(പക്ഷിനിരീക്ഷണം)
ഇന്ദുചൂഡൻ
കേരള സാഹിത്യ അക്കാദമി 1958
പ്രസാധകക്കുറിപ്പ്
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകമാണ് കേരളത്തിലെ പക്ഷികള്‍(1958). മലയാളത്തിലെ വൈജ്ഞാനികസാഹിത്യം ചെന്നെത്തിയ ഔന്നത്യങ്ങളുടെ ദൃഷ്ടാന്തമായി ഈ മഹാഗ്രന്ഥം നിലകൊള്ളുന്നു. നിരവധി സര്‍ഗ്ഗാത്മക സാഹിത്യകാരന്മാരെ സ്വാധീനിച്ച സവിശേഷ പുസ്തകമാണിത്. അതവര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. കേരളീയ നൈതികതയുടെ ഒരു പ്രതിനിധാനമാണ് ഈ പക്ഷിസമാഹാരം.
സ്‌നേഹത്തിന്റെ സൗമ്യഭാഷയും നന്മയുടെ നിറഞ്ഞ ഭാവനയും ഈ പുസ്തകം സഹൃദയരില്‍ ഉണര്‍ത്തുന്നുണ്ട്. ഇന്ദുചൂഡന്‍ സാധ്യമാക്കിയ പക്ഷിനിരീക്ഷണ രംഗത്തെ വിലപ്പെട്ട കണ്ടെത്തലുകള്‍ ഇന്ന് ലോകം സമാദരിക്കുന്നവയാണ്. നേരമ്പോക്കെന്നോ വിഡ്ഢിത്തമെന്നോ പലരാലും പരിഹസിക്കപ്പെട്ട പ്രവര്‍ത്തനമായിരുന്നു അന്നൊക്കെ പക്ഷിനിരീക്ഷണം. പരിസ്ഥിതി പ്രവര്‍ത്തനത്തിലും പ്രകൃതി-ശാസ്ത്രചിന്തയിലും ജൈവ രാഷ്ട്രീയത്തിലും വേണ്ടത്ര ജാഗ്രതയും ദിശാബോധവും ഇല്ലാത്ത കാലത്ത് ഈ രംഗത്ത് ഉജ്ജ്വലമായി വിരാജിക്കുകയും അതിമഹത്തായ സംഭാവനകള്‍ സമര്‍പ്പിക്കുകയും ചെയ്ത ഇന്ദുചൂഡനെ അദ്ദേഹത്തിന്റെ സമകാലികര്‍ വേണ്ടുംവിധം മനസ്സിലാക്കിയി രുന്നില്ല. അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളും ആശങ്കകളും മുന്നറിയിപ്പുകളും ഇന്ന് ലോകം തിരിച്ചറിയുന്നു.
കേരളത്തില്‍ നൂതനമായ പാരിസ്ഥിതികാവബോധത്തിന് അടിസ്ഥാനമിട്ട സൈലന്റ് വാലി സമരത്തിന് നേതൃത്വം നല്‍കിയ പ്രകൃതി സംരക്ഷണസമിതിയുടെ സ്ഥാപക പ്രസിഡണ്ട് ആയിരുന്നു ഇന്ദുചൂഡന്‍. കേരളത്തിലെ വിവിധ കോളേജുകളില്‍ പഠിപ്പിച്ച്, നിരവധി ഉന്നത പ്രതിഭകള്‍ക്ക് വഴികാട്ടിയായി വര്‍ത്തിച്ച പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. ഏതാണ്ട് യൗവനദശയില്‍ തന്നെ ഇന്ദുചൂഡന്‍ ജീവിതം ഏറെയും പക്ഷിനിരീക്ഷണത്തിനായി ഉഴിഞ്ഞുവച്ചു. പിന്നീട് പൂര്‍ണമായും നിശ്ശബ്ദം പ്രകൃതി-പക്ഷിയുപാസനയില്‍ മുഴുകി. പക്ഷികുലത്തിനും പ്രകൃതിക്കും വേണ്ടിയുള്ള ഒറ്റ യാള്‍ പ്രസ്ഥാനമായി.
ജൈവപരിണതികൊണ്ട് മഹാത്ഭുതമാണ് ഇന്ദുചൂഡന്റെ ജീവിതം. കേരളത്തിലെ പക്ഷികള്‍ എന്ന ഈ ഗ്രന്ഥമടക്കം അദ്ദേഹത്തിന്റെ മുന്തിയ കൃതികള്‍ മലയാളത്തിലെ വൈജ്ഞാനിക ശാഖയ്ക്ക് നല്കിയ ഊര്‍ജ്ജവും ഉണര്‍വും അമു ല്യമാണ്. കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തിന്റെ അഞ്ചാംപതിപ്പ് ആണിത്.
ഈ പുസ്തകത്തിന്റെ പ്രസാധനത്തിന് സഹായിച്ച നിരവധി പേരുണ്ട്. ഗ്രന്ഥകാരന്റെ കാലശേഷം കൃതി പരിഷ്‌കരിച്ചു പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പ്രകൃതിസ്‌നേഹികളും എടുത്ത താല്‍പര്യം ഇവിടെ കൃതജ്ഞതാപൂര്‍വം സ്മരിക്കുകയാണ്. പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനും നേച്ചര്‍ ഫോട്ടോഗ്രാഫറും ഇന്ദുചൂഡന്റെ സഹചാരിയുമായിരുന്ന പി.കെ.ഉത്തമന്‍, ദേശീയതലത്തില്‍ പക്ഷിപഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി. ശശികുമാര്‍, പ്രഗല്‍ഭ യുവ പക്ഷിനിരീക്ഷകനും ഇ-ബേര്‍ഡ്‌സി ന്റെ സാരഥികളില്‍ ഒരാളുമായ ജെ.പ്രവീണ്‍, പക്ഷിനിരീക്ഷകനും പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സി.എ.അബ്ദുള്‍ ബഷീര്‍ എന്നിവര്‍ ഈ പുസ്തകത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചവരാണ്. ഇവര്‍ക്കെല്ലാം അക്കാദമി നന്ദി പ്രകാശിപ്പിക്കുന്നു.
തൃശൂർ
30.05.2017
ഡോ.കെ.പി.മോഹനൻ
സെക്രട്ടറി