(കവിതകള്‍)
ശ്രീകാന്ത് താമരശ്ശേരി
ഡി.സി ബുക്സ് 2023
ശ്രീകാന്ത് താമരശേരിയുടെ കവിതകളുടെ സമാഹാരമാണ് ഈ കൃതി. ലോക്ഡൗണ്‍ കാലം മുതല്‍ എഴുതിയ കവിതകളാണ് ഈ പ്രഥമസമാഹാരത്തില്‍. ഗ്രന്ഥകര്‍ത്താവ് എഴുതിയ ആമുഖവും കവി പ്രഭാവര്‍മ്മ എഴുതിയ അവതാരികയും ചുവടെ ചേര്‍ക്കുന്നു:
ആമുഖം
കയറ്റിറക്കങ്ങള്‍ കലര്‍ന്ന ഒരു സൈന്‍ വേവ് പോലെയാണ് ജീവിതം. അത് വിചാരിക്കാത്തതു പലതും നമുക്കായി കാത്തുവയ്ക്കുന്നു. മുറിവേറ്റ ഒരു കൗമാരഹൃദയത്തിന്റെ മിടിപ്പുനിലച്ച കവിതയ്ക്ക് കോവിഡ് കാലത്ത് വീണ്ടും ജീവന്‍ വയ്ക്കുമെന്ന് വിചാരിച്ചിരുന്നില്ല. എങ്കിലും ജന്മാന്തരവാഗ്ദാനങ്ങളും അവയുടെ പൊരുളുകളും ആരു കണ്ടു? അപ്രതീക്ഷിതമായി കയറിട്ടുപിടിച്ച്, മരണത്തിന്റെ ഉപ്പുരുചിപ്പിച്ച് കവിതയും വെളിച്ചവും സമ്മാനമായി പൊതികെട്ടി തന്നുവിട്ട കോവിഡ് കാലമേ, നിനക്ക് നന്ദി. ലോക്ഡൗണ്‍ സമയത്ത്, ‘നിന്റെ ഉള്ളിലൊരു നെബുലയുണ്ട്.
അത് നിനക്ക് നക്ഷത്രങ്ങളെ തരും. ഇത് നിന്റെ നിയോഗമാണ്…എന്നുപറഞ്ഞ് വാക്കുകള്‍കൊണ്ട് നെറുകയില്‍
ത്തൊട്ട കവി വിജയലക്ഷ്മി എന്ന വിജിച്ചേച്ചി, ഒരു പരിചയവുമില്ലാതിരുന്നിട്ടും ഫേസ്ബുക്കിലെ കവിതച്ചങ്ങലയില്‍ എന്നെക്കൂടി കണ്ണിചേര്‍ത്തു കൂടെകൂട്ടിയ കവി ഷീജാ വക്കം, കുട്ടിക്കാലംതൊട്ട് എന്നുമൊപ്പമുള്ള അനിയത്തി സൗമ്യ താമരശ്ശേരി, കവി ആര്യാംബിക തുടങ്ങിയ പ്രിയപ്പെട്ട കൈരളിക്കുട്ടികള്‍, കൈരളി ടിവിയുടെ കവിതാ റിയാലിറ്റി ഷോ ‘മാമ്പഴത്തില്‍’ പങ്കെടുത്ത കാലം മുതല്‍ എന്നെ പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ട സഹൃദയര്‍, ശ്ലോകപ്രേമികള്‍, നേര്‍വഴികാട്ടി കൂടെ നടക്കുന്ന ഗായത്രി, കുട്ടികള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും നന്ദി.
മാമ്പഴം പ്രോഗ്രാമില്‍ ഞങ്ങളുടെ വിധികര്‍ത്താവായിരുന്ന പ്രഭാവര്‍മ്മ സാര്‍ തിരക്കുകള്‍ക്കിടയിലും സുദീര്‍ഘമായ ഒരു അവതാരിക എഴുതി എന്നെ പ്രോത്സാഹിപ്പിച്ചു. അതുപോലെ ശ്രീ.രാജേന്ദ്രന്‍ എടത്തുംകര കവിതകളെക്കുറിച്ച് ആഴമേറിയ ഒരു പഠനവും നടത്തിത്തരികയുണ്ടായി. രണ്ടുപേര്‍ക്കും സ്‌നേഹവും നന്ദിയുമറിയിക്കട്ടെ
വൈകിവന്നവനെങ്കിലും കവിതാവായനയുടേയും ചൊല്ലലിന്റേയും ലോകത്തുനിന്ന് അച്ചടിമഷിപുരട്ടിയ അക്ഷരങ്ങളുടെ
അത്ഭുതക്കാഴ്ചയിലേക്ക് എനിക്ക് പ്രവേശനം തരുന്ന ഡി.സി ബുക്സിനും സ്‌നേഹമറിയിക്കുന്നു. കവര്‍ ഡിസൈനിങിനായി വിലപ്പെട്ട സമയം പങ്കുവച്ച ശ്രീ.ഭട്ടതിരിക്കും ആത്മാര്‍ത്ഥമായ നന്ദി.
പ്രധാനമായും 2020 ലോക്ഡൗണ്‍ കാലം മുതല്‍ എഴുതിയ കവിതകളാണ് ഈ പ്രഥമസമാഹാരത്തില്‍. കൗമാരകാലത്തെ കവിതകള്‍ മിക്കതും നഷ്ടപ്പെട്ടുപോയി, എങ്കിലും അക്കാലത്ത് വാരികകളില്‍ പ്രസിദ്ധീകരിച്ചു വന്നവയില്‍ ചിലത് പ്രിയംകൊണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമ്മയേയും അച്ഛനേയും വിശ്വനാഥന്‍സാറിനേയും ഓര്‍ക്കാതെ ഈ പുസ്തകം പുറത്തിറങ്ങുന്നതെങ്ങനെ? ജനിച്ചു വളര്‍ന്ന ഏറ്റിക്കട തറവാടിന്റെ ചുവരില്‍കണ്ട, ഒരായുസ്സുമുഴുവന്‍ ഭാഷയ്ക്കും സാഹിത്യത്തിനുമായി ഉരഞ്ഞുതീര്‍ന്ന മുത്തശ്ശന്റെ വരികള്‍ മനസ്സിലേറ്റിത്തന്നത് അമ്മയാണ്. അച്ഛന്റെ നിശ്ശബ്ദമായ പിന്തുണ എന്നുമുണ്ട്, എല്ലാത്തിനും.
കൈരളീശ്ലോകരംഗം പാലായിലായിരുന്നു എന്റെ കവിതയുടെ ബാല്യവും കൗമാരവും. ഞാന്‍ കുട്ടിക്കാലത്ത് കവിതയെഴുതിയതു കണ്ട് ഏറ്റവും സന്തോഷിച്ചതും, അതുപോലെ എഴുത്തുനിന്നു പോയതില്‍ ഏറ്റവും ദുഃഖിച്ചയാളും വിശ്വനാഥന്‍ സാറാണ്. അതുകൊണ്ടുതന്നെ ആ ഓര്‍മ്മകളുടെ മുറ്റത്തേക്കാണ് കടല്‍കടന്ന ഈ കറിവേപ്പിന്‍ തൈകളെ ഞാന്‍ പറിച്ചുനടുന്നത്.
അറിയില്ല, പുറത്തിറക്കണോ?
