കഥകളി എന്ന കലാരൂപത്തിന്റെ രംഗാവതരണത്തിന് ഉപയോഗിക്കുന്ന നാട്യപ്രബന്ധമാണ് ആട്ടക്കഥ. ആട്ടക്കഥയുടെ ദൃശ്യ ആവിഷ്‌കാരമാണ് കഥകളി. രാമായണം കഥകളെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാന്‍ രചിച്ചവയാണ് ആദ്യത്തെ ആട്ടക്കഥകള്‍. ഉണ്ണായി വാര്യര്‍ എഴുതിയ നളന്റെയും ദമയന്തിയുടെയും കഥയായ നളചരിതം ആട്ടക്കഥ, വയ്‌സ്‌കര ആര്യന്‍ നാരായണന്‍ മൂസ്സ് രചിച്ച ഭാരതയുദ്ധത്തില്‍ ഭീമന്‍ ദുര്യോധനനെ വധിക്കുന്ന ദുര്യോധനവധം, കോട്ടയത്ത് തമ്പുരാന്‍ രചിച്ച, പാഞ്ചാലിക്കായി സൗഗന്ധികപുഷ്പം തേടി പോകവേ വയോവൃദ്ധനായ ഹനുമാനെ നേരിടുന്ന ഭീമന്റെ കഥയായ കല്യാണസൗഗന്ധികം, ഇരയിമ്മന്‍ തമ്പി രചിച്ച, ഭീമന്‍ കീചകനെ വധിക്കുന്ന കീചകവധം, ഇരട്ടക്കുളങ്ങര രാമവാര്യര്‍ രചിച്ച,അര്‍ജ്ജുനനും ശിവനും തമ്മില്‍ നടന്ന യുദ്ധത്തിന്റെ കഥ പറയുന്ന കിരാതം, മാലി എന്നറിയപ്പെടുന്ന മാധവന്‍ നായര്‍ രചിച്ച, കര്‍ണ്ണന്റെ കഥപറയുന്ന കര്‍ണ്ണശപഥം എന്നിവ പ്രശസ്തമായ ചില ആട്ടക്കഥകളാണ്. ഇന്ന് കഥകളിയെ കൂടുതല്‍ ജനകീയമാക്കാന്‍ ഷേക്‌സ്പിയറിന്റെ കിംഗ് ലിയര്‍, ബൈബിളിലെ മഗ്ദലനാ മറിയത്തിന്റെ കഥ എന്നിവ ആട്ടക്കഥയാക്കി അവതരിപ്പിച്ചു.
പ്രധാനമായും പുരാണ കഥകളെ ആസ്പദമാക്കിയുള്ളവയാണ് ആട്ടക്കഥകള്‍ അധികവും. പദങ്ങള്‍, ദണ്ഡകങ്ങള്‍, ശ്ലോകങ്ങള്‍, സാരികള്‍, എന്നിങ്ങനെയുള്ള രചനാ സമ്പ്രദായം ആട്ടക്കഥയെ മറ്റു കൃതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ആട്ടക്കഥകളില്‍ ശ്ലോകങ്ങള്‍ മിക്കപ്പോഴും കവിവാക്യവും പദങ്ങള്‍ കഥാപാത്രവാക്യങ്ങളുമാണ്. ശ്ലോകങ്ങള്‍ കഥാപാത്രത്തിന്റെ അവസ്ഥയെപ്പറ്റിയോ കഥാ സന്ദര്‍ഭത്തെപ്പറ്റിയോ ഉള്ള കവിയുടെ പ്രസ്താവനയാണ്. എന്നാല്‍ ചില ശ്ലോകങ്ങള്‍ ആടാനുള്ളതുമാണ്. പദങ്ങള്‍ എന്നുള്ളത് കഥാപാത്രവാക്യങ്ങളായതിനാല്‍ നടന്മാര്‍ പദങ്ങള്‍ക്കനുചിതമായിട്ടുള്ള രസഭാവങ്ങളോടെ കഥാപാത്രത്തെ പ്രേക്ഷകനു മുന്‍പില്‍ അവതരിപ്പിക്കുന്നു.
