(മത്സ്യവിജ്ഞാനീയം)
ടി.ഡി. വേലായുധന്‍
ഡി.സി ബുക്സ്
മത്സ്യങ്ങളുടെ വിസ്മയകരമായ ലോകം. കുളങ്ങളിലും അരുവികളിലും പുഴകളിലും ഉള്‍നാടന്‍ ജലസ്രോതസ്സുകളിലും തീരക്കടലിലെ പവിഴപ്പാരുകളിലും ആഴക്കടലിലെ കൂരിരുട്ടിലും രഹസ്യങ്ങളുടെ കലവറയുമായി നീന്തിമറയുന്ന വൈവിധ്യമേറിയ മത്സ്യവര്‍ഗങ്ങളെക്കുറിച്ചറിയാന്‍ പ്രയോജനപ്പെടുന്ന ഗ്രന്ഥം. കേരളത്തിലെ മത്സ്യമേഖലയുടെ വികസനവും പരിപാലനവും ലക്ഷ്യമാക്കുന്ന കൃതി. ഓരോ മത്സ്യവിഭാഗങ്ങളുടെയും പ്രത്യേകതകള്‍, ജീവിതരീതികള്‍, പ്രജനനരീതികള്‍, വിന്യാസക്രമം, സാമ്പത്തികപ്രാധാന്യം, പാരിസ്ഥിതികവെല്ലുവിളികള്‍ തുടങ്ങിയ കാര്യങ്ങളും വിശദമാക്കുന്നു.
കേരളത്തിലെ മത്സ്യങ്ങള്‍ എന്ന കൃതിക്ക്
ഡോ. ബി. മധുസൂദനക്കുറുപ്പ് എഴുതിയ അവതാരിക
ആനിതക സമ്പത്ത് മാനവരാശിയുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനങ്ങള്‍ക്ക് ആധാരമായ നെടുംതൂണുകളില്‍ ഒന്നാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി അതിനെ കാത്തുസൂക്ഷിക്കുവാനുള്ള ചര്‍ച്ചകള്‍ ആഗോളതലത്തില്‍ നടന്നുവരികയാണ്. ലോകത്തിലെ 12 വമ്പന്‍ ജൈവവൈവിധ്യ സമ്പന്നരാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. ലോകത്തൊട്ടാകെ അറിയപ്പെടുന്ന 26,000ല്‍പരം മത്സ്യ ഇനങ്ങളില്‍ 2700 ഇനം മത്സ്യങ്ങള്‍ ഭാരതത്തിലാണ് കാണപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ആഗോള മത്സ്യവൈവിധ്യത്തിന്റെ 11 ശതമാനവും ഭാരതത്തിന്റെ സംഭാവനയാണ്. 1992-ല്‍ ബ്രസീലിലെ റിയോ ഡി ജെനീറിയോവില്‍ ഭാരതമടക്കം 150 രാജ്യങ്ങള്‍ പങ്കെടുത്ത ഭൗമ ഉച്ചകോടിയില്‍ ആഗോള ജൈവവൈവിധ്യത്തിന്റെ ഭൗതികവും നിയമപരവുമായ സംരക്ഷണം എങ്ങനെ ഉറപ്പാക്കാം എന്ന വിഷയം ചര്‍ച്ചയ്ക്കു വരികയുണ്ടായി. ജൈവവൈവിധ്യം മനുഷ്യരാശിയുടെ പൊതുസ്വത്താണെന്ന വളരെ ഉദാരമെന്നു തോന്നാവുന്ന സമീപനമാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍, ജൈവവൈവിധ്യ സമ്പന്നമായ വികസ്വര-പിന്നാക്ക രാജ്യങ്ങള്‍ ജൈവവൈവിധ്യത്തിന്റെ ഉടമസ്ഥത അതത് ദേശീയതകള്‍ക്ക് ഉള്ളതാണെന്നു വാദിക്കുകയും ഭൂരിപക്ഷ തീരുമാനപ്രകാരം അതംഗീകരിക്കുകയും ചെയ്തു. ഇതുപ്രകാരം ഭാരതത്തിന്റെ തനത് ജൈവസ്രോതസുകളുടെ പരമാധികാരം നമുക്കുതന്നെയാണ്. 2002-ലെ ബയോഡൈവേഴ്സിറ്റി ആക്റ്റ് ലക്ഷ്യമാക്കുന്നത് ഭാരതത്തിലെ ജൈവസമ്പത്ത് സുസ്ഥിരമായി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ്.