കളിമണ്‍ചട്ടിയില്‍ വേരടര്‍ത്തണോ?
പിതൃഭൂമി പറിഞ്ഞ കാല്‍കള്‍ ഈ-
ധ്വരതന്‍ മണ്ണിലുറച്ചിരിക്കുമോ?
അറിയില്ല. കാലം തന്നെ തീരുമാനിക്കട്ടെ!
ശ്രീകാന്ത് താമരശ്ശേരി
ബര്‍മ്മിംഗ്ഹാം,
യുകെ ജൂലൈ 6 2023
…….
ഹിമവൽഗാംഭീര്യവും 
സാഗരഗഹനതയും 
പ്രഭാവർമ്മ
കാവ്യഭാഷ കേവല വ്യവഹാര ഭാഷയല്ല. കേവല വ്യവഹാരങ്ങളിലെ പദങ്ങള്‍ കവിതയില്‍ ഉണ്ടാവരുത് എന്നല്ല ഇതിനര്‍ഥം. അത്തരം സാധാരണപദങ്ങള്‍ ഉണ്ടാവാം. സാധാരണപദങ്ങള്‍ മാത്രം എന്ന നിലയുമാവാം. എന്നാല്‍, ആ പദങ്ങളുടെ ചേരുവ അസാധാരണമായ ഒരു പദ-അര്‍ത്ഥ സംവേദനത്തിന്റെ ഭാവതലം സൃഷ്ടിക്കണം. അതിനു സമര്‍ഥമാവണം കവിതയിലെ പദവിന്യാസം എന്നര്‍ഥം.
യേശു വെള്ളം വീഞ്ഞാക്കി എന്നു പറയുമല്ലോ. അതില്‍ സാധാരണ പദങ്ങളേയുള്ളു. സാധാരണപദങ്ങള്‍ വിന്യസിച്ചുള്ള സാധാരണപറച്ചില്‍. അത്രമാത്രം. ജലം സ്രഷ്ടാവിന്റെ മുഖത്തേക്കു നോക്കി. ആ മുഖം കണ്ട് ജലത്തിന്റെ മുഖം ചുവന്നു തുടുത്തു. ഈ വാചകത്തിലോ? ഇതിലും കേവലപദങ്ങളേയുള്ളു. എന്നാല്‍, കേവലത്വത്തില്‍ പരിമിതപ്പെട്ടുനില്‍ക്കുമ്പോള്‍ത്തന്നെ ആ വാക്കുകള്‍ ഇവിടെ ഭാവുകത്വത്തിന്റേതായ വിശേഷതലത്തിലേക്കുയര്‍ന്ന് അനുഭൂതിയുടേതായ സുഗന്ധം പ്രസരിപ്പിക്കുന്നു. സൃഷ്ടിക്ക് സ്രഷ്ടാവിന്റെ മുഖം കാണുന്നതില്‍പ്പരം ഒരു സന്തോഷമില്ല. ആ സന്തോഷംകൊണ്ട് സ്വയമറിയാതെ ജലത്തിന്റെ മുഖം ചുവന്നുതുടുക്കുകയായിരുന്നു എന്നു കവി പറയുന്നു. ഒരേ കാര്യം ഒരു സാധാരണക്കാരന്‍ പറയുന്നതും, പ്രതിഭാധനനായ കവി പറയുന്നതും തമ്മിലുള്ള വ്യത്യാസമിതാണ്. ആദ്യത്തേതു കേവലത്വത്തിന്റെ രീതി. രണ്ടാമത്തേത് ഭാവുകത്വത്തിന്റെ രീതി. അതുകൊണ്ടാണ് കേവലത്വത്തിന്റെ രീതിയല്ല, ഭാവുകത്വത്തിന്റെ രീതിയാണു കാവ്യഭാഷയില്‍ ഉണ്ടാവുക എന്നു പറയുന്നത്. കാവ്യത്തിന്റെ മര്‍മ്മം ഇതാണ്. ഉരകല്ലും ഇതാണ്. ഈ ഉരകല്ലിലുരച്ചാണ് ഞാന്‍ കേവലത്വത്തിന്റെ രചനയെയും ഭാവുകത്വത്തിന്റെ രചനയെയും വേര്‍തിരിക്കാറ്.
കാവ്യകലയുടെ ഈ മര്‍മ്മം മനസ്സിലാക്കിയാലേ കാവ്യാസ്വാദനം പൂര്‍ത്തിയാവൂ. ഇതു മനസ്സിലാക്കിയ വ്യക്തിയാണ് കവിയും നിരൂപകനുമായ തിമോത്തി സ്റ്റീല്‍. അല്ലെങ്കില്‍, ‘All the fun is in how you say a thing’ എന്ന് കവിതയെക്കുറിച്ചു പറയവേ, അദ്ദേഹം രേഖപ്പെടുത്തി വയ്ക്കുമായിരുന്നില്ലല്ലോ. ‘The poetical language of an age should be the current language heightened എന്നു റോബര്‍ട്ട് ബ്രിഡ്ജസിനുള്ള കത്തില്‍ ഹോപ്കിന്‍സ് പറഞ്ഞുവെച്ചപ്പോഴും ഇതുതന്നെയാണ് ഉദ്ദിഷ്ടമായിട്ടുള്ളത്. വ്യവഹാരഭാഷ ഉയര്‍ത്തപ്പെടുമ്പോള്‍, ഉദാത്തവല്‍ക്കരിക്കപ്പെടുമ്പോഴാണു കാവ്യഭാഷ ഉദിക്കുന്നത്.
ഇവിടെ മറ്റൊരു കാര്യം കൂടി ഉണര്‍ന്നുകിട്ടുന്നുണ്ട്. അത് വക്രോക്തിതന്നെയാണു കവിതയുടെ ഭാഷ എന്നതാണ്. കാണുന്നതെന്തോ, അതു നേരിട്ടു കാട്ടിക്കൊടുക്കുക. കേള്‍ക്കുതെന്തോ, അതു നേരിട്ടു കേള്‍പ്പിച്ചുകൊടുക്കുക. ഇതല്ല കവിതയുടെ രീതി. അങ്ങനെയാണെങ്കില്‍, അതാ അങ്ങോട്ടു നോക്കൂ എന്നും ഇതാ ഇതുകേള്‍ക്കൂ എന്നും പറയുന്നിടത്തു പരിമിതപ്പെട്ടുപോവും കവിയുടെ റോള്‍. കാണുന്നതിനെ, കേള്‍ക്കുന്നതിനെ അനുഭൂതി പ്രസരണക്ഷമമാക്കി പരിവര്‍ത്തിപ്പിച്ചു പകര്‍ന്നുകൊടുക്കലാണു കവികര്‍മ്മം. അനുഭവത്തെ അതേപടി അറിയിക്കലല്ല, അതിന്റെ ഊഷ്മളത വാറ്റിയെടുത്തു പകര്‍ന്നുകൊടുത്ത് അനുഭവിപ്പിക്കലാണു കവികര്‍മ്മം. മറിച്ചായിരുന്നെങ്കില്‍, സീത രാമനെ വിവാഹം ചെയ്തു എന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ, എഴുത്തച്ഛന്. ‘വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍ മുന്നേ…’ എന്നു വിശദീകരിച്ചു പോകേണ്ടിയിരുന്നില്ലല്ലോ. ആദ്യം നേത്രോല്പലമാല – കണ്ണുകളാവുന്ന കരിങ്കൂവളപ്പൂക്കള്‍ കൊണ്ടുള്ള മാല – അണിയിച്ചു. പിന്നീടു വരണമാല്യവുമണിയിച്ചു. വരണമാല്യമണിയിച്ചു എന്നിടത്തല്ല, കരിങ്കൂവളപ്പൂക്കള്‍ കൊണ്ട്, കണ്ണുകള്‍കൊണ്ട് നടത്തുന്ന ആ മാലയിടലുണ്ടല്ലൊ. അതാണു കവിതയുടെ രീതി.
