(ചരിത്രം)
എഡിറ്റര്‍മാര്‍:
ഡോ.എന്‍.എം.നമ്പൂതിരി 
പി.കെ. ശിവദാസ്
ഡി.സി ബുക്‌സ്‌ 2008
മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നുചേരുന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥപറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷം ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മചരിത്രമാണ്. അവിടെയാണ് ഈ പുസ്തകത്തിലെ പ്രാദേശിക ചരിത്രപഠനങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉള്‍വഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇവിടെ ചരിത്രം പൊതുചരിത്രമല്ല, നിങ്ങളുടെ വീടിന്റെയും നാടിന്റെയുംകൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളില്‍ നടന്ന പ്രാദേശിക ചരിത്രാന്വേഷണങ്ങളുടെ ആദ്യ സമാഹാരം.
ഉള്ളടക്കം
മലയാളചരിത്രരചന-നമുക്ക് പുതിയൊരു നാട്ടുവഴി വെട്ടാം
– ഡോ. എന്‍.എം. നമ്പൂതിരി, പി.കെ. ശിവദാസ്
വെളിച്ചം നിറഞ്ഞ പുതുവഴി
– പി. ഗോവിന്ദപ്പിള്ള.
ഉണ്ണിച്ചിരുതേവീചരിതം വ്യാഖ്യാനം: പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍
പട്ടേരി കണ്ട കൊച്ചി – മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍.
മലയാളരാജ്യചരിത്രം – ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
കാരശ്ശേരി – അക്ഷരങ്ങളില്‍ – എം.കെ. ഉമ്മര്‍
അപ്പത്തടീരി, വെള്ളമന, വില്ല്വമംഗലം- എം. ഗോപിനാഥന്‍.
വെള്ളയുടെ ചരിത്രം -ഡോ.എന്‍.എം. നമ്പൂതിരി
ഒരു ബ്രാഹ്മണഗ്രാമത്തിന്റെ അവശേഷിപ്പുകള്‍
-കെ.പി. ദേവദാസ്.
ചക്രക്ഷാളന പുരം ബ്രഹ്മസ്വം സഭായോഗം മാനുവല്‍
സഭായോഗത്തിന്റെ സംക്ഷിപ്തചരിത്രം.
സഗരഗ്രാമരേഖ- ഡോ. എം.ജി.എസ്. നാരായണന്‍
ഗൗഡസാരസ്വതര്‍- പുറക്കാട് ജോസഫ് കോട്ടപ്പറമ്പന്‍.
ദേശമംഗലം മന – പി.വി. കൃഷ്ണവാര്യര്‍.
മടങ്ങര്‍ളിമന-ഡോ. എം.പി. പരമേശ്വരന്‍, എം.സി. വാസുദേവന്‍
കാരാട്ടുതൊടി കുടുംബരേഖ -ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍, പട്ടിക്കാട്
ഗ്രാമീണകളരിത്തറവാടുകളുടെ പഠനം- എസ്. രാജേന്ദു.
മലങ്കരസഭാചരിത്രം – പി.കെ. ഗീവറുഗീസ്
കുടവെച്ചൂര്‍പള്ളി – ദലിത്ബന്ധു എന്‍.കെ. ജോസ്
വെച്ചൂരിന്റെ ചരിത്രം -ദലിത്ബന്ധു എന്‍.കെ. ജോസ്.
നിരണം രേഖകള്‍- ഡോ. എം.കുര്യന്‍ തോമസ്
കുടമാളൂര്‍ പള്ളി – ജോസഫ് കോട്ടപ്പറമ്പന്‍..
സാമൂതിരിയുടെ പ്രിയപ്പെട്ട പ്രജകള്‍-പി.പി. മമ്മത്‌കോയ പരപ്പില്‍.
കുഞ്ഞാലിമരയ്ക്കാരുടെ ജന്മഗൃഹം- പി.വി. മുഹമ്മദ് മരയ്ക്കാര്‍.
കോരപ്പുഴ മുതല്‍ കോട്ടപ്പുഴ വരെ- പി.വി. മുഹമ്മദ് മരയ്ക്കാര്‍.
