കഥാകഥനപ്രധാനമായ കാവ്യമാണ് ആഖ്യാനകാവ്യം. ലൗകികതയെയും അലൗകികതയെയും കൂട്ടിയിണക്കുന്ന ഇതിഹാസകൃതികളും ഭൗതികതയില്‍ ഊന്നിനില്ക്കുന്ന കാല്പനികകാവ്യങ്ങളും ഇതില്‍പെടുന്നു. മഹാകാവ്യം, ഖണ്ഡകാവ്യം എന്നിവയില്‍ നിന്നും വ്യത്യസ്തമായ വീരഗാഥകളാണ് ഇതില്‍. കാവ്യനാടകവും ഭാവഗീതവും ഇതിന്റെ നിര്‍വചനത്തില്‍പ്പെടുന്നെങ്കിലും നാടോടിക്കഥാകാവ്യം ആയിരിക്കും ആഖ്യാനകാവ്യം എന്ന വിശേഷണത്തിന് യോജിക്കുക. ചരിത്രകഥകളും പ്രാദേശികവിശ്വാസങ്ങളും ആണ് ഇത്തരം കാവ്യത്തിന്റെ ആധാരം. ഓര്‍ത്തുവച്ച് ഉരുവിടാനായി ശ്ലോകനിബദ്ധമായാണ് പ്രാചീന ആഖ്യാനകാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ചില പ്രയോഗങ്ങളും ശൈലികളും അവയില്‍ ആവര്‍ത്തിക്കപ്പെടുന്നു. സാധാരണയായി ആഖ്യാനകാവ്യങ്ങളില്‍ കഥാനായകന്‍ സാഹസികനും താന്‍പോരിമക്കാരനും ആയിരിക്കും. അതിനാല്‍ വിവിധദേശങ്ങളിലുള്ള ആഖ്യാനകാവ്യങ്ങളിലെ നായകവര്‍ണ്ണനകളില്‍ ഐകരൂപ്യം കാണാം. അതിപ്രാചീനമായ പല ദേശചരിത്രങ്ങളും കിട്ടുന്നത് ആഖ്യാനകാവ്യസാമഗ്രികളിലാണ്. ഗില്‍ഗാമേഷ് ഇതിഹാസത്തിന്റെ അസീറിയന്‍ പാഠം (ബി.സി. 7-ാം ശതകം) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ആഖ്യാനകാവ്യം ഭാരതീയ യവനേതിഹാസങ്ങളില്‍ സ്വാധീനത ചെലുത്തി. ആധുനിക ഇംഗ്ലീഷില്‍ ആഖ്യാനകാവ്യത്തിന്റെ തുടക്കം കുറിക്കുന്നത് ചോസറുടെ കാന്റര്‍ബറി കഥകളാണ്.
മലയാളത്തില്‍ വടക്കന്‍പാട്ടുകളാണ് ആഖ്യാനകാവ്യത്തിന്റെ പ്രമുഖമാതൃക.