കേട്ടെഴുത്ത്
(നോവല്‍)
ജേക്കബ് ഏബ്രഹാം
എസ്.പി.സി.എസ് 2023
ജേക്കബ് എബ്രഹാമിന്റെ പുതിയ നോവല്‍. അതിനെപ്പറ്റി ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു:
കേട്ടെഴുത്ത് ഒരു പള്ളിക്കൂട വാക്കാണ്. ഓര്‍മ്മയില്‍ ഒരധ്യാപികയുടെ ശബ്ദവും നിശ്ശബ്ദമായിരിക്കുന്ന ക്ലാസ്സ്‌റൂമും ഇതാ എത്തുകയായി. അധ്യാപിക ഉച്ചരിക്കുന്ന വാക്കുകളുടെ മുഴക്കങ്ങളും നോട്ടുബുക്കില്‍ പേനയുരയുന്ന ശബ്ദവും നമുക്കു കേള്‍ക്കാം. കേട്ടെഴുത്തില്‍ രണ്ടുതരം അനുഭവമുണ്ട്. കേള്‍വിയും എഴുത്തും. അകത്തും പുറത്തും കേള്‍ക്കുന്ന ഒച്ചകള്‍ക്ക് രണ്ടുതരം മുഴക്കമാണ്. എന്റെ കുട്ടിക്കാലത്ത് പത്തനംതിട്ടയിലെ ഞങ്ങളുടെ മലമ്പ്രദേശങ്ങളില്‍ ഒരു വീട്ടില്‍നിന്ന് മറ്റൊരു വീട്ടിലേക്ക് ഉച്ചത്തില്‍ വിളിച്ചുചോദിച്ചാണ് നാട്ടുകാര്‍ വിശേഷങ്ങള്‍ തിരക്കുന്നത്. ആ മലയിലും ഈ മലയിലും ഒച്ചകള്‍ തട്ടിയുടഞ്ഞ് മലകയറിപ്പോകും. ചില ഒച്ചകള്‍ മലയിറങ്ങി വരും. ക്രിസ്മ്സ് കാലത്ത് കരോള്‍ പാടിപ്പോകുന്ന സംഘത്തിനൊപ്പം കാനനവാസനെ കാണാന്‍ കല്ലുംമുള്ളും ചവിട്ടിപ്പോകുന്ന അയ്യപ്പന്മാരുടെ ശരണംവിളികളും ഇടകലരും. ഉച്ചാരണത്തിലെ വൈവിധ്യങ്ങള്‍പോലെ ഓരോ നഗരത്തിനും ഓരോ ഗ്രാമത്തിനും ഒരു ശബ്ദപഥമുണ്ട്. രാത്രിയുടെ ശബ്ദമല്ല പകലിന്. ഇങ്ങനെ പലതരം കേള്‍വികളുടെ കേട്ടെഴുത്താണീ നോവല്‍.
വായനയ്‌ക്കൊപ്പം കേള്‍ക്കാന്‍കൂടി കഴിയുന്ന ഒരു നോവലെഴുതണമെന്ന ആഗ്രഹം മാതൃഭൂമിയുടെ ക്ലബ്ബ് എഫ്എം റേഡിയോയില്‍ കോപ്പിറൈറ്റര്‍ ജോലിക്കിടയില്‍ എന്നോടൊപ്പം കൂടി. നമ്മുടെ കേള്‍വിശീലങ്ങളുടെ കാതോരമാണല്ലോ എന്നും റേഡിയോ. പണ്ട് വീട്ടില്‍ പാനസോണിക്കിന്റെ ഒരു ചെറിയ റേഡിയോയുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടിലെ ഏക ആഡംബരവസ്തുവായിരുന്നു ആ റേഡിയോ. ആ കുഞ്ഞു റേഡിയോയ്ക്കു ചുറ്റുമായിരുന്നു എന്റെയും ചേട്ടന്റെയും ലോകം. മൂന്നുകട്ട ബാറ്ററിയുപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന കുഞ്ഞന്‍ റേഡിയോ വീട്ടിലെ ഒരംഗംതന്നെയായിരുന്നു. ജീവനുള്ള വസ്തു. വീടിനു പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരങ്ങള്‍ റേഡിയോയ്‌ക്കൊപ്പം മാഞ്ചുവട്ടിലും തട്ടിന്‍പുറത്തും കുന്നിന്‍പുറത്തുമെത്തിയിരുന്നു. നാട്ടിലെ ഏതെങ്കിലും കുന്നിന്‍പുറത്തുനിന്ന് നോക്കിയാല്‍ കണ്ണെത്താ ദൂരത്തെവിടെയെങ്കിലും കാറ്റിലാറാടിനില്‍ക്കുന്ന ഒരാന്റിന കണ്ടാലായി. 5 ജി വേഗത്തിനു മുമ്പുള്ള കേരളത്തിലെ റേഡിയോ നാട്ടിന്‍പുറമായിരുന്നു എന്റെ കുഞ്ഞുനാടും.