ചെറുശ്ശേരിയാണെന്നു തോന്നുന്നു, ഗര്‍ഭിണിയായ അമ്മയുടെ മുഖശോഭയെക്കുറിച്ചു പറയേണ്ടിടത്ത്, നാളത്തെ ഉള്ളില്‍ വഹിക്കുന്ന ചിമ്മിനിവിളക്കിന്റെ തെളിമയെക്കുറിച്ചു പറയുന്നുണ്ട്. അതാണു കവിതയുടെ രീതി. ഇന്ദുമതീസ്വയംവര വര്‍ണനയില്‍, ഇരുവശത്തും കണ്ണാടിമാളികകളുള്ള രഥ്യയിലൂടെ ദീപശിഖ കടന്നു വന്നാലെന്നതുപോലെ സ്വയംവരമാല്യവുമായി ഇരുവശത്തും നിരന്നുനില്‍ക്കുന്ന രാജകുമാരന്മാര്‍ക്കിടയിലൂടെ ഇന്ദുമതി കടന്നു വരുന്നതിനെക്കുറിച്ചു കാളിദാസന്‍ പറയുന്നില്ലേ ”സഞ്ചാരിണീ ദീപശിഖൈവ രാത്രോ’ എന്ന വരികളിലൂടെ, ദീപശിഖ അടുത്തു വരുന്തോറും കണ്ണാടിമാളിക പ്രകാശപൂര്‍ണമാവും. അകലുമ്പോള്‍ കറുത്തുകരിവാളിക്കും. ഇതേപോലെ ഇന്ദുമതി വരുന്ന മുറയ്ക്കു പ്രതീക്ഷകൊണ്ടു രാജകുമാരന്മാരുടെ മുഖം ദീപ്തമാവുന്നതും, അകലുന്നമുറയ് അവരുടെ മുഖം കറുത്തുകരിവാളിക്കുന്നതും ഏതു സഹൃദയമനസ്സിനു മറക്കാനാവും? അത്തരം ഭാവചിന്തകള്‍ രചിക്കാന്‍ വാങ്മയത്തിനാവുന്നുണ്ടോ? ഇതാണ് ഉരകല്ല്, ‘Because I could notts op for death, he kindlyts opped for me എമിലി ഡിക്കിന്‍സണ്‍ മരണത്തെക്കുറിച്ച് എഴുതുന്നിടത്തും ‘തന്നുടെ നിറുകയിലുമൊക്കത്തും പാല്‍ക്കുടമേന്തിയ വ്രജ സുന്ദരിയാണ് തുമ്പപ്പൂച്ചെടി’ എന്ന് വൈലോപ്പിള്ളി പാടുന്നിടത്തും ഞാന്‍ കവിതയുടെ കനലൊളി കാണുന്നു.
ഇതേ കനലൊളിയാണ് ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടല്‍കടന്ന കറിവേപ്പുകള്‍’ എന്ന കവിതാസമാഹാരത്തിന്റെ പല ഭാഗങ്ങളിലും ഞാന്‍ കണ്ടത്. കവിത ആലപിച്ചുകൊണ്ട് കാവ്യാസ്വാദകരുടെ മനസ്സിലേക്കു കടന്നുവന്ന് അവിടെ ഇരിപ്പുറപ്പിച്ച വ്യക്തിയാണു ശ്രീകാന്ത്. എന്റെ മനസ്സ് കൈരളി ടിവിയിലെ ‘മാമ്പഴം’ എന്ന കവിതാ റിയാലിറ്റി ഷോയുടെ ഘട്ടത്തിലേക്കുപോവുന്നു. അന്ന് ഘനഗംഭീരമായ സ്വരത്തില്‍[ അക്ഷരസ്ഫുടതയോടെ, ഭാവസ്ഫുരണ സമര്‍ത്ഥതയോടെ, അര്‍ത്ഥ ധ്വനന സിദ്ധിയോടെ[ കുഞ്ചന്‍ നമ്പ്യാരുടെ മുതല്‍ കുമാരനാശാന്റെ വരെ കവിതകള്‍ ചൊല്ലി വിധികര്‍ത്താക്കളായ ഞങ്ങളെയൊക്കെ വിസ്മയിപ്പിച്ചു ഒരു ബാലന്‍. ആ ബാലനാണ് ഇന്ന് ശ്രീകാന്ത് താമരശ്ശേരി എന്ന കവിയായി വളര്‍ന്നുയര്‍ന്നുനില്‍ക്കുന്നത്. ശ്രീകാന്തിനെ ഇങ്ങനെ കാണുന്നതില്‍ എനിക്കുള്ള സന്തോഷം ചെറുതല്ല.
മാമ്പഴക്കാലത്ത് മൗലികതയുള്ള ആലാപന സിദ്ധികൊണ്ടും വ്യത്യസ്തനായ നിമിഷങ്ങളില്‍ത്തന്നെ ആലങ്കോട\ ലീലാ കൃഷ്ണനും എനിക്കും ഒക്കെ ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു അത് ശ്രീകാന്തിന്റെ തന്നെ കവിത്വമാണ്. കവിത്വസിദ്ധി ഉള്ളിsh ജന്മനാലെന്നോണം തന്നെ ഉള്ള ഒരാള്‍ക്കു മാത്രം സാധിക്കു~ വിധത്തിലുള്ള സവിശേഷ ആലാപനമായിരുന്നു അത്. കവിതയുsm മര്‍മ്മം അറിഞ്ഞ് സ്വയം അതിന്റെ സാരസത്തയില്‍ നിമഗ്‌നനായ ആത്മ വിസ്മൃതിയിലെന്നോണം കവിത ആലപിക്കുന്നതും[ കവ് കാണാപ്പാഠം പഠിച്ച് സമ്മാനത്തിനുവേണ്ടി, യാന്ത്രികമായി ഉപചഭാവത്തില്‍ ആലപിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഞങ്ങള്‍d\d\ ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഐ ടി എഞ്ചിനീം
എന്നതിനൊക്കെയപ്പുറത്ത് ശ്രീകാന്ത് അടിസ്ഥാനപരമായി കവിയാണ്; കവി മാത്രമാണ്. അന്ന് ജൂറി പാനലിലിരുന്നു ലീലാക്യഷ്ണനും ഞാനും പറഞ്ഞത്, ഇയാള്‍ കേവലം കാവ്യാലാപനകാരനല്ല, കവി തന്നെയാണ് എന്നാണ്. അത് കാലം സ്ഥിരീകരിച്ചു. അതിന്റെ ഉപലബ്ധിയത്രേ ഈ ‘കടല്‍കടന്ന കറിവേപ്പുകള്‍’.
ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മായ ഭാവോതീലനം, മനോജ്ഞമായ പ്രതീതിരചന, ഔചിത്യപൂര്‍ണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാര്‍ന്ന ഛന്ദോബദ്ധത, സര്‍വോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാര്‍ന്നു നില്‍ക്കുന്നു ശ്രീകാന്തിന്റെ കവിതകള്‍. ഭാഷയ്ക്കും ഭാവനയ്ക്കും മേല്‍ ഒരേപോലെ ആധിപത്യം പുലര്‍ത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരില്‍ കാണാനില്ല എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല.
സമൃദ്ധവും സമ്പന്നവുമായ ഒരു കാവ്യാനുശീലന പശ്ചാത്തലമുണ്ട് ശ്രീകാന്തിന്. ആ സഞ്ചിതസംസ്‌കാരം ആര്‍ജിത സംസ്‌കാരവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പാരമ്പര്യത്തിന്റെ സാരംശങ്ങളും സമകാലികമായ ആധുനികതയുടെ ജീവാംശങ്ങളും ചേര്‍ന്ന കാലാതിവര്‍ത്തിയായ കവിതയാവുന്നു. ആ കവിതയാണ് ശ്രീകാന്തിലൂടെയുണ്ടാവുന്നത് എന്നതുകൊണ്ടു തന്നെ പറയട്ടെ, കവിതയില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കുമെങ്കില്‍ മലയാള കാവ്യചരിത്രത്തിന്റെ വരും ഘട്ടങ്ങളിലൊന്നിന്റെ ശീര്‍ഷകമായി ഉയര്‍ന്നുനില്‍ക്കും ശ്രീകാന്ത് കവിത.
കവിത അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ പലതുണ്ട്. അതുവരെ അറിയാത്ത അനുഭൂതികളുടെ പ്രസരണം അനുവാചകമനസ്സുകളില്‍ സാധ്യമാക്കുക, അതുവരെ ചെന്നെത്തിയിട്ടില്ലാത്ത അനുഭവവിതാനങ്ങളിലേക്ക് ജീവിതത്തെ കൂട്ടിക്കൊണ്ടുപോവുക, കടന്നു കാണുക, സ്ഥിതവ്യവസ്ഥയുടെ നീതിപ്രമാണങ്ങളെ പൊളിച്ചെഴുതുക, വരുംകാലം ഏതു വിധത്തിലുള്ളതാണെന്നു പ്രവചിക്കുക തുടങ്ങിയവയൊക്കെ അതില്‍പ്പെടും. ഇതില്‍ ഒന്നു നിറവേറ്റിയാല്‍ തന്നെ കാവ്യജീവിതം ധന്യമായി. എന്നാല്‍, ഇതിലോരോന്നിലും സര്‍ഗാത്മകമായ ഉദ്യമം നടത്തുന്നു ശ്രീകാന്ത് തന്റെ കവിത്വത്തി ലൂടെ എന്നതിന്റെ സാക്ഷ്യസ്ഫുരണങ്ങള്‍ ഈ കാവ്യസമാഹാരത്തിലുടനീളം പ്രകടമാണ്. അതിന്റെ സാഫല്യത്തെ കണ്ടെത്തിയിരിക്കുന്നു കൈരളി എന്നു പറയാന്‍ എനിക്ക് ഏറെ താല്‍പര്യമുണ്ട്.
ശ്രീകാന്ത് കവിതകളില്‍ എന്നെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങളിലൊന്ന്, അദ്ദേഹം പോലുമറിയാതെ അദ്ദേഹത്തിന്റെ മനസ്സില്‍ ഉചിതപദത്തിനുവേണ്ടിയുള്ള ഒരു ധ്യാനം നടക്കുന്നു എതാണ്. തോന്നുന്ന വാക്ക് തോന്നുംപടി എന്ന മട്ടിലല്ല, ഉചിതമായ വാക്ക് ഉചിതസ്ഥാനത്ത് എന്നനിലയിലുള്ള പദവിനിയോഗമാണു നടക്കുന്നത്. ആ ഉചിതപദം കണ്ടെത്തുന്നതാവട്ടെ, സര്‍ഗാത്മകതയുടെ ധന്യമായ ഒരു ഏകാന്ത ധ്യാനത്തിലൂടെയാണ്.
അത്തരമൊരു ധ്യാനത്തിന്റെ പശ്ചാത്തലമുള്ളതുകൊണ്ടു തന്നെ ഏകദേശാര്‍ത്ഥമുള്ള വാക്കില്‍ (word of apporoximate meaning) അല്ലാതെ കൃത്യമായും ശരിയായ വാക്കില്‍ (right word) തന്നെ എത്തിച്ചേരാന്‍ കവിക്കു കഴിയുന്നു. അഥവാ, ഭാരതീ പദാവലി തോന്നേണം കാലേ കാലേ എന്ന പ്രാര്‍ത്ഥനയുടെ ഫലമെന്നോണം ഉചിതപദങ്ങള്‍ ഉചിതസന്ദര്‍ഭത്തില്‍ ശ്രീകാന്തിന്റെ മനസ്സില്‍ വന്നുദിക്കുന്നു. അവയാകട്ടെ ‘വാക്കിന്‍ വക്കിനു വാക്കുചേര്‍ത്തുളി നടത്തീടും കലാചാതുരി’ യിലെന്നോണം ശില്പഭദ്രമായ നിലയില്‍ താളാത്മകതയോടെ വരികളില്‍ വന്നുനിറയുന്നു.
ഉചിതമായ പദം തന്നെ വന്നാലേ വാങ്മയം കവിതയാവൂ. ഭീഷ്മര്‍ക്കു ദാഹിക്കുന്നു എന്നു പറഞ്ഞാല്‍ മതി യാവുന്നിടത്ത്, ‘ദാഹമുണ്ടേറ്റമെന്നാന്‍ നദീനന്ദനന്‍’ എന്നു പറഞ്ഞില്ലേ എഴുത്തച്ഛന്‍. ആര്‍ക്കു ദാഹിച്ചാലും നദിയുടെ മകനു ദാഹിച്ചുകൂടാത്തതാണ്. ദാഹത്തിന്റെ തീവ്രത എത്രയേറെയാണെന്നതു ധ്വനിപ്പിക്കുന്നുണ്ട് നദീനന്ദനന്‍ എന്ന തിരഞ്ഞെടുത്ത വാക്കിന്റെ പ്രയോഗം. അതേപോലെ, ‘വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാമെണ്ണ തേച്ചരയിലൊറ്റമുണ്ടുമായി’രിക്കുന്ന സൗന്ദര്യപൂരം ആസ്വദിക്കാന്‍ രണ്ടു കണ്ണുകള്‍ മതിയാവില്ല എന്നു ധ്വനിപ്പിക്കുന്നുണ്ട് ‘മുക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം’ എന്നിടത്തെ മുക്കണ്ണന്‍ എന്ന വള്ളത്തോള്‍ പ്രയോഗം. ഇതൊന്നും ബുദ്ധി ഉപയോഗിച്ച് കണ്ടെത്തുന്നതല്ല. മറിച്ച്, തീര്‍ത്തും സ്വാഭാവികമായി, സ്വയമേവ ഉരുത്തിരിഞ്ഞുവരുന്നതാണ് മികച്ച കവികള്‍ക്ക്. എഴുത്തച്ഛനിലും വള്ളത്തോളിലും കണ്ട ഉചിതപദനിഷ്‌കര്‍ഷ ശ്രീകാന്തിന്റെ കവിതയില്‍ കാണുന്നു. നല്ല കവികള്‍ക്കു സ്വാഭാവികമാണിത്; ചന്ദനത്തിന്റെ ഏതുഭാഗം മുറിച്ചാലും ചന്ദനഗന്ധം എന്നു പറയില്ലേ; അതുപോലെ.
