കിളിപ്പാട്ട് പ്രസ്ഥാനം
മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ഒരു ശാഖയാണ് കിളിപ്പാട്ട്. ചമ്പുക്കള്‍, ആട്ടക്കഥകള്‍, തുള്ളലുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ ഈ ശാഖയിലുണ്ട്. മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യംചെയ്ത ശാഖ. ആദിമദശയില്‍ മതവിഷയങ്ങളായിരുന്നെങ്കില്‍ പിന്നീട് ലൗകിക വിഷയങ്ങള്‍ കൂടി വന്നു. പണ്ഡിതന്റെയും സാധാരണക്കാരന്റെയും തുല്യാരാധന കിളിപ്പാട്ടുകള്‍ക്ക് ലഭിച്ചു. രാമായണാദികളായ ഇതിഹാസങ്ങള്‍, സ്കാന്ദ ബ്രാഹ്മണപുരാണങ്ങള്‍, പടപ്പാട്ട്, മാമാങ്കപ്പാട്ട് തുടങ്ങിയ ചരിത്രകൃതികള്‍, പഞ്ചതന്ത്രാദി നീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവയും കിളിപ്പാട്ടുകളാണ്.
എ.ഡി. 16-ാം ശതകം മുതല്‍ മൂന്നു നൂറ്റാണ്ടോളം നമ്മുടെ പദ്യസാഹിത്യത്തിന്റെ ഭരണാധികാരം മിക്കവാറും ഈ മഹാപ്രസ്ഥാനത്തിന്റെ കൈയിലായിരുന്നു. ഒരു ഒന്നാന്തരം വിവര്‍ത്തന മാതൃക ഭാഷയില്‍ സൃഷ്ടിച്ചത് കിളിപ്പാട്ടാണ്; ഭാഷയിലെ ഏറ്റവും കനത്ത കൃതികളും എഴുത്തച്ഛന്റെ വകയാണ്.
രാമചരിതം, നിരണം കൃതികള്‍ മുതലായവയില്‍ കാണുന്ന രീതികളെ പരിഷ്ക്കരിച്ചുകൊണ്ടാണ് കിളിപ്പാട്ട് ശാഖ വളര്‍ന്നിട്ടുള്ളത്. ശുദ്ധദ്രാവിഡ ശാഖയില്‍ ശാസ്ത്രീയ സംസ്കാരം സിദ്ധിച്ച പാട്ടാണ് കിളിപ്പാട്ട്.
തുഞ്ചത്ത് എഴുത്തച്ഛന്റെ കാലത്തോടെ മണിപ്രവാളപദ്ധതി വളരെ ശോഷിച്ചു. കാരണം പലതായിരുന്നു. സ്വതവേ കൃത്രിമമായിരുന്നു ആ പ്രസ്ഥാനം. വിനോദപ്രദമായ ലഘുകൃതികളല്ലാതെ, ഉന്നതസംസ്കാരം പ്രതിഫലിപ്പിക്കുന്ന ഉത്കൃഷ്ടകൃതികള്‍ അതിലുണ്ടായിരുന്നില്ല. വര്ണ്ണനാത്മകവും ശൃംഗാര പ്രതിപാദകവുമായ കാവ്യങ്ങള്കൊണ്ടു കഴിയുകയായിരുന്നു ഭാഷാസാഹിത്യം. ഉണ്ണിയച്ചിക്കും ഉണ്ണുനീലി സന്ദേശത്തിനും ശൃംഗാരവശം മാത്രമേ ഉണ്ടായിരുന്നുള്ളു. നിരണം കൃതികള്‍ തമിഴ്ച്ചുവ മൂലം വേണ്ടത്ര പ്രചാരം നേടാതെ കിടന്നു. കലാപൂര്ണ്ണതയായിരുന്നു കൃഷ്ണഗാഥയുടെ പ്രത്യക്ഷലക്ഷ്യം. കളിയും വികൃതിയും വേഷംകെട്ടലും മറ്റും ഉപേക്ഷിക്കുകയാണ് എഴുത്തച്ഛനോടു കൂടി ഭാഷാസാഹിത്യം ചെയ്തത്. അടിയുറപ്പും അന്തസ്സുമുള്ള ഒരു ക്ളാസിക് പ്രസ്ഥാനം കിളിപ്പാട്ടില്‍ കൂടി ഉടലെടുത്തു. സംസ്കൃതസാഹിത്യത്തിലെ വിലപിടിച്ച സമ്പത്തുകളെല്ലാം സ്വന്തമാക്കാനും ആ സാഹിത്യത്തിനൊപ്പം സ്വതന്ത്രമായി തലയുയര്‍ത്തി നില്‍ക്കാനും ഭാഷക്ക് കഴിഞ്ഞത് കിളിപ്പാട്ടിന്റെ ആവിര്‍ഭാവത്തിനു ശേഷമാണ്.
