കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍
(ചരിത്രം)
ശൈഖ് സൈനുദ്ദീന്‍
കേരളീയനായ ശൈഖ് സൈനുദ്ദീന്‍ അറബി ഭാഷയിലെഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥത്തിന്റെ വിവര്‍ത്തനം. കേരളത്തിലെ ഇസ്ലാംമത പ്രചാരണാരംഭത്തിന്റെ ചരിത്രവും അക്കാലത്തെ സാമൂഹികക്രമവും ഹൈന്ദവാചാരനടപടികളും സാമുതിരിയും പോര്‍ച്ചുഗീസുകാരുമായുള്ള നീണ്ടസമരത്തിന്റെ ചരിത്രവും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു
ഒന്നാംപതിപ്പിന്റെ അവതാരിക
ഇളംകുളം കുഞ്ഞന്‍പിള്ള
ശൈഖ് സൈനുദ്ദീന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന സുപ്രസിദ്ധമായ അറബിഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്. വിവര്‍ത്തകനായ വേലായുധന്‍ പണിക്കശ്ശേരിയെ വായനക്കാര്‍ക്കു പരിചയപ്പെടുത്തിത്തരേണ്ടതില്ല. ഇബ്‌നുബത്തൂത്തയുടെ സഞ്ചാരസാഹിത്യത്തില്‍ കേരളത്തെ സംബന്ധിക്കുന്ന ഭാഗം ‘കേരളം അറുനൂറുകൊല്ലം മുമ്പ്’ എന്ന പേരില്‍ പണിക്കശ്ശേരി വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ട് ഒരുവര്‍ഷം തികയുന്നതേ ഉള്ളൂ. കഠിനാധ്വാനം ആവശ്യപ്പെടുന്ന ഈ രംഗത്ത് ആത്മാര്‍ഥതയോടെ പണിയെടുക്കുന്ന പണിക്കശ്ശേരിയെ എങ്ങനെ പ്രശംസിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ. കേരളചരിത്രത്തെയും മലയാളത്തിലെ സഞ്ചാരസാഹിത്യത്തെയും സംബന്ധിച്ചിടത്തോളം മഹത്തായ സേവനമാണ് അദ്ദേഹം അനുഷ്ഠിക്കുന്നത്.
സൈനുദ്ദീന്‍ പല ഗ്രന്ഥങ്ങളും-അറബിയില്‍- രചിച്ചിട്ടുണ്ടെങ്കിലും ‘തുഹ്ഫത്തുല്‍ മുജാഹിദീ’നോളം പ്രസിദ്ധി മറ്റൊന്നിനും ലഭിച്ചിട്ടില്ല. 1498 മുതല്‍ 1583 വരെ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ക്രൂരപ്രവൃത്തികളുടെ വിവരണവും അന്നത്തെ കേരളീയ സാമൂഹ്യജീവിതത്തിന്റെ ചിത്രവും അടങ്ങിയിട്ടുള്ള ഈ ഗ്രന്ഥം ആധികാരികമായ ആദ്യത്തെ കേരളചരിത്രമാണെന്നു പറയാം. നമ്മുടെ മാത്യഭൂമിക്കെതിരെ പൈശാചികമായ ഒരാക്രമണം അഴിച്ചുവിട്ട ശത്രുവിന്റെ നേര്‍ക്ക് ആയുധമെടുക്കാന്‍ സ്ത്രീപുരുഷഭേദമന്യേ സകലരെയും പ്രേരിപ്പിക്കുകയാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യം.
