(ഓര്‍മ്മകളും കഥകളും)
ഖാലിദ് ബക്കര്‍
മിസ്റ്റിക് ത്രെഡ് ബുക്‌സ്, കൊച്ചി 2024
ഷാര്‍ജ പുസ്തകോത്സവത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു കൃതിയാണ് ഖാലിദ് ബക്കറിന്റെ ഓര്‍മകളും കഥകളുമടങ്ങുന്ന ആവാരാ. അതിനെപ്പറ്റി അവതാരികയില്‍ ഡോ. സിദ്ധാര്‍ഥ ശിവ ഇങ്ങനെ പറയുന്നു:
”പ്രണയത്തിന്റെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം ഖാലിദ് ജീവിതത്തോടൊപ്പം ചേര്‍ത്തുപിടിക്കുന്നു. പ്രണയാര്‍ദ്രമായ മനസ്സുള്ളവരുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ക്കെല്ലാം ആസ്വദിക്കാന്‍ സാധിക്കും എന്നുള്ളതാണ്. പ്രകൃതിയെയും മനുഷ്യനെയും അവയുടെ ഓരോ ചെയ്തികളെയും ദുഃഖമെന്നോ സന്തോഷമെന്നോ വ്യത്യാസമില്ലാതെ ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും കഴിയും. ജീവിതത്തിന്റെ നെഗറ്റിവിറ്റി പ്രണയം കൊണ്ട് ഖാലിദ് മായ്ച്ചുകളയുന്നു. അതുകൊണ്ടുതന്നെയാണ് അയാള്‍ക്ക് മരണം മോഹിപ്പിച്ച് കടന്നുകളഞ്ഞ എന്തോ അമൂല്യതയായി തോന്നുന്നത്.
ഗൃഹാതുരത്വമാണ് തന്റെ എഴുത്തുകളിലൂടെ അയാള്‍ പങ്കുവയ്ക്കുന്ന മറ്റൊരു സങ്കല്‍പ്പനം. എന്നോ നമ്മള്‍ക്കന്യമായ നാട്ടുമ്പുറവും നാടന്‍ മനുഷ്യരും അവരുടെ നന്മയും നാട്ടിന്‍പുറത്തിന്റെ സമൃദ്ധിയും തന്റെ കഥാപാത്രങ്ങളിലൂടെ,/ അനുഭവങ്ങളിലൂടെ പുന:സൃഷ്ടിച്ച് വായനക്കാരന്റെ മനസ്സിനുമേല്‍ ഗൃഹാതുരത്വത്തിന്റെ കൊതിപ്പിക്കുന്ന ആഖ്യാനങ്ങള്‍ വഴി നിമ്‌നോന്നതങ്ങള്‍ സൃഷ്ടിക്കുന്നു എഴുത്തുകാരന്‍. മാതുവേട്ടത്തിയും കണാരേട്ടനും ആശാരി നാണുവും അമ്മദ്ക്കയും അഞ്ചല്‍ ഓട്ടക്കാരന്‍ വരെയും നമ്മുടെ ആരെല്ലാമോ ആയി മാറിക്കഴിയും. ഈ പുസ്തകം വായിച്ചതിനുശേഷം എഴുത്തുകാരന്റെ പ്രിയപ്പെട്ടവര്‍ നമ്മുടേതും ആകും.