കിളിമാനൂര്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍

കേരളവര്‍മ്മ കോയിത്തമ്പുരാന്റെ അനന്തരവനായ കിളിമാനൂര്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍ (1735-1799) രചിച്ച ആട്ടക്കഥയാണ് കംസവധം. അരിഷ്ടാസുരവധം മുതല്‍ ജരാസന്ധയുദ്ധം വരെയുള്ള ശ്രീകൃഷ്ണകഥയാണ് ഇതിന്റെ ഉള്ളടക്കം.

കഥാസാരം

ശ്രീകൃഷ്ണന്‍ ഗോപികമാരുമായി വൃന്ദാവനത്തില്‍ ക്രീഡിക്കുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. കംസന്റെ നിര്‍ദ്ദേശാനുസരണം വ്രജത്തിലെത്തി പോരിനുവിളിക്കുന്ന അരിഷ്ടാസുരനെ ശ്രീകൃഷ്ണന്‍ യുദ്ധത്തില്‍ വധിക്കുന്നു. നിയോഗിക്കപ്പെട്ട അസുരന്മാരൊക്കെയും മരണപ്പെട്ടതോര്‍ത്ത് ശങ്കാകുലനായിരിക്കുന്ന കംസന്റെ സമീപമെത്തുന്ന നാരദമഹര്‍ഷി, ഗോകുലത്തില്‍ വളരുന്ന രാമകൃഷ്ണന്മാര്‍ വസുദേവപുത്രന്മാരാണെന്നും, പൂതന ബകാദികളെയെല്ലാം കാലപുരിക്കയ്ച്ച ശ്രീകൃഷ്ണന് നിന്നെയും വധിക്കുവാന്‍ ഉദ്ദേശമുണ്ടെന്നും കംസനെ ധരിപ്പിക്കുന്നു. പെട്ടെന്നു ക്രുദ്ധനായി കുട്ടികളെ മറച്ചുവച്ച സഹോദരിയേയും ഭര്‍ത്താവിനേയും വധിക്കുവാനൊരുങ്ങുന്ന കംസനെ നാരദര്‍ തടയുകയും, ശത്രുക്കളെ യുദ്ധത്തില്‍ നേരിട്ട് വധിക്കുകയാണ് വേണ്ടത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
നാരദന്‍ മടങ്ങിപ്പോയ ഉടനെ കംസന്‍, ഗോകുലത്തില്‍ പോയി രാമകൃഷ്ണന്മാരെ നശിപ്പിക്കുവാന്‍ കേശി എന്ന അസുരനെ അയക്കുന്നു. തുടര്‍ന്ന് മഥുരാപുരിയില്‍ ഒരു ധനുര്‍യാഗം നടത്തുവാനും, അത് കാണുന്നതിനായി രാമകൃഷ്ണന്മാരെ ക്ഷണിച്ചുവരുത്തുവാനും, അങ്ങനെ എത്തുമ്പോള്‍ അവരെ വധിക്കുവാനും കംസന്‍ തീരുമാനിക്കുന്നു. രാമകൃഷ്ണന്മാര്‍ വരുന്ന സമയത്ത് അവരെ വധിക്കുവാന്‍ നിര്‍ദ്ദേശിച്ച് ഗോപുരദ്വാരത്തില്‍ കുവലയാപീഠമെന്ന ആനയേയും, ചാണൂരന്‍, മുഷ്ടികന്‍ എന്നീ മല്ലന്മാരേയും കംസന്‍ ഏര്‍പ്പാടാക്കുന്നു. ധനുര്‍യാഗം കാണുന്നതിനായി രാമകൃഷ്ണന്മാരെ മഥുരയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുവാനായി കംസന്‍ അക്രൂരനെ ഗോകുലത്തിലേക്ക് അയയ്ക്കുന്നു.
