തകം കൈയില്‍ കരുതുക.

എല്ലാവരുടെയും മിത്രമാകാന്‍ സാധിക്കില്ലെങ്കില്‍ വേണ്ട
ആരുടെയും ശത്രുവാകാതിരിക്കുക.

നാട്ടില്‍ സംസാരിക്കുന്നത് നാട്ടുഭാഷയിലും
വീട്ടില്‍ സംസാരിക്കുന്നത് വീട്ടുഭാഷയിലുമാകണം

അഭ്യസിച്ചാല്‍ ആനയേയും എടുക്കാം.
ആദ്യം പൂച്ചക്കുട്ടിയെ, പിന്നെ നായക്കുട്ടിയെ,
പിന്നെ ആട്ടിന്‍കുട്ടിയെ-ഇങ്ങനെ വേണം അഭ്യാസം.

പൂക്കള്‍ നമ്മെ നോക്കി പുഞ്ചിരിക്കുന്നു
നമ്മളങ്ങോട്ടും പുഞ്ചിരിക്കുക
അരികിലാരെങ്കിലുമുണ്ടെങ്കില്‍
ചിരി മനസ്സുകൊണ്ടുമതി.

ശ്രദ്ധയില്ലാതെ വായിക്കുന്നത്
കുടം കമഴ്ത്തി വെള്ളമൊഴിക്കുന്നതുപോലെയാണ്.

മനസ്സുവച്ചു മനസ്സിലാക്കിയാലേ മനസ്സിലാവൂ.

എന്നും പഠിച്ചാല്‍ എന്നും പൊടിക്കും
എന്നും പൊടിച്ചാല്‍ എന്നും പൂക്കും
എന്നും പൂത്താലെന്നും കായ്ക്കും

വൃത്തമില്ലാതെയും കവിതയെഴുതാം
വൃത്തിയില്ലാതെയെഴുതരുത്.

കഥയെഴുതുമ്പോള്‍ മാത്രമല്ല, കവിതയെഴുതുമ്പോഴും ലേഖനമെഴുതുമ്പോഴും കത്തെഴുതുമ്പോള്‍ പോലും വാക്യത്തില്‍ ക്രിയ ചേര്‍ക്കുന്നത് രണ്ടുവട്ടം ചിന്തിച്ചുകൊണ്ടായിരിക്കണം. ക്രിയയുടെ സ്ഥാനം നിശ്ചയിക്കുന്നത് മൂന്നുവട്ടം ചിന്തിച്ചുകൊണ്ടും.
ക്രിയയുടെ കാലം നിശ്ചയിക്കുന്നത് അത്രയുംപോരാ.
നാലുവട്ടം ചിന്തിച്ചുകൊണ്ടായിരിക്കണം.
ഈ വാക്യത്തിന് ക്രിയയില്ലാതിരിക്കുന്നതല്ലേ നല്ലത്
എന്നും ചിന്തിക്കേണ്ടിവരും ചിലപ്പോള്‍.

സത്യമായതേ സാഹിത്യമാകുകയുള്ളൂ.
അതിനാല്‍ സാഹിത്യകാരന്‍ സത്യാന്വേകനായിരിത്തണം.

ഓര്‍ക്കാന്‍ തുറങ്ങുന്നതോടെ
മനുഷ്യന്‍ മറക്കാന്‍ തുടങ്ങും

എപ്പോഴും വായിക്കും, എ്ന്തും വായിക്കും എന്നതിനേക്കാള്‍
നല്ലത് ഒരിക്കലും ഒന്നും വായിക്കാതിരിക്കുകയാണ്.

കവിതയില്‍ കാര്യമുണ്ട്
കാര്യത്തില്‍ കവിതയില്ല.

വളരണോ വായനമാത്രം പോരാ
ഭാവനയും വേണം.

ഇരിക്കുന്ന പുസ്തകമുണ്ട്,
നടക്കുന്ന പുസ്തകമുണ്ട്,
കിടക്കുന്ന പുസ്തകമുണ്ട്.
ഇവയില്‍ ഇരിക്കുന്ന പുസ്തകം ഒന്നാന്തരം
നടക്കുന്ന പുസ്തകം രണ്ടാന്തരം,
കിടക്കുന്ന പുസ്തകം നൂറാന്തരം.

ഹൃദയഹാരിയായ വാക്യം കവിത
ഹൃദയകാരിയായ കര്‍മം കല.

കവിത ഈണത്തില്‍ ചൊല്ലുന്നവരുടെ
ജീവിതത്തിനും ഈണമുണ്ടാകും.
എന്നുവെച്ചാല്‍ ക്രമമുണ്ടാകും. താളമുണ്ടാകും
അടുക്കും ചിട്ടയുമുണ്ടാകും.

അറിവുകൊണ്ടുമലിവുകൊണ്ടും
അകം നിറയ്ക്കുക.