മണിപ്രവാളം കേരളീയ ഫ്യൂഡല്‍ വ്യവസ്ഥയിലെ ഉപരിവര്‍ഗ്ഗത്തിന്റെയും നാടോടിപ്പാട്ടുകള്‍ താണ വിഭാഗത്തിന്റെയും സമ്പത്തായിട്ടാണ് കരുതിപ്പോന്നത്. എല്ലാ വര്‍ഗ്ഗക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന, ഉച്ചനീചത്വമെന്യേ എല്ലാവരുടെയും വികാരവിചാരങ്ങള്‍ പ്രകാശിപ്പിക്കുകയും എല്ലാവരെയും സംസ്കാരതല്പരരാക്കുകയും ചെയ്യുന്ന കലാപ്രകാശന പദ്ധതിയാണ് കിളിപ്പാട്ട്. കേരളത്തിന്റെ സാഹിത്യപരമായ ഒരു ദേശീയസമ്പത്ത് എന്ന് ഇതിനെ ഡോ. കെ.എന്‍. എഴുത്തച്ഛന് വിശേഷിപ്പിച്ചിട്ടുണ്ട്.
നിര്‍വ്വചനം:
കിളിയെക്കൊണ്ടു പാടിക്കുന്ന പാട്ടാണ് ‘കിളിപ്പാട്ട്’. കിളിയെക്കൊണ്ടെന്നപോലെ അരയന്നം, കുയില്‍, വണ്ട് മുതലായവയെക്കൊണ്ടും പാടിക്കുന്ന പാട്ട് ഉണ്ട്. കിളിയെക്കൊണ്ടു പാടിക്കാത്ത കിളിപ്പാട്ടുകളും ഈ ശാഖയില്‍ ഉള്പ്പെടുത്താവുന്നതായിട്ടുണ്ട്.
‘ഗിരിജാകല്ല്യാണം’ ഉദാഹരണം. പ്രസിദ്ധമായ കിളിപ്പാട്ട് വൃത്തത്തിലാണ് അതു എഴുതിയിട്ടുള്ളത്. കേകയാണ് പ്രസിദ്ധമായ കിളിപ്പാട്ട് വൃത്തം.
ഉല്പത്തി:
എഴുത്തച്ഛനാണ് കിളിപ്പാട്ട് രീതിയുടെ ഉപജ്ഞാതാവ് എന്നാണ് വിശ്വാസം. എന്നാല്‍, ചില പക്ഷിപ്പാട്ടുകള്‍ പണ്ടേ ഭാഷയിലുണ്ടായിട്ടുണ്ട്. എഴുത്തച്ഛന്റെ കിളിയെപ്പറ്റി പല വിശ്വാസങ്ങളുണ്ട്. കവിക്ക് അറംപറ്റാതിരിക്കാന്‍ കിളിയെക്കൊണ്ടു പാടിക്കുന്നു എന്നാണ് ഒരു മതം. സരസ്വതീദേവിയുടെ കൈയിലെ കിളിയെ കവി സ്മരിക്കുന്നതാണെന്ന് ചിലര്‍. ശുകരൂപത്തില്‍ ഈശ്വരന് തുഞ്ചന്‍ ജ്ഞാനോപദേശം ചെയ്തുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശൂദ്രനാകയാല്‍ നേരിട്ട് വേദാന്താദിവിഷയങ്ങള് ഉപദേശിക്കാന്‍ അര്‍ഹതയില്ലാത്തതിനാല്‍ തുഞ്ചന്‍ കിളിയെ നടുക്കു നിര്‍ത്തിയതാണെന്ന ഒരു പക്ഷമുണ്ട്.