മലബാറിലെ മുസ്ലീംകേന്ദ്രങ്ങള്‍- ഡോ. ശംശുല്ല ഖാദിരി
കേരളത്തിലെ ബുദ്ധമതം- ഡോ. അജു നാരായണന്‍
ജൂതരുടെ പൊലിപ്പാട്ടും കേരളത്തിലെ മറ്റു പൊലിപ്പാട്ടുകളും
-ഡോ. അജു നാരായണന്‍
ഓച്ചിറ പരബ്രഹ്മം -ഡോ.എം.ജി. ശശിഭൂഷണ്‍.
വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍- ഇ.പി. ഭാസ്‌കരഗുപ്തന്‍
വയനാട്: ചില പ്രാക്ചരിത്രസൂചനകള്‍- ഒ.കെ. ജോണി.
വയനാട്ടിലെ ഗോത്രവര്‍ഗ്ഗക്കാര്‍- ഒ.കെ. ജോണി.
അവമതിക്കപ്പെടുന്ന ആദിവാസിസ്ത്രീത്വം- ഒ.കെ. ജോണി
ആ വളകിലുക്കം എന്തിനുവേണ്ടിയായിരുന്നു?-വി.ടി. വാസുദേവന്‍
നെടുങ്ങനാടിന്റെ ഓര്‍മ്മകളിലേക്ക്-മുരളിധരന്‍ തൃക്കണ്ടിയൂര്‍
ഒരു മുസ്ലിം രാജവംശത്തിന്റെ പിറവി- എം.പി. കുമാരന്‍.
വന്നേരി: ചരിത്രം അലിഞ്ഞുചേര്‍ന്ന മണ്ണ്-കൊളാടി ഗോവിന്ദന്‍കുട്ടി
നിലമ്പൂര്‍ കോവിലകം: അവസാന രാജസ്വരൂപത്തിന്റെ കഥ- ജി. അമൃതരാജ്
പോളനാടും പോര്‍ലാതിരിയും- കെ. ബാലകൃഷ്ണക്കുറുപ്പ്
പൂഞ്ഞാര്‍ രാജവംശം- പി.ആര്‍. രാമവര്‍മ്മരാജ.
ആയ്രാജ്യം സ്ഥലനാമങ്ങളിലൂടെ- ഇ. സര്‍ദാര്‍കുട്ടി
വേണാടിന്റെ പരിണാമം- കെ. ശിവശങ്കരന്‍നായര്‍
അറയ്ക്കല്‍ രാജവംശം- ഡോ. ശംശുല്ല ഖാദിരി
അങ്ങാടിപ്പെരുമ അഥവാ ഉപഭോഗത്തിന്റെ ചരിത്രം-ഡോ. ദിലീപ്കുമാര്‍ കെ.വി.
ചരിത്രമുറങ്ങുന്ന ചേറ്റുവാ – വേലായുധന്‍ പണിക്കശ്ശേരി
കാവുകളും സ്ഥലചരിത്രവും – വി.വി.കെ. വാലത്ത്.
പ്രാചീന കേരളഗ്രാമങ്ങളുടെ സ്ഥലംമാറ്റങ്ങള്‍-കേസരി ബാലകൃഷ്ണപിള്ള
മലബാറിലെ ഊത്താലകള്‍ – വി.എച്ച്. ദിരാര്‍.
ഇതിഹാസങ്ങളുടെ ശ്രാദ്ധഭൂവിലൂടെ (നിള) – എം.ടി. വേണു
പുനര്‍ജ്ജനിയുടെ താഴ്വാരം- ആലങ്കോട് ലീലാകൃഷ്ണന്‍.
പറയിപെറ്റ പന്തിരുകുലം- തമിഴ്നാട്ടിലെ മഗധരാജ്യം- കേസരി ബാലകൃഷ്ണപിള്ള
നിളയും പറയിപെറ്റ പന്തിരുകുലവും – രാജന്‍ ചുങ്കത്ത്
തിരുപ്പുലിയൂര്‍ എന്ന വൈഷ്ണവ ദിവ്യദേശം- ഉണ്ണിക്കൃഷ്ണന്‍ നായര്‍
ചേന്ദമംഗലം: ഒരു പ്രദക്ഷിണം- സി.ജി. ജയപാല്‍.
തൃത്താല ദേശം- ഷാജി.
ദേശചരിത്രപഠനം – വാണിയംകുളം വഴി – പി.കെ. ശിവദാസ്.
ദേശപൈതൃകപഠനം – സ്ഥലനാമവഴി-ഡോ. എന്‍.എം. നമ്പൂതിരി.
