ആത്മകഥ
തകഴി
ഗ്രീന്‍ ബുക്‌സ് 2007
പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥയാണിത്. മുഖക്കുറിയില്‍ തകഴി ശിവശങ്കരപ്പിള്ള ഇങ്ങനെ എഴുതുന്നു:
അനുഭവങ്ങളുടെ ഊഷ്മളതയും ആത്മാര്‍ത്ഥതയുടെ പ്രകാശവും ഒന്നിച്ചുചേരുമ്പോഴാണ് ഒരാത്മകഥ യഥാര്‍ത്ഥ ജീവിതരേഖയായി മാറുന്നത്. തകഴിയുടെ ആത്മകഥ അത്തരത്തിലുള്ള ഒന്നാണ്. അദ്ദേഹം പല കാലങ്ങളിലായെഴുതിയ ‘ബാല്യകാലം’, ‘വക്കീല്‍ ജീവിതം’, ‘ഓര്‍മ്മയുടെ തീരങ്ങളില്‍’ എന്നിവയുടെ സമന്വയമാണീ ബൃഹദ്കൃതി. ഇരുളും പ്രകാശവും സുഖവും ദുഃഖവും നിഴലിക്കുന്ന സ്വജീവിതത്തിന്റെ സംഭവബഹുലമായ നിരവധി സന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നവും സമാകര്‍ഷകവുമാണീ കൃതി. ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തിന്റെ പുതുവെളിച്ചം; അവകാശസമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്തന്‍ കാലാവസ്ഥയുടെ ഉണര്‍വില്‍ കുട്ടനാടും ആലപ്പുഴയുമടങ്ങുന്ന ജീവിതപരിസരങ്ങളെ കേന്ദ്രീകരിച്ചാണ് തകഴിയുടെ ഏതാണ്ടെല്ലാ കഥകളും നോവലുകളും പുറത്തുവന്നത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആത്മകഥയുടെ ജീവിതപരിസരവും മറ്റൊന്നല്ല. കേരളീയജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു. തകഴി ജീവിച്ച കാലത്തിന്റെ യഥാര്‍ത്ഥമായ അന്തരീക്ഷവും സാഹചര്യവും ഈ കൃതിയില്‍ നമുക്ക് അനുഭവവേദ്യമാകുന്നു. സത്യസന്ധത ഈ കൃതിയുടെ മുഖമുദ്രയാകുന്നു. അറിയുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു വളച്ചുകെട്ടലും കൂടാതെ സ്വതഃസിദ്ധമായ ശൈലിയില്‍ തകഴി നമ്മോടു പറയുന്നു. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിനു മികച്ച ഒരു മുതല്‍ക്കൂട്ടാണ് ഈ കൃതി.
ശരിക്കുള്ള ആത്മകഥ എഴുതണമെങ്കില്‍ എഴുതാന്‍ കൃത്യനിഷ്ഠയുള്ള ഒരാള്‍ക്കേ കഴിയുകയുള്ളൂ. സത്യസന്ധനുമായിരിക്കണം. കൃത്യനിഷ്ഠയും സത്യസന്ധതയും കൂടിച്ചേര്‍ന്നാല്‍ നെറിവുള്ള ആത്മകഥ എഴുതാം. അതു പ്രയോജനകരമായിരിക്കുകയും ചെയ്യും.
ആത്മകഥ പ്രാമാണികരായിട്ടുള്ളവര്‍ക്കേ എഴുതാന്‍ അവകാശമുള്ളൂ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു സാധാരണ കൃഷിക്കാരന്റെ ആത്മകഥയും പ്രയോജനകരമായിരിക്കും. മുമ്പു പറഞ്ഞതുപോലെ കൃത്യനിഷ്ഠയും സത്യസന്ധതയുമുള്ള ആളായിരിക്കണമെന്നു മാത്രം. ജീവിതത്തിലെ ഏതു തൊഴിലുകാരന്റെയും ആത്മകഥയ്ക്ക് പ്രയോജനമുണ്ട്. നന്നായി എഴുതിയാല്‍ രസകരവുമായിരിക്കും. ആത്മകഥയെ സംബന്ധിച്ചിടത്തോളം രസകരമായിരിക്കാന്‍ ഒരു വഴിയേയുള്ളൂ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്- അനുവാചകനോട് ആത്മകഥ എഴുതുന്ന ആളിനു നേരിട്ടു സംവദിക്കാന്‍ കഴിയുക.
