സുന്ദരീസ്വയംവരം (ആട്ടക്കഥ)
കുന്നത്ത് സുബ്രഹ്മണ്യന് പോറ്റി
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആട്ടക്കഥാകൃത്തായ കുന്നത്ത് സുബ്രഹ്മണ്യന് പോറ്റി എഴുതിയ ആട്ടക്കഥയാണ് സുന്ദരീസ്വയംവരം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറില്‍ നിന്ന് പലായനം ചെയ്ത് തിരുവിതാംകൂറില്‍ വന്ന് വാസമുറപ്പിച്ച ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹംന്ന
കഥാസാരം
പാണ്ഡവാദികള്‍ ചൂതില്‍ തോറ്റ് വനവാസം നടത്തുന്ന സമയത്തെ കഥയാണ്. അക്കാലത്ത് ശ്രീകൃഷ്ണന് സത്യഭാമയില്‍ ഉണ്ടായ സുന്ദരി എന്ന് പേരായ മകള്‍ക്ക് വിവാഹപ്രായം എത്തി. കൃഷ്ണന് സഹോദരനായ ബലരാമനോട് ചെന്ന് ഇക്കാര്യം അറിയിക്കുന്നു. താനത് മുന്‍പേ അറിഞ്ഞു എന്നും കൃഷ്ണന്റെ മനസ്സില്‍ എന്താണ് ഉള്ളത് എന്നറിയാത്തതിനാല്‍ ഒന്നും പറഞ്ഞില്ല എന്നും ബലരാമന് കൃഷ്ണനോട് പറയുന്നു. ബലരാമന് പറയുന്നത് പോലെ എന്താണെങ്കിലും ചെയ്യാം എന്ന് കൃഷ്ണന് സമ്മതിക്കുന്നു. അതുപ്രകാരം ബലരാമന് ദുര്യോധനന്റെ മകനായ ലക്ഷണനു സുന്ദരിയെ വിവാഹം ചെയ്ത് കൊടുക്കാം എന്ന തന്റെ മനോഗതം കൃഷ്ണനെ അറിയിക്കുന്നു. മാത്രമല്ല ഈ വിവരം ദുര്യോധനനെ അറിയിക്കാനായി ഒരു ദൂതനേയും അയക്കുന്നു.
ബലരാമന് അയച്ച ദൂതന് ദുര്യോധനനെ കാണുന്നു. ദൂതന് വന്ന് ദുര്യോധനനെ സ്തുതി ചെയ്ത്, സുന്ദരിയുടെ വിവാഹം ദുര്യോധനപുത്രനായ ലക്ഷണനോടൊത്ത് ചെയ്യാന്‍ ബലരാമന് തീര്‍ച്ചയാക്കിയ വിവരം അറിയിക്കുന്നു. അതുപ്രകാരം ദ്വാരകയിലേക്ക് ലക്ഷണസമേതം ചെല്ലുവാനും പറയുന്നതോടൊപ്പം ബലരാമന് നല്കിയ എഴുത്തും കൊടുക്കുന്നു. ദുര്യോധനന് സഭയില്‍ ഈ വിവരം ഭീഷ്മ കര്ണാദികളോടൊക്കെ അറിയിക്കുന്നു. ആയതിനായി സൈന്യസമേതം പുറപ്പെടുവാന്‍ കല്പിക്കുന്നു. ശ്രീകൃഷ്ണന്റെ ബന്ധുത്വത്തെപ്പറ്റി ദുശ്ശാസനന് സംശയം പ്രകടിപ്പിക്കുന്നു. പാണ്ഡവരോട് കൂട്ടുള്ള കൃഷ്ണന്റെ മനസ്സില്‍ ഇതായിരിക്കില്ല, അതിനാല്‍ അവിടെ പോകേണ്ട ആവശ്യമില്ല, ബലരാമനെ പറ്റിക്കും കൃഷ്ണന്. സുഭദ്രയുടെ ഹരണം ഉദാഹരണമില്ലേ എന്നൊക്കെ ഭീഷ്മര്‍ തന്റെ മനസ്സിലുള്ളത് വ്യക്തമാക്കുന്നു. വൃദ്ധനായ ഭീഷ്മരെ ശ്രദ്ധിക്കേണ്ടതില്ലെന്നും നമുക്ക് പോകാം എന്നും ദുര്യോധനന് നിശ്ചയിക്കുന്നു.
