(ആരോഗ്യശാസ്ത്രം)
ഡോ. എം.കൃഷ്ണന്‍നായര്‍
ഡോ. പി.ജി.ബാലഗോപാല്‍
മാതൃഭൂമി ബുക്‌സ് 2010
കാന്‍സറിനെക്കുറിച്ച് കേരളം കണ്ട രണ്ട് പ്രഗത്ഭരായ ഓങ്കോളജിസ്റ്റുകളായ ഡോ.എം.കൃഷ്ണന്‍ നായര്‍, ഡോ.പി.ജി.ബാലഗോപാല്‍ എന്നിവര്‍ എഴുതിയ കൃതി. ആമുഖത്തില്‍ ഇരുവരും ഇങ്ങനെ എഴുതുന്നു:
ആമുഖം
കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ നിന്ത്രണത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ഇന്നത്തെ മുദ്രാവാക്യം ‘Knoweldge into Action’ എന്നതാണ്. കാന്‍സറിനെക്കുറിച്ചുള്ള മിക്കവാറും എല്ലാ ശാസ്ത്രീയവിവരങ്ങളും മനുഷ്യന് ഇപ്പോള്‍ ലഭ്യമാണ്. അവ ഉപയോഗിച്ച് കാന്‍സറില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും കണ്ടെത്തേണ്ടതായിട്ടേയുള്ളൂ. ഏകദേശം എണ്‍പതുശതമാനം കാന്‍സറിന്റേയും കാരണങ്ങള്‍ ഇന്ന് സാധാരണക്കാര്‍ക്കുപോലും സുപരിചിതമാണ്. ഇവയില്‍ പ്രധാനപ്പെട്ടവ പുകയില, തെറ്റായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, ചില തരം വൈറസ് ബാധ എന്നിവയാണ്. കൂടാതെ വ്യാവസായിക മലിനീകരണവും കീടനാശിനികളുടെ ഉപയോഗവും കാന്‍സറിനു കാരണമാകാം.
ഇന്നത്തെ നിലയില്‍ മൂന്നിലൊരു ഭാഗം കാന്‍സറും ആരോഗ്യപരിപാലനം വഴി മാത്രം നിയന്ത്രിക്കാന്‍ കഴിയും. ഇന്ത്യയിലുണ്ടാകുന്ന കാന്‍സറില്‍ നാല്‍പ്പതുശതമാനത്തോളം പുകയിലയുടെ ഉപയോഗം മൂലമാണ്. ഇരുപതു മുതല്‍ ഇരുപത്തിയഞ്ചു ശതമാനം വരെ ശാസ്ത്രീയമായ ഭക്ഷണക്രമത്തിന്റെ അഭാവത്താലാണ്. മാംസത്തിന്റേയും കൊഴുപ്പിന്റെയും അമിത ഉപയോഗം, പച്ചക്കറികളും പഴവര്‍ഗങ്ങളും ആവശ്യാനുസരണം കഴിക്കാതിരിക്കുക എന്നിവയൊക്കെ കാന്‍സറിനു ഹേതുവാകുന്നു.
ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ എന്നീ രോഗങ്ങളെ തടയാന്‍ അവശ്യം വേണ്ടത് ചിട്ടയായ ഒരു ജീവിതശൈലിയാണ്. ദിവസവും കുറഞ്ഞത് മുപ്പതുമിനിട്ടു നേരം ലഘുവ്യായാമങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സ്തനകാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ അന്‍പതു ശതമാനത്തോളം ആളുകളിലും തടയാന്‍ കഴിയും. വൈറസ് ബാധ മൂലമുണ്ടാകുന്ന കാന്‍സറിനെ വൈറസുകളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കൊണ്ട് പരിപൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കും. ഹെപ്പറ്റൈറ്റിസ്-ബി വാക്സിന്‍ വഴി ചൈനയില്‍ കരളില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗര്‍ഭാശയഗള കാന്‍സറിന് ഒരു വാക്സിന്‍ ഈയിടെ വിപണിയിലെത്തിയിട്ടുണ്ട്. അടുത്ത ഇരുപത് ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭാശയഗള കാന്‍സറും ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെടും. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പുകയിലയുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചതുവഴി കാന്‍സര്‍ ബാധയുടെ നിരക്ക് മുപ്പതു നാല്‍പ്പതുശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ശരിയായ ഭക്ഷണക്രമത്തെക്കുറിച്ചും, അമിതവണ്ണത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം വഴിയും സ്തനകാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ തടയാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുവരികയാണ്.