ഭാരതത്തിലെ കടല്‍ മത്സ്യഇനങ്ങളില്‍ ഏകദേശം 30 ശതമാനവു, ശുദ്ധജലമത്സ്യങ്ങളില്‍ 25 ശതമാനവും അധിവസിക്കുന്ന കേരളത്തിലെ മത്സ്യങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു ഗ്രന്ഥത്തിന്റെ അഭാവം വളരെക്കാലമായി അനുഭവപ്പെട്ടുവരികയായിരുന്നു. ഈ കുറവ് പരിഹരിക്കാന്‍ ഗ്രന്ഥകാരന്‍ നടത്തിയ പരിശ്രമം പ്രത്യേകം പ്രശംസനീയമാണ്. പാരിസ്ഥിതിക സുസ്ഥിരതയും ആവാസവ്യവസ്ഥകളുടെ നിലനില്പ്പും ജനിതകസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ മുന്നുപാധികളാണ്. ഭൂമിയുടെ 71 ശതമാനവും ജലമായതുകൊണ്ട് ജല ആവാസവ്യവസ്ഥകളുടെ സംരക്ഷണം ഭൂമിയുടെ സംരക്ഷണവുമായി അഭേദ്യമായി ഇഴചേര്‍ന്നു കിടക്കുന്നു. ‘കേരളത്തിലെ മത്സ്യങ്ങള്‍’ എന്ന ഈ ഗ്രന്ഥം ജല ആവാസവ്യവസ്ഥകള്‍ ഏതൊക്കെയാണെന്നും, അവ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്നും ചര്‍ച്ചചെയ്യുന്നു. അതോടൊപ്പംതന്നെ ജല ആവാസവ്യവസ്ഥകളുടെ ശോഷണത്തിന്റെ ആദ്യത്തെ ഇരകളാവുന്നത് മത്സ്യങ്ങളാണ് എന്ന സത്യം വെളിപ്പെടുത്തുന്നു. ജലപരിസ്ഥിതിയുടെ ഗുണ മേന്മയുടെ സൂചകമായും മത്സ്യങ്ങളെ നോക്കിക്കാണാനാവും.
ഐശ്വര്യസമ്പൂര്‍ണമായ ജീവിതം നയിക്കുന്നതിന് മാനവരാശിയെ പ്രാപ്തമാക്കുന്നതിന്, മത്സ്യസമ്പത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിന് ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട്. ജൈവവൈവിധ്യത്തെക്കുറിച്ചും പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചുമുള്ള പൊതുചര്‍ച്ചകളില്‍ ഉയര്‍ന്നുവരാറുള്ളത് വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെയും സസ്തനികളുടെയും ഉഭയജീവികളുടെയും മറ്റും നിലനില്പ്പുമായി ബന്ധപ്പെട്ട ആശങ്കകളാണ്. ഈ സാഹചര്യത്തില്‍ പാരിസ്ഥിതിക സംരക്ഷണത്തില്‍ മത്സ്യവൈവിധ്യത്തിന്റെ പ്രാധാന്യം ചര്‍ച്ചചെയ്യുന്നതിനും അതിന്റെ മൂല്യങ്ങള്‍, സാമൂഹികം, സാമ്പത്തികം, സാംസ്‌കാരികം, സൗന്ദര്യാത്മകം, നൈതികം എന്നിങ്ങനെ വിവിധ തലങ്ങളില്‍ പരിശോധിക്കുന്നതിനും ഗ്രന്ഥകാരന്‍ മുതിരുന്നു. ജല ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയും അതുവഴി മത്സ്യവൈവിധ്യത്തിന്റെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് മലയാളികളുടെ ഭക്ഷ്യസുരക്ഷയ്ക്കും വിശിഷ്യ പ്രോട്ടീന്‍ സുരക്ഷയ്ക്കും അനിവാര്യമാണെന്ന് സമര്‍ഥിക്കുന്നു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും മത്സ്യസമ്പത്ത് ഉള്‍പ്പെടെ ജൈവവൈവിധ്യത്തിന്റെ നാശത്തിന് അതിടയാക്കുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഗ്രന്ഥകാരന്‍ നടത്തുന്ന പരിശ്രമം ശ്ലാഘനീയമാണ്. 2007-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും എതിരായ പ്രവര്‍ത്തന ങ്ങള്‍ക്കായിരുന്നുവെന്ന വസ്തുത ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. അതിന് അര്‍ഹമായ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓഫ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (ഐ.പി.സി.സി.) ഡയറക്ടര്‍ ഇന്ത്യക്കാരനായ ഡോ. രാജേന്ദ്ര പച്ചൗരിയാണ്. ഇത് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വന്‍ഭീഷണികളെ നേരിടാന്‍ ഹരിതഗൃഹവാതകങ്ങളുടെ ഉത്പാദനം നിയന്ത്രണവിധേയമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കേരളത്തിലെ സവിശേഷമായ ജല ആവാസവ്യവസ്ഥകളെയും, ആ ആവാസവ്യവസ്ഥകളില്‍ കാണപ്പെടുന്ന വിവിധയിനം മത്സ്യങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്താനും, അതുവഴി മനുഷ്യന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് പുതിയൊരു ജനകീയ അവബോധം സൃഷ്ടിക്കാനും മത്സ്യമേഖലയെ സ്‌നേഹിക്കുകയും അതിന്റെ വികസനത്തിന് വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ള പരിശ്രമം മഹത്തരമാണ്. സര്‍ക്കാര്‍ സേവനത്തില്‍നിന്നും ഔദ്യോഗികമായി വിരമിച്ചുവെങ്കിലും മത്സ്യമേഖലയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിശക്തമാണെന്നും തന്റെ അറിവ് സമ്പന്നമാണെന്നും ഈ ഗ്രന്ഥത്തിന്റെ ഓരോ അധ്യായവും സമര്‍ഥിക്കുന്നു. മത്സ്യങ്ങളോടുള്ള ഇഷ്ടം തനിക്കനുഭവപ്പെടുന്നതു പോലെ വായനക്കാരിലേക്കു പകരുന്നതിനും അദ്ദേഹത്തിലെ എഴുത്തുകാരന് കഴിയുന്നുണ്ട്.