സുന്ദരിയുടെ വിവാഹം ലക്ഷണനോടൊത്ത് എന്നറിഞ്ഞ സത്യഭാമയും സുഭദ്രയും ഒന്നിച്ച് ശ്രീകൃഷ്ണനെ കാണാന്‍ എത്തുന്നു. സത്യഭാമയും സുഭദ്രയും പണ്ട് സത്യം ചെയ്തതാണ്, സുന്ദരിയെ, അഭിമന്യുവിനു വിവാഹംചെയ്ത് കൊടുക്കാം എന്ന്. ആ സത്യഭംഗം വരും, അതുണ്ടായാല്‍ ഇരുവരും ആത്മാഹുതി ചെയ്യും എന്ന് കൃഷ്ണനെ അറിയിക്കുന്നു. കൃഷ്ണന് പതിവുപോലെ അവരെ സമാധാനിപ്പിച്ച് വിടുന്നു.
സുന്ദരിയുടെ വിവാഹവാര്‍ത്ത കേട്ട് നിരാശനായ അഭിമന്യു കാട്ടിലേക്ക് പോകുന്നു. അവിടെവച്ച് വജ്രദംഷ്ട്രന് എന്നൊരു രാക്ഷനെ യുദ്ധത്തില്‍ കൊല്ലുന്നു. വജ്രദംഷ്ടന്‍, ഭീമപുത്രനായ ഘടോല്‍ക്കചന്റെ ഭൃത്യനായിരുന്നു. ഭൃത്യനെ കൊന്ന വിവരം അറിഞ്ഞ് ഘടോല്ക്കചന് അഭിമന്യുവുമായി ഏറ്റുമുട്ടുന്നു. യുദ്ധസമയത്ത് അങ്ങോട്ടും ഇങ്ങോട്ടും താങ്കള്‍ ആരാണെന്ന് പറയുന്നു. തമ്മില്‍ തിരിച്ചറിയുന്നു. അഭിമന്യു സുന്ദരിയുടെ വിവാഹവാര്‍ത്ത ഘടോല്‍ക്കചനോട് പറയുന്നു.
ഘടോല്ക്കചന് അഭിമന്യുവിനെ അമ്മയായ ഹിഡുംബിയുടെ അടുത്ത് കൊണ്ടുപോകുന്നു. വാര്‍ത്തകള്‍ പറയുന്നു. ഹിഡുംബി, ഘടോല്‍ക്കചനോട് അഭിമന്യുവിനൊപ്പം ദ്വാരകയില്‍ പോയി സുന്ദരീസ്വയംവരം നടത്തി വരാന്‍ പറയുന്നു. അതനുസരിച്ച് അവര്‍ പുറപ്പെടുന്നു. അങ്ങനെ ഘടോല്‍ക്കചനും അഭിമന്യുവും കൂടെ ദ്വാരകയിലേക്ക് പോകുന്ന വഴിയില്‍, ഓരോമലയിലും ഓരോപാദം വെച്ച്, തന്റെ ആയുധം മിനുക്കുന്ന ഈരാവാനെ കാണുന്നു. അര്ജുനന് ഉലൂപിയില്‍ ഉണ്ടായ സന്താനമാണ് ഈരാവാന്‍. എന്നാല്‍ അവര്‍ പരസ്പരം അറിയാതെ കലഹിക്കുന്നു. കാലുകള്‍ മാറ്റി വഴിതരാന്‍ ആവശ്യപ്പെടുന്ന ഘടോല്ക്കച-അഭിമന്യുമാരോട് തന്റെ കാല് തൊഴുത് പോകാന്‍ ഈരാവാന്‍ പറയുകയാണ് ചെയ്യുന്നത്. അതാണ് കലഹത്തിനു കാരണം. എന്തായാലും യുദ്ധത്തില്‍ ഈരാവാന്‍ ക്ഷീണിക്കുന്നു. തുര്‍ന്ന് പരസ്പരം പരിചയപ്പെട്ട് അവര്‍ മൂവരും കൂടെ ദ്വാരകയിലേക്ക് പോകുന്നു.