അനുബന്ധങ്ങള്‍
നിളയുടെ പൈതൃകം
…….
അവതാരിക
വെളിച്ചം നിറഞ്ഞ പുതുവഴി
പി. ഗോവിന്ദപ്പിള്ള
ഡോ. എന്‍.എം. നമ്പൂതിരിയും പി.കെ. ശിവദാസും ചേര്‍ന്ന് തയ്യാറാക്കിയ ‘കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍’ എന്ന ലേഖനസമാഹാരം വായിച്ചപ്പോള്‍ ചരിത്രരചനയുടെ പുതിയ രൂപഭാവങ്ങളെക്കുറിച്ച് ആലോചിച്ചുപോകുന്നു. ചരിത്രം രസകരമായ ഒരു വിജ്ഞാനമേഖലയാണ്- ഒരുപക്ഷേ, മനുഷ്യരാശിയുടെ ഏറ്റവും പഴക്കമാര്‍ന്ന വിജ്ഞാനമേഖല. മുന്‍പ് സംഭവിച്ച കാര്യങ്ങളുടെ വിശദീകരണവും അപഗ്രഥനവും ആഖ്യാനവുമാണ് ചരിത്രം എന്നാണ് പൊതുവേ ധാരണ. സര്‍വ ശക്തനായ ഒരു സ്രഷ്ടാവ് ഉണ്ടെങ്കില്‍പോലും ആ സര്‍വശക്തന് സംഭവിച്ച കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ, ചരിത്രരചനയില്‍ ഓരോ കാലഘട്ടത്തിലും വന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളും വൈവിധ്യങ്ങളും എങ്ങനെ സംഭവിച്ചു എന്നത് ചിന്തനീയമാണ്.
അതിപ്രാചീനചരിത്രങ്ങള്‍ മിത്തുകളും പുരാണങ്ങളുമായി, ആദ്യം വാമൊഴിയായും പിന്നീട് വരമൊഴിയായും ആണ് പ്രചരിക്കാന്‍ തുടങ്ങിയത്. ഹോമറുടെ ‘ഇലിയഡും’, ‘ഒഡീസിയും’ ഭാരതത്തിന്റെ പുരാണേതിഹാസങ്ങളുമെല്ലാം അതത് കാലത്തെ ജനതയ്ക്ക് അവരുടെ പൂര്‍വികരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വിശ്വാസങ്ങളെയുംപറ്റി അറിയാന്‍ സഹായിക്കുന്ന ചരിത്രത്തിന്റെ പ്രാകൃതരൂപങ്ങളാണ്. അവ നല്‍കുന്ന സ്വത്വബോധങ്ങളും മൂല്യവ്യവസ്ഥയും പില്‍ക്കാല തലമുറകള്‍ക്ക് സംസ്‌കാരം പ്രദാനംചെയ്യുന്നു. ഈ ചരിത്രബോധമാണ് മനുഷ്യനെ സംസ്‌കാരമുള്ള ഒരു ജീവിയാക്കുന്നത്. പൂര്‍വികരെപ്പറ്റി ബോധമില്ലാത്തവര്‍ മനുഷ്യത്വം എന്ന വിശേഷണത്തിന് അര്‍ഹരല്ല. ഹോമറുടെയും മറ്റും കാലത്തിനുശേഷം ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹെറോഡോട്ടസ് ആണ് ആദ്യത്തെ ചരിത്രകാരന്‍ എന്ന് യൂറോപ്യന്‍മാര്‍ പറയുന്നു. അതത്ര ശരിയാണോ എന്ന് ആധുനികര്‍ സംശയിക്കുന്നുവെങ്കിലും ഹെറോ ഡോട്ടസ് പോലും ചില കാര്യങ്ങള്‍ ഊഹിച്ചും വേണ്ടത്ര തെളിവുകള്‍ കൂടാതെയുമാണ് എഴുതിയിട്ടുള്ളത് എന്ന് അദ്ദേഹം തന്നെ ‘ചരിത്രം’ എന്ന പുസ്തകത്തില്‍ ഏറ്റുപറയുന്നുണ്ട്. ഹെറോഡോട്ടസിന്റെ ചരിത്രത്തിലെ അപൂര്‍ണതയും വൈകല്യങ്ങളും വചന കേന്ദ്രീകൃതവീക്ഷണവും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ 21-ാം നൂറ്റാണ്ടു വരെയുള്ള ചരിത്രകൃതികളില്‍ കണ്ടെത്താം.