കാന്‍സര്‍ നേരത്തെ കണ്ടുപിടിച്ചാല്‍ മാത്രമേ പരിപൂര്‍ണമായി സുഖപ്പെടുത്താന്‍ സാധ്യമാവുകയുള്ളൂ. ഇന്നു കാണപ്പെടുന്ന കാന്‍സറിന്റെ മൂന്നിലൊരു ഭാഗം നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെ ചികിത്സിച്ച് പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. ഇന്ത്യയില്‍ ധാരാളം കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ മെഡിക്കല്‍ കോളേജ് തലത്തിലും, ആര്‍.സി. സി തലത്തിലും, സ്വകാര്യ മേഖലയിലും ഉണ്ടെങ്കിലും നമ്മുടെ ചികിത്സാഫലങ്ങള്‍ ഇപ്പോള്‍ ചൈന, കൊറിയ തുടങ്ങിയ വികസ്വര രാജ്യങ്ങളുടെ തോതിലേക്കുപോലും എത്തിയിട്ടില്ല. അതിന്റെ പ്രധാന കാരണം നേരത്തേയുള്ള രോഗനിര്‍ണയത്തില്‍ നമുക്കുണ്ടായിട്ടുള്ള പരാജയമാണ്. പൊതുജനങ്ങളുടെ രോഗലക്ഷണത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ഡോക്ടര്‍മാരുടെ രോഗങ്ങളുടെ നിസ്സാരവല്‍ക്കരണവും അവഗണനയും, സമാന്തര ചികിത്സാരീതികളുടെ അതിപ്രസരവും ആണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. പ്രാരംഭ രോഗലക്ഷണങ്ങള്‍, സ്വയം പരിശോധനാരീതി, അതിന്റെ ആവശ്യകത, ഡോക്ടറുമായുള്ള വിശദചര്‍ച്ചയുടെ പ്രാധാന്യം എന്നിവ പൊതുജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുത്താല്‍ അവര്‍ രോഗ നിര്‍ണയം നേരത്തേ നടത്തുവാന്‍ സ്വയം മുമ്പോട്ടുവന്നുകൊള്ളും. ഒരു അളവുവരെ ഈ ജോലി താഴെക്കിടയിലുള്ള ജീവനക്കാര്‍ക്കും താഴെത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ചെയ്യാന്‍ സാധിച്ചേക്കും. പല ആശുപത്രികളുടേയും ഭരണം കൈകാര്യം ചെയ്യുന്നത് ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണല്ലോ. അതുകൊണ്ടുതന്നെ ബോധവല്‍ക്കരണ പരിപാടികളില്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഒരു വലിയ പങ്കുവഹിക്കാന്‍ കഴിയും.