ദ്വാരകയിലേക്ക് സൈന്യസമേതം പുറപ്പെട്ട ദുര്യോധനസമീപം നാരദന് എത്തുന്നു. താന്‍ ദ്വാരകാപുരിയില്‍ നിന്നാണ് വരുന്നതെന്നും അഭിമന്യു വിവാഹത്തിനായി വരുന്നുണ്ട് എന്നും ദുര്യോധനനെ നാരദന് അറിയിക്കുന്നു. ദുര്യോധനന് ഇക്കാര്യം കര്‍ണനോട് പറയുന്നു. കര്ണ്ണന് ശത്രുക്കളെ ജയിക്കാന്‍ ഞാനുണ്ട് എന്ന് ദുര്യോധനനെ സമാശ്വസിപ്പിക്കുന്നു. കര്‍ണന്റെ വാക്കുകള്‍ കേട്ട ഭീഷ്മന്‍ പതിവുപോലെ കര്‍ണനെ ഭര്‍ത്സിക്കുന്നു. കര്‍ണനും തിരിച്ച് ഭീഷ്മരോട് ചൂടാവുന്നെങ്കിലും ദുര്യോധനന് ഇടയില്‍ വന്ന് രണ്ടുപേരേയും സമാധാനിപ്പിക്കുന്നു.
ദ്വാരകാപുരിയിലേക്ക് പോകുന്ന അഭിമന്യുവും സഹോദരന്മാരും വഴിയില്‍ വച്ച് ദുര്യോധനാദികളെ കാണുന്നു. അഭിമന്യുവും സഹോദരന്മാരും അവരോട് യുദ്ധം ചെയ്ത് അവരെ ഓടിക്കുന്നു. അതറിഞ്ഞ ദുര്യോധനപുത്രനായ ലക്ഷണന് അഭിമന്യുവിനോടും സഹോദരന്മാരോടും എതിരിടുന്നു. അഭിമന്യു ലക്ഷണനെ ബന്ധനസ്ഥനാക്കുന്നു. ശേഷം ശ്രീകൃഷ്ണന്റെ ആജ്ഞയാല്‍ അഭിമന്യു സുന്ദരിയെ വിവാഹം ചെയ്യുന്നു. ഇതറിഞ്ഞ് ബലരാമന് കോപിക്കുന്നുവെങ്കിലും സൂത്രശാലിയായ ശ്രീകൃഷ്ണന് പതിവുപോലെ ബലരാമനെ സമാധാനിപ്പിക്കുന്നു.
അര്ജുനപുത്രന്മാര് ശ്രീകൃഷ്ണനെ സ്തുതിക്കുന്നു. അവരോട് ദ്വാരകയില്‍ അല്‍പ്പകാലം താമസിക്കാനായി കൃഷ്ണന് പറയുന്നു. അതവര് സമ്മതിക്കുന്നതോടെ കഥ പരിസമാപ്തിയില്‍ എത്തുന്നു.
കഥാപാത്രങ്ങള്‍
ഘടോല്കചന്, ദുര്യോധനന്, ലക്ഷണന് -കത്തി,
അഭിമന്യു, കൃഷ്ണന്, കര്ണ്ണന്- പച്ച
ബലഭദ്രര്‍ പഴുപ്പ്
ഈരാവാന്‍ ചുവന്ന താടി
ഹിഡുംബി പെണ്‍കരി
വജ്രദംഷ്ട്രന് കറുത്ത വട്ടമുടി
കൃപര്‍, ഭീഷ്മര്‍, ദൂതന്-മിനുക്ക്