എഴുത്തച്ഛന് കിളിയെ തിരഞ്ഞെടുത്തതിനു പല കാരണങ്ങളുണ്ടാകാം. ഇന്ത്യയില്‍ പക്ഷിമൃഗാദികളെയും സാലഭഞ്ജികകളെയുംകൊണ്ട് കഥപറയിക്കുന്ന പതിവ് പണ്ടേയുണ്ട്. കഥാസരിത്സാഗരം, വിക്രമാദിത്യന് കഥകള്‍ എന്നിവ ഉദാഹരണം. ലോക കഥാസാഹിത്യത്തിലും തത്തയ്ക്ക് പ്രത്യേകസ്ഥാനം കല്പിച്ചിട്ടുണ്ട്. കാദംബരിയിലെ കഥ പറയുന്നത് ശുകമാണ്. കിളിയുടെ മധുരമായ ശബ്ദവും ആകൃതിയും കഥ പാടിക്കുന്നതില് അതിനെ ഉപകരണമാക്കാന്‍ പ്രേരിപ്പിച്ചിരിക്കാം. ശിശുഭാഷണത്തിനെന്നപോലെ ശുകഭാഷണത്തിനും നിഷ്കളങ്കമായ ഹൃദയഹാരിത്വമുണ്ട്. കിളി സുപരിചിതമായ വളര്ത്തുപക്ഷിയുമാണ്. ‘തത്ത കണ്ടതേ പറയൂ’ എന്ന് ചൊല്ലുമുണ്ടല്ലോ. സത്യമേ പറയൂ. ഏതെങ്കിലും ആദ്ധ്യാത്മികാശയത്തിന്റെ പ്രതീകമായും കവി തത്തയെ കണ്ടിരിക്കാം.
തമിഴിലും ശൈവ-വൈഷ്ണവ ആള്‍വാര്‍മാരുടെ കൃതികളില്‍ കിളിദൂത്, കിളിയെ സംബോധന ചെയ്യല്‍ എന്നിവ കാണാം. അതിനാല്‍ കിളിപ്പാട്ടില്‍ കിളിയെ സംബോധന ചെയ്യുന്ന സമ്പ്രദായം തമിഴകത്തിലെ പഴയ മതാചാര്യന്മാരുടെ മാതൃകയില്‍ ഉള്ളതാണ്. എന്നാല്‍, ശരിക്കുള്ള മാതൃകയല്ല. കിളിപാടുന്ന രീതിയിലാണ് കിളിപ്പാട്ട്.
കിളിപ്പാട്ട് വൃത്തങ്ങള്‍
കേക, കാകളി, കളകാഞ്ചി, അന്നനട എന്നീ നാലു വൃത്തങ്ങളാണ് പ്രധാനമായും കിളിപ്പാട്ട് വൃത്തങ്ങള്‍. ഇതില്‍ കേക, കാകളി, കളകാഞ്ചി എന്നിവ എഴുത്തച്ഛനു മുമ്പും ഉണ്ടായിരുന്നതായി കാണാം. എന്നാല്‍, അന്നനടയുടെ ഉപജ്ഞാതാവ് എഴുത്തച്ഛനാണ്. കര്‍ണ്ണപര്‍വ്വത്തില്‍ ഈ വൃത്തമാണ് ഉപയോഗിച്ചിരിക്കുന്നത്.