എന്താണ് ചരിത്രത്തിന്റെ വിഷയം എന്നതിനെക്കുറിച്ചുതന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. മുമ്പ് സംഭവിച്ച കാര്യങ്ങളുടെ ഓര്‍മ്മ പുതുക്കലും ആഖ്യാനവും മാത്രമാണ് ചരിത്രം എങ്കില്‍ ചരിത്രരചനയിലെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും എങ്ങനെ വന്നു? ഭൂതകാല സംഭവങ്ങളില്‍ അനുസ്മരണാര്‍ഹമായവ എന്ത് എന്നതിനെക്കുറിച്ച് ഇപ്പോഴും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ആക്രമണകാരികളുടെയും വിരഗാഥകളാണ് ചരിത്രം എന്ന് ഒരുകാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. ‘നേഷന്‍ സ്റ്റേറ്റ്’, അഥവാ ‘ദേശീയ ഭരണകൂടം’ എന്ന ഭൂമിശാസ്ത്രാധിഷ്ഠിതമായ അധികാരഘടന ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലവില്‍ വന്നപ്പോള്‍ രാഷ്ട്രങ്ങളുടെ ഉദയാസ്തമയങ്ങളാണ് ചരിത്രത്തിന്റെ വിഷയം എന്നുവന്നു. രാഷ്ട്രങ്ങളുടെ ചരിത്രം അവിടത്തെ ഭരണാധികാരികളുടെ ചരിത്രമാണോ ജനജീവിതത്തിന്റെ ചരിത്രമാണോ എന്നത് വീണ്ടും ചര്‍ച്ചാവിഷയമായി.
‘ഇതേവരെയുള്ള ചരിത്രമെല്ലാം വര്‍ഗസമരത്തിന്റെ ചരിത്രമാണ് എന്ന് മാര്‍ക്സും എംഗല്‍സും പ്രഖ്യാപിക്കുകയും അതിന്‍പ്രകാരം വളരെ വിലപ്പെട്ട ഉള്‍ക്കാഴ്ചകളോടുകൂടി അവര്‍ പല ചരിത്രങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട്. ഡി.ഡി. കൊസാംബി ഓര്‍മ്മിപ്പിക്കുന്നതുപോലെ ഉത്പാദനോപാധികളുടെയും അവയെ അടിസ്ഥാനപ്പെടുത്തി രൂപംകൊള്ളുന്ന ഉത്പാദനബന്ധങ്ങളുടെയും അനുക്രമമായ വികാസഗതികളുടെ ആഖ്യാനമാണ് ചരിത്രം എന്നത് മാര്‍ക്സും ഏംഗല്‍സും ആവിഷ്‌കരിച്ച ചരിത്രസിദ്ധാന്തത്തിന്റെ ഒരു പുനര്‍ നിര്‍വചനമാണ്. ഫ്രഞ്ചുകാരായ ബ്രേഡര്‍, മാര്‍ക് ബ്ലോഹ് തുടങ്ങിയവര്‍ മാര്‍ക്സും ഏംഗല്‍സും ആവിഷ്‌കരിച്ച ചരിത്രപരമായ ഭൗതികവാദത്തെ കൂടുതല്‍ അര്‍ഥസംപുഷ്ടമാക്കി. ഇംഗ്ലീഷുകാരനായ ഇ.പി. തോംസണ്‍ അദ്ദേഹത്തിന്റെ ‘മേക്കിങ് ഓഫ് ദ വര്‍ക്കിങ് ക്ലാസ്, ‘കസ്റ്റംസ് ഇന്‍ കോമണ്‍’ മുതലായ കൃതികളിലൂടെ മാര്‍ക്സിന്റെ ചരിത്രദര്‍ശനത്തിന് പുതിയ മാനങ്ങള്‍ നല്‍കി. ഇറ്റാലിയന്‍ മനീഷിയായ അന്തോണിയോ ഗ്രാംഷി സമൂഹപരിവര്‍ത്തനത്തില്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള പങ്കിനെ ഊന്നുന്ന ‘സിവില്‍ സൊസൈറ്റി’ സിദ്ധാന്തം ആവിഷ്‌കരിച്ചു. ഇങ്ങനെ ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോഴേക്കും ഹോമറില്‍ നിന്നും ഹെറോഡോട്ടസില്‍നിന്നും പുരാണങ്ങളില്‍നിന്നും ചരിത്രം എത്രമാത്രം മാറിമറഞ്ഞു എന്നത് പ്രത്യേക ചരിത്രപഠന വിഷയമാണ്.