സ്വര്‍ണത്തിനു സുഗന്ധം എന്ന പോലെയാണ് ശ്രീകാന്ത് കവിതകള്‍ക്കു ഛന്ദസ്സ്, അഥവാ വൃത്തനിബദ്ധത, അതുമല്ലെങ്കില്‍ ചൊല്‍വഴക്കമുറപ്പാക്കുന്ന താളക്രമം. ഇതും നിസര്‍ഗസുന്ദരമായ ഒരു ധാരയായി ഒഴുകിയെത്തുന്നു ശ്രീകാന്തിന്റെ കവിതയില്‍.
വൃത്തമാണു കവിത എന്ന തെറ്റിദ്ധാരണയൊന്നും ശ്രീകാന്തിനില്ല. വൃത്തം വര്‍ജിക്കപ്പെടേണ്ടതാണെന്ന ഫാഷന്‍ ഭ്രമവുമില്ല. വാങ്മയത്തെ ഭാവസംക്രമണ സമര്‍ത്ഥമാക്കുന്നതില്‍, അതു ശാന്തമാവട്ടെ രൗദ്രമാവട്ടെ ഏതുമാവട്ടെ, അതില്‍ വൃത്തത്തിന് പ്രധാനമായ ഒരു പങ്കുണ്ട് എന്നതില്‍ സംശയമില്ല. അതിന്റെ രുചി അറിഞ്ഞവര്‍, അതു കൃത്യമായും വഴങ്ങുന്നവര്‍ ഒരിക്കലും അതിനെ പാടേ ഉപേക്ഷിച്ചുപോവില്ല. ശ്രേഷ്ഠമായ ആ രുചി അറിഞ്ഞ കവിയാണ് ശ്രീകാന്ത്. സംസ്‌കൃതവൃത്തവും ദ്രാവിഡവൃത്തവും ഒരുപോലെ ശ്രീകാന്തിനു വഴങ്ങുന്നു. സമര്‍ത്ഥമായി കവിതയില്‍ അത് അദ്ദേഹം ഉപയോഗിക്കുകയും ചെയ്യുന്നു.
മോഹിനിയാട്ടത്തിന്റെ ചിട്ടകളൊന്നും പാലിക്കാതെ ചുവടുകള്‍വച്ച് ‘ഇങ്ങനെ മോഹിനിയാട്ടം നടത്തുമ്പോഴാണ് ഭാവനയ്ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ പറ്റുക’ എന്ന് അവകാശപ്പെടുന്നവരുമുണ്ടാവാം. ഏതായാലും ആ പക്ഷത്താവില്ല മോഹിനിയാട്ടം ആസ്വദിച്ചിട്ടുള്ളവര്‍ നില്‍ക്കുക. ശ്രീകാന്ത് കവിതയിലെ താളക്രമത്തിന്റെ കാര്യത്തിലും പൊതുവേ അങ്ങനെയാവുമെന്നു കരുതാനാണ് എനിക്കിഷ്ടം. ‘അനന്തമായ സമയം അള്ളാഹുവിന്റെ ഖജനാവില്‍ മാത്രം’ എന്നു വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയത് ഒന്നാന്തരം കവിത തന്നെ എന്നതുകൂടി ഇവിടെ ഇതോടു ചേര്‍ത്തു പറയട്ടെ. പദ്യമോ ഗദ്യമോ എന്നതല്ല, കവിതയുണ്ടോ എന്നതാണു കാര്യം. വൃത്തമുണ്ടായിപ്പോയാല്‍ കവിത പുറത്തായിപ്പോവും എന്നു ചിന്തിക്കേണ്ടതില്ല. ശ്രീകാന്ത് അങ്ങനെ ചിന്തിക്കുന്നുമില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗദ്യകവിതകള്‍ ഈ സമാഹരത്തില്‍ത്തന്നെയുണ്ട്.
ഈരിലകള്‍ക്കിടയില്‍ പുതുനാമ്പുണരുന്നതുപോലെ, സങ്കടത്തില്‍ കണ്ണീര്‍ ഉറന്നുവരുന്നതുപോലെ, പൂവു വിരിയുന്നതു പോലെ, അത്രമേല്‍ നൈസര്‍ഗിക സ്വാഭാവികതയോടെയാണു ശ്രീകാന്തില്‍ കവിത തുളുമ്പുന്നത്. അതിന്റെ ഉത്കൃഷ്ടസമ്പുടമത്രെ ‘കടല്‍കടന്ന കറിവേപ്പുകള്‍’. കവിത ജീവിതം തന്നെയാണ് ശ്രീകാന്തിന്. കടല്‍ കടന്ന കറിവേപ്പുകള്‍ എന്ന ഈ കവിതാസമാഹാരത്തിലെ ‘കവിത തന്‍ കാറ്റില്‍’ എന്ന ശീര്‍ഷകത്തിലുള്ള കവിതതന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു. കവിതയെക്കുറിച്ചു കാലാകാലങ്ങളില്‍ പല കവികള്‍ പല നിര്‍വചനങ്ങള്‍ കവിതയിലൂടെത്തന്നെ മുമ്പോട്ടുവച്ചിട്ടുണ്ടല്ലോ. ‘ഏകാന്തം വിഷമമൃതാക്കിയും’ എന്ന ആശാന്റെ കാവ്യഭാഗം കവിതയ്ക്കുള്ള ഏറ്റവും നല്ല നിര്‍വചനം ഉള്‍കൊള്ളുന്നതാണ്. ആ വഴിക്കുള്ള മറ്റൊരു കാവ്യനിര്‍വചനമത്രെ ശ്രീകാന്ത്, ഈ കാവ്യഭാഗത്തു നടത്തുന്നത്. വര്‍ത്തമാനകാല കനല്‍ക്കാഴ്ചകളില്‍ നിന്നു മുഖംതിരിച്ചു കടന്നുപോവുന്നതല്ല ശ്രീകാന്തിന്റെ കവിത. ‘വാല്മീകിനി’ എന്ന കവിതയില്‍ ‘അവളൊരു തോക്കിന്‍ തിരകുരുങ്ങിയ വെടിയിറച്ചിയായ് കനല്‍ പുതയ്ക്കുമ്പോള്‍’ എന്ന ഭാഗം ‘നിരത്തില്‍ കാക്ക കൊത്തുന്നൂ ചത്തപെണ്ണിന്റെ കണ്ണുകള്‍’ എന്ന അക്കിത്തം കവിതയ്ക്കുശേഷം പിറന്ന ഏറ്റവും അധികം നീറ്റുന്ന നേര്‍ക്കാഴ്ചയാണ്. ചിതയിലെരിയുന്നു എന്ന സാമാന്യത്തെ കനല്‍ പുതയ്ക്കുന്നു എന്ന വിശേഷത്തിലേക്കുയര്‍ത്തുന്ന ആ വിദ്യയുണ്ടല്ലോ, അതിലുള്ളതാണ് കാവ്യകല. നിലവിളികള്‍ തന്‍ നിലവിളികേട്ട് എന്ന പ്രയോഗവും, കവിത ജന്മസിദ്ധമായി കിട്ടിയ കവിയില്‍ നിന്നുമാത്രം ഉണ്ടാവുന്നതാണ്. രുദിതാനുസാരിയായ ഒരു കവിയെ ഞാന്‍ ഇവിടെ കാണുന്നു. നിലവിളിക്കു പിന്നാലെ ചെല്ലലാണ് രുദിതാനുസാരിത്വം.
