കേരളത്തിനുപുറമെ, ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കുന്ന ഭാഷയാണ് മലയാളം. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്ന്. ഇപ്പോള്‍ കേരളത്തിലെ ഭരണഭാഷ കൂടിയാണ് മലയാളം. ലോകത്താകമാനം 3.75 കോടി ജനങ്ങള്‍ മലയാളഭാഷ സംസാരിക്കുന്നു.
മലയാളം എന്ന പേര് മലകളും കടലും ഒത്തുചേരുന്ന എന്ന അര്‍ത്ഥം ഉള്ള മല + ആളം (കടല്‍) എന്നീ ദ്രാവിഡ വാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷില്‍ പാലിന്‍ഡ്രോം വാക്കു കൂടിയാണ്. തിരിച്ചുവായിച്ചാലും അതേ ഉച്ചാരണം കിട്ടുന്നതിനെയാണ് പാലിന്‍ഡ്രോം എന്നു പറയുന്നത്.

മലയാള ഭാഷ സംസ്‌കൃതത്തില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നും, അതല്ല സംസ്‌കൃതവും തമിഴും കൂടിക്കലര്‍ന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ശാസ്ത്രീയ ഭാഷാഗവേഷണങ്ങള്‍ ഇതിനെയെല്ലാം നിരാകരിച്ചു. മലയാളം മലനാട്ടുതമിഴില്‍ നിന്ന് ഉദ്ഭവിച്ചു, മലയാളം മൂല ദ്രാവിഡഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നിങ്ങനെ മറ്റു രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് ഭാഷാ ചരിത്രകാരനായ കാള്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്‌കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴില്‍നിന്ന് അകന്നു നില്‍ക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്.  തുടര്‍ന്ന് എ.ആര്‍. രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. മലൈനാടായ മലയാളത്തിലെ ആദിമ നിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു ഭാഷകള്‍ ഉപയോഗിച്ചിരുന്നു എന്നും, പലവക കൊടുന്തമിഴുകളില്‍ ഒന്നാണ് മലയാളമായിത്തീര്‍ന്നതെന്നും രാജരാജവര്‍മ അഭിപ്രായപ്പെട്ടു. കൊടുന്തമിഴ് സംസ്‌കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂര്‍ പറഞ്ഞത്. മലയാളം മദ്ധ്യകാലത്തിനു മുന്നേതന്നെ വേര്‍തിരിഞ്ഞിട്ടുണ്ടാവാം എന്ന് എല്‍.വി. രാമസ്വാമി അയ്യര്‍, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടു.

ഏ.ആര്‍.രാജരാജവര്‍മ്മ കേരള ഭാഷയെ മൂന്നുഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

ആദ്യഘട്ടം ബാല്യാവസ്ഥ: കരിന്തമിഴുകാലം (കൊല്ലവര്‍ഷം 1  500വരെ; എ.ഡി. 825-1325വരെ)
മദ്ധ്യഘട്ടം കൗമരാവസ്ഥ: മലയാണ്മക്കാലം (കൊല്ലവര്‍ഷം 500 800വരെ; എ.ഡി. 1325-1625വരെ)
ആധുനികഘട്ടം യൗവനാവസ്ഥ: മലയാളകാലം (കൊല്ലവര്‍ഷം 800 മുതല്‍ ; എ.ഡി. 1625 മുതല്‍)