തുള്ളല്‍, കൈകൊട്ടി (തിരുവാതിര)ക്കളി തുടങ്ങിയവയെപ്പോലെ കഥകളിയും കേരളീയമായ ഒരു രംഗകല ആണ്. ആട്ടക്കഥ മലയാളത്തിലെ പ്രമുഖമായ ഒരു സാഹിത്യപ്രസ്ഥാനവും. കൂത്ത്, കൂടിയാട്ടം, പാഠകം എന്നിവയെപ്പോലെ കഥകളിക്ക് അത്ര വളരെ പഴക്കമില്ല. ആദ്യത്തെ ആട്ടക്കഥാകര്‍ത്താവെന്നും രാമനാട്ടത്തിന്റെ ഉപജ്ഞാതാവെന്നും കരുതപ്പെടുന്ന കൊട്ടാരക്കര രാജാവ് എ.ഡി. 17-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലായിരിക്കണം ജീവിച്ചിരുന്നത്. കൃഷ്ണനാട്ടം ഭാഗവതാന്തര്‍ഗതമായ ശ്രീകൃഷ്ണകഥകളെ എട്ടായി വിഭജിച്ച് ഒരു സംസ്‌കൃതനാട്യപ്രബന്ധം രചിച്ചിരിക്കുന്നതുപോലെ, കൊട്ടാരക്കര രാജാവ് രാമായണത്തിലെ ഇതിവൃത്തം എട്ടു ഭാഗങ്ങളായി സംവിധാനം ചെയ്തു നിബന്ധിച്ചതാണ് രാമനാട്ടം. രാമായണം ആട്ടക്കഥ മിക്കവാറും മണിപ്രവാളമാണ്. ആട്ടക്കഥാസാഹിത്യത്തില്‍ ശ്ലോകങ്ങള്‍ (അപൂര്‍വമായി ഗാനങ്ങളും) സംസ്‌കൃതത്തിലും ‘പദ’ങ്ങള്‍ മണിപ്രവാളത്തിലുമാണ് കൂടുതലായും കണ്ടുവരുന്നത്. തികഞ്ഞ സംസ്‌കൃത പക്ഷപാതികളായ കോട്ടയത്തുതമ്പുരാന്‍, അശ്വതിതിരുനാള്‍ രാമവര്‍മ തുടങ്ങിയവര്‍ ആകപ്പാടെ ഒന്നോ രണ്ടോ മണിപ്രവാളശ്ലോകങ്ങള്‍ തങ്ങളുടെ കൃതികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കൊട്ടാരക്കര രാജാവും ഉണ്ണായിവാരിയരും മറ്റുചിലരും ശ്ലോകങ്ങള്‍ പ്രായേണ മലയാളത്തില്‍ രചിച്ചു.
ആട്ടക്കഥകളില്‍ വിവിധരംഗങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നതും ആവശ്യമായ പാത്രാവതരണസൂചനകള്‍ നല്‍കുന്നതും ശ്ലോകങ്ങളാണ്; അപൂര്‍വമായി ദണ്ഡകങ്ങളും. ഉണ്ണായിവാരിയര്‍ നളചരിതം മൂന്നാംദിവസത്തെ കഥയില്‍ സാമാന്യം ദീര്‍ഘമായ ഒരു സംസ്‌കൃതഗദ്യം (‘ഇതൈ്യവമൈകമത്യാ…’) ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിനെ അനുകരിക്കാന്‍ മറ്റ് ആട്ടക്കഥാകൃത്തുകളാരും മുന്നോട്ട് വന്നില്ല. ശ്ലോകങ്ങളും ദണ്ഡകങ്ങളും കഴിഞ്ഞാല്‍ ബാക്കിയുള്ള ഭാഗം കഥാപാത്രങ്ങളുടെ സംഭാഷണമാണ്. കര്‍ണാടകസംഗീതത്തില്‍ പ്രചാരമുള്ള മിക്ക രാഗങ്ങളിലും നിബന്ധിച്ചിട്ടുള്ള ഗാനങ്ങള്‍വഴിയാണ് സംഭാഷണം നിര്‍വഹിക്കപ്പെടുക. ഈ പാട്ടുകള്‍ക്ക് കഥകളിയില്‍ ‘പദ’ങ്ങള്‍ എന്നാണ് പറയുന്നത്. കര്‍ണാടകഗാനാലാപനരീതിയിലുള്ള ‘ദേശ്യ’സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി കഥകളിപ്പദങ്ങള്‍ പാടിവരുന്നത് ‘സോപാനം’ എന്നു പറയപ്പെടുന്ന മാധ്യമത്തിലൂടെയാണ്. കഥാരംഭത്തില്‍ നായകനെ അവതരിപ്പിക്കുന്ന ‘നിലപ്പദം’, സ്ത്രീകഥാപാത്രങ്ങളുടെ നൃത്തപ്രധാനമായ ‘സാരി’, ‘കുമ്മി’ തുടങ്ങിയവ സാമാന്യേന അഭിനയപ്രധാനങ്ങളല്ല.