തിരുവനന്തപുരം ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന ചലച്ചിത്രഗാനങ്ങള്‍, റേഡിയോ നാടകങ്ങള്‍, പ്രഭാതഭേരി, യുവവാണി, യുവസാഹിതി, വയലും വീടും തുടങ്ങിയ ജനപ്രിയ പരിപാടികള്‍ മുതല്‍ കമ്പോള മൊത്തനിലവാരം വരെ കൗതുകത്തോടെ കേട്ടിരിക്കും. ഇടയ്ക്ക് ഡല്‍ഹിയില്‍നിന്നുള്ള റിലേയും വിവിധ്ഭാരതിയും മനം കുളിര്‍പ്പിക്കും. സംസ്‌കൃതവാര്‍ത്ത വരെ കേട്ട് അതു വായിക്കുന്നയാളുടെ രൂപം മനസ്സില്‍ വരയ്ക്കാന്‍ തോന്നിയിട്ടുണ്ട്. സ്‌കൂളില്‍ പതിക്കാനുള്ള പാഠങ്ങളൊക്കെ വേഗത്തില്‍ വായിച്ചുതീര്‍ത്ത് റേഡിയോയ്ക്കു ചുറ്റും കൂടും. ജനാല തുറന്നിട്ട് റേഡിയോയെ ചേര്‍ത്തുപിടിച്ച് പാട്ടുകേട്ടു തീര്‍ത്ത പനിക്കാലങ്ങള്‍. രാജ്യം ഞങ്ങളുടെ വീട്ടിലേക്ക് അതിന്റെ വാര്‍ത്തകളുമായി എത്തിയിരുന്നതും റേഡിയോയിലൂടെയായിരുന്നു. ഏഷ്യാഡ്, ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ദാരുണമായ മരണങ്ങള്‍, ഇപ്പോഴിതാ മന്‍ കി ബാത്തും.
തിരുവനന്തപുരം ആകാശവാണിയില്‍ ഞാനാദ്യമായി പോകുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ പള്ളിയിലെ ഗായകസംഘത്തിനൊപ്പമായിരുന്നു. ഒരു ക്രിസ്മസിനായിരുന്നു അത്. അന്ന് ഇടവക ഗായകസംഘങ്ങളുടെ കരോള്‍ പ്രക്ഷേപണം ചെയ്യുന്നതിനായി ഞങ്ങളുടെ ചര്‍ച്ച് ക്വയറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഗായകസംഘത്തിലെ എ ടീമെന്നറിയപ്പെടുന്ന മികച്ച പാട്ടുകാരാണ് പാടുന്നത്. ബി ടീമില്‍ പെട്ടുപോയതുകൊണ്ട് എന്നെ പാടാന്‍ സെലക്ട് ചെയ്തിട്ടില്ല. എങ്കിലും, ആകാശവാണി കാണാനുള്ള കൊതിയില്‍ പള്ളീലച്ചന്റെ കാലുപിടിച്ച് ഞാന്‍ യാത്രാസംഘത്തിലിടം നേടി. ഗായകസംഘത്തില്‍ സ്ഥാനമില്ലെങ്കിലും ആകാശവാണി കാണാനുള്ള അസുലഭാവസരമാണ് കൈവന്നിരിക്കുന്നത്. അന്ന് ഒരു പത്താംക്ലാസ്സുകാരന്റെ വിടര്‍ന്ന കണ്ണുകളോടെ തിരുവിതാംകൂറിലെ ദിവാന്‍മാര്‍ വിലസിയിരുന്ന ഭക്തിവിലാസമെന്ന പഴയ കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വഴുതക്കാട്ടെ ആകാശവാണി കണ്ടു, അനുഭവിച്ചു.