പണ്ട് മലയാണ്മ എന്നു വിളിച്ചുപോന്ന മലയാളം, തമിഴ്, കോട്ട, കൊടഗ്, കന്നഡ എന്നീ ഭാഷകള്‍ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളില്‍ ഒന്നാണ്. നമ്മുടെ ഭാഷയ്ക്ക് പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്. ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത് തമിഴായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങള്‍ വഴി ഭാഷയില്‍ വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ഇന്തോആര്യന്‍ ഭാഷകള്‍ക്ക് കഴിഞ്ഞു. സംസ്‌കൃത സ്വാധീനം അങ്ങനെയുണ്ടായതാണ്. അറബ്, യൂറോപ്യന്‍ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങള്‍ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയില്‍ പ്രകടമായ സ്വാധീനം ചെലുത്തി.
മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞിരിക്കാം. എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാന്‍ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
മലയാളം ഭാഷാചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളില്‍ പ്രധാനമാണ് ബ്രാഹ്മണരുടെ വരവ്. നമ്പൂരിമാര്‍ക്ക് സമൂഹത്തില്‍ ലഭിച്ച മേല്‍ക്കൈയും അതുമൂലം സംസ്‌കൃതഭാഷയ്ക്ക് പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ് മലയാളത്തെ വളര്‍ത്തിയത്. പാണ്ഡ്യചോളചേര രാജാക്കന്മാര്‍ക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്‌നാടുമായി ജനങ്ങള്‍ക്കുണ്ടായിരുന്ന ഇടപാടുകളില്‍ കാര്യമായ കുറവു വരുത്തി. സഹ്യമലനിരകള്‍ കടന്നുള്ള ദുഷ്‌കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്‌കാരികമായും ഭാഷാപരമായും പരസ്പരം അകറ്റി.

ക്രിസ്ത്വബ്ദം ആറാം ശതകത്തോടെ കേരളത്തിലേക്ക് കുടിയേറാന്‍ തുടങ്ങിയ ബ്രാഹ്മണര്‍ക്ക് സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ മേല്‍ക്കൈ ലഭിച്ചു. പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ തങ്ങള്‍ ശീലിച്ചുപോന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പര്‍ക്കത്തില്‍ ഉപേക്ഷിക്കുവാനും ബ്രാഹ്മണര്‍ തയ്യാറായി. അതോടെ പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരല്‍ സാധ്യമായി. ബ്രാഹ്മണരില്‍ നിന്നു സംസ്‌കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകര്‍ന്നു.

മലയാളത്തിന്റെ പ്രാചീനത

മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷ എന്ന നിലയില്‍ 2300 വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്നു. ബി.സി 300ലെ അശോകന്റെ രണ്ടാംശിലാശാസനത്തില്‍ കേരളം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം തെളിയിക്കുന്നതില്‍ സുപ്രധാനമാണ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കല്‍ ലിഖിതം. ഈ ലിഖിതത്തിലെ 'കുടല്ലൂര്‍ ആ കോള്‍ പെടു തീയന്‍ അന്തവന്‍കല്‍' എന്ന വാക്യത്തിലെ 'പെടു' ധാതു മലയാളമാണ്. നശിച്ചുവീഴുക, മരണപ്പെടുക തുടങ്ങിയ അര്‍ഥങ്ങള്‍ പെടു എന്ന ധാതുവിനുണ്ട്. കൂടല്ലൂരിലെ കന്നുകാലി കവര്‍ച്ചാശ്രമത്തില്‍ മരിച്ചുവീണ തീയന്‍ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കല്‍ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം. 2,100 വര്‍ഷം പഴക്കമുള്ള വീരക്കല്‍ ലിഖിതത്തില്‍ മലയാളത്തിന്റേതു മാത്രമായ വ്യാകരണ സവിശേഷതകള്‍ കാണാം.
എടയ്ക്കല്‍ ഗുഹകളില്‍നിന്ന് കിട്ടിയ ഏഴു ലിഖിതങ്ങളില്‍ നാലെണ്ണം, പട്ടണം ഉല്‍ഖനനത്തില്‍ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍, നിലമ്പൂരില്‍ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയില്‍ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതും തമിഴില്‍ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ 'ഐ' കാരത്തിന് പകരം മലയാളം ശൈലിയായ 'അ' കാരമാണ് വാക്കുകളിലുള്ളത്. എടയ്ക്കല്‍ ഗുഹകളിലുള്ള ശിലാലിഖിതങ്ങള്‍ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന് ഗവേഷകര്‍ പറയുന്നു. വടക്കന്‍ പരവൂരിനടുത്തുള്ള പട്ടണത്തില്‍ നിന്നു ലഭിച്ച ലിഖിതങ്ങള്‍ മലയാളത്തിന്റെ പഴമ തെളിയിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളില്‍ ദ്രാവിഡബ്രാഹ്മി ലിപിയില്‍ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതില്‍ 'ഊര്‍പാവ ഓ..' എന്നും 'ചാത്തന്‍' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 
ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര്‍ ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം.
സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ടുവരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളില്‍ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാര്‍ കേരളീയരായിരുന്നു. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകള്‍ സംഘകാല കൃതികളില്‍ നിന്ന് കിട്ടിയിട്ടുണ്ട്. സംഘസാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങള്‍ (മുചിരി,തൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികള്‍ (ചേരന്മാര്‍, ഏഴിമലയിലെ മൂവന്‍മാര്‍, വിഴിഞ്ഞത്തെ ആയന്മാര്‍), കവികള്‍, സംഭവങ്ങള്‍ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരളപ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയില്‍ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും പണ്ഡിതന്മാര്‍ പറയുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊല്‍ക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു യോജിക്കുന്നു. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷ. 
മലയാളത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണ്. ക്രി. 830 ല്‍ എഴുതപ്പെട്ട വാഴപ്പള്ളി ശാസനമാണിത്. ഇതു കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തില്‍ നിന്നാണ്. പല്ലവഗ്രന്ഥലിപിയില്‍ എഴുതപ്പെട്ട വാഴപ്പള്ളി ശാസനത്തില്‍ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാര്‍ഷികവിവരങ്ങളും ഉണ്ട്. 