കംസനിര്‍ദ്ദേശാനുസരണം വൃന്ദാവനത്തിലെത്തി പോരിനുവിളിക്കുന്ന കേശിയെ ശ്രീകൃഷ്ണന്‍ യുദ്ധത്തില്‍ വധിക്കുന്നു. കംസനാല്‍ നിയോഗിക്കപ്പെട്ട ഭക്തനായ അക്രൂരന്‍ ശ്രീകൃഷ്ണനെ ദര്‍ശിക്കുവാനുള്ള കൗതുകത്തോടുകുടി സഞ്ചരിച്ച് വ്രജത്തിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് നന്ദഭവനത്തിലേയ്ക്ക് എത്തുന്നു. ഭവനത്തിലെത്തിയ അക്രൂരനെ രാമകൃഷ്ണന്മാര്‍ സ്വീകരിച്ച് സല്‍ക്കരിക്കുന്നു. അക്രൂരന്‍ കംസന്റെ ക്ഷണവും അതിനുപിന്നിലുള്ള ദുരുദ്ദേശവും രാമകൃഷ്ണന്മാരെ ധരിപ്പിക്കുന്നു. തുടര്‍ന്ന് പിതാവായ നന്ദഗോപരെ വിവരങ്ങള്‍ ധരിപ്പിക്കുകയും, ഗോപന്മാരോട് രാജാവിന് കാഴ്ചവയ്ക്കാനായി വളരെ ഗോരസങ്ങളോടുകൂടി മഥുരയ്ക്ക് പുറപ്പെടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ട് ശ്രീകൃഷ്ണന്‍ ബലരാമേട്ടനോടുകൂടി അക്രൂരന്‍ തെളിക്കുന്ന തേരിലേറി മഥുരയിലേയ്ക്ക് പുറപ്പെടുന്നു. യമുനാതീരത്തില്‍ വച്ച് അക്രൂരന് ‘വൈകുണ്ഡ്ഠദര്‍ശനം’ സാധിപ്പിച്ചശേഷം ശ്രീകൃഷ്ണന്‍ ബലരാമനോടുകൂടി അക്രൂരന്റെ തേരില്‍ മഥുരാപുരിയില്‍ എത്തുന്നു. അനന്തരം തങ്ങളുടെ വരവ് കംസനെ ചെന്നറിയിക്കുവാന്‍ നിര്‍ദ്ദേശിച്ച് അക്രൂരനെ മുന്‍പേ അയച്ചിട്ട് രാമകൃഷ്ണന്മാര്‍ മഥുരാപുരിയിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് രാജവീഥിയിലൂടെ മുന്നോട്ടുനീങ്ങുന്നു. കൃഷ്ണവിരഹം സഹിക്കാനാവാതെ വ്രജസ്ത്രീകള്‍ വിലപിക്കുന്നു. വീഥിയിലൂടെ എതിരെ വരുന്ന രജകനോട് ശ്രീകൃഷ്ണന്‍ വസ്ത്രങ്ങള്‍ ആവശ്യപ്പെടുന്നു. വസ്ത്രങ്ങള്‍ നല്‍കാതിരിക്കുക മാത്രമല്ല, പരിഹസിക്കുക കൂടി ചെയ്യുന്ന അഹങ്കാരിയായ ആ അലക്കുകാരനെ നിഷ്പ്രയാസം ഹനിച്ച് ശ്രീകൃഷ്ണന്‍ വസ്ത്രങ്ങള്‍ കരസ്ഥമാക്കുന്നു. തങ്ങള്‍ക്കാവശ്യമുള്ള വസ്ത്രങ്ങളെടുത്തു ധരിച്ചശേഷം രാമകൃഷ്ണന്മാര്‍ യാത്ര തുടരുന്നു.
