മലയാളഭാഷാചരിത്രം തുടര്‍ച്ച…
ദ്രാവിഡഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ആധുനികഭാഷയാണ് മലയാളം. എ.ഡി ഒന്‍പതാം ശതകത്തിലാണ് മലയാള ഭാഷ തമിഴിന്റെയോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ടത്. മലയാളഭാഷയില്‍ എഴുതപ്പെട്ട കണ്ടെടുക്കപ്പെട്ട ആദ്യത്തെ രേഖ, ചേര ചക്രവര്‍ത്തിയായിരുന്ന
രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനമാണ്. എ.ഡി. 829ലാണിത്. ഒമ്പതാം നൂറ്റാണ്ടില്‍തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിന്റെ
ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. പന്ത്രണ്ടാം ശതകത്തില്‍ ചീരാമന്‍ എഴുതിയ ‘രാമചരിതം’ ആണ് മലയാള ഭാഷയിലെ ആദ്യത്തെസാഹിത്യ കൃതി. എന്നാല്‍, പതിനൊന്നാം ശതകത്തില്‍ തോലന്‍ രചിച്ചതായി കരുതുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള
പദ്യങ്ങള്‍ കാണാം.
മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങള്‍ ഇവയാണ്:
ഉപഭാഷാവാദം, പൂര്‍വതമിഴ് മലയാള വാദം, മിശ്രഭാഷാവാദം, സ്വതന്ത്രഭാഷാവാദം, സംസ്‌കൃതജന്യ വാദം.
ഉപഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിലൊന്നാണ് 'ഉപഭാഷാവാദം'. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ട ഭാഷയാണ്
മലയാളം എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയവര്‍ ഇക്കാര്യം ആനുഷംഗികമായി
പരാമര്‍ശിക്കുന്നുണ്ടെങ്കിലും കാള്‍ഡ്വല്‍ ആണ് ഗവേഷണരൂപത്തില്‍ ആദ്യമായി ഈ വാദം ഉന്നയിച്ചത്.
പൂര്‍വ തമിഴ്-മലയാള വാദം
പൂര്‍വ ദ്രാവിഡഭാഷയില്‍നിന്ന് കന്നഡവും തെലുങ്കും വേര്‍പിരിഞ്ഞതിനുശേഷം പൂര്‍വ തമിഴ്മലയാളം എന്ന ഒരു പൊതു ഭാഷാകാലഘട്ടം
ഉണ്ടായിരുന്നുവെന്നതാണ് ഈ സിദ്ധാന്തം. എല്‍.വി. രാമസ്വാമി അയ്യര്‍, കാമില്‍ സ്വലബില്‍, എസ്.വി. ഷണ്മുഖം മുതലായവരാണ് ഈ വാദമുന്നയിച്ചത്.
മിശ്രഭാഷാവാദം
ചെന്തമിഴില്‍ സംസ്‌കൃതം കലര്‍ന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിള്ളയാണ് സൈദ്ധാന്തികന്‍.
സ്വതന്ത്രഭാഷാവാദം
തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതിപ്രാചീനകാലം
മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന് ഈ വാദക്കാര്‍ പറയുന്നു. പൂര്‍വദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂര്‍ കൃഷ്ണപിഷാരടി, ഉള്ളൂര്‍
എസ്. പരമേശ്വരയ്യര്‍, സി.എല്‍. ആന്റണി, ഡോ. കെ. ഗോദവര്‍മ്മ, ഡോ. കെ.എം.ജോര്‍ജ്, മുതലായവര്‍ കണക്കാക്കുന്നത്.
സംസ്‌കൃതജന്യവാദം
സംസ്‌കൃതപ്രഭവ വാദികളുടെ അഭിപ്രായത്തില്‍ സംസ്‌കൃതമാണ് മലയാളത്തിന്റെ മൂലഭാഷ. സംസ്‌കൃതം ദേവഭാഷയാകയാല്‍ മലയാളമടക്കമുള്ള
ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നാണ് ഉണ്ടായതെന്ന വിശ്വാസംസംസ്‌കൃത പണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങള്‍ സംസ്‌കൃതപദങ്ങളോ
സംസ്‌കൃതജന്യപദങ്ങളോ ആണ് എന്നതാണ് മറ്റൊരു കാരണം. എന്നാല്‍, ആധുനിക ഭാഷാശാസ്ത്ര സിദ്ധാന്തങ്ങള്‍ വന്നതോടെ ഈ വാദം പൊളിഞ്ഞുപോയി.
പദ്യഭാഷയും ഗദ്യഭാഷയും
മലയാളഭാഷയുടെ വളര്‍ച്ചയെ സാഹിത്യചരിത്രകാരന്‍മാര്‍ മൂന്ന് ശാഖകളായാണ് തിരിച്ചിട്ടുള്ളത്.
1) പാട്ടുഭാഷ
2) മണിപ്രവാള ഭാഷ
3) ഗദ്യ ഭാഷ
Leave a Reply