ആധുനികലോകം അത്ഭുതകരമായ ശാസ്ത്രസാങ്കേതികവിദ്യയുടെ സൃഷ്ടിയാണ്. നമ്മുടെ വികാരവും വിചാരവും ദൈനംദിനജീവിതവുമെല്ലാം ഈ വൈജ്ഞാനിക വിപ്ലവത്തെ ആശ്രയിച്ചിരിക്കുന്നു. 1543-ല്‍ പോളണ്ടുകാരനായ നിക്കോളാസ് കോപ്പര്‍നിക്കസ് ഭൗമകേന്ദ്രപ്രപഞ്ചമെന്ന പഴയ ബൈബിള്‍ സങ്കല്പത്തെ തിരസ്‌കരിച്ച് സൗരയൂഥസങ്കല്പം ആവിഷ്‌കരിക്കുകയും തുടര്‍ന്ന് കെപ്ലര്‍, ഗലീലിയോ, ന്യൂട്ടണ്‍ തുടങ്ങിയവര്‍ അതു വിപുലപ്പെടുത്തുകയും ചെയ്തു.
ഇപ്രകാരം ചരിത്രരചനയില്‍ വന്നുകൊണ്ടിരിക്കുന്ന വലിയ പരിവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് വാമൊഴി ചരിത്രവും പ്രാദേശികചരിത്രവും. ആധുനികശൈലിയില്‍ ‘ബ്യഹദാഖ്യാനങ്ങള്‍’ എന്നു വിശേഷിപ്പിക്കാവുന്ന മേല്‍പ്പറഞ്ഞ ചരിത്രങ്ങള്‍ പലപ്പോഴും സാമാന്യജനങ്ങളുടെ ജീവിതരീതികളിലേക്കും മൂല്യങ്ങളിലേക്കും ചെന്നുചേരുന്നില്ല. മറ്റൊരു ഭാഷ ഉപയോഗിച്ചാല്‍ ‘മാക്രോ ഹിസ്റ്ററി’ അഥവാ സ്ഥലചരിത്രങ്ങള്‍, ‘മൈക്രോ ഹിസ്റ്ററി’യിലേക്ക് അഥവാ സൂക്ഷ്മചരിത്രത്തിലേക്ക് പ്രവേശിക്കുന്നില്ല. അങ്ങനെ സ്ഥലചരിത്രം ജീവിതത്തിന്റെ പുറംപോക്കുകളില്‍ പരതുമ്പോള്‍ സൂക്ഷ്മചരിത്രങ്ങള്‍ ജീവിതത്തിന്റെ ഹൃദയത്തിലേക്ക് പ്രകാശം വീശി ഇരുളടഞ്ഞ മേഖലകളെ അനാവരണം ചെയ്യുന്നു.
ഇന്ത്യാചരിത്രത്തെ ഉത്തരേന്ത്യന്‍ സാമ്രാജ്യങ്ങളുടെ ചരിത്രമായിക്കണ്ട്, ദക്ഷിണേന്ത്യയും പൂര്‍വന്ത്യയും പോലുള്ള മറ്റ് മേഖലകളുടെ ചരിത്രത്തെ വെറും അനുബന്ധങ്ങളായി മാത്രം കരുതുകയും ഗുപ്ത സാമ്രാജ്യത്തെ ഇന്ത്യയുടെ സുവര്‍ണയുഗമായി ചിത്രീകരിക്കുകയുമൊക്കെ ചെയ്യുന്ന ഏര്‍പ്പാട് സ്ഥലചരിത്രത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. മൗര്യന്‍മാരുടെയും കുശാനന്‍മാരുടെയും ഗുപ്തന്‍മാരുടെയും മുഗളന്‍മാരുടെയും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ മാത്രമായി ചാലൂക്യന്മാരെയും രാഷ്ട്രകൂടന്മാരെയും കളഭന്മാരെയും ആന്ധക്കാരെയും ചേര-ചോള-പാണ്ഡ്യന്മാരെയും മാത്രമല്ല, വിജയനഗരസാമ്രാജ്യത്തെപ്പോലും കരുതിപ്പോന്ന കാലം വിദൂരമല്ല. അതാണ് വിജയനഗര സാമ്രാജ്യത്തെപ്പറ്റിയുള്ള ആദ്യത്തെ സമഗ്രപഠനത്തിന് ‘വിസ്മൃത സാമ്രാജ്യം’ എന്ന പേരുനല്‍കാന്‍ കാരണം. ആരാണ് വിസ്മരിച്ചത്? കര്‍ണാടകത്തിലെ ‘ഹംപി’ കേന്ദ്രമായ വിജയനഗര സാമ്രാജ്യക്കാരായിരിക്കില്ല. വിസ്മരിച്ചത് ചരിത്രകാരന്‍മാര്‍തന്നെ!
