ചേകവന്റെ ഇതിഹാസം -ബോധിധര്‍മ്മന്‍
(ചരിത്ര നോവല്‍)
മാഹിയന്‍
മാഹിയന്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്ന കെ.കെ.ഹരിദാസിന്റെ ചരിത്രനോവലാണിത്. ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:
ആമുഖം
ഗുരുകുല വിദ്യാഭ്യാസവും, കൃഷിയും, കളരിയുമെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പുരാതനവും പരിപൂര്‍ണവുമായ ആയോധനകലയാണ് അങ്കക്കളരി. ചേകവരും, ചാവേര്‍പ്പടയും, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ തിരുന്നാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കവും കേരള ചരിത്രത്തില്‍ കാണാം.
സാമൂതിരിയുടെ (കോഴിക്കോട് രാജാവിന്റെ സ്ഥാനപ്പേര്) മേല്‍ക്കോയ്മയേ അംഗീകരിക്കാത്ത വള്ളുവകോനോര്‍ മാമാങ്കത്തിന് തന്റെ ചാവേര്‍ പടയാളികളെ അയക്കുകയും സാമൂതിരിയുടെ പതിനായിരം പടയാളികളോട് അവര്‍ പൊരുതിമരിച്ചത് നമ്മുടെ ഓര്‍മ്മകളിലുണ്ട്. കൊച്ചി രാജവംശത്തിലെ തമ്പുരാന്‍ (പെരുമ്പടത്ത് സ്വരൂപം) കൊല്ലപ്പെട്ടപ്പോള്‍ അംഗരക്ഷകരായ ചാവേര്‍ പടയാളികള്‍ പുരികംവടിച്ച് ഇടനെഞ്ചില്‍ ചുരികക്കുത്തിയിറക്കി കൂട്ടത്തോടെ ആത്മഹത്യ
ചെയ്തു.
തങ്ങളുടെ ആണുങ്ങള്‍ യുദ്ധക്കളത്തില്‍ മരിച്ചുവീണപ്പോള്‍ പുതുശ്ശേരിയിലെ (പാലക്കാട്) പെണ്ണുങ്ങള്‍ വാളും പരിചയുമായി പടക്കളത്തിലിറങ്ങി സാമൂതിരിയുടെ സൈന്യത്തെ തോല്പിച്ചോടിച്ച ദേശമാണിത്. പെണ്‍പടയെ നയിച്ച തെക്കുംഭാഗത്തെ കാര്‍ത്യായനിക്ക് അന്ന് പതിനെട്ട് വയസ്സായിരുന്നു.
നമുക്ക് മഹത്തായൊരു ചരിത്രമുണ്ട്. ഉയര്‍ച്ചയും താഴ്ചയുമെല്ലാം അതിലുണ്ട്. ആറാം നൂറ്റാണ്ടിലാണ് ബോധിധര്‍മ്മന്‍ തെക്കെ ഇന്ത്യയില്‍നിന്ന് ബുദ്ധമത പ്രചാരണത്തിനായി ചീനയിലെത്തിയത്. അദ്ദേഹം ഹെനാന്‍ പ്രവിശ്യയിലെ ഷാഓസിമലയുടെ താഴ്വാരയില്‍ ഷാ ഓലിന്‍ ക്ഷേത്രം നിര്‍മ്മിച്ചു. ചീനയിലെ ആദ്യത്തെ ബുദ്ധക്ഷേത്രമാണ് ഷാഓലിന്‍ ടെമ്പിള്‍.
സന്ന്യാസിമാര്‍ക്ക് മതപഠനത്തോടൊപ്പം അച്ചടക്കവും ആരോഗ്യവുമുണ്ടാവാന്‍ ആയോധനവിദ്യകളും (Martial Arts) പഠിപ്പിച്ചു. കുംഫു എന്നപേരില്‍ ഈ ആയോധനകല ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്നു.
പതിനാലാം നൂറ്റാണ്ടുവരെ കേരളത്തില്‍ തമിഴാണ് സംസാരിച്ചിരുന്നത്. ശെന്തമിഴും നാട്ടുചൊല്ലും ചേര്‍ന്നാണ് അഴകിയ മലയാളഭാഷയുണ്ടായത്. പുരാണങ്ങളും, സംസ്‌കൃതസാഹിത്യങ്ങളും നമ്പൂതിരിമാരുടെ പേച്ച് വഴക്കത്തില്‍ വരുത്തിയ മാറ്റത്തിന്റെ ഫലമാണ് മണിപ്രവാളം. അധികാരവും, ആഭിജാത്യവും ഉന്നംവച്ച് സംസ്‌കൃതം അഭ്യസിച്ച നാടുവാഴികളും, പണിക്കരും ചക്കാലനായന്മാരും കീഴ്ജാതിക്കാരുമെല്ലാം മലയാളഭാഷയുടെ ആവിര്‍ഭാവത്തിന് കാരണമായി.
ബുദ്ധമതം മൂന്നാം ശതകത്തിലേ കേരളത്തില്‍ പ്രചരിച്ചിരുന്നു. കേരളംവാണ പെരുമാക്കാന്മാര്‍ ബുദ്ധമതക്കാരായിരുന്നു. ഭരണിക്കാവ്, മാവേലിക്കര, കുന്നത്തൂര്, കൊട്ടാരക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, ഓണാട്ടുകര എന്നിവിടങ്ങളില്‍ ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകള്‍ ഇന്നും കാണാം.
രണ്ടാംനൂറ്റാണ്ടില്‍ മാങ്കുടി മറുതനാരെഴുതിയ ‘മധുരൈകാഞ്ചി’യെന്ന് തമിഴ് താളിയോല ഗ്രന്ഥത്തില്‍ തിരുവോണത്തിനെപ്പറ്റി പറയുന്നുണ്ട്. ഓണവും, വിഷുവുമെല്ലാം ഇന്നുള്ളതുപോലെ അന്നുമുണ്ടായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം. സന്ന്യാസം സ്വീകരിച്ച് നാടുവിട്ടു പോയ ദാമുവിന്റെ കാല്‍പാടുകളന്വേഷിച്ചുള്ള യാത്രയാണ് ‘ചേകവന്റെ ഇതിഹാസം’ എന്ന ചരിത്രനോവല്‍. അന്