ഒരു ആത്മകഥ എഴുതണമെന്ന് ഒരിക്കലും എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആദ്യമൊക്കെ വലിയ ആളുകള്‍ക്കേ ആത്മകഥ എഴുതാന്‍ അവകാശമുള്ളൂ എന്നു ഞാന്‍ ധരിച്ചിരുന്നു. അങ്ങനെ വലിയ ഒരാളാണ് ഞാനെന്ന് എനിക്കു തോന്നിയിരുന്നില്ല. അങ്ങനെ ജീവിച്ചുവന്നു. കുറെയൊക്കെ എഴുതി. എന്റെ ജീവിതത്തില്‍ വലിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വലിയ കാര്യങ്ങളിലൊന്നും ഞാന്‍ ഇടപെട്ടിട്ടില്ല. പിന്നെ എന്തെഴുതാനാണ്? പക്ഷേ, ഒരു ഭാഗ്യം എനിക്കുണ്ടാ യിരുന്നു. ജീവിതത്തിന്റെ പോക്കില്‍ പ്രാമാണികരായ കുറെ ആളുകളെ പരിചയപ്പെട്ടു. കുറെയധികം പേരുമായി അടുത്തിടപഴകാനും കഴിഞ്ഞു. ഇതിനൊക്കെപ്പുറമേ ഞാന്‍ ജീവിച്ചുപോന്ന കാലത്തെക്കുറിച്ച് ബോധവാനാകാനും ഇടയായി. ഇത് ഒരു നല്ല കാര്യമായി എനിക്ക് അപ്പോഴും തോന്നിയിരുന്നു. പത്തെഴുപതു വയസ്സായപ്പോഴും ഒരു ആത്മകഥ എഴുതണമെന്ന് എനിക്കു തോന്നിയില്ല. പക്ഷേ, എന്റെ ജീവിതത്തെ, എന്തുകാരണംകൊണ്ട് എന്ന് അറിഞ്ഞുകൂടാ, ഒന്നു തിരിഞ്ഞുനോക്കുവാന്‍ ഞാന്‍ പ്രേരിതനായി. അപ്പോള്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന ഒരു പത്തറുപത്തഞ്ചുകൊല്ലക്കാലം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. ഓര്‍ക്കാന്‍ വളരെ കാര്യങ്ങളുണ്ടായി. അങ്ങനെ ഓര്‍ത്ത കാര്യങ്ങള്‍ ഞാന്‍ എഴുതി. ഒരു ലേഖനപരമ്പരയായി എഴുതി. കാലക്രമം അനുസരിച്ചല്ല ഈ ഓര്‍മ്മകള്‍ തെളിഞ്ഞുവന്നത്. അടുത്തകാലത്തെ ഒരു കാര്യം എഴുതിയിട്ടായിരിക്കും അമ്പതുകൊല്ലംമുമ്പുള്ള കാര്യം എഴുതുക. ഈ പത്തറുപത്തഞ്ചു കൊല്ലക്കാലത്തെ ജീവിതത്തിന്റെ ഓര്‍മ്മയില്‍ തെളിഞ്ഞ സംഭവങ്ങള്‍ ക്രമമായി എഴുതുകയാണു വേണ്ടത്. എങ്കില്‍ കുറച്ചുകൂടി നന്നായേനെ. എന്നാല്‍, അങ്ങനെയൊന്നും ചെയ്തില്ല. ഓര്‍ത്ത കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നു മാത്രം.
Leave a Reply