കാന്‍സര്‍ ചികിത്സ വളരെ ചെലവേറിയതാണെന്ന ഒരു മിഥ്യാബോധം ഇന്നു പൊതുജനങ്ങളുടെ ഇടയിലുണ്ട്. നേരത്തേ നിര്‍ണയിക്കപ്പെടുന്ന കാന്‍സര്‍ പലതും വളരെ ചെലവുകുറഞ്ഞ രീതിയില്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്നതാണു വാസ്തവം. കാന്‍സര്‍ ചികിത്സയുടെ ചെലവുകുറയ്ക്കാന്‍ കഴിയുന്ന ഏക മാര്‍ഗം നേരത്തേ രോഗം കണ്ടുപിടിക്കുകയെന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ വിവിധതരം കാന്‍സറിന് ഏതുതരം ചികിത്സ ഉപയോഗിച്ചാല്‍ ഏറ്റവും നല്ല ഫലം ലഭിക്കുമെന്നതിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ ഫലമായി ‘Evidence Based Protocol’ ഇന്ന് നില വില്‍ വന്നിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഏറ്റവും നല്ല ചികിത്സാഫലം പല രോഗികള്‍ക്കും നല്‍കാന്‍ സാധിക്കും. പക്ഷേ, ഫലപ്രദമാണെന്ന തെളിവുകള്‍ ഒന്നുമില്ലാത്ത ചികിത്സാരീതികള്‍, ചില പത്രവാര്‍ത്തകള്‍, ലേഖനങ്ങള്‍ എന്നിവയെ ആസ്പദമാക്കി മുന്നോട്ടുപോകുമ്പോള്‍ അവര്‍ക്ക് രോഗവിമുക്തി ലഭിക്കുന്നില്ല. ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍ കാന്‍സര്‍ ചികിത്സയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍, ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ക്ക് വേണ്ടത്ര ശാസ്ത്രീയ പിന്തുണയുണ്ടോ എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. മൂന്നിലൊന്ന് കാന്‍സര്‍ രോഗികള്‍ക്ക് ഇപ്പോഴും രോഗം പൂര്‍ണമായി ഭേദമാക്കാനുള്ള മാര്‍ഗങ്ങളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അവര്‍ക്കുവേണ്ടത് സാന്ത്വന ചികിത്സ (Palliative Care)യാണ്. അവസാന ദിനങ്ങളില്‍ രോഗത്തിന്റെ വിഷമതകളൊന്നും അനുഭവിക്കാതെയുള്ള അന്ത്യം ഇന്നത്തെ സാന്ത്വനചികിത്സ വഴി നമുക്കു നല്‍കാന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ സാന്ത്വനചികിത്സ (Palliative Care) ആവശ്യമുള്ള ഇരുപത്തിയഞ്ചു ലക്ഷം രോഗികളില്‍ ഒരു ശതമാനത്തിനുപോലും അത് ലഭിക്കുന്നില്ല. കാരണം, അതിനാവശ്യമുള്ള ഔഷധങ്ങള്‍ നല്‍കുന്നതിനുള്ള നിയന്ത്രണം, പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും ദൗര്‍ലഭ്യം, കാന്‍സര്‍ രോഗം മൂലമുണ്ടാകുന്ന കഠിനമായ വേദനകളും മറ്റു വിഷമതകളും, ഔഷധങ്ങള്‍ വഴി നിയന്ത്രണവിധേയമാക്കാം എന്ന കാര്യത്തില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവം എന്നിവയാണ്. വേണ്ടത്ര ബോധവല്‍ക്കരണത്തോടൊപ്പം ഔഷധങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ മിക്ക രോഗികളും അന്ത്യദിനങ്ങളുടെ കാഠിന്യമറിയാതെ ജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ പശ്ചാത്തലത്തില്‍ കാന്‍സര്‍ രോഗ നിര്‍ണയം, ചികിത്സ, തുടര്‍പരിചരണം എന്നീ രംഗങ്ങളില്‍ ആര്‍ജ്ജിച്ച