സാധാരണ വാക്കുകള്‍കൊണ്ട് അസാധാരണ നക്ഷത്രത്തിളക്കമുണ്ടാക്കുന്നു കോട്ടയം തോട്ടം എന്ന കവിതയില്‍ ശ്രീകാന്ത്. ‘ഉച്ചവെയില്‍ വെഞ്ചെരിച്ച പച്ചിലച്ചാര്‍ത്തും’ ‘കുര്‍ബാന കണ്ട് മടങ്ങിപ്പോരുന്ന വഴിയിറക്കവും ‘തൊലിപ്പുറത്ത് ഇരുമ്പിന്റെ നോവുന്നരാകലും’ ‘ചിരട്ടയിലിറ്റുവീഴും വെളുത്തരക്ത’വും ‘കൊന്ത ചൊല്ലാന്‍ മുട്ടുകുത്തും അന്തിനക്ഷത്രവും എല്ലാം കവിതയുടെ കടഞ്ഞെടുത്ത വെണ്ണപ്പാളിതന്നെ. ഒരു മലയോരനാട്ടിലെ റബര്‍ തോട്ടത്തെ കവി ഈ പ്രപഞ്ചത്തിനൊപ്പം ചക്രവാളങ്ങളോളം വികസിപ്പിച്ചെടുക്കുന്നു. സമൂഹത്തിലെ വൈരുധ്യങ്ങളെ വാറ്റി കവിതയുണ്ടാക്കുന്നു. ഭൗമ സ്ഥലരാശികളാകെ സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലെന്നോണം ഈ തോട്ടത്തില്‍ വന്നൊതുങ്ങുന്നു.
കേരളീയതയ്ക്കു പ്രതീകമാവാന്‍ കറിവേപ്പിനോളം പോന്ന മറ്റൊരു ചെടിയില്ല. ഈ സത്യത്തെ മനസ്സിലേക്കു പറിച്ചുനട്ടുകൊണ്ട് പ്രവാസിജീവിതത്തെയും ആ ജീവിതത്തിന്റെ സഹജ ഭാവമായ ഗൃഹാതുരത്വത്തെയും കാവ്യാത്മകമായി തൊട്ടുണര്‍ത്തുന്ന ‘കടല്‍കടന്ന കറിവേപ്പുകള്‍’ ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കവിതകളിലൊന്നത്രെ.
കടല്‍കടന്നു വന്‍കരതാണ്ടി, ലണ്ടനിലെ അടുക്കളച്ചെടിയായി, ബാല്‍ക്കണിയില്‍ തൂങ്ങിമരിച്ച പിച്ചകത്തിന്റെ പ്രലോഭനത്തിന് വശപ്പെടാത്തവനായി വന്നുനില്‍ക്കുന്നു ഒരു കറിവേപ്പ്. ഒരേസമയം മണ്ണുമായും ആകാശവുമായും ബന്ധം നഷ്ടപ്പെട്ടുള്ള ആ നില്‍പ്പ് പ്രവാസിജീവിതത്തിന്റെ നിത്യപ്രതീകമാവുന്നു ഈ കവിത.
തിരുവാതിര ഞാറ്റുവേലയുടെ ഓര്‍മ്മയില്‍ കൂമ്പി മയങ്ങിനില്‍പ്പാണ് ഈ കറിവേപ്പ്. സഹ സസ്യസമൂഹത്തിന്റെ ഭാഷ കേള്‍ക്കുമ്പോള്‍ അപകര്‍ഷം തോന്നുന്നുണ്ട് അതിന്. കുളിര്‍നാമ്പുകള്‍ കണ്‍തുറക്കുമോ, അതോ, അതിനെ പുഴുവന്നു തുരന്നുതീര്‍ക്കുമോ എന്ന് അത് ഉത്കണ്ഠപ്പെടുന്നുണ്ട്. വെണ്‍ ലില്ലിയും ഡെയ്സിയും ഡാഫഡില്‍സും ടുലിപ്സും പോലുള്ള വരേണ്യ സസ്യങ്ങള്‍ തന്നെ കളിയാക്കിച്ചിരിക്കുകയാണോ എന്ന സങ്കടം തീവ്രതരമായിത്തന്നെ അതിന്റെ ഉള്ളിലുണ്ട്. നറുപൂമണമേകാന്‍ തനിക്കു കഴിയാത്തതിലുള്ള വിഷമമുണ്ട്. വന്ന വഴിക്കുതന്നെ കൊണ്ടുവിട്ടാല്‍ മതി യായിരുന്നു എന്ന ചിന്ത അതിന്റെ ഉള്ളില്‍ ഉല്‍ക്കടമായി ഉണരുന്നുണ്ട്. എല്ലാത്തിനുമൊടുവില്‍ കറിവേപ്പില ഊര്‍ത്തി എണ്ണയില്‍ വറുത്തുകോരുമോ എന്ന ചിന്തയിലതു പൊള്ളിനില്‍ക്കുന്നുമുണ്ട്.
ബിംബപ്രതിബിംബ ചേര്‍ച്ചകൊണ്ട് സിംബലിക് കവിതകള്‍ സൗവര്‍ണ ശോഭമാവുന്നതിന്റെ ദൃഷ്ടാന്തമുണ്ട് ഈ കവിതയില്‍. സാധാരണ ജീവിതത്തിലെ അതിസാധാരണമായ ഒരു മുഹൂര്‍ത്തത്തെ കാവ്യമുഹൂര്‍ത്തമായി പരിവര്‍ത്തിപ്പിച്ചെടുക്കുന്ന, അതിസാധാരണത്വമാര്‍ന്ന ഒന്നിനെ ഒരു ജീവിതാവസ്ഥയുടെ പ്രതീകമാക്കി മാറ്റുന്ന ഈ മാജിക് തന്നെയാണു കവിതയുടെ കലാചാതുരി.
‘പിതൃഭൂമി പറിഞ്ഞകാല്‍കള്‍ ഈ ധ്വര
തന്‍ മണ്ണിലുറച്ചുനില്ക്കുമോ?’
എന്ന ചോദ്യത്തിലൂടെ മുഴുവന്‍ പ്രവാസി സമൂഹത്തിന്റെയും പൊള്ളുന്ന മനസ്സ് ശ്രീകാന്ത് ഒപ്പിയെടുത്തു കവിതയില്‍ പകര്‍ ത്തുന്നു; തീവ്രതരമായി.