ദക്ഷിണേന്ത്യന്‍ ചരിത്രത്തെ അവഗണനയുടെ ഇരുളില്‍നിന്നും ഉയര്‍ത്തിയെടുത്തതില്‍ പ്രമുഖനായ കെ.എ. നീലകണ്ഠശാസ്ത്രി പോലും ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നു കരുതപ്പെടുന്ന കേരളത്തെ തമിഴകത്തിന്റെ വേലിപ്പുറമായി മാത്രമേ കരുതിയിരുന്നുള്ളൂ.
ഈ അവസ്ഥയും മാറിവരുന്നുണ്ട്. എന്നാല്‍, അഖിലേന്ത്യാ തലത്തിലും ദക്ഷിണേന്ത്യാ തലത്തിലും പൂര്‍വേന്ത്യാതലത്തിലും ചരിത്രം രചിക്കുന്നവര്‍പോലും അവഗണിച്ചുപോന്ന ഒന്നാണ് നാട്ടറിവിന്റെ ചരിത്രവഴികള്‍. ഓരോ ഗ്രാമത്തിനും അതിന്റേതായ ചരിത്രമുണ്ട്. ആ ഗ്രാമത്തിലെ പഴയകുളങ്ങളും ക്ഷേത്രങ്ങളും കാവുകളും പൊട്ടക്കിണറുകളുംവരെ ഗതകാലജീവിതത്തിന്റെ ചരിത്രലക്ഷ്യങ്ങളാണ്. ഡി.ഡി കൊസാംബി അദ്ദേഹത്തിന്റെ ‘ഇന്ത്യാചരിത്രപഠനത്തിന് ഒരാമുഖം’ എന്ന കൃതിയില്‍ ഇന്ത്യക്കാര്‍ ചരിത്രബോധം ഇല്ലാത്തവരാണ് എന്നും, അവര്‍ക്ക് വിശ്വാസ്യമായ ചരിത്രരേഖകള്‍ അതിപരിമിതമാണ് എന്നുമുള്ള വാദത്തെ തിരസ്‌കരിക്കുന്നു. അദ്ദേഹം സാധാരണചരിത്രകാരന്മാര്‍ ശ്രദ്ധിക്കാത്തതും ചരിത്രലക്ഷ്യങ്ങള്‍ അവശേഷിക്കുന്നു എന്ന് സംശയിക്കാത്തതും ആയ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ചുറ്റിനടന്ന് അവിടത്തെ വ്യക്ഷത്തിന്റെ ചുവട്ടിലെ പൂജാവിഗ്രഹവും പുഴയോരത്തെ കല്‍പ്പടവുകളും, കാവുകളിലെ മരങ്ങളും എല്ലാം എങ്ങനെ ചരിത്രലക്ഷ്യമാക്കി ചരിത്രരചന നടത്താന്‍ കഴിയും എന്ന് തെളിയിക്കുന്നു. ഇന്ത്യയില്‍ ചരിത്രലക്ഷ്യങ്ങള്‍ ഇല്ലായ്കയല്ല, ഉള്ള ലക്ഷ്യങ്ങള്‍ കുണ്ടറിഞ്ഞ് പഠനം നടത്താന്‍ പരമ്പരാഗത ശൈലിയില്‍ ചരിത്രം എഴുതുന്നവര്‍ക്ക് കഴിയായ്കയാണ് പ്രശ്‌നം എന്ന് കൊസാംബി പറയുന്നത് എത്രയോ ശരിയാണ്) അതുപോലെതന്നെ, അവശേഷിച്ച രേഖകളില്‍ ചരിത്രപ്രാധാന്യമുള്ളവ എന്തെന്ന് കണ്ടെത്താനും ചരിത്രകാരന്‍മാര്‍ക്ക് കഴിയുന്നില്ല. ഈ കുറവുകള്‍ പരിഹരിച്ചുകൊണ്ട് കേരളചരിത്രരചനകളാല്‍ സ്വാഗതാര്‍ഹമായ പുത്തന്‍ വഴിത്താരകള്‍ വെട്ടിത്തുറക്കാന്‍ ശ്രമിക്കുകയാണ് ഡോ.