ആട്ടക്കഥാ സാഹിത്യത്തില്‍ വന്ദനം, വസ്തുനിര്‍ദ്ദേശം എന്നിവയ്ക്കുള്ള ശ്ലോകങ്ങള്‍ കഴിഞ്ഞാല്‍ നായകപ്രവേശനത്തിനുള്ള രംഗാവതരണശ്ലോകമാണ്. പിന്നീട് തനിച്ചോ ഇതരകഥാപാത്രങ്ങളുമായോ ഉള്ള സംഭാഷണങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ‘പദ’ങ്ങളും. രംഗസംക്രമങ്ങളിലുള്ള ശ്ലോകങ്ങള്‍ മിക്കവാറും നാടകങ്ങളിലെ രംഗാരംഭനിര്‍ദ്ദേശങ്ങള്‍ക്കു തുല്യമാണ്. രംഗത്ത് കാണിക്കാത്തതോ കാണിക്കേണ്ടാത്തതോ ആയ കഥാഭാഗങ്ങള്‍ കഥകളിയില്‍ ശ്ലോകത്തില്‍ രചിച്ചിരിക്കുകയാല്‍, വിസ്തൃതമായ ഏതെങ്കിലും കാര്യം ചുരുക്കിപ്പറയുന്നതിനു ‘ശ്ലോകത്തില്‍ കഴിക്കുക’ എന്നൊരു ശൈലിയും ആട്ടക്കഥാപ്രസ്ഥാനം മലയാളസാഹിത്യത്തിന് നല്‍കിയിട്ടുണ്ട്.

രാമനാട്ടം
ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര രാജാവിന്റെ രാമായണമാണ്. അദ്ദേഹം രാമായണേതിവൃത്തത്തെ എട്ടു ദിവസങ്ങളായി അവതരിപ്പിക്കാന്‍ എട്ടായി വിഭജിച്ചു: (1) പുത്രകാമേഷ്ടി (2) സീതാസ്വയംവരം (3) വിച്ഛിന്നാഭിഷേകം (4) ഖരവധം (5) ബാലിവധം (6) തോരണയുദ്ധം (7) സേതുബന്ധനം (8) യുദ്ധം. ഭാഷാശുദ്ധിയും സാഹിത്യമേന്മയും കുറവാണെങ്കിലും രംഗപ്രയോഗക്ഷമതയില്‍ ഈ രാമായണകഥകള്‍ മിക്കതും ആസ്വാദ്യകരമാണ്. സീതാസ്വയംവരം, ഖരവധം, ബാലിവധം, തോരണയുദ്ധം എന്നിവയിലെ രംഗങ്ങളിലൂടെ കഥകളി പ്രസ്ഥാനത്തില്‍ പില്ക്കാലത്ത് വികാസം പ്രാപിച്ച എല്ലാത്തരം വേഷവിധാനങ്ങള്‍ക്കും ബീജാവാപം ചെയ്യുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ‘നിണം’ ഉള്‍പ്പെടെയുള്ള എല്ലാവിധ വേഷങ്ങള്‍ക്കും കൊട്ടാരക്കരരാജാവ് തന്റെ കൃതികള്‍ ഔചിത്യദീക്ഷയോടുകൂടി യഥാസന്ദര്‍ഭം രംഗമൊരുക്കി.