യുദ്ധത്തിന്റെ തത്ത്വശാസ്ത്രം പോലെയുണ്ട് ഒന്നാം ഭാഗം. ‘വാളുകളുടെ നിഴല്‍പ്പാടുകള്‍ക്കു താഴെയാണ് സ്വര്‍ഗരാജ്യം’, ‘ദൈവത്തിന്റെ മാര്‍ഗത്തില്‍ അല്പസമയം യുദ്ധംചെയ്യുന്നത് പതിനഞ്ച് തീര്‍ഥയാത്രകള്‍ നടത്തുന്നതിനേക്കാള്‍ മഹത്തരമാണ്’.. എന്നിങ്ങനെ ഗ്രന്ഥകര്‍ത്താവ് വിശുദ്ധ ഖുര്‍ആനില്‍ നിന്നുദ്ധരിക്കുമ്പോള്‍, ചില സാഹചര്യങ്ങളുടെയും കാലഘട്ടങ്ങളുടെയും സ്വാതന്ത്ര്യമാര്‍ഗങ്ങള്‍ പടക്കളങ്ങളിലൂടെയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. യുദ്ധസജ്ജീകരണങ്ങള്‍ക്കും ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന സഹായം ഈശ്വരനു നല്‍കുന്നതായിത്തന്നെ പരിണമിക്കുമെന്നതുകൊണ്ട് ദാതാക്കളും സ്വര്‍ഗരാജ്യത്തേക്കു നയിക്കപ്പെടുമെന്നുള്ള വിശുദ്ധവാക്യം അദ്ദേഹം ആവര്‍ത്തിക്കുന്നു. ഇക്കാര്യം നാം ഇന്നു വേണ്ടപോലെ മനസ്സിലാക്കുന്നുണ്ട്.
ഹിന്ദുക്കളുടെ ആചാരമര്യാദകളെപ്പറ്റി വിവരിക്കുന്ന മൂന്നാംഭാഗം അത്യന്തം വിജ്ഞാനപ്രദമാണ്. ജന്മിത്തം അതിന്റെ കാമനിവൃത്തിക്ക് കേരളീയ സാമൂഹ്യജീവിതത്തെ എങ്ങനെ പ്രയോജനപ്പെടുത്തുകയുണ്ടായി എന്ന് ഈ ഭാഗത്തു സൂചിപ്പിക്കുന്നു. ‘എന്നാല്‍, പൂണൂല്‍ധാരികള്‍ക്കു നായര്‍സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ യാതൊരനൗചിത്യവും ഇല്ല. അതുകൊണ്ട് ഭ്രഷ്ടും സംഭവിക്കുന്നില്ല. നായര്‍സ്ത്രീകള്‍ ഇതൊരു പുണ്യവും മാന്യതയുമായിട്ടാണ് കരുതുന്നത്. ‘നായര്‍സ്ത്രീകള്‍ക്കു രണ്ടോനാലോ അതിലധികമോ ഭര്‍ത്താക്കന്മാരുണ്ടാവും’, ജന്മിമാരുടെ കളത്രങ്ങളെപ്പറ്റിയുള്ള ഈ പ്രസ്താവങ്ങളെത്തുടര്‍ന്ന് നായര്‍സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ ഭിന്നകുടുംബക്കാരായിരിക്കും എന്നുകൂടി പറയുമ്പോള്‍ അദ്ദേഹത്തിനു തെക്കന്‍ കേരളത്തിലെ സ്ഥിതി അറിയാന്‍ പാടില്ലായിരുന്നു എന്നു വ്യക്തമാക്കുന്നുണ്ട്. സൈനുദ്ദീന്‍ ‘പാണ്ഡവാചാരം’ എന്ന പേര്‍ കൊടുക്കുന്ന വിവാഹസമ്പ്രദായവും അങ്ങനെയുള്ള ബഹുഭര്‍ത്ത്യത്വവുമാണ് ദക്ഷിണ കേരളത്തിലുണ്ടായിരുന്നത്. നായന്മാര്‍, ഈഴവര്‍, കമ്മാളര്‍ തുടങ്ങിയ സമുദായങ്ങളിലെല്ലാം ഇത് ഏകരൂപമാണ്. സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ പലരും ഈ വ്യത്യാസം ഗ്രഹി ച്ചിട്ടുള്ളതായി