പിന്നീട് പത്തോളം ചെറുകഥകള്‍ യുവവാണിയില്‍ അവതരിപ്പിക്കാനും തിരുവനന്തപുരത്തെ ജേണലിസം പഠനകാലത്ത് ഫ്രീലാന്‍സ് സ്‌ക്രിപ്റ്റ് റൈറ്ററായി അതേ ആകാശവാണിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും എന്റെ റേഡിയോ പ്രേമത്തിന് കിട്ടിയ സാഫല്യമായിരുന്നു. പിന്നീട് പുതിയ തലമുറയുടെ കേള്‍വിയുടെ ഹെഡ്ഫോണിലെത്തിയ ക്ലബ് എഫ്എമ്മിലെ ത്തിയപ്പോഴാണ് ഈ അനുഭവങ്ങളെല്ലാം ഈ നോവല്‍ ആശയത്തിന് പ്രചോദനമായത്. എന്നാല്‍, പലകാലത്ത് പല കാരണങ്ങളാല്‍ മുടങ്ങിയ നോവലെഴുത്തിന് അലസത പ്രധാന തടസ്സമായി. അതൊരു ഓഡിയോ നോവലാവരുതെന്ന ചിന്തയും ഇടയ്ക്കു പിടികൂടി. പലതരം ഒച്ചകളെക്കുറിച്ചുള്ള ഒരാലോചന വന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ടെക്‌നോളജിയില്‍ ഒരു പൊട്ടിത്തെറി സംഭവിച്ചു. കാല്പനികമായ എന്റെ നോവല്‍ സങ്കല്പങ്ങളെ തച്ചുടച്ചുകൊണ്ട് വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും പലതരം ശബ്ദങ്ങളുടെ പ്രളയമുണ്ടായി. ഓരോ വ്യക്തിയും വാട്ട്‌സാപ്പില്‍ സ്വയം ഒരു പ്രക്ഷേപകനായി (ബ്രോഡ്കാസ്റ്റര്‍) മാറുന്ന ഓഡിയോ റെക്കോര്‍ഡിംഗ് കാലത്ത് ശബ്ദങ്ങളുടെ മഹാപ്രപഞ്ചം ആരെയും വിസ്മയിപ്പിക്കുന്നതാണ്. MP3-യും Wave-ഉം ടുജി വേഗത്തില്‍ തലയ്ക്കു ചുറ്റും പറന്നു. അന്യഗ്രഹജീവികളുടെ സാന്നിധ്യം തേടി സ്റ്റീഫന്‍ ഹോക്കിംഗിന്റെ വിലക്കുണ്ടായിട്ടും ഈ കാലത്ത് ശാസ്ത്രം ശബ്ദതരംഗങ്ങളെ അണ്ഡകടാഹങ്ങളിലേക്കയച്ചു. ഇതൊക്ക നോവലെഴുത്തില്‍ ഒരേസമയം ഒരു സാധ്യതയും വെല്ലുവിളിയുമായി.
