ഐഎന്‍എ യുടെ കഥ
(ചരിത്രം)
എസ്.എ. അയ്യര്‍
നാഷണല്‍ ബുക് ട്രസ്റ്റ് 1972
1. വിധിവിധേയന്‍
സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ ചിരസ്മരണീയമായ മഹാസംഭവങ്ങളിലൊന്നാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത്, 1941 ജനുവരി 17-ാം തീയതി വെളുപ്പിന് കല്‍ക്കത്തയിലെ സ്വഗൃഹത്തില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടതും പത്താഴ്ച കഴിഞ്ഞ് ജര്‍മ്മനിയില്‍ പ്രത്യക്ഷപ്പെട്ടതും. മരണംവരെ ഉപവസിക്കുമെന്നു ഭീഷണിപ്പെടുത്തി ബ്രിട്ടീഷ് ഭരണാ ധികാരികളുടെ ജയിലില്‍നിന്നും 1940 ഡിസംബറില്‍ മോചനം നേടാന്‍ അദേഹത്തിനു കഴിഞ്ഞു. പിന്നീട് എല്‍ജിന്‍ റോഡി ലുള്ള വീട്ടിലെ ഒരു മുറിയില്‍ ഏതാനും നാള്‍ അദ്ദേഹം അടച്ചിരുന്നു. ആരെയും കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഈ ഏകാന്തവാസത്തിനിടയില്‍ അദ്ദേഹം സാമാന്യം നല്ലൊരു താടി വളര്‍ത്തി. എല്ലാവര്‍ക്കും സുപരിചിതമായ കണ്ണട വയ്ക്കാതെ താടിയും വളര്‍ത്തി പുറത്തിറങ്ങിയത്, ആരും തന്നെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു.
അടുത്തുള്ള വൃക്ഷശിഖരങ്ങളുള്‍പ്പെടെ സൗകര്യപ്രദമായ എല്ലാ സ്ഥലങ്ങളിലുമൊളിച്ചിരുന്ന്, [ബ്രിട്ടീഷ് നിയന്ത്രിത സി.ഐ.ഡി. ബോസിന്റെ ചലനങ്ങളെ രാവുപകലില്ലാതെ സൂക്ഷ്മനിരീക്ഷണം നടത്തിപ്പോന്നു. അവരുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടാണ് സുഭാഷ് വീട്ടില്‍നിന്നും പുറത്തുചാടിയത്. രാത്രിയില്‍, ഒരു മൗലവിയുടെ വേഷത്തില്‍, ഒരു കാറില്‍ അദ്ദേഹം രക്ഷപ്പെട്ടു. സുഭാഷിന്റെ സഹോദരപുത്രനായ ശിശിര്‍ കുമാര്‍ ബോസ് 200 മൈല്‍ അകലെയുള്ള ഗൊമോഹ് റെയില്‍വേ സ്‌റേറഷന്‍ വരെ അദ്ദേഹത്തെ കാറില്‍ കൊണ്ടെത്തിച്ചു. കല്‍ക്കത്തയിലെ സ്റേറഷനുകള്‍ പോലീസിന്റെ പരിശോധനയ്ക്കു വിധേയമായിരുന്നതിനാലാണ് ഇത്രയകലെയുള്ള ഒരു സ്ഥലം അവര്‍ തിരഞ്ഞെടുത്തത്. ഗൊമോഹില്‍ നിന്നും പെഷവാറിലേക്ക് അദ്ദേഹം തീവണ്ടി കയറി. വ്യാപാരകാര്യാര്‍ത്ഥം യാത്ര ചെയ്യുന്ന ഒരു ഇന്‍ഷ്വറന്‍സ് ഏജന്റായി തീവണ്ടിയില്‍ അദ്ദേഹം അഭിനയിച്ചു.