മിതവാക്കാകണം കവി

എല്ലാവരും എന്നും വായിക്കേണ്ട രണ്ടുപുസ്തകമുണ്ട്.
അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റൊന്ന്.

ഓര്‍ക്കേണ്ടത് മറക്കരുത്
മറക്കേണ്ടത് ഓര്‍ക്കരുത്

ഒരു പൂച്ചെടി മറ്റൊരു പൂച്ചെടികണ്ട് ഭ്രമിക്കാറില്ല
അതുപോലുള്ള പൂക്കള്‍ തന്നിലുമുണ്ടാകണമെന്ന് കൊതിക്കാറുമില്ല.

വാക്കൊറ്റയ്ക്കു നില്‍ക്കുമ്പോള്‍ അതിനു ജീവനില്ല,
ശക്തിയില്ല, ചൈതന്യമില്ല.
സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കുമ്പോള്‍
ഇതെല്ലാമുണ്ടാവുകയും ചെയ്യുന്നു.

സ്വാഭാവികമായ തുടക്കം, സ്വാഭാവികമായ ഒടുക്കം.
ഇതാണ് കഥയ്ക്ക് നല്ലത്. കവിതയ്ക്കും നല്ലത്
എല്ലാത്തിനും നല്ലത്.

കവിതയെഴുതുമ്പോള്‍ മനസ്സില്‍ നിന്നൂറിവരുന്ന
വരികളിലല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കരുത് എന്ന കാര്യത്തിലാണ്
ശ്രദ്ധവേണ്ടത്.
എകാഗ്രമായിരുന്നെഴുതുക. തന്നെ മറന്നിരുന്നെഴുതുക.

കവിത ഇന്ന സമയത്തെഴുതി മുഴുവനാക്കണം
ഇത്രകാലം കൊണ്ടെഴുതി മുഴുവനാക്കണം
എന്നൊന്നും നിശ്ചയിച്ചു ചെയ്യേണ്ടതല്ല.

ഈണം കവിതയുടെ ആത്മാവല്ലെങ്കിലും ജീവനാണ്.
അതിനാല്‍ കവിത ഈണത്തിലെഴുതണം
ഈണത്തില്‍ ചൊല്ലണം.
കവിത മനസ്സില്‍ ചൊല്ലുമ്പോള്‍ പോലും ഈണം വേണം.

കവിതയിലാകട്ടെ കഥയിലാകട്ടെ മറ്റേതിലുമാകട്ടെ
ഉപയോഗിച്ചിരിക്കുന്ന ഒരു വാക്കിനുപകരം
മറ്റൊരു വാക്കുവയ്ക്കാന്‍ ആര്‍ക്കും കഴിയരുത്.
ഈ വാക്ക് ഇവിടെയല്ല വേണ്ടത്, ഈ വാക്ക് വേണ്ട
എന്നും വായനക്കാരന് തോന്നരുത്.
അങ്ങനെ വേണം എന്തുമെഴുതാന്‍.

ജീവിതമാണ് സാഹിത്യത്തിന്റെ വിഷയം.
ഈ ജീവിതമാകട്ടെ പ്രതിജനഭിന്നമാണ്. വിചിത്രവുമാണ്.
ഒരാളുടെ ജീവിതം പോലെയല്ല മറ്റൊരാളുടെ ജീവിതം.
ഓരോ ജീവിതവും ആലോചിച്ചുനോക്കുമ്പോള്‍
അത്യന്തം അത്ഭുതകരവുമാണ്.
അതിനാല്‍ ജീവിതം വിഷയമാക്കിക്കൊണ്ടുള്ള സാഹിത്യത്തിനും
ഈ രണ്ടുഗുണങ്ങളുമുണ്ടായിരിക്കണം.

കവി ഉദ്ദേശിക്കുന്ന ഭാവം ആസ്വാദകനനുഭവപ്പെടണമെങ്കില്‍
ഭാഷ ശരിയായിരിക്കണം.
കവിതയില്‍ ഭാവം വേറേ ഭാഷ വേറെ എന്നില്ല.
ഭാവത്തില്‍നിന്നു വിട്ട് ഭാഷയ്‌ക്കോ
ഭാഷയില്‍നിന്നു വിട്ട് ഭാവത്തിനോ
നില്‍ക്കാന്‍ സാധിക്കില്ല.