റിംഗ്‌ടോണുകള്‍ മുതല്‍ മീന്‍കാരന്റെ കൂവല്‍ വരെയുള്‍പ്പെടുന്ന കേള്‍വികളുടെ ദിനസരണി ആലേഖനംചെയ്തു കേട്ടാല്‍ നാംതന്നെ അദ്ഭുതപ്പെട്ടുപോകും. കൊച്ചി ബിനാലെയുള്‍പ്പെടെ ലോകത്തിലെ പല പ്രമുഖ ബിനാലെകളിലും ഇന്ന് ശബ്ദപ്രതിഷ്ഠാപനം വലിയ കലാനുഭവമായി മാറുന്നുണ്ട്. അങ്ങനെയൊക്കെയുള്ള സാധ്യതകളെ മുന്‍നിര്‍ത്തി ആദ്യത്തെ രണ്ടുമൂന്ന് അധ്യായങ്ങളിലെത്തിനിന്ന എഴുത്ത് പിന്നെ നോട്ട്ബുക്കിനുള്ളില്‍ പെട്ടുപോയി. ചുറ്റും ശബ്ദപ്പെരുപ്പം കൂടിവരുകയും ഉള്ളിലിരുന്നാരോ UFO വോയ്സില്‍ ‘എഴുത് എഴുത്’ എന്നു പറഞ്ഞ് നിര്‍ബന്ധിക്കാനും തുടങ്ങി. എല്ലാ എഴുത്തും ഒരുതരം അശരീരിയുടെ പ്രവര്‍ത്തനമാണല്ലോ..
ഇടയ്ക്ക് മുടങ്ങിയ നോവലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെയും നടത്തിയിട്ടുള്ളത് എഴുത്തുകാരികൂടിയായ കൂട്ടുകാരി വീണയുമായാണ്. ഹോണ്ട ആക്ടീവയില്‍ മീന്‍ വാങ്ങാന്‍ ചന്തയില്‍ പോകുന്ന വഴിക്കും, കടല്‍ത്തീരത്ത് കാറ്റുകൊണ്ടിരിക്കുമ്പോഴു, അത്താഴമേശയില്‍വെച്ചും ഞങ്ങള്‍ ഒച്ചവച്ച് സംസാരിച്ചു. ഈ നോവലിനു പിന്നില്‍ വീണ സ്‌നേഹത്തോടെ നിലയുറപ്പിച്ചു. വീണ്ടും എഴുത്തുതുടരാന്‍ അത് പ്രചോദനമായി. ഇടയ്ക്ക് ഛോട്ടാഭീമിന്റെ ലോകത്തു നിന്നുമിറങ്ങി വന്ന് എന്റെ നോവല്‍ നോട്ടുബുക്കുകള്‍ ഒളിപ്പിച്ചുവച്ചും കുസൃതികാട്ടിയും ഞങ്ങളുടെ മകന്‍ ഋതു (തേന്‍) ഈ നോവലിലിടപെട്ടു.
റേഡിയോയും ശബ്ദങ്ങളും പ്രമേയമാകുന്ന ഈ നോവല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിലൂടെ വീണ്ടുമെത്തുകയാണ്. ഈ നോവല്‍ രചനയില്‍ സ്‌നേഹപൂര്‍വം പ്രചോദനം പകര്‍ന്ന കഥാകൃത്ത് വി.എച്ച് നിഷാദ്, മനോഹരമായ ചിത്രങ്ങള്‍ വരച്ച സ്വാതി ജയകുമാര്‍, നിരൂപകന്‍ സുനില്‍ സി.ഇ., മാതാപിതാക്കള്‍ എവര്‍ക്ക് സ്‌നേഹം. ആകാശവാണി, ക്ലബ് എഫ് എം, റേഡിയോ മലയാളം അനുഭവങ്ങള്‍ക്ക് നന്ദി.
പ്രിയപ്പെട്ട വായനക്കാരോട് ഒരു വാക്കുകൂടി..ഇതൊരു പരീക്ഷണ നോവലാണ്. കലയിലായാലും ശാസ്ത്രത്തിലായാലും പരീക്ഷണങ്ങള്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അവസാനതാള്‍ മറിക്കുമ്പോള്‍ ഇത്തരം ഒരു പരീക്ഷണത്തിനായി ഈ എഴുത്തുകാരന്‍ മുതിര്‍ന്നല്ലോയെന്ന് സ്‌നേഹത്തോടെ നിങ്ങള്‍ ഒരുവേള ചിന്തിച്ചാല്‍പ്പോലും ഞാന്‍ കൃതാര്‍ത്ഥനായി. നോവലിലേക്കു സ്വാഗതം.
സസ്‌നേഹം ജേക്കബ് ഏബ്രഹാം
കുടപ്പനക്കുന്ന്, തിരുവനന്തപുരം
ഏപ്രില്‍ 2023
Leave a Reply