കാണുന്നില്ല. ബര്‍ബോസ, ബുക്കനന്‍, അനന്തകൃഷ്ണയ്യര്‍, തഴ്സ്റ്റന്‍ തുടങ്ങിയവര്‍ എഴുതിയിട്ടുള്ളത് കൊച്ചി മലബാര്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികളെപ്പറ്റിയാണ്. ജന്മിഭരണവും ജാതിവാഴ്ചയും കേരള സാമൂഹ്യജീവിതത്തിലുളവാക്കിയ ജീര്‍ണതയില്‍നിന്നു രക്ഷപ്പെടാന്‍ നായന്മാര്‍ തുടങ്ങി പലരും ഇസ്ലാമില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നതായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. ആ കാലഘട്ടത്തില്‍ ഹിന്ദുസമുദായത്തിലെ മേലാളന്മാരെ ബാധിച്ച സാന്മാര്‍ഗികമായ അധഃപതനം മുസ്ലിംസമുദായത്തെയും കടന്നാക്രമിക്കാതിരുന്നില്ല. സൈനുദ്ദീന്‍ എഴുതുന്നു: ‘ഈ സുഖലോലുപത്വം കാരണം കാലക്രമത്തില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്ന് പാപംചെയ്യാനും ഇസ്ലാമികതത്ത്വങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിക്കാനും തുടങ്ങി. സത്യത്തിനും നീതിക്കും നിരക്കാത്ത നിരവധി ദുഷ്‌കൃത്യങ്ങളില്‍ അവര്‍ തല്‍പരരായപ്പോള്‍ ശപിക്കപ്പെട്ട യൂറോപ്പില്‍നിന്നു പോര്‍ച്ചുഗീസുകാരെ അവരുടെ നേരെ ഇളക്കിവിടാനും അതുവഴി അവര്‍ രാജ്യം കയ്യേറി മുസ്ലിങ്ങളെ നാനാപ്രകാരേണ ഉപദ്രവിക്കാനും ആക്രമിക്കാനും ആരംഭിച്ചു. മുസ്ലിങ്ങളുടെ നേരെ അവര്‍ പരസ്യമായും രഹസ്യമായും നടത്തിയിട്ടുള്ള നിന്ദ്യവും നീചവുമായ ആക്രമണങ്ങള്‍ അവര്‍ണനീയങ്ങളാണ്.’ ‘പറങ്കികളുടെ മൃഗീയപ്രവൃത്തികള്‍ക്ക് മുസ്ലിംസ്ത്രീകള്‍പോലും ഇരയാകാതിരുന്നില്ല. സ്ത്രീകളെ പിടിച്ച് അടിമകളായി പാര്‍പ്പിച്ചു. അവരില്‍ സന്താനങ്ങളെ ഉത്പാദിപ്പിച്ച് അവരെക്കൊണ്ടു മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുപ്പിച്ചിരുന്നു. ഈ വിധത്തിലുള്ള അനീതികള്‍ 80-ല്‍ ചില്വാനം കൊല്ലം നീണ്ടുനിന്നു. ഇതിന്റെ ഫലമായി മുസ്ലിങ്ങള്‍ സാമ്പത്തികമായും സാമുദായികമായും വളരയെധികം അധിപതിച്ചു. സാംസ്‌കാ രികജീര്‍ണത സ്വയം കുഴിച്ചിട്ടിരുന്ന ശവക്കുഴിയിലേക്കു കേരളത്തെ തള്ളിയിടാന്‍ പോര്‍ച്ചുഗീസുകാരുടെ മൃഗീയമര്‍ദനം തയ്യാറെടുത്ത ആ കാലഘട്ടം കേരളചരിത്രത്തില്‍ ശ്രദ്ധേയമായ ഒരധ്യായമായി അവശേഷിക്കുന്നു. ആ തകര്‍ച്ചയില്‍നിന്ന് നാടിനെ രക്ഷിച്ചത് കേരളത്തിലെ ധാര്‍മികനവോത്ഥാനത്തിന്റെ പ്രതിനിധികളായ എഴുത്തച്ഛനും സൈനുദ്ദീനും പൂന്താന വുമാണ്.