ഗ്രന്ഥകാരന്‍ ചിത്രങ്ങള്‍ സഹിതം പരിചയപ്പെടുത്തുന്ന 222 ശുദ്ധജല മത്സ്യയിനങ്ങളും 213 ലവണജല മത്സ്യയിനങ്ങളും പലവിധത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ആഗോളതലത്തില്‍ ശുദ്ധജലമത്സ്യങ്ങളില്‍ 12-ല്‍പരം മത്സ്യങ്ങള്‍ കേരളത്തില്‍ ഒഴികെ മറ്റെവിടെയും കാണപ്പെടുന്നില്ല. അനാദികാലം മുതല്‍ ഇവിടെ ഉത്ഭവിക്കുകയും പരിണമിക്കുകയും നിലനില്ക്കുകയും ചെയ്യുന്ന തനതു മത്സ്യയിനങ്ങളാണിവ. കേരളത്തില്‍ മത്സ്യസമ്പത്ത് നേരിടുന്ന വെല്ലുവിളികളും നമുക്ക് അവഗണിക്കാവുന്നതല്ല. 15 ശുദ്ധജലമത്സ്യയിനങ്ങള്‍ ആശങ്കാജനകമായ വിധത്തില്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. 60 ഇനം മത്സ്യങ്ങള്‍ അലങ്കാരമത്സ്യങ്ങളായി വികസിപ്പിച്ചു ലോകവിപണിയില്‍ ഇടം നേടിയെടുക്കാന്‍ സാധ്യതയുള്ളതാണ്. ഏകദേശം 10 ഇനങ്ങള്‍ മത്സ്യകൃഷിവികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുവാന്‍ കഴിയും.
കേരളത്തിലെ മത്സ്യമേഖലയുടെ വികസനവും പരിപാലനവും ലക്ഷ്യമാക്കിയുള്ള നയപരമായ തീരുമാനങ്ങളെടുക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല. കൂടാതെ ഓരോ വിഭാഗം മത്സ്യങ്ങളുടെയും പ്രത്യേകതകള്‍, ജീവിതരീതികള്‍, പ്രജനനരീതികള്‍, വിന്യാസക്രമം, സാമ്പത്തികപ്രാധാന്യം, പാരിസ്ഥിതിക വെല്ലുവിളികള്‍ തുടങ്ങിയ വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം കൈരളിക്ക് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്. ഈ പുസ്തകത്തിലെ പരിസ്ഥിതിയും മത്സ്യവൈവിധ്യവും എന്ന ആദ്യത്തെ അദ്ധ്യായത്തില്‍ പാരിസ്ഥിതികവിജ്ഞാനം അയത്‌നലളിതമായി പ്രതിപാദിക്കുന്നു. മത്സ്യവൈവിധ്യത്തിന്റെ പ്രാധാന്യം വിവരിക്കുമ്പോള്‍ മലയാളികളുടെ ജീവിതവുമായി അതിനുള്ള അഭേദ്യമായ ബന്ധം എടുത്തുപറയുന്നുണ്ട്. മത്സ്യവൈവിധ്യം നേരിടുന്ന പ്രശ്നങ്ങള്‍, അതി നുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്നിവ നിര്‍ദേശിക്കുന്നുണ്ട്. മത്സ്യമാണ് വിഷയമെങ്കിലും മത്സ്യവുമായി ബന്ധപ്പെട്ട മറ്റനേകം വിഷയങ്ങളും ചര്‍ച്ചചെയ്യുന്നുണ്ട് എന്നത് ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും, മത്സ്യശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും, പൊതുസമൂഹത്തിനും ഈ ഗ്രന്ഥം പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മത്സ്യങ്ങളെയും പരിസ്ഥിതിയെയും സ്‌നേഹിക്കുന്ന മലയാളി വായനക്കാരുടെ മുമ്പാകെ ഈ ഗ്രന്ഥം അഭിമാനപുരസ്സരം പരിചയപ്പെടുത്തട്ടെ.
(ഡോ.ബി.മധുസൂദനക്കുറുപ്പ്, വൈസ് ചാന്‍സലര്‍, ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല, കൊച്ചി)