അക്ഷരശ്ലോകത്തിന്റെ കുലപതിയായ വിശ്വനാഥന്‍ നായര്‍ക്ക് ബാഷ്‌പോദകം അര്‍പ്പിക്കുന്ന ഒരു കവിതയുണ്ട് ഈ സമാഹാരത്തില്‍; ‘ജനുവരി 28’ എന്ന ശീര്‍ഷകത്തില്‍. സൂര്യനെ സൂര്യനില്‍ നിന്നുള്ള കിരണംകൊണ്ടും ചന്ദ്രനെ ചന്ദ്രനില്‍ നിന്നുള്ള കിരണങ്ങള്‍കൊണ്ടും സാഗരത്തെ സാഗരത്തില്‍നിന്നുള്ള ജലംകൊണ്ടും അര്‍ച്ചന. മെഷ്യനായ ഹരിയിലെ സമര്‍പ്പണശ്ലോകത്തെ ഓര്‍മ്മിപ്പിക്കുംവിധം ശിഷ്യനായ ശ്രീകാന്ത്, ഗുരുവായ വിശ്വനാഥന്‍ നായര്‍ക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നിമിഷങ്ങളെയും, പ്രതികങ്ങളെയും കൊണ്ടു തര്‍പ്പണംചെയ്യുന്നു. പുതുമയുണ്ട് ഈ വിലാപത്തിന്. ഗതാനുഗതികത്വത്തിന്റെ വഴിയേ പോകുന്നതേയില്ല പ്രതിഭാധനനായ ഈ കവി! ‘മുന്‍പേ നടന്ന ഭടന്റെ കാല്പാടുകള്‍ ചിന്നിയ മണ്ണില്‍ ചവിട്ടുകയില്ല ഞാന്‍’ എന്ന കാര്യത്തില്‍ വലിയ നിഷ്‌കര്‍ഷതന്നെയുണ്ട് ഈ കവിക്ക്.
പ്രതിപാദ്യം ഏതു പ്രതീകങ്ങളെയാണോ ആവശ്യപ്പെടുന്നത്, ആ പ്രതീകങ്ങള്‍ മാത്രമേ കവിതയില്‍ വരാവൂ. അത് അങ്ങനെ തന്നെയാവുന്നതിലുള്ള ഔചിത്യഭംഗി ഒന്നുവേറെതന്നെ. ‘ഇക്കുറി പെയ്‌തൊരാഗസ്റ്റ് മാസം’ ഇതിന്റെ തെളിവുതരുന്നു. ‘വെട്ടുകല്ലിന്റെ മന്തുകാലിന്മേല്‍ ചാട്ടുളി കൊണ്ടു ചോരയൊലിക്കുന്ന’തും ‘വിളക്കുകാല്‍ ഒന്നരപ്പെഗ്ഗു മഞ്ഞവെളിച്ചം ചില്ലു ഗ്ലാസില്‍ ഒഴിച്ചു നിറയ്ക്കുന്നതും ഒന്നും കാര്യമായേശാത്തപോലെ മിന്നലിട്ട് വലിച്ചുകുടിക്കുന്ന’തും വിവരിച്ചുകൊണ്ട് പ്രതീകങ്ങളിലൂടെ ഒരു നാടിനെ, അതിന്റെ ഭാവസമഗ്രതയെ അടയാളപ്പെടുത്തുന്നു ഈ കവിതയില്‍ ശ്രീകാന്ത്. നാടും നാട്ടുജീവിത സംസ്‌കാരവും ഇതില്‍ പ്രതിഫലിച്ചുനില്‍ക്കുന്നു. നാടിനെ എഴുതല്‍ കൂടിയാണു കവിത. അതുകൊണ്ടുതന്നെ നാട്ടുഭാഷാപദങ്ങള്‍ ധാരാളമായി ഈ കവിതകളില്‍ വന്നുനിറയുന്നു. തെരഞ്ഞ്, പെര, തെരുക്കി, തരുപ്പ് തുടങ്ങിയ ദ്രാവിഡപദങ്ങള്‍ ഉദാഹരണം.
കഥകളി ആചാര്യനായ നെല്ലിയോടിനെ വേഷവും സ്വത്വവും മുന്‍നിര്‍ത്തി മനസ്സില്‍ വരച്ചിടുന്ന ശ്ലോകം വായനാനന്തരവും മനസ്സില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. കവിതയുടെ ഭാഷ എന്താണ് എന്നു ചോദിക്കുന്നവരെ നിര്‍വചനം മുമ്പോട്ടുവച്ചു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍, ശ്രീകാന്തിന്റെ ചില വരികള്‍ പറഞ്ഞുകൊടുത്തു ബോധ്യപ്പെടുത്താനാവും.
‘നെറുകയിലിറവെള്ളം വീണു മുറ്റത്തുനില്‍ക്കും
ചെടിയുടെ തല തോര്‍ത്തിക്കൊണ്ടു നില്‍ക്കുന്ന കാറ്റേ’
എന്ന് എഴുതുന്നുണ്ട് ശ്രീകാന്ത്. കാറ്റ് ഈറന്‍മുടി തോര്‍ത്തുന്നു എന്നു പറയുന്നിടത്തുള്ളതാണ് കവിതയുടെ ഭാഷ. കുലുങ്ങി മൂളുമാ കവിത പൂശിയ വളതന്‍ വക്ക് എന്നു പറയുന്നിടത്തുണ്ട് കവിതയുടെ subtle nuances. കനലു പേടികൊണ്ടു കറുത്തുപോവുന്നതും, ഇടത്തുകൈ ഞരമ്പിലെ ഇരുമ്പുകൊണ്ടുള്ള വയലിന്‍ വായനയും, റേഡിയോയിലെ ശരറാന്തല്‍ത്തിരി ഉയര്‍ത്തലും, വിരുന്നുവിളിച്ചിട്ടു വിശപ്പുവിളമ്പുന്നതും, കുത്തുവിട്ടവയൊന്നും കൂട്ടിത്തയ്ക്കാന്‍ പറ്റാത്തതും, സ്വന്തം നിഴലിന്റെ നെഞ്ചില്‍ വീണു മാവില മരിക്കുന്നതും, വാക്ക് വെന്തൊരു ജപ്തിനോട്ടീസുമായ് മാപ്പപേക്ഷിച്ചു കാല്‍ക്കല്‍ വീഴുന്നതും, ഇരിക്കപ്പൊറുതിയില്ലാതാവുന്ന കിണറ്റുവെള്ളവും, ഒട്ടുപാലുപോലെ ഉരിഞ്ഞെറിയുന്ന ദുരഭിമാനവും ഒക്കെ കവിതയുടെ ഭാവത്തെളിമ വാര്‍ന്നുനില്‍ക്കുന്ന വാങ്മയങ്ങളത്രെ.
വൈരാഗ്യത്തിന്റെ കട്ടിക്കരിമ്പടം നീക്കി പ്രത്യാശയുടെ പ്രകാശത്തെ വരവേല്‍ക്കുന്ന ‘മഞ്ഞനാരങ്ങ’, നിസ്സഹായതയുടെ ഇഴപിരിക്കുന്ന ‘നാം തമ്മില്‍ പിണങ്ങുമ്പോള്‍’, ഗൃഹാതുരത്വത്തിന്റെ ഇടനാഴികളിലൂടെ ജീവിതപാഠങ്ങളുടെ ക്ലാസ്മുറികളിലെത്തിക്കുന്ന ‘തയ്യല്‍ ക്ലാസി’ല്‍, നടുമുറിയിലൊളിച്ചിരിക്കുന്ന ഹൃദയത്തെ തേടിയെത്തുന്ന വേദന എന്ന ചങ്ങാതിയെ വരച്ചുകാട്ടുന്ന ‘ഹാര്‍ട്ട് അറ്റാക്ക്’, ബാല്യകൗതൂഹലങ്ങളെ പ്രതീകങ്ങളാക്കി ജീവിതത്തിന്റെ പ്രഹേളികയിലേക്കു കണ്‍മിഴിക്കുന്ന ‘കാപ്പി’, കിണറ്റുവെള്ളത്തെ അറ്റ്‌ലാന്റിക്കിലേക്കും തിരിച്ചുമെത്തിക്കുന്ന ‘ഷോര്‍ട്ട് സര്‍ക്യൂട്ട്’, വരികള്‍ക്കിടയിലെ ശൂന്യത വായിക്കുന്ന ‘ഒളപ്പമണ്ണ’ തുടങ്ങിയവയൊക്കെ ഈ കവിതാസമാഹാരത്തിലെ സവിശേഷ വായന അര്‍ഹിക്കുന്ന കവിതകളത്രെ.