ആട്ടപ്രകാരങ്ങളിലെയും ക്രമദീപികയിലെയും ഭാഷ

കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടപ്രകാരങ്ങളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തില്‍ ആദ്യം വിവര്‍ത്തനമുണ്ടായതും മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് 'അര്‍ഥശാസ്ത്രം'. പത്താം നൂറ്റാണ്ടില്‍ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. 
തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടയിലും തെലുഗുവിലും ഉള്ള ആ, ഈ എന്ന സ്വരദീര്‍ഘമുള്ള ചുട്ടെഴുത്തു് തമിഴില്‍ ഇല്ല. തൊല്‍കാപ്പിയം പറയുന്നത് ആ എന്നത് കാവ്യഭാഷയില്‍ മാത്രമുള്ളതാണെന്നാണ്. ആ വീട്, ഈ മരം ഇവയൊക്കെയാണു് പഴയത്; അന്ത വീടും ഇന്ത മരവും അല്ല. മലയാളം ഈ വിഷയത്തില്‍ പഴന്തമിഴിനേക്കാള്‍ പഴമ പ്രദര്‍ശിപ്പിക്കുന്നു എന്നു വാദിക്കുന്നവരുമുണ്ട്. ആദിദ്രാവിഡത്തില്‍ നിലനിന്ന തായ്മാര്‍ എന്ന തരം ബഹുവചനപ്രത്യയരൂപം തമിഴില്‍ ഇല്ലാതായി. പഴന്തമിഴില്‍ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ട്, തമിഴില്‍ ഇല്ല. ആശാന്‍ (ആചാര്യ), അങ്ങാടി (സംഘാടി  വഴികള്‍ ചേരുന്ന സ്ഥലം), പീടിക (പീഠിക) മുതലായവ ഉദാഹരണങ്ങള്‍. മലയാളത്തിലെ മുതുക്കന്‍, കുറുക്കന്‍ എന്നിവയിലെ 'ക്കന്‍' തമിഴില്‍ ഇല്ല. പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ട്. പനിയത്ത് (മഞ്ഞില്‍), വളിയത്ത് (കാറ്റില്‍) എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആദിദ്രാവിഡത്തില്‍ ഉണ്ടായിരുന്നുവെന്ന് തൊല്‍കാപ്പിയം സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തില്‍ ആ പഴമ ഇന്നും നിലനില്‍ക്കുന്നു. ഇരുട്ടത്ത്, നിലാവത്ത്, കാറ്റത്ത്, വയറ്റത്ത്, കവിളത്ത്, വെയിലത്ത് തുടങ്ങിയവ ഉദാഹരണങ്ങള്‍. 

ഉത്തമമധ്യപുരുഷന്മാരെ ഉദ്ദേശിച്ചുള്ള ദാനം തരല്‍,
പ്രഥമപുരുഷനെ ഉദ്ദേശിച്ചുള്ളത് കൊടുക്കല്‍.