താളവും മാത്രയുമാണ് വൃത്തങ്ങളുടെ ജീവന്. ബന്ധം ശിഥിലമാണ്. മാത്ര ഒക്കുന്നില്ലെങ്കില്‍ ലഘുവിനെ നീട്ടി ഗുരുവാക്കാം. കിളിപ്പാട്ടുകള്‍ ശിഥിലബന്ധങ്ങളായ വൃത്തങ്ങളിലാണ്. പലരും പല തരത്തില്‍ ചൊല്ലി കേള്‍ക്കാം. ഈരടികളാണ് മിക്ക സ്ഥലത്തും.
കാകളി:
എഴുത്തച്ഛന്റെ പ്രധാന വൃത്തമാണിത്. അദ്ധ്യാത്മരാമായണത്തിലെ ആറു കാണ്ഡങ്ങളില്‍ പകുതിയും ഭാരതത്തിലെ 21 പര്‍വ്വങ്ങളില്‍ എട്ടും കാകളിയിലാണ്. കളകാഞ്ചി, മണികാഞ്ചി, ഊനകാകളി തുടങ്ങിയവയെല്ലാം കാകളിയുടെ രൂപാന്തരങ്ങളാണ്. മൗലികവൃത്തമാണ് കാകളി. മലയാളവൃത്തങ്ങളില്‍ പഴക്കമേറിയ ഒന്നാണിത്.
കളകാഞ്ചി:
കാകളിയുടെ ആദ്യപാദത്തില്‍ രണ്ടോ മൂന്നോ ഗണങ്ങളെ ലഘുവാക്കിയത് കളകാഞ്ചി; രണ്ടു പാദത്തിലും ആദ്യഗണം മാത്രം ലഘുവാക്കിയത് മണികാഞ്ചി. കളകാഞ്ചിയെ മറിച്ചിടുന്നത് പര്യസ്തകാഞ്ചി. ഇടയ്ക്ക് ഇച്ഛപോലെ ലഘുപ്രായ ഗണം ചേര്‍ക്കുന്നത് മിശ്രകാകളി. രണ്ടാം പാദാവസാനത്തില്‍ ഒരു വര്‍ണ്ണം കുറച്ചാല്‍ ഊനകാകളി. രാമായണത്തില്‍ ഒരു കാണ്ഡവും ഭാരതത്തില്‍ മൂന്നു പര്‍വ്വങ്ങളും കളകാഞ്ചിയിലാണ്.
കേക:
അദ്ധ്യാത്മരാമായണത്തില്‍ രണ്ടു കാണ്ഡങ്ങളും ഭാരതത്തില്‍ എട്ടു പര്‍വ്വങ്ങളും ഈ വൃത്തത്തിലാണ്. ആധുനിക പദ്യസാഹിത്യത്തിന്റെ പുനരുത്ഥാനദശയില് കേക വമ്പിച്ച പങ്ക് വഹിച്ചിട്ടുണ്ട്. വള്ളത്തോളിന്റെയും ശങ്കരക്കുറുപ്പിന്റെയും പ്രസന്നവും ഭാവഗംഭീരവുമായ വരികളില്‍ പലതും കേകയിലാണ്. ഈ വൃത്തം സംഗീത ഗന്ധിതന്നെ. ഏതു ഭാവവും രസവും കേകയില്‍ പ്രതിഫലിപ്പിക്കാം.
അന്നനട:
എഴുത്തച്ഛന് ഭാരതത്തിലെ കര്ണ്ണപര്വ്വത്തിലും മൗസലത്തിലും ഉപയോഗിക്കുന്നു.