പെഷവാറില്‍നിന്ന് അദ്ദേഹത്തിന് ഒരു അകമ്പടിക്കാരന്‍ കൂടിയുണ്ടായി. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയ്ക്കുള്ള ഗിരിപ്രദേശം അവര്‍ തരണം ചെയ്തത് പഠാണി വേഷത്തിലായിരുന്നു. ഇന്ത്യാ-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പതിവുള്ള പാസ്‌പോര്‍ട്ടും ചുങ്കവും പരിശോധന ഒഴിവാക്കാന്‍വേണ്ടി, ദുര്‍ഗ്ഗമവും വിഷമപൂര്‍ണവുമായ ഒരു വളഞ്ഞ വഴിയിലൂടെയാണ് കാബൂളിലേക്ക് അവര്‍ സഞ്ചരിച്ചത്. മരവിപ്പിക്കുന്ന ഒരു ഹേമന്ത സായാഹ്നത്തില്‍ തളര്‍ന്നിടറുന്ന കാല്‍ വയ്പുകളോടെ അവര്‍ അഫ്ഗാന്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നു.
ബധിരനും മൂകനുമായ സ്വന്തം ജ്യേഷ്ഠനാണ് ഒപ്പമുള്ളതെന്നും പുണ്യസ്ഥലങ്ങളിലേക്കു തീര്‍ത്ഥയാത്ര നടത്തുക യാണു തങ്ങളെന്നും സുഭാഷിന്റെ അകമ്പടിക്കാരന്‍ കാബൂളില്‍ പറഞ്ഞുപരത്തി. അവിടത്തെ താമസം തീരാറായപ്പോള്‍, ബസാറുകളില്‍ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ സുഭാഷ് അഫ്ഗാനികളുടെ വേഷം ധരിക്കുക പതിവാക്കി. രണ്ടുമാസക്കാലം അവാച്യമായ വേദനകളും വിഷമങ്ങളും ഉല്‍ക്കണ്ഠയും ശാരീരികയാതനകളും അനുഭവിച്ചശേഷം 1941 ഏപ്രില്‍ ആദ്യം മോ സ്‌കോവഴി ബര്‍ലിനിലെ രക്ഷാസങ്കേതത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.
ഇന്ത്യയില്‍നിന്നും സുഭാഷ് ചന്ദ്രബോസിന്റെ രോമാഞ്ചജനകമായ ഈ രക്ഷപ്പെടല്‍ ആസൂത്രിതമായ ഒന്നായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ഒരു വഴിത്തിരിവായി അതിനെ പരിഗണിക്കാം. ഇന്ത്യയുടെ മണ്ണില്‍നിന്നു ബ്രിട്ടീഷ് സാമ്രാജ്യത്തെ പുറത്താക്കാന്‍ ഒരു വിദേശരാജ്യത്തിന്റെ സായുധസഹായം കൊണ്ട പറ്റൂ എന്നത് അദ്ദേഹത്തിന് ഒരു വിശ്വാസ പ്രമാണമായിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ബൃഹത്തന്ത്രവും. ഈ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങത്തക്കവണ്ണം സ്വരാജ്യത്തിന്റെ മോചനത്തിനുള്ള എല്ലാ പരിപാടികളും അദ്ദേഹം ആവിഷ്‌കരിച്ചു. മാറിക്കൊണ്ടിരുന്ന ലോകത്തിനനുസരണമായി പരിപാടികളിലും മാററം വരുത്തിയെങ്കിലും സര്‍വംഗ്രഹമായ ഈ ബൃഹത്തന്ത്രം ഒരു നിമിഷംപോലും അദ്ദേഹം വിസ്മരിച്ചില്ല. റഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍, ജര്‍മ്മനിയില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ പ്രായോഗികബുദ്ധി തൃപ്തിപ്പെട്ടു. ബര്‍ലിനില്‍ ഒരു ‘സ്വതന്ത്ര ഭാരതകേന്ദ്ര’വും ജര്‍മ്മന്‍മണ്ണില്‍ ഒരു സ്വതന്ത്രഭാരത സേനയും അദ്ദേഹം സ്ഥാപിച്ചു. കിഴക്കെ ഏഷ്യയിലെ വമ്പിച്ച നേട്ടങ്ങള്‍ക്ക് ഇവ ചെറിയൊരു തുടക്കം കുറിച്ചെന്നു പറയാം. ജര്‍മ്മനിയില്‍നിന്നു 90 ദിവസം മുങ്ങിക്കപ്പലില്‍ യാത്രചെയ്ത് 1943-ല്‍ സുഭാഷ് ജപ്പാനിലെത്തി. ജാപ്പനീസ് ഗവണ്‍മെന്റ് അദ്ദേഹത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന്, പൂര്‍വേഷ്യയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ ദേശീയസേനയുടെയും നായകത്വം ഏറെറടുത്ത് വിമോചനസൈന്യത്തെ ഇന്ത്യാ-ബര്‍മ്മ അതിര്‍ത്തിയിലേക്ക് അദ്ദേഹം നയിച്ചു. ഐ.എന്‍.എ 1944 മാര്‍ച്ച് 8-ാം തീയതി അതിര്‍ത്തി കടന്നു. മണിപ്പൂരിലെ ചൊംഗില്‍ അക്കൊല്ലം ഏപ്രില്‍ 14-ാം തീയതി ഇദംപ്രഥമമായി ഇന്ത്യന്‍ ത്രിവര്‍ണപതാക ഉയര്‍ന്നു. പിന്നീട’ യുദ്ധഗതി ഐ.എന്‍.എയെ്‌ക്കെതിരെ തിരിഞ്ഞു. ബര്‍മ്മയിലെ പേമാരി കാരണം ഐ.എന്‍.ഏ. അണികളില്‍ വെള്ളപ്പൊക്കത്തിന്റെ ശല്യമുണ്ടായി. അവര്‍ക്കുവേണ്ട സാധനങ്ങളെത്തിക്കാന്‍ കഴിയാതെവന്നു. സേന പിന്‍മാറിത്തുടങ്ങി. പട്ടാളക്കാര്‍ക്ക് വന്‍തോതില്‍ വയറുകടിയും മലമ്പ നിയുമുണ്ടായി. ശത്രു റംഗൂണിലേക്കു മുന്നേറി. നേതാജിക്ക് 1945 ഏപ്രിലില്‍ റംഗൂണില്‍നിന്നും ഓഗസ്‌ററില്‍ സിംഗപ്പൂരില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. അപ്പോഴേയ്ക്കും യുദ്ധം തീര്‍ന്നു. സെയ്‌ഗോണില്‍നിന്ന് ഓഗസ്‌ററ് 17-ന് ഒരു ബോം ബര്‍വിമാനത്തില്‍ അദ്ദേഹം കയറി. അവസാനത്തേതായിരുന്നു യാത്ര, പൂര്‍വേഷ്യയിലെ ഐ.എന്‍.ഏ ഭടന്മാരെ ബ്രിട്ടീഷുകാര്‍ തടവിലാക്കി ഇന്ത്യയില്‍ കൊണ്ടുവന്ന്, ചെമപ്പ് കോട്ടയിലെ ചരിത്രപ്രസിദ്ധമായ വിചാരണയ്ക്ക് വിധേ രാക്കി. തുടര്‍ന്നുണ്ടായ രാജ്യവ്യാപകമായ ഉണര്‍ച്ചയില്‍ അധീരരായിപ്പോയ ബ്രിട്ടീഷുകാര്‍ 1947 ഓഗസ്ററ് 15-ന് ഇന്ത്യ വിട്ടു. സര്‍വസൈന്യാധിപനായ നേതാജി സുഭാഷ് ചന്ദ്രബോസ് സ്വസൈന്യങ്ങള്‍ക്ക് അവസാനമായി ദൈനംദിന ആജ്ഞ നല്‍കിയത് 1945 ഓഗസ്‌ററ് 15-നായിരുന്നു. അതില്‍ ഇങ്ങനെ അദ്ദേഹം പറഞ്ഞു: ”ദല്‍ഹിയിലേക്കുള്ള പാതകള്‍ പലതാണ്: എങ്കിലും ദല്‍ഹിതന്നെ സദാ നമ്മുടെ ലക്ഷ്യം.” ആജ്ഞ അദ്ദേഹം സമാപിപ്പിച്ചത് ഇങ്ങനെയായിരുന്നു, ”ഇന്ത്യ സ്വതന്ത്ര യാകുകതന്നെ ചെയ്യും, അധികം വൈകാതെ.”
വിനാശകരമായ വിഭജനമുണ്ടായെങ്കിലും 1947 ഓഗസ്ററ’ 15-ന് ഇന്ത്യ സ്വതന്ത്രയായി.
Leave a Reply