മതസൗഹാര്‍ദമാണ് കേരളസംസ്‌കാരത്തിന്റെ ജീവന്‍. ഈ വസ്തുത സൈനുദ്ദീന്‍ ഊന്നിപ്പറയുന്നുണ്ട്. ഹിന്ദുക്കള്‍ ‘മുസ്ലിങ്ങളുടെ ആചാരാനുഷ്ഠാനങ്ങളോടു തികച്ചും സഹിഷ്ണുതയുള്ളവരാണ്. വളരെ മൈത്രിയിലാണ് അവര്‍ അന്യോന്യം കഴിഞ്ഞുപോരുന്നത്. ജനസംഖ്യയില്‍ പത്തിലൊന്നുമാത്രമേ മുസ്ലിങ്ങള്‍ ഉള്ളൂ… വ്യാപാരത്തിന്റെ കുത്തക പ്രധാനമായും മുസ്ലിങ്ങള്‍ക്കായിരുന്നു… മലബാറിന്റെ പല ഭാഗങ്ങളുടെയും പുരോഗതിക്കു പ്രധാന കാരണഭൂതര്‍ മുസ്ലിങ്ങളാണ്.’ (കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വഹിച്ച പങ്ക് കേരളചരിത്രത്തില്‍ ഇനിയും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടില്ല.) ‘ഏതെങ്കിലും ഹിന്ദു ഇസ്ലാംമതം സ്വീകരിക്കുകയാണെങ്കില്‍ അക്കാരണത്താല്‍ ഒരൊറ്റ ഹിന്ദുവും അയാളെ ഉപദ്രവിക്കയില്ല. നേരെമറിച്ച്, അയാള്‍ എത്ര താഴ്ന്ന ജാതിയിലെ അംഗമായിരുന്നുവെങ്കിലും, ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞാല്‍ മറ്റു മുസ്ലിങ്ങളോടെന്നപോലെ അയാളോടും മൈത്രിയില്‍ പെരുമാറുന്നു’.
അക്കാലത്തെ നീതിന്യായനിര്‍വഹണം, രാജ്യഭരണരീതി, ജാതിവ്യവസ്ഥ തുടങ്ങി പലതും തുഹ്ഫത്തുല്‍ മുജാഹിദീനില്‍നിന്നു ഗ്രഹിക്കാം. ‘കൊലക്കുറ്റംചെയ്യുന്ന മുസ്ലിങ്ങളെ മുസ്ലിംനേതാക്കളുടെ സമ്മതപ്രകാരം തൂക്കിക്കൊന്ന് ശവശരീരം സംസ്‌കരിക്കുന്നതിനായി മുസ്ലിങ്ങളെ ഏല്പിക്കുന്നു. എന്നാല്‍, അമുസ്ലിങ്ങളെ തൂക്കിക്കൊല്ലുകയാണങ്കില്‍ ശവശരീരം നായ്, കുറുക്കന്‍ മുതലായവയ്ക്കു തിന്നാനിട്ടുകൊടുക്കുകയല്ലാതെ മറവുചെയ്യാറില്ല.’ അവര്‍ണരെ മാത്രമേ തൂക്കിക്കൊല്ലുകയുള്ളൂ എന്ന വസ്തുത പറഞ്ഞിട്ടില്ല. ശിക്ഷയുടെ കാഠിന്യം മൂലമാകാം, വിരളമായേ അവര്‍ കുറ്റം ചെയ്തിരുന്നുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍, ഒരു പ്രത്യേക കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ചരിത്രം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. സഞ്ചാരസാഹിത്യത്തിന്റെ രസികതയും ചരിത്രത്തിന്റെ സത്യസന്ധതയും കലര്‍ന്ന വിലപ്പെട്ട ഈ ഗ്രന്ഥം മലയാളികള്‍ക്കു തുറന്നുകൊടുത്ത വേലായുധന്‍ പണിക്കശ്ശേരിയെ ഒന്നുകൂടി അഭിനന്ദിച്ചുകൊണ്ടും ഈ ശ്രമം ഇനിയും തുടര്‍ന്നുകൊണ്ടുപോകണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുകൊണ്ടും ഞാന്‍ ഇവിടെ നിറുത്തുകയാണ്. ഈ ഗ്രന്ഥം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ ഇതു വേണ്ടപോലെ പ്രയോജനപ്പെടുത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
ഇളംകുളം കുഞ്ഞന്‍പിള്ള
Leave a Reply