വിട്ടുപോവാനാവാതെ വിഷമിക്കുന്ന പ്രണയതപ്തമായ മനസ്സ് തുടിക്കുന്നുണ്ട് ഹൃദയദ്രവീകരണക്ഷമമായ ‘ചാവാലി’യില്‍.’
”കല്ലെറിഞ്ഞോടിച്ചാലും പിറകേ വാലാട്ടുവാ- നല്ലാതെ പ്രണയത്തിന്‍ ചാവാലിനായ്‌ക്കെന്താവും?’
എന്ന ചോദ്യത്തില്‍ തുടങ്ങുന്ന ആ കവിത വായനക്കാരില്‍ പില്‍ക്കാലത്തെന്നും അടങ്ങാത്ത വിങ്ങലായി തങ്ങിനില്‍ക്കും എന്നതുറപ്പ്.
‘നിന്റെ കൈ തലോടുവാന്‍ ചെല്ലുമെന്നോര്‍ത്തോര്‍ത്തതിന്‍
കണ്ണുകള്‍ ദയനീയം കലങ്ങിനിറയുന്നു’
എന്ന രണ്ടുവരികള്‍ ഞാന്‍ കവിതയില്‍നിന്ന് ഇവിടെ എടുത്തു ചേര്‍ക്കട്ടെ. ആ കവിതയ്ക്കു തൊട്ടുപിന്നാലെ മനസ്സ് എത്തിയത് ‘ആനന്ദനാരായണ’ത്തിലാണ്.
‘സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത മൃഗാങ്ക കൈതൊഴാം’
എന്ന ആശാന്‍ കവിത എന്റെ മനസ്സിലുളവാക്കിയ വിശ്രാന്തിക്ക് സമാനമായ ഒരു അനുഭൂതിപ്രകര്‍ഷം എനിക്കു തരുന്നു എന്നുമാത്രം പറഞ്ഞുകൊണ്ട് ‘ആനന്ദനാരായണ’ത്തിലെ അവസാന വരികള്‍ ഞാന്‍ അതീവ സന്തോഷത്തോടെ ഇവിടെ ഉദ്ധരിക്കട്ടെ.
‘മര്‍ത്ത്യായുസ്സിലപാരശാന്തത തലോ-
ടുമ്പോള്‍ ചിരിക്കുന്നു വാ-
ഗര്‍ത്ഥാന്തസ്മിതസാരസാക്ഷി;
അവബോധാനന്ദ നാരായണന്‍’
ഇങ്ങനെ കവിത എഴുതുന്ന ഒരാള്‍ പുതിയ തലമുറയിലുണ്ട് എന്നത് മലയാളത്തിന്റെ ധന്യത. ഈ ധന്യത തന്നെയാണ് കവിത അതിജീവിക്കുക തന്നെ ചെയ്യും എന്നതിന്റെ ഏറ്റവും വലിയ ഗ്യാരന്റി.
അതീത ജീവിത സത്യബോധത്തിന്റെ പ്രകാശകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ‘അതാ പറക്കുന്നു’ റയില്‍ പാളങ്ങളുടെ വിങ്ങല്‍ ജീവിതംകൊണ്ടു മനസ്സിലാക്കിയ ‘മൈമുനത്താത്ത’, പാരമ്പര്യത്തിന്റെ മിഥ്യാഭിമാനബോധം കുടഞ്ഞെറിയുന്ന ‘കടുംവെട്ട്’, എന്നിവയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന കവിതകളത്രെ.
ആറ്റിക്കുറുക്കിയെടുത്ത നാനോ പോയട്രിയാണ് ശ്രീകാന്തിന്റെ മൗലികത പതിഞ്ഞുനില്‍ക്കുന്ന മറ്റൊരിടം. തടവു ചാടുന്ന ഒരുവളെ കണ്ണീര്‍ത്തുള്ളിയെന്നു പരിചയപ്പെടുത്തുന്ന ഈ കവിതയില്‍ സാഗരമാകെ, മഞ്ഞുകണത്തിലെന്നവണ്ണം ഒതുങ്ങുന്നു. പ്രപഞ്ചത്തെ അതു പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെ തൊട്ടുതൊട്ടു പറയാന്‍ ഏറെയുണ്ട്. വിസ്തരഭയത്താലതിനു മുതിരുന്നില്ല. ഒളപ്പമണ്ണയെ ഉദ്ധരിച്ചുകൊണ്ടു പറയട്ടെ, കൈവെള്ളയില്‍ നാരങ്ങയെന്നോണം ശ്രീകാന്തിന്റെ മനസ്സില്‍ ഒതുങ്ങുന്നു കവിത. നവനവോന്മേഷ ശാലിനിയായ പ്രതിഭയുടെ പ്രസരണം ഓരോ കവിതയിലും കാണുന്നു. ബിംബഭാഷാസമ്യദ്ധമാണ് ശ്രീകാന്തിന്റെ കാവ്യലോകം. വ്യക്തിമനസ്സിന്‍ ഭാവസങ്കീര്‍ണതകളെ മുതല്‍ സമഷ്ടിമനസ്സിലെ വിരുദ്ധ ദ്വന്ദങ്ങളെവരെ അതു സൂക്ഷ്മമായും കാവ്യാത്മകമായും പ്രതിഫലിപ്പിക്കുന്നു. സംസ്‌കൃതവൃത്തങ്ങളും ദ്രാവിഡവൃത്തങ്ങളും ചൊല്‍വഴക്കങ്ങളും നാട്ടുശൈലികളും ഒരുപോലെ ശ്രീകാന്തിനു വഴങ്ങുന്നു. പുതുതലമുറയിലെയെന്നല്ല, സമകാലിക മലയാളകവിതയിലെ തന്നെ സമുന്നതശിരസ്സ് ഞാന്‍ ഇവിടെ കാണുന്നു; വിനയംകൊണ്ട് ശ്രീകാന്ത് ഒട്ടൊന്നു കുനിഞ്ഞുനില്‍ക്കുമെങ്കിലും. പൂവുപോലുള്ള ഒരു ഓമനക്കൗതുകമാണ് ഈ കവിതയുടെ തുടക്കത്തില്‍ എന്നിലുണര്‍ത്തിയത്. വായിച്ചുവായിച്ചു ചെന്നപ്പോഴോ, ഉത്തുംഗ ഹിമ വല്‍ഗാംഭീര്യവും അപാരസാഗര ഗഹനതയും എന്റെ മനസ്സിലേക്ക് എത്തിനോക്കുന്ന പ്രതീതിയുണ്ടായി.
തിരുവനന്തപുരം
31.03.2023