കോട്ടയം കഥകള്‍

ആട്ടക്കഥ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കൊട്ടാരക്കര രാജാവിനാണെങ്കിലും അതിനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതു കോട്ടയത്തുതമ്പുരാനാണ്. സംഗീതസാഹിത്യഗുണങ്ങളും രംഗാവതരണയോഗ്യതകളും വിവിധ രസാഭിനയാവസരങ്ങളും തികഞ്ഞ ബകവധം, കല്യാണസൗഗന്ധികം, കിര്‍മീരവധം, കാലകേയവധം എന്നീ നാല് ആട്ടക്കഥകളാണ് പണ്ഡിതനും നടനും കൂടിയായിരുന്ന കോട്ടയം തമ്പുരാന്‍ സംഭാവന ചെയ്ത കൃതികള്‍. ഇവയിലെ ഇതിവൃത്തങ്ങള്‍ മഹാഭാരതത്തില്‍നിന്നും എടുത്തവയാണ്. ആദ്യത്തെ രണ്ടു കഥകളിലും ഭീമസേനനും, മൂന്നാമത്തേതില്‍ യുധിഷ്ഠിരനും, ഒടുവിലത്തേതില്‍ അര്‍ജുനനുമാണ് നായകന്‍മാര്‍. ഇവയുടെ സാഹിത്യമൂല്യത്തെക്കുറിച്ചും രംഗപ്രയോഗയോഗ്യതയെക്കുറിച്ചും അക്കാലത്തുണ്ടായ ഒരു വിദഗ്ദ്ധാഭിപ്രായം ഒരു ഐതിഹ്യത്തിന്റെ രൂപത്തില്‍ ഇന്നും പ്രചരിച്ചുവരുന്നു. മേല്പറഞ്ഞ ക്രമമനുസരിച്ച് ഓരോ കഥയും എഴുതി തന്റെ ഗുരുവിനെ(വിദുഷിയായ മാതാവിനെയാണെന്നും ഒരു പക്ഷാന്തരമുണ്ട്) കാണിച്ചപ്പോഴുണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നത്രെ: ബകവധം സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിക്ക് പാടാന്‍മാത്രമേ കൊള്ളുകയുള്ളു; കല്യാണസൗഗന്ധികം എഴുതിയത് ഒരു സ്ത്രീജിതനാണോ എന്ന് ആളുകള്‍ സംശയിച്ചേക്കും; കിര്‍മീരവധം മനസ്സിലാക്കണമെങ്കില്‍ ഒരു അധ്യാപകന്റെ ആവശ്യമുണ്ട് (അത്രകഠിനമാണത്); കാലകേയവധം ആടാനും 

പാടാനും പഠിക്കാനും പഠിപ്പിക്കാനും നന്നുതന്നെ’. ഇന്നും കാലകേയവധത്തിനാണ് പ്രാമുഖ്യം ലഭിച്ചിട്ടുള്ളത്.

നളചരിതം ആട്ടക്കഥ
ആട്ടക്കഥാപ്രസ്ഥാനത്തില്‍ മാത്രമല്ല, കേരളീയ സാഹിത്യത്തില്‍ത്തന്നെ അത്യുന്നതസ്ഥാനം അലങ്കരിക്കുന്ന ഒരു അപൂര്‍വസൃഷ്ടിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. മറ്റു കൃതികള്‍ ഒന്നും രചിച്ചിട്ടില്ലെങ്കില്‍ പോലും (ഗിരിജാകല്യാണം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് ചിലര്‍ വാദിക്കുന്നു.) ഈ ഒരൊറ്റ ദൃശ്യകാവ്യംകൊണ്ട് വാരിയര്‍ മലയാളസാഹിത്യത്തിലും കഥകളിമണ്ഡലത്തിലും ശാശ്വതപ്രതിഷ്ഠ നേടി. അന്ന് നിലവിലിരുന്ന ഏതെങ്കിലും നാട്യശാസ്ത്രസിദ്ധാന്തങ്ങള്‍ക്കോ അഭിനയസങ്കല്പങ്ങള്‍ക്കോ പൂര്‍ണമായി വിധേയനാകാതെ, പദഘടനയിലും ശൈലീസംവിധാനത്തിലും തികഞ്ഞ ഉച്ഛൃംഖലതയും, പാത്രാവിഷ്‌കരണത്തിലും കഥാസംവിധാനത്തിലും