തോന്നുന്നത് എഴുതിക്കൊണ്ടിരിക്കുക.
എഴുതിയതൊന്നും കളയാതിരിക്കുക.
എഴുതിവച്ചിരിക്കുന്നവയില്‍നിന്ന് ഓരോന്നെടുത്ത്
വായിച്ചുനോക്കുക. നന്നല്ല എന്നുതോന്നുന്നത് കളയുക. നന്നെന്ന് തോന്നുന്നതെടുത്ത് വേണ്ടത് ചെയ്ത് വീണ്ടും
നന്നാക്കി എടുത്തുവയ്ക്കുക. കുറച്ചുദിവസം കഴിഞ്ഞ് വീണ്ടുമെടുത്ത് വായിച്ചു വീണ്ടും നന്നാക്കുക.
വീണ്ടും വീണ്ടും വീണ്ടും…

ചിന്തകൊണ്ട് ബുദ്ധി വര്‍ധിക്കും
വിറകുകൊണ്ട് തീയെന്നതുപോലെ.

വാക്കില്‍ അക്ഷരങ്ങളെന്നപോലെ
വാക്യത്തില്‍ വാക്കുകള്‍ പരസ്പരമിണങ്ങിയൊതുങ്ങി ലയിച്ചിരിക്കണം.

മറ്റുള്ളവരുടെ കവിത വായിക്കുക
സ്വന്തം കവിതയെഴുതുക
.

പൂക്കള്‍ നമ്മെ നോക്കി പുഞ്ചിരിക്കുന്നു
നാം പൂക്കളെക്കണ്ടും പുഞ്ചിരിക്കുക.

കവിതയില്‍ വരിമാറുന്നത്
ഈണത്തിനനുസരിച്ചായിരിക്കണം.

അനുഭവിക്കുമ്പോളെഴുതാനാവില്ല
എഴുതുമ്പോളനുഭവിക്കാനും
ഇതാണ് സാഹിത്യസൃഷ്ടിയുടെ ഒരു പ്രത്യേകത.

തിറമുള്ള ഭാഷയിലെഴുതുക
നിറമുള്ള മഷിയിലെഴുതുക.

പറയലല്ല പറയാതെ പറയലാണ്
കവിതയുടെ രീതി

ശ്ലോകം ചൊല്ലാനുള്ള കഴിവുണ്ടാക്കുന്നത്
ശ്ലോകമെഴുതാനുള്ള കഴിവുമുണ്ടാക്കും.
ആയിരം ശ്ലോകം പഠിച്ചാല്‍ അരക്കവി എന്നാണ്.
(അരക്കവി എന്നാല്‍ പദ്യമെഴുതാനറിയുന്നവനെന്നര്‍ഥം)
പദ്യമെഴുതാനറിയുക എന്നത് കവികള്‍ക്ക്
അത്യാവശ്യമായ കഴിവാണ്.
അതിനാല്‍ കവിതാവാസനയുളളവര്‍ പ്രത്യേകിച്ചും
ഈ സരസശ്ലോകങ്ങള്‍ വൃത്തബോധത്തോടെ പഠിച്ച്
ഈണത്തില്‍ ചൊല്ലി ശീലിക്കണം.
അടുത്തടുത്തു വയ്ക്കുന്ന വാക്കുകള്‍
തമ്മില്‍ എല്ലാനിലയ്ക്കും നല്ല ഇണക്കംവേണം.
എന്നാലേ ഈണത്തില്‍ ചൊല്ലാനൊക്കൂ.
കൃതഹസ്തരായ കവികളുടെ കൃതികള്‍
ശ്രദ്ധാപൂര്‍വം വായിച്ചുകൊണ്ടിരുന്നാലേ
വേണ്ടത്ര പദസമ്പത്ത് കൈവന്ന്
ഇതിനുള്ള കഴിവുണ്ടാകൂ.
മലയാളത്തില്‍ കൃതഹസ്തരായ കവികളില്‍ പ്രധാനി തുഞ്ചത്തെഴുത്തച്ഛനാണ്.
എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് പതിവായി
വായിച്ചുകൊണ്ടിരുന്നാല്‍ വാസനയുള്ളവര്‍ക്ക്
കവിതാരചന വശമായിക്കിട്ടും.
ഒരു ദിവസംപോലും മുടങ്ങാതെ
ചുരുങ്ങിയതൊരു കൊല്ലം വായിക്കണം.
രാത്രി കിടക്കുന്നതിനുമുമ്പ് ഒരരമണിക്കൂര്‍.

പഠിക്കാന്‍ വേണ്ടിയുള്ള വായന
രസിക്കാന്‍ വേണ്ടിയുള്ള വായന
എന്താണ് വിഷയമെന്നറിയാന്‍ വേണ്ടിയുള്ള വായന
നന്നോ നന്നല്ലേ എന്നറിയാന്‍ വേണ്ടിയുളള വായന-
ഇങ്ങനെ വായന നാലുതരം.