അറിവിന്റേയും അനുഭവങ്ങളുടേയും വെളിച്ചത്തില്‍ പൊതുജനങ്ങളിലും, കാന്‍സര്‍ രംഗത്ത് സാമൂഹ്യസേവനം നട ത്തുന്നവരിലും, സേവനം നടത്താന്‍ ആഗ്രഹമുള്ളവരിലും, കാന്‍സറിനെപ്പറ്റി വ്യക്തമായ ഒരവബോധം സൃഷ്ടിക്കാന്‍ ഉതകുന്നതിലേക്കായി നടത്തിയ ഒരെളിയ ഉദ്യമമാണ് ഈ ഗ്രന്ഥം. ഇതിലെ പ്രതിപാദ്യവിഷയങ്ങളുടെ കൃത്യത, സൂക്ഷ്മത, സമഗ്രത ഇവ ഉറപ്പുവരുത്തുന്നതിനായി പ്രധാനമായും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങള്‍, കാന്‍സര്‍ സെന്ററിന്റേയും മറ്റും ലഘുലേഖകള്‍, ലേഖനങ്ങള്‍, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ലഘുപുസ്തകങ്ങള്‍ തുടങ്ങിയവയിലെ പ്രതിപാദ്യങ്ങളുമായി അവയെ ഒത്തുനോക്കേണ്ടി വന്നിട്ടുണ്ട്. രണ്ടിടത്തും പ്രതിപാദ്യവിഷയം ഒന്നുതന്നെയായതിനാല്‍ രണ്ടിടത്തെയും വിഷയങ്ങളുടെ വിശദീകരണങ്ങളിലും വിന്യാസത്തിലും ചിട്ടയിലും മട്ടിലും ഒട്ടേറെ സാമ്യം പൊതുവെയും ചിലയിടങ്ങളില്‍ വിശേഷവിധിയായും കണ്ടുകൂടായ്കയില്ല. ഇത് തികച്ചും ആകസ്മികമാണെന്നും ഒരുപരിധിവരെ അനിയന്ത്രിതവും ഒട്ടൊക്കെ അനിവാര്യവും ആകുമെന്നുള്ളതും ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞുകൊള്ളട്ടെ. ഓരോതരം കാന്‍സറിനെക്കുറിച്ചും പൊതുജനങ്ങളും സാമൂഹ്യപ്രവര്‍ത്തകരും അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഈ ഗ്രന്ഥത്തില്‍ ഏറക്കുറെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ആവര്‍ത്തനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവ ഒഴിവാക്കാന്‍ നിര്‍വാഹമില്ല. കേരളത്തിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഗ്രന്ഥം എല്ലാ അര്‍ഥത്തിലും ഒരു വഴികാട്ടിയാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു.
ഈ പുസ്തകരചനയുമായി ബന്ധപ്പെട്ട് ഞങ്ങളോട് സര്‍വാത്മനാ സഹകരിക്കുകയും, ഈ പുസ്തകം ഇതേ രൂപത്തിലാക്കിയെടുക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കി ഞങ്ങള്‍ക്ക് ആദ്യന്തം പ്രേരണയും പ്രചോദനവുമേ കിയ ഒട്ടനവധി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമുണ്ട്. അവര്‍ക്കെല്ലാം അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം അവരില്‍ പ്രധാനമായും സര്‍വശ്രീ. കെ.പി.പി. ഉണ്ണിത്താന്‍, അഡ്വ.എം. യൂനുസ് കുഞ്ഞ്, വിതുര ബേബി, ആര്‍ട്ടിസ്റ്റ് ആനയറ രാജേന്ദ്രന്‍ എന്നിവരുടെ സേവനങ്ങള്‍ ഞങ്ങള്‍ ഇവിടെ ഓര്‍മിക്കുന്നു. അവരോടുള്ള കടപ്പാട് ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഈ പുസ്തകം ഭംഗിയായി മുദ്രണം ചെയ്ത് പ്രസിദ്ധീകരിച്ച മാതൃഭൂമി പബ്ലിഷേഴ്‌സിനോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.
ഡോ. എം. കൃഷ്ണന്‍നായര്‍ ഡോ. പി. ജി. ബാലഗോപാല്‍
തിരുവനന്തപുരം
30-11-2006
(ആദ്യ പതിപ്പിനെഴുതിയത്)
…..