കിളിപ്പാട്ടു സാഹിത്യം
എഴുത്തച്ഛനും അദ്ദേഹത്തിന്റെ കിളിപ്പാട്ടുകളുമാണ് മലയാളസാഹിത്യത്തില്‍ വമ്പിച്ച വിപ്ളവം ഉണ്ടാക്കിയത്. ഒരു നൂതനയുഗത്തിന്റെ നാന്ദിയായിരുന്നു അത്. പില്ക്കാലത്ത് ഏതാനും നൂറ്റാണ്ടുകളോളം ഇത്രയധികം പേരെ എഴുത്തച്ഛനെപ്പോലെ മറ്റൊരാള്‍ ആകര്‍ഷിച്ചിട്ടില്ല. തുഞ്ചനെ മാതൃകയാക്കാന്‍ നടത്തിയ പരിശ്രമങ്ങളുടെ പരാജയംപോലും ഭാഷാസാഹിത്യത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിച്ചു.
പല നിലയ്ക്കും ഒറ്റപ്പെട്ടു നില്ക്കുന്ന ‘കൃഷ്ണഗാഥ’യെ മാറ്റിനിറുത്തിയാല്‍ ഭാഷയില്‍ ക്ളാസിക് പ്രസ്ഥാനം കിളിപ്പാട്ടില്‍ കൂടിയാണ് വളര്‍ന്നത്. സംസ്കൃതത്തിലെ ബൃഹദ് ഗ്രന്ഥങ്ങളോടു കിടനില്ക്കാനുള്ള ശേഷി തുഞ്ചനുശേഷമേ ഭാഷയ്ക്ക് കൈവരുന്നതായി തോന്നുന്നുള്ളു. അവിടവിടെ പറ്റിപ്പിടിച്ചു നിന്നിരുന്ന തമിഴ് സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച്, എഴുത്തച്ഛനോടുകൂടി ഭാഷാകവനശൈലി കൂടുതല്‍ ഓജസ്സും സംസ്കാരവും ഉള്ളതായിത്തീരുന്നു.
ഭാവഭദ്രവും രൂപശുദ്ധവുമായ കലാശില്പത്തെ സംസ്കരിച്ചു ശക്തിപ്പെടുത്തി സാമൂഹ്യനന്മയ്ക്കുപയോഗിക്കാന് കവിയും യോഗിയുമായ ഒരു മഹാപുരുഷന് നടത്തിയ പരിശ്രമമാണ് എഴുത്തച്ഛന്റെ കിളിപ്പാട്ടില്‍ കാണുന്നത്. അദ്ദേഹം ഒന്നും പുതുതായി ഉണ്ടാക്കിയില്ല. എങ്കിലും പല വഴിയായി പ്രവഹിച്ച കവന മാര്‍ഗ്ഗങ്ങളെ സംയോജിപ്പിച്ചു; പല ഭാഷാപ്രവണതകളെയും കൂട്ടിയിണക്കി സമുദായത്തിനു കാലാനുസൃതമായ സാംസ്കാരികോത്തേജനം നല്കി. കലാകാരനായ സന്യാസിയും സന്യാസിയായ കലാകാരനുമായിരുന്നു എഴുത്തച്ഛന്. ഭൗതികവും ആത്മീയവുമായ രണ്ടു മണ്ഡലങ്ങളെയും സമഞ്ജസമായി കൂട്ടിയിണക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെ മധുരഫലങ്ങളാണ് അദ്ദേഹത്തിന്റെ കിളിപ്പാട്ട് കൃതികള്‍.