പുതിയ ഒരു വാക്കുകേള്‍ക്കുമ്പോള്‍,
ശൈലി കേള്‍ക്കുമ്പോള്‍, പ്രയോഗം കേള്‍ക്കുമ്പോള്‍
അതിന്റെ അര്‍ഥം, അതെവിടെ എപ്പോള്‍
എങ്ങനെ പ്രയോഗിക്കണം തുടങ്ങിയവയെല്ലാം
സൂക്ഷ്മമായി പഠിച്ചുവയ്ക്കണം.
അവ മറ്റുള്ളവര്‍ പ്രയോഗിച്ചിരിക്കുന്നതു കാണുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കണം. എതെങ്കിലും വാക്കിന്റെയോ
പ്രയോഗത്തിന്റെയോ ശൈലിയുടെയോ
അര്‍ഥത്തെപ്പറ്റി സംശയം തോന്നിയാല്‍
ഉടനെ നിഘണ്ടു നോക്കണം.
ഇങ്ങനെയെല്ലാം ചെയ്തുകൊണ്ടിരുന്നാലേ
ഭാഷയില്‍ വൈദഗ്ദ്ധ്യമുണ്ടാകൂ.

കാല്‍ക്കഴഞ്ച്, കാല്‍ക്കുട, മുക്കാല്‍പുത്തന്‍, പാല്‍ക്കലം
വൈക്കോല്‍ത്തുറു-വാക്കും വാക്കും
ചേര്‍ക്കാനറിയാത്തവരുടെ വാക്ക്.
കാക്കഴഞ്ച്, കാക്കുട, മുക്കാപ്പുത്തന്‍,
പാക്കലം, വൈക്കോത്തുറു-ഒറ്റവാക്കുപോലെ
എന്തൊരൊതുക്കം.
വാക്കും വാക്കും ചേര്‍ക്കുമ്പോള്‍ മുറുക്കം വേണം.
മുറുക്കം വേണമെങ്കില്‍ കുറയ്ക്കാവുന്നത്ര കുറയ്ക്കണം
കുറുക്കാവുന്നത്ര കുറുക്കണം.

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു
എന്ന ഒരു സത്യം-ഒരനുഭവം-എനിക്കുണ്ട്. കവിതയാകട്ടെ, എതുസമയത്തും എതു ദിക്കില്‍വച്ചും എനിക്കുണ്ടാകാറുണ്ട്. കിടക്കുമ്പോഴും നടക്കുമ്പോഴും വായിക്കുമ്പോഴും പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോഴും തിരക്കും ബഹളവും നിറഞ്ഞ ചന്തയില്‍ വെച്ചുപോലും എന്നില്‍നിന്ന് കവിതയുണ്ടായിട്ടുണ്ട്. അതിനാല്‍ കവിതയെഴുത്തിന് കാലം, ദേശം, പ്രായം എന്നിവയൊന്നുമില്ല എന്നാണെന്റെ അനുഭവം. പഠിപ്പായിട്ടുപോലും ബന്ധമില്ല. ഞാന്‍ പഠിച്ചറിഞ്ഞതില്‍നിന്നുണ്ടായിട്ടുള്ളതല്ല, കണ്ടറിഞ്ഞതില്‍നിന്നുണ്ടായിട്ടുള്ളതല്ല, കേട്ടറിഞ്ഞതില്‍നിന്നുണ്ടായിട്ടുള്ളതല്ല എന്റെ കവിതകളില്‍ ഭൂരിഭാഗവും.
വായന വാസനയ്ക്ക് വളമാണ് എന്നൊരു തോന്നലെനിക്കുണ്ട്-അനുഭവവും ഉണ്ട്. വായന എന്നുവച്ചാല്‍ വെറും പുസ്തകം വായന മാത്രമല്ല, പ്രപഞ്ചമാകുന്ന പുസ്തകവും മനസ്സാകുന്ന പുസ്തകവും വായിച്ചുകൊണ്ടിരിക്കണം. ഞാനറിയാതെയും ഈ വായന നടക്കുന്നുണ്ട്, ഉറങ്ങുമ്പോള്‍ പോലും. ഈ വായനയുടെ ഇടയിലും ചിലപ്പോള്‍ എന്നില്‍നിന്നു കവിത വരും.
എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍.
സ്വപ്‌നം കാണുന്നതും ഒരുവായന തന്നെയാണ്. നിദ്രയും സ്വപ്‌നവും കഴിഞ്ഞു സുഷുപ്തി എന്നൊന്നുണ്ടല്ലോ. ആ സുഷുപ്തിയിലായിരിക്കും ചിലപ്പോള്‍ എന്നില്‍നിന്നു ഞാനറിയാതെ കവിത വിരിയുന്നത്. അതുപക്ഷേ, എനിക്കെഴുതാന്‍ തോന്നുന്നത് പിന്നെ എന്നെങ്കിലുമായിരിക്കും.
മനസ്സ് ശുദ്ധമായിരിക്കുമ്പോഴും എന്നില്‍നിന്ന് കവിത വരാറുണ്ട്.