സ്വതസ്സിദ്ധമായ മനോധര്‍മവും പ്രദര്‍ശിപ്പിക്കുന്നു വാരിയര്‍. മഹാഭാരതത്തിലെ നളദമയന്തീകഥയെ ആസ്വാദ്യകരമായ ഒരു സംഗീതനാടകമാക്കി അവതരിപ്പിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ ഭാവാവിഷ്‌കരണത്തിലും സന്ദര്‍ഭഘടനകളിലും സംഭാഷണങ്ങളിലും അത്ഭുതകരമായ മാനസികാപഗ്രഥനനിപുണത വാരിയര്‍ പ്രദര്‍ശിപ്പിക്കുന്നു. നവപരിണീതരായ നളദമയന്തിമാരെ ആശീര്‍വദിക്കാന്‍ സരസ്വതീദേവി പറഞ്ഞതായി ഇതിലുള്ള

‘ കനക്കുമര്‍ഥവും, സുധകണക്കെ പദനിരയും,
അനര്‍ഗളം യമകവു, മനുപ്രാസ, മുപമാദി
ഇണക്കം കലര്‍ന്നു രമ്യം ജനിക്കും നല്‍സാരസ്വതം
നിനക്കും നിന്‍ദയിതയ്ക്കും നിനയ്ക്കുന്നവര്‍ക്കും പിന്നെ’
എന്ന വരദാനം കവിയേയും സവിശേഷം അനുഗ്രഹിച്ചിരിക്കുന്നു എന്ന് നളചരിതം വ്യക്തമാക്കുന്നു.

തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ സംഭാവനകള്‍


കലാഭിവൃദ്ധിക്ക് പ്രോത്സാഹനം നല്‍കുന്നത് തങ്ങളുടെ രാജധര്‍മങ്ങളിലൊന്നാണെന്നു വിശ്വസിച്ച് പ്രവര്‍ത്തിച്ച മഹാരാജാവാണ് തിരുവിതാംകൂറിലെ കാര്‍ത്തികതിരുനാള്‍ രാമവര്‍മ (1724-98). വിവിധ ഭാഷകളിലും കലകളിലും പണ്ഡിതനായിരുന്ന അദ്ദേഹം പല വിദ്വാന്‍മാര്‍ക്കും പ്രോത്സാഹനം നല്കിയിരുന്നു. രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധര്‍വവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധം (അപൂര്‍ണം) എന്നീ ആട്ടക്കഥകളും, ബാലരാമഭരതം എന്ന നാട്യശാസ്ത്രഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്. പലേടത്തും കൊട്ടാരക്കരരാജാവിന്റെയും കോട്ടയത്ത് തമ്പുരാന്റെയും കൃതികളെ അനുകരിച്ചെഴുതിയിട്ടുള്ള ഈ ആട്ടക്കഥകള്‍ക്കു സാഹിത്യപരമോ സംഗീതപരമോ ആയ മൗലികപ്രാധാന്യം ഇല്ല. എന്നാല്‍, നരകാസുരവധവും രാജസൂയവും ഒട്ടും മോശമല്ല. അദ്ദേഹത്തിന്റെ ഭാഗിനേയനായ അശ്വതിതിരുനാള്‍ രാമവര്‍മയും (1756-94) കഥകളി പ്രസ്ഥാനത്തിന് സാരമായ സംഭാവനകള്‍ ചെയ്തു. തന്റെ മാതുലന്‍ പൂര്‍ത്തിയാക്കാതിരുന്ന നരകാസുരവധം അദ്ദേഹം പൂര്‍ണമാക്കി. പൗണ്ഡ്രകവധം, അംബരീഷചരിതം, രുക്മിണീസ്വയംവരം, പൂതനാമോക്ഷം എന്നീ നാലു കഥകള്‍കൂടി അശ്വതി തിരുനാള്‍ എഴുതി. ശബ്ദപ്രയോഗവൈചിത്രം, സാഹിത്യമൂല്യം, അവതരണയോഗ്യത, സംഗീതസ്ഫൂര്‍ത്തി എന്നീ ഘടകങ്ങളില്‍ അശ്വതിയുടെ കൃതികളെ കോട്ടയം കഥകളോട് തുലനം ചെയ്യാം. ഇവയില്‍ പൗണ്ഡ്രകവധം ഒഴികെയുള്ളവ എല്ലാ കഥകളിരംഗങ്ങളിലും പ്രചാരം നേടിയവയാണ്.