ശിവനെ സ്തുതിചെയ്തുകൊണ്ട് പൂമാലകള്‍ നിറച്ച കുട്ടയുമായി എതിരെ വരുന്ന സുദാമനെ കണ്ട് ശ്രീകൃഷ്ണന്‍ മാലകള്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഭക്തനായ ആ മാലാകാരന്‍ നല്‍കുന്ന മാലകള്‍ വാങ്ങിയണിഞ്ഞ് രാമകൃഷ്ണന്മാര്‍ യാത്ര തുടരുന്നു. രാജാവിന് കുറിക്കൂട്ടുകളുമായി പോകുന്ന കൂനിയായ കുബ്ജയെന്ന സൈരന്ധ്രിയെ മാര്‍ഗ്ഗമധ്യേ കാണുമ്പോള്‍ ശ്രീകൃഷ്ണന്‍ അവളോട് കുറിക്കൂട്ടുകള്‍ ആവശ്യപ്പെടുന്നു രംഗം പതിമൂന്നില്‍. ആഗ്രഹപ്രകാരം കുറിക്കൂട്ടുകള്‍ നല്‍കുന്ന അവളുടെ കൂനുകള്‍ നിവര്‍ത്തി ശ്രീകൃഷ്ണന്‍ അവളെ പൂര്‍വ്വാധികം സുന്ദരിയാക്കുന്നു. തുടര്‍ന്ന് പ്രേമവിവശയായിത്തീരുന്ന കുബ്ജ ശ്രീകൃഷ്ണനെ തന്റെ ഭവനത്തിലേയ്ക്ക് ക്ഷണിക്കുന്നു. മറ്റൊരവസരത്തില്‍ തീര്‍ച്ചയായും വന്നുകൊള്ളാം എന്ന് ഉറപ്പുനല്‍കി അവളെ അയയ്ച്ചശേഷം ശ്രീകൃഷ്ണന്‍ ബലരാമനോടുകൂടി ധനുര്‍യാഗശാലയെ ലക്ഷ്യമാക്കി നിങ്ങുന്നു.
യാഗശാലയില്‍ കടക്കുന്ന ശ്രീകൃഷ്ണന്‍ പൂജയ്ക്കായി വച്ചിരിക്കുന്ന ചാപം എടുത്തൊടിക്കുന്നു. അതുകണ്ട് ക്രുദ്ധരായിവന്ന് എതിര്‍ക്കുന്ന കംസകിങ്കരന്മാരെയെല്ലാം രാമകൃഷ്ണന്മാര്‍ വധിക്കുന്നു. ഗോപുരദ്വാരിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന കുവലയാപീഠമെന്ന ഗജശ്രേഷ്ഠന്റെ കൊമ്പുകള്‍ വലിച്ചൂരിയെടുത്തിട്ട് രാമകൃഷ്ണന്മാര്‍ അവകൊണ്ടുതന്നെ പ്രഹരമേല്‍പ്പിച്ച് ആനയേയും ആനക്കാരേയും വകവരുത്തുന്നു. മല്ലയുദ്ധവേദിയിലേയ്ക്ക് പ്രവേശിക്കുന്ന രാമകൃഷ്ണന്മാര്‍ മുഷ്ടികചാണൂരന്മാരെ മല്ലയുദ്ധത്തില്‍ നേരിട്ട് വധിക്കുന്നു. തുടര്‍ന്ന് ദുഷ്ടരാജാവായ കംസനേയും ശ്രീകൃഷ്ണന്‍ വധിക്കുന്നു. രാമകൃഷ്ണന്മാര്‍ തങ്ങളുടെ മാതാപിതാക്കന്മാരായ ദേവകീവസുദേവന്മാരെ കംസന്റെ കാരാഗൃഹത്തില്‍നിന്നും മോചിപ്പിച്ച് അനുഗ്രഹം വാങ്ങുന്നു. അനന്തരം ഉഗ്രസേനമഹാരാജാവിനേയും ബന്ധമോചിതനാക്കി രാജ്യാധികാരം