എന്‍.എം.നമ്പൂതിരിയും പി.കെ. ശിവദാസും. തീര്‍ച്ചയായും അവരുടെ വീക്ഷണങ്ങളില്‍ ചിലത് വിവാദത്തിന് വിധേയമാണ്. പുതുപുത്തന്‍ പന്ഥാവുകളില്‍ ചരിക്കുന്ന ആദ്യപഥികര്‍ക്ക് അത്തരം വിവാദങ്ങള്‍ നേരിടേണ്ടിവരും. അവയ്ക്ക് മറുപടി പറഞ്ഞും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന തെറ്റുകള്‍ തിരുത്തിയും മാത്രമേ പുതിയ വൈജ്ഞാനികപ്രസ്ഥാനങ്ങള്‍ക്ക് മുന്നേറാനാകൂ.
‘കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍’ എന്ന, പുതിയ വഴികള്‍ വെട്ടിത്തുറക്കുന്ന ഈ സമാഹാരത്തിന് എന്‍.എം. നമ്പൂതിരിയും പി.കെ. ശിവദാസും ചേര്‍ന്നെഴുതിയിരിക്കുന്ന ആമുഖ ലേഖനം തങ്ങളുടെ വീക്ഷണത്തിന്റെ ഒരു വിജ്ഞാപനപ്പത്രമാണ്. തീര്‍ച്ചയായിട്ടും അതും വിവാദവിഷയമാകാം. എങ്കിലും, തങ്ങളുടെ ചരിത്രവീക്ഷണവും ചരി ത്രരചനാസമ്പ്രദായവും വളരെ സമഗ്രവും ചിന്തോദ്ദീപകവുമായി അവര്‍ വിവരിച്ചിരിക്കുന്നു. കുറേക്കൂടി വിശദമായി ഈ വിലപ്പെട്ട ആദ്യപഥിക പരിശ്രമത്തില്‍ പ്രവേശിക്കണം എന്നാഗ്രഹമുണ്ടെങ്കിലും തല്‍ക്കാലം എന്റെ ആരോഗ്യം അനുവദിക്കാത്തതുകൊണ്ട് ആ മോഹം പിന്നീട് ഒരവസരത്തില്‍ സാക്ഷാത്കരിക്കാം എന്ന പ്രതീക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ഒരിക്കല്‍ക്കൂടി ഡോ. എന്‍.എം. നമ്പൂതിരിയെയും പി.കെ.ശിവദാസിനെയും ഈ ബൃഹത്കൃതി പ്രസിദ്ധീകരിക്കുക എന്ന ചെലവേറിയ കര്‍ത്തവ്യം ഏറ്റെടുത്ത രവി ഡിസി യെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. ഈ കൃതി ഒരു തുടക്കമാണ്. തുടര്‍ന്നും ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാനും മറ്റ് സഹകാരികളെക്കൂടി പങ്കെടുപ്പിച്ച് ഒരു മഹാപ്രസ്ഥാനമായി മാറ്റാനും പ്രൊഫ. നമ്പൂതിരിക്കും ശിവദാസിനും രവി ഡി സി ക്കും കഴിയട്ടെ എന്ന ആശംസയോടെ ഈ അമൂല്യമായ പുസ്തകം നവീന ചരിത്രരചനയില്‍ തത്പരരായവര്‍ക്കും അനുവാചകര്‍ക്കും ഹൃദയപൂര്‍വം സമര്‍പ്പിച്ചുകൊള്ളുന്നു.
പി. ഗോവിന്ദപ്പിള്ള
തിരുവനന്തപുരം 
നവംബര്‍ 10, 2008