എനിക്ക് കൊടുക്ക് എന്ന് ആരും പറയില്ലല്ലോ. പ്രാദേശികമായോ പരിഹാസരൂപത്തിലോ പറഞ്ഞേക്കാം. എന്നാല്‍, നിനക്ക് കൊടുക്കാം എന്നല്ല, തരാം എന്നാണ് പറയുക. അയാള്‍ നിനക്ക് വളരെ ഉപകാരങ്ങള്‍ ചെയ്തുതന്നിട്ടില്ലേ? ഞാന്‍ കുഞ്ഞുണ്ണിക്ക് പാട്ടു പഠിപ്പിച്ചുകൊടുത്തു. നിനക്ക് ഇത് ആരാണ് പറഞ്ഞുതന്നത്? ഈ ‘തരുകൊടു’ വ്യാവര്‍ത്തനത്തിന്റെ വേര് ആദിദ്രാവിഡത്തോളം എത്തുന്നുണ്ടെന്നും പണ്ഡിതന്മാര്‍ പറയുന്നു.

ദ്രാവിഡവര്‍ണങ്ങളുടെ ഉച്ചാരണത്തനിമ

ദ്രാവിഡവര്‍ണങ്ങളുടെ ഉച്ചാരണത്തനിമ കാത്തുസൂക്ഷിച്ചിരിക്കുന്നത് മലയാളമാണ്. പദാദിയില്‍ ഇന്നത്തെ തമിഴില്‍ ച എന്നുച്ചരിക്കുന്നത് തെക്കന്‍തമിഴ്‌നാട്ടിലെ കീഴാളര്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് സൂട്ട്(ചൂട്ട്), സിന്തനൈ(ചിന്തന) എന്നൊക്കെയാണ്. ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയില്‍ ഉള്ളത്. മലയാളികള്‍ക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെ മതി. ദ്രാവിഡം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു: ങ, ഞ, ണ, ന (ദന്ത്യം), ന (വര്‍ത്സ്യം), മ എന്നിവ. ന (ദന്ത്യം), ന(വര്‍ത്സ്യം) ഇവ തമ്മിലുള്ള വ്യത്യാസം കൃത്യമായി ഇന്നും പാലിക്കുന്നത് മലയാളികളാണ്. ന, ന (ദന്ത്യാനുനാസികവും വര്‍ത്സ്യാനനാസികവും) ഇവയ്ക്ക് തമിഴില്‍ വെവ്വേറെ ലിപിയുണ്ടെങ്കിലും ഉച്ചാരണത്തില്‍ ഒന്നായിത്തീര്‍ന്നു.  ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറിവന്നാല്‍ മൂന്നെണ്ണം വേര്‍തിരിച്ച് കേള്‍ക്കാനും കേള്‍പ്പിക്കാനും മാത്രമേ മിക്ക തമിഴര്‍ക്കും കഴിയൂ. മലയാളികള്‍ക്കാവട്ടെ ഈ ആറും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചുപറയാന്‍ പ്രയാസം ഇല്ല. കുന്നിയും കന്നിയും തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികള്‍ ദീക്ഷിക്കുന്നു. നാന്‍ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴര്‍ ദീക്ഷിക്കുന്നുമില്ല. ദന്ത്യവും വര്‍ത്സ്യവുമായ നകള്‍ തമ്മിലെ വ്യത്യാസമെന്നതുപോലെ ര, റ വ്യത്യാസവും മിക്കവാറും തമിഴര്‍ ദീക്ഷിക്കുന്നില്ല. ഇതേപോലെ ല, ള, ഴ വ്യത്യാസം ദീക്ഷിക്കുന്നവരും വിരളമാണ്. ഈ വ്യത്യാസങ്ങളൊക്കെ ആദിദ്രാവിഡത്തില്‍ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ പുലര്‍ത്തുന്നതുമാണ്. നിത്യഭാഷണത്തില്‍ ധാരാളമായും ഔപചാരികസന്ദര്‍ഭത്തില്‍ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ്. തമിഴ്‌നാട്ടില്‍ പണ്ഡിതന്മാര്‍ക്കും ശ്രമിച്ചാലേ ഴ വഴങ്ങൂ.