സ്വാതിതിരുനാള്‍ രാമവര്‍മയുടെ അനുജനായ ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും (1815-61) കഥകളി പ്രോത്സാഹനത്തില്‍ ബദ്ധശ്രദ്ധനായ തിരുവിതാംകൂര്‍ രാജാവായിരുന്നു. സിംഹധ്വജചരിതം എന്നൊരു ആട്ടക്കഥ മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളുവെങ്കിലും, തിരുവിതാംകൂറില്‍ കഥകളിപ്രസ്ഥാനത്തിന്റെ നവോത്ഥാനത്തിനു വലിയ സംഭാവന ചെയ്ത ഒരു രാജകീയ രക്ഷാധികാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു.

ഇരയിമ്മന്‍ തമ്പി
കഥകളിയുടെ നവോത്ഥാനത്തിന് ഉത്രംതിരുനാളിനോടൊപ്പമോ അതിലധികമോ ഉത്തരവാദിത്വം വഹിച്ച മറ്റൊരു പ്രധാനവ്യക്തിയാണ് സംഗീതസാഹിത്യമര്‍മജ്ഞനായ ഇരയിമ്മന്‍തമ്പി (രവിവര്‍മന്‍). അദ്ദേഹം രചിച്ച ആട്ടക്കഥകള്‍ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയാണ്. കോട്ടയത്തുതമ്പുരാന്‍, ഉണ്ണായിവാരിയര്‍, അശ്വതിതിരുനാള്‍ എന്നിവരുടെ നാട്യപ്രബന്ധങ്ങളിലെ സാഹിത്യഗുണം തമ്പിയുടെ ആട്ടക്കഥകളില്‍ കാണില്ലെങ്കിലും മനോരഞ്ജകമായ പദസന്നിവേശവും ഗേയസുഗമതയുംകൊണ്ട് ഇവ കളിയരങ്ങുകളില്‍ അദ്വിതീയമായ സ്ഥാനം നേടിയിട്ടുണ്ട്.

വി. കൃഷ്ണന്‍ തമ്പി
ആട്ടക്കഥാസാഹിത്യത്തിന്റെയും കഥകളിസാഹിത്യത്തിന്റെയും ആധുനികനവോത്ഥാനദശയ്ക്ക് വിസ്മരിക്കാനാവാത്ത ഒരു പേരാണ് വി. കൃഷ്ണന്‍ തമ്പിയുടേത് (1890-1938). സംസ്‌കൃതത്തിലും മലയാളത്തിലും വിവിധശാഖകളിലായി ഇരുപതിലേറെ കൃതികള്‍ രചിച്ച തമ്പി ദൃശ്യകലാപോഷണത്തിലും അതീവ തത്പരനായിരുന്നു. 1930 കാലങ്ങളില്‍ തിരുവനന്തപുരത്ത് അദ്ദേഹം സ്ഥാപിച്ച കഥകളി ക്ലബ് ആ പരമ്പരയില്‍ കേരളത്തില്‍ ആദ്യമായി പിറന്ന ദൃശ്യകലാകേന്ദ്രമാണ്. കര്‍ണാടക സംഗീതത്തിലും സോപാനഗാനാലാപന കലയിലും പരിനിഷ്ഠനായിരുന്ന, തമ്പി താന്‍ എഴുതിയ ആട്ടക്കഥകളില്‍ നാടകീയതയ്ക്ക് മുന്‍തൂക്കം നല്‍കി. വല്ലീകുമാരം, ചൂഡാമണി, താടകാവധം എന്നിവയാണ് അദ്ദേഹം രചിച്ച ആട്ടക്കഥകള്‍. ഇവയില്‍ താടകാവധം പ്രശസ്തമാണ്.