അവതാരിക
ഡോ.എം.എസ്.വല്യത്താൻ 
ഏതാണ്ട് അന്‍പതുവര്‍ഷം മുമ്പുവരെയും ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം നാല്‍പ്പത് ആയിരുന്നു; അനേകലക്ഷം ആളുകള്‍ സാംക്രമിക രോഗങ്ങള്‍ക്കിരയായി മരണമടഞ്ഞു. ഇന്ന് കേരളീയരാകട്ടെ, ആയുര്‍ദൈര്‍ഘ്യം എഴുപത്തിരണ്ടിനു മുകളില്‍ പ്രതീക്ഷിക്കുമ്പോള്‍ വികസിത രാജ്യങ്ങളുടേതിനെപ്പോലെ തന്നെ ഇവിടെയും കാന്‍സര്‍ എന്ന മാരകരോഗം പ്രധാന കൊലയാളിയായി മാറിയിരിക്കുന്നു. സന്നദ്ധസംഘടനകളും മാധ്യമങ്ങളും കാന്‍സറിനെപ്പറ്റിയുള്ള നിഗൂഢതകളകറ്റാനും, ഭയാശങ്കകള്‍ ജനഹൃദയങ്ങളില്‍നിന്നു തുടച്ചുമാറ്റാനും കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും, വിവിധതരം കാന്‍സറിനെപ്പറ്റിയും അവയില്‍നിന്നുള്ള മോചനം, ആശ്വാസം, അവയ്ക്കു വേണ്ടിവരുന്ന ഭാരിച്ച ചികിത്സാച്ചെലവ്, ഇവയെപ്പറ്റിയുമുള്ള ഉല്‍ക്കണ്ഠയും മിഥ്യാധാരണകളും, ഇന്നും നിലനില്‍ക്കുന്നു എന്നുള്ള ദുഃഖസത്യം ഇവിടെ കാണാതിരുന്നു കൂടാ.
ഇത്തരമൊരു സാഹചര്യത്തില്‍ ഡോ.എം.കൃഷ്ണന്‍നായരും, ഡോ.പി.ജി.ബാലഗോപാലും സംയുക്തമായി വിരചിച്ച ഈ ഗ്രന്ഥം അങ്ങേയറ്റം സ്വാഗതാര്‍ഹം തന്നെയാണ്. പൊതുജനങ്ങളെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കുക എന്ന അടിയന്തരകര്‍ത്തവ്യം ഈ ഗ്രന്ഥം സമര്‍ഥമായി നിറവേറ്റുന്നുണ്ട്. ആദരണീയരായ ഈ പ്രഗത്ഭമതികള്‍ ലളിതമായ ഭാഷയില്‍ രചിച്ച പ്രസ്തുത ഗ്രന്ഥം വസ്തുതകള്‍ ആധികാരികമായി നിരത്തിവയ്ക്കുന്നതോടൊപ്പം കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ പൊതുവിഷയങ്ങളും, കൂടാതെ വിവിധയിനം കാന്‍സറും നിരാഡംബരസുന്ദരമായി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കാന്‍സറിനെപ്പറ്റിയുള്ള അത്യന്തം പ്രയോജനപ്രദങ്ങളായ വിവരങ്ങളുടെ ഒരു അക്ഷയഖനി എന്നതിലുപരി, പ്രസ്ത ഗ്രന്ഥം രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അത്യാവശ്യഘട്ടത്തില്‍ വിശ്വസനീയമായ ഒരു വഴികാട്ടിയും കൂടിയാണെന്ന് എടുത്തുപറഞ്ഞു കൊള്ളട്ടെ. ഈ പ്രസിദ്ധീകരണം ഒട്ടനവധി വായനക്കാര്‍ക്ക് ആസ്വാദ്യകരമായിത്തീരുമെന്നുള്ളതില്‍ എനിക്ക് തെല്ലും സംശയമില്ല.
ഡോ.എം.എസ്.വല്യത്താന്‍
നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍
മണിപ്പാല്‍
ഡിസംബര്‍ 13, 2006
(ആദ്യ പതിപ്പിനെഴുതിയത്)