എഴുത്തച്ഛന്റെ സംഭാവനകള്‍
കിളിപ്പാട്ടുകളില്‍ കൂടി എഴുത്തച്ഛന് മലയാളസാഹിത്യത്തിന് വന്‍ സംഭാവനയാണ് നല്‍കിയത്. തമിഴിന്റെയും സംസ്കൃതത്തിന്റെയും പിടിയില്‍നിന്ന് മലയാളസാഹിത്യം സ്വന്തമായ പാത തെളിക്കാന്‍ തുടങ്ങിയിരുന്നതിനെ എഴുത്തച്ഛന് ശക്തിപ്പെടുത്തി. വേദാന്തവിഷയങ്ങളുടെ ആവിഷ്ക്കരണത്തിന് കരുത്തുള്ള ഒരുപകരണമാക്കി കിളിപ്പാട്ടിനെ. സംസ്കൃതത്തോടു കിടപിടിക്കത്തക്ക ഒരു സാഹിത്യഭാഷയാക്കി മലയാളത്തെ. ക്ളാസിക്ക് സാഹിത്യനിര്മ്മാണത്തിന് മലയാളത്തെ പ്രാപ്തമാക്കി.
സമുദ്രംപോലെ കിടക്കുന്ന സംസ്കൃതത്തിലെ ഇതിഹാസപുരാണങ്ങളെ ചുരുക്കിയും വിസ്തരിച്ചും ഭാഷയിലേക്ക് സംക്രമിപ്പിക്കുന്ന ഉത്തമമായ ഒരു വിവര്‍ത്തനപദ്ധതി ആവിഷ്ക്കരിച്ചു. തട്ടും തടവുമില്ലാതെ സ്വതന്ത്രമായി പ്രവഹിക്കുന്ന ഒരു കാവ്യശൈലി ഉണ്ടാക്കി. ആഖ്യാനത്തിനും വര്‍ണ്ണനയ്ക്കും പുതുമാതൃകകള്‍ സൃഷ്ടിച്ചു. ചമ്പുക്കളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്ന അലങ്കാരശബളതയില് നിന്നു മാറി, കാര്യമാത്രപ്രസക്തമായ ഒരു പ്രകാശനരീതി കിളിപ്പാട്ടില്‍ ആവിഷ്ക്കരിച്ചു.
ഹൃദയം നിറഞ്ഞ ഭക്തിയും തെളിവുറ്റ ആത്മജ്ഞാനവും അചഞ്ചലമായ ധര്‍മ്മബോധവും ഉള്ള ഒരു മഹാത്മാവായിരുന്നു എഴുത്തച്ഛന്. ആ പരമഭാഗവതന് ജനതയെ ഈശ്വരോന്മുഖമായി തിരിച്ചുവിട്ടു. സാമൂഹ്യമായ ഉയര്‍ച്ചതാഴ്ചകളോ, പണ്ഡിതപാമര ഭേദമോ, ധനികദരിദ്ര വ്യത്യാസമോ കൂടാതെ, ആര്‍ക്കും ഈശ്വരധ്യാനം കൊണ്ട് അങ്ങേയറ്റത്തെ മഹത്വം നേടാമെന്ന് പഠിപ്പിച്ചു. കരതലാമലകംപോലെ മാനുഷചിത്തവൃത്തികളെ കാണാന്‍ കഴിയുകയും അസാമാന്യമായ കൈയടക്കത്തോടെ, ആവശ്യത്തിനുമാത്രം അവ വ്യഞ്ജിപ്പിക്കുകയും അതിനു വേണ്ടിടത്തോളം ശബ്ദാര്ത്ഥവിഭവങ്ങള് മിതമായും വിദഗദ്ധമായും പ്രയോഗിക്കുകയും ചെയ്യുന്നു എഴുത്തച്ഛന്. മറ്റെല്ലാ രസങ്ങളും ആവിഷ്ക്കരിക്കുമ്പോള്‍ ഏതൊരു കവിയെക്കാളും സംയമം പാലിക്കുന്ന എഴുത്തച്ഛന് ഭക്തിരസപ്രവാഹത്തില്പ്പെട്ടാല് സ്ഥലകാലങ്ങളും തന്നെത്തന്നെയും വിസ്മരിക്കുന്നു. എഴുത്തച്ഛന്റെ കീര്‍ത്തനങ്ങളുടെയും ഭാഷണങ്ങളുടെയും അന്തശ്ശക്തിയും പരഹൃദയങ്ങളില്‍ നേരിട്ടു കടന്നുചെല്ലാനുള്ള വൈദഗ്ദ്ധ്യവും അനന്യസാധാരണമാണ്. അദ്ധ്യാത്മജ്ഞാനത്തിന്റെ അഭാവംകൊണ്ട് ചേറ്റില്‍ പുതഞ്ഞിരുന്ന ഒരു സമൂഹത്തെ വലിച്ചുയര്‍ത്തുകയായിരുന്നു എഴുത്തച്ഛന്. വള്ളത്തോള്‍ ‘പുതുമലയാണ്മ തന് മഹേശ്വരന്’ എന്നാണ് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്.
