(ആരോഗ്യശാസ്ത്രം)
ഡോ.ജോണ്‍ പൗവത്തില്‍
എച്ച് ആന്‍ഡ് സി പബ്ലിഷേഴ്‌സ് 2013
കാന്‍സറിനെപ്പറ്റിയുള്ള സമഗ്രമായ കൃതി. കാന്‍സര്‍ എന്തെന്ന് ശരിയായി മനസ്സിലാക്കുകയാണ് അതുസംബന്ധിച്ച അനാവശ്യമായ ഭീതിയകറ്റാനുള്ള മാര്‍ഗം. നൂറ്റാണ്ടിലെ കൊലയാളിരോഗം എന്നു വിശേഷിപ്പിക്കാവുന്ന അര്‍ബുദത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുകയാണ് ഇത്. സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും കണ്ടുവരുന്ന അര്‍ബുദങ്ങളും സാധാരണ കാന്‍സര്‍ രോഗങ്ങളും മൂന്നുഭാഗങ്ങളായി പ്രതിപാദിക്കുന്നു. രോഗമുണ്ടാക്കുന്ന ഘടകങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സകള്‍, കേരളത്തിലെ പ്രധാന കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആമുഖത്തില്‍ ഡോ.ജോണ്‍ പൗവത്തില്‍ ഇങ്ങനെ എഴുതുന്നു:
ശാസ്ത്ര-സാങ്കേതിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ നമുക്കു സാധിച്ചിട്ടുണ്ടെങ്കിലും അര്‍ബുദരോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ നൂറുശതമാനം വിജയകരമായി മുന്നേറുവാന്‍ മനുഷ്യരാശിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ഖേദകരമായ സത്യം.
ലക്ഷക്കണക്കിന് ജീവിതങ്ങളാണ് അര്‍ബുദരോഗങ്ങളോടു മല്ലിട്ട് മരണമടയുന്നത്. അവരുടെ ദുരിതങ്ങളും ദുഃഖങ്ങളും അവരുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അനുഭവിക്കുന്ന മനോവിഷമങ്ങളും നാം മനസ്സിലാക്കേണ്ടതാണ്. അര്‍ബുദരോഗങ്ങളെപ്പറ്റി ശരിയായ അവബോധം ഇന്നും സാമാന്യജനതയില്‍ ഉണ്ടായിട്ടില്ല. അര്‍ബുദം അഥവാ കാന്‍സര്‍ എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ഭയപ്പാടിനപ്പുറം കാന്‍സര്‍ എപ്രകാരം നേരത്തെ മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും, അര്‍ബുദമുണ്ടാക്കുന്ന ഘടകങ്ങളെന്തെന്നും, അര്‍ബുദം ഒഴിവാക്കാനായി സ്വീകരിക്കേണ്ട പ്രതിരോധമാര്‍ഗങ്ങളെന്തെന്നും ശരിയായി മനസ്സിലാക്കുവാന്‍ പലരും ശ്രദ്ധിക്കാറില്ല. എത്രയും നേരത്തെ രോഗം കണ്ടെത്തുന്നുവോ അത്രയും വേഗത്തില്‍ അര്‍ബുദചികിത്സ ഫലപ്രദമാവും. ഏറക്കുറെ പൂര്‍ണമായിത്തന്നെ ചികിത്സിച്ചു മാറ്റാം എന്ന നിലയിലേക്ക് അര്‍ബുദരോഗ ചികിത്സ വളര്‍ന്നിരിക്കുന്നു. അര്‍ബുദരോഗത്തെ സംബന്ധിച്ച് ശരിയായ പ്രതിരോധമാണ് ഫലപ്രദമായ പ്രതിവിധികളായി മാറുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം തന്നെ അര്‍ബുദരോഗങ്ങള്‍ മൂലം ഏതാണ്ട് അറുപത്തിയഞ്ചുലക്ഷത്തില്‍പരം ആളുകള്‍ മരിക്കുകയുണ്ടായി. ലോകത്തിലെ മരണങ്ങളുടെ പ്രധാനകാരണങ്ങളില്‍ രണ്ടാമത്തെ സ്ഥാനമാണ് ഇന്ന് അര്‍ബുദരോഗങ്ങള്‍ക്കുള്ളത്. ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പ് പതിനഞ്ചാമത്തെ സ്ഥാനത്തുനിന്നിരുന്ന ഈ രോഗം രണ്ടാമത്തെ കൊലയാളിരോഗം (Killer Disease) ആയി മാറിക്കഴിഞ്ഞിരിക്കുന്നു. മാരകരോഗങ്ങളുടെ പട്ടികയില്‍, ഹൃദ്രോഗം കഴിഞ്ഞാല്‍ അര്‍ബുദം എന്നുവേണം കരുതുവാന്‍.
രോഗം വളരെ വ്യാപിച്ചുകഴിഞ്ഞാണ് പലപ്പോഴും ഈ രോഗത്തെപ്പറ്റി അറിയുന്നത്. അതിനാല്‍ ചികിത്സകള്‍ പ്രയോജനപ്രദമാകാതെ വരുന്നു. നേരത്തെ രോഗനിര്‍ണയം നടത്തിയാല്‍ പല അര്‍ബുദരോഗങ്ങളും ഫലപ്രദമായി ചികിത്സിക്കുവാന്‍ നമുക്കിന്നു സാധ്യമാണ്. രോഗമുണ്ടാക്കുവാന്‍ സാധ്യതയുള്ള വിവിധ ഘടകങ്ങളെപ്പറ്റിയും, ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും സാമാന്യജനങ്ങള്‍ക്കു വേണ്ട അറിവുനല്‍കുവാന്‍ പര്യാപ്തമായവിധം, പ്രധാനപ്പെട്ട വിവിധയിനം അര്‍ബുദരോഗങ്ങളെപ്പറ്റി സംക്ഷിപ്തമായി വിവരിക്കുവാന്‍ ഇവിടെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്.
ഉള്ളടക്കത്തില്‍ കാണിച്ചിരിക്കുന്ന വിവിധ ശീര്‍ഷകങ്ങളിലൂടെ ഈ ഗ്രന്ഥം നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്. അര്‍ബുദരോഗ അവബോധമുണര്‍ത്താന്‍ ഇതു പ്രയോജനപ്രദമാകുമെന്ന് പ്രത്യാശിക്കുന്നു.