അദ്ദേഹത്തിനെ മടക്കിയേല്‍പ്പിക്കുകയും, നന്ദഗോപാദികളെ വൃന്ദാവനത്തിലേയ്ക്ക് മടക്കി അയയ്ക്കുകയും ചെയ്തശേഷം രാമകൃഷ്ണന്മാര്‍ വിദ്യാഭ്യാസത്തിനായി സാന്ദീപനീമഹര്‍ഷിയുടെ ആശ്രമത്തിലേക്ക് പോകുന്നു. അറുപത്തിനാലുദിവസങ്ങള്‍കൊണ്ട് അറുപത്തിനാലുകലകളും വേദശാസ്ത്രങ്ങളുമെല്ലാം അഭ്യസിച്ചശേഷം, യമപുരിയില്‍നിന്നും ഗുരുപുത്രനെ മടക്കിക്കൊണ്ടുവന്ന് ഗുരുദക്ഷിണയായി നല്‍കുകയും ചെയ്തിട്ട് രാമകൃഷ്ണന്മാര്‍ മഥുരയില്‍ മടങ്ങിയെത്തുന്നു. അനന്തരം ശ്രീകൃഷ്ണന്‍ തന്റെ വിരഹത്താല്‍ തപിക്കുന്നവരായ മാതാപിതാക്കന്മാരേയും ഗോപികമാരേയും സമാധാനിപ്പിക്കുവാനുള്ള സന്ദേശവുമായി ഉദ്ധവനെ വ്രജത്തിലേയ്ക്കും, ധൃതരാഷ്ട്രരാജാവിനുള്ള സന്ദേശവുമായി അക്രൂരനെ ഹസ്തിനപുരിയിലേയ്ക്കും അയയ്ക്കുന്നു. പിന്നീട് ഒരു ദിവസം കുബ്ജയുടെ ഭവനത്തില്‍ചെന്ന് അവളുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നു. ഇപ്രകാരം ശ്രീകൃഷ്ണന്‍ മഥുരാപുരിയില്‍ സസുഖം വാണുകൊണ്ടിരിക്കെ, കംസനെ വധിച്ച് തന്റെ രണ്ടുപുത്രിമാരേയും വിധവകളാക്കിയതിന് പ്രതികാരം ചെയ്യുവാനുറച്ച് മഗധാധിപനായ ജരാസന്ധന്‍ സൈന്യസമേതം മഥുരാപുരിയിലെത്തി ശ്രീകൃഷ്ണനെ പോരിനുവിളിക്കുന്നു. തുടര്‍ന്നു നടക്കുന്ന ഘോരയുദ്ധത്തില്‍ ബലരാമന്‍ സൈന്യത്തെ മുഴുവന്‍ നശിപ്പിക്കുകയും, ജരാസന്ധനെ ബന്ധിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ബലരാമന്‍ ജരാസന്ധനെ വധിക്കാതെ വിട്ടയയ്ക്കുന്നതോടെ ആട്ടക്കഥ പൂര്‍ണ്ണമാകുന്നു.

കഥാപാത്രങ്ങളും വേഷവും

കംസന്‍-കത്തി
നാരദന്‍ -മിനുക്ക്
ചാണൂരന്‍, മല്ലന്‍-മിനുക്ക്
മഹാമാത്രന്‍ (ആനക്കാരന്‍) ലോകധര്‍മ്മി
സഹഹസ്തിപന്‍ (രണ്ടാം പാപ്പാന്‍) ലോകധര്‍മ്മി
അക്രൂരന്‍ പച്ചവേഷം
ശ്രീകൃഷ്ണന്‍ മുടിവെച്ച പച്ചവേഷം
ബലരാമന്‍ മുടിവെച്ച പഴുപ്പുവേഷം
രജകന്‍ മിനുക്കുവേഷം
സുദാമന്‍ [മാലക്കാരന്‍] മിനുക്കുവേഷം
കുബ്ജ സ്ത്രീവേഷം