പാട്ടുപ്രസ്ഥാനത്തില്‍ അന്നുവരെ ഉണ്ടായിരുന്ന ഭാഷാരീതികളുടെ അവശ്യംഭാവിയായ പരിണാമമാണെങ്കില്പോലും ഓജസ്സും അന്തസ്സുമുറ്റ, ഞെട്ടും കാമ്പുമുറച്ച കാര്യക്ഷമമായ ഒരു കാവ്യഭാഷ ഭാവഗാംഭീര്യവും വിചാരൗല്കൃഷ്ട്യവും തികഞ്ഞ രണ്ട് ബൃഹദ്കാവ്യങ്ങളിലൂടെ ഉരുത്തിരിയുകയും, അങ്ങനെ ഉരുത്തിരിഞ്ഞ ഭാഷയും അതിലെ ദീപസ്തംഭങ്ങളായ രണ്ടു കൃതികളും (അദ്ധ്യാത്മരാമായണവും ശ്രീമഹാഭാരതവും) പില്ക്കാലമൊക്കെ നമ്മുടെ കാവ്യനിര്മ്മാതാക്കള്ക്ക് മാര്ഗ്ഗദര്ശികളായിത്തീരുകയും ചെയ്തു.
‘നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം’ എന്നാണ് മഹാകവി കുഞ്ഞുകുട്ടന് തമ്പുരാന് പറഞ്ഞിട്ടുള്ളത്.
ജന്മസ്ഥലം:
മലബാറില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള വെട്ടത്തു പുതിയങ്ങാടിയില്‍ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു സമീപമുള്ള തുഞ്ചന്‍പറമ്പിലാണ് എഴുത്തച്ഛന് ജനിച്ചതെന്നാണ് വിശ്വാസം. യോഗിയും അദ്ധ്യാപകനുമായിരുന്നു. ചിറ്റൂര്‍ ഗുരുമഠം സ്ഥാപിച്ചു. തുഞ്ചത്തു രാമാനുജന് എന്നാണ് പേര് എന്ന് കരുതുന്നു. യഥാര്‍ത്ഥപേര് രാമന് എന്നായിരുന്നു. എഴുത്തച്ഛന്റെ കാലം എ.ഡി. 16-ാം ശതകമായിരുന്നു.
എഴുത്തച്ഛന് കൃതികള്‍:
അദ്ധ്യാത്മരാമായണം, ശ്രീമഹാഭാരതം എന്നിവയാണ് പ്രമുഖകൃതികള്‍. ഇതിനുപുറമെ പല കൃതികളുടെയും കര്‍ത്തൃത്വം അദ്ദേഹത്തില്‍ ആരോപിച്ചിട്ടുണ്ട്. പക്ഷേ, അതിനൊന്നും കാര്യമായ തെളിവില്ല. ഇതില്‍ ചിലത് എഴുത്തച്ഛന്റെ അനുകര്‍ത്താക്കള്‍ എഴുതിയതാകാം. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം, ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയവ എഴുത്തച്ഛന്റേതാണെന്നു പറയുന്നു.
A very good write up.Exposes the theme of mythological works in a superb manner. Integration of spirituality and materialistic style of life is done in proper way.That the Ramayana affords comfortable reading to all men irrespective of caste,colour and creed is something priceless to be told to the world at large.