അംബേദ്കര്‍ ജാതി ഫാസിസം ഭരണകൂടം
(ചരിത്രപഠനം)
ആനന്ദ് തെല്‍തുംബ്ദേ
എഡിറ്റര്‍: രാജേഷ് കെ. എരുമേലി
കിസലയ പബ്ലിഷേഴ്‌സ്
അംബേദ്കര്‍ ചിന്തയെ ഉയര്‍ത്തിപ്പിടിക്കുന്ന തെല്‍തുംബ് മാര്‍ക്‌സിസത്തോട് ഐക്യപ്പെട്ടു കൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് എഡിറ്റര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ദലിത് വംശീയവാദത്തെയും മാര്‍ക്‌സിസ്റ്റ് യാന്ത്രികവാദത്തെയും തെല്‍തുംബ്ദേ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ സമൂഹത്തിലെ സമൂര്‍ത്ത യാഥാര്‍ത്ഥ്യമായ ജാതിയെ പ്രശ്നവത്കരിക്കുന്നതില്‍ ഇരുവിഭാഗവും പരാജയപ്പെടുന്നു എന്നാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്. ഇതില്‍നിന്ന് പുറത്തുകടന്ന് മാര്‍ക്സ്-അംബേദ്കര്‍ സംവാദത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് തെല്‍തുംബ്ദേ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് ഈ പുസ്തകം.
ആമുഖം
മൗലികമായ ചിന്തകള്‍കൊണ്ട് വേറിട്ടുനില്‍ക്കുന്ന എഴുത്തുകാരനും ചിന്തകനുമാണ് ആനന്ദ് തെല്‍തുംബ്ദേ. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നയാള്‍ എന്ന നിലയില്‍ ഭരണകൂടത്താല്‍ നിരന്തരം വേട്ടയാടപ്പെടുകയാണ് തെല്‍തും. അടുത്തസമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡ് അതിന് ഉദാഹരണമാണ്. ഇന്ത്യയിലെ ദലിത് സമൂഹത്തോട് എക്കാലവും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും, അവരുടെ സമരങ്ങളില്‍ അക്കാദമീഷ്യന്‍ എന്നതിനപ്പുറം പങ്കാളിയാവുകയും ചെയ്യുന്നു. ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ദലിത് വിഷയങ്ങളില്‍ ഇടപെടുകയും നിരന്തരം അതിനെക്കുറിച്ച് എഴുതുകയും ചെയ്യുന്ന ജൈവ ബുദ്ധിജീവിയാണ് തെല്‍തും.
അംബേദ്കര്‍ ചിന്തയെ ഉയര്‍ത്തിപ്പിടിക്കുന്ന തെല്‍തുംബ് മാര്‍ക്‌സിസത്തോട് ഐക്യപ്പെട്ടുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ദലിത് വംശീയവാദത്തെയും മാര്‍ക്‌സിസ്റ്റ് യാന്ത്രികവാദത്തെയും തെല്‍തുംബ്ദേ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ സമൂഹത്തിലെ സമൂര്‍ത്ത യാഥാര്‍ത്ഥ്യമായ ജാതിയെ പ്രശ്നവത്കരിക്കുന്നതില്‍ ഇരു വിഭാഗവും പരാജയപ്പെടുന്നു എന്നാണ് ഇദ്ദേഹം വിശകലനം ചെയ്യുന്നത്. ഇതില്‍നിന്ന് പുറത്തുകടന്ന് മാര്‍ക്സ്-അംബേദ്കര്‍ സംവാദത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് തെല്‍തുംബദേ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ജനാധിപത്യവാദികള്‍ക്കു നേരെയുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. അതായത്, അര്‍ദ്ധ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ഭയത്തിന്റെ വേരുകളാഴ്ത്തിക്കൊണ്ട് നിരന്തരം വെല്ലുവിളികളും കൊലപാതങ്ങളും നടത്തുന്ന സംഘപരിവാര്‍ അവരുടെ യഥാര്‍ത്ഥ രാഷ്ട്രീയം പുറത്തെടുത്തു തുടങ്ങി. പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്തതിന്റെ പേരിലാണ് പലരെയും അറസ്റ്റ് ചെയ്യുന്നത്. ദേശീയതയെ വിമര്‍ശിക്കുക, മതേതര നിലപാടുകള്‍ക്കുവേണ്ടി വാദിക്കുക, ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരംചെയ്യുക, ഇരയാക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യപ്പെടുക എന്നിങ്ങനെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെയാണ് ഭരണകൂടം നിരന്തരം പീഡനത്തിന് ഇരയാക്കുന്നത്. ഭീമ-കൊറെഗാവ് സംഭവത്തിന്റെ പേരിലാണ് തെല്‍തുംബ്‌ദേ ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
അക്കാദമിക് മേഖലയില്‍ സജീവസാന്നിധ്യമായ തെല്‍തുംബ്‌ദേയെപ്പോലുള്ളവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇതിനെതിരായി ജനാധിപത്യവാദികള്‍ കൈകോര്‍ക്കേണ്ടതുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നത്. തെല്‍തുംബ്ദേ എഴുതിയ ലേഖനങ്ങളും അദ്ദേഹവുമായി നടത്തിയ അഭിമുഖങ്ങളും വീട്ടില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട അനുഭവവുമാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകം പുറത്തിറക്കാന്‍ അനുവാദം തന്ന ആനന്ദ് തെല്‍തുംബ്ദേ, മൊഴിമാറ്റവും അഭിമുഖവും നടത്തിയ പത്രപ്രവര്‍ത്തകനും സുഹൃത്തുമായ ആര്‍.കെ.ബിജുരാജ്, സിജു ജോര്‍ജ്, മന്‍സൂര്‍ അലി കെ.പി എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിന് അനുവദിച്ച പത്രാധിപന്മാരോടുള്ള കടപ്പാടും ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. വായനക്കാരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
സ്‌നേഹത്തോടെ,
രാജേഷ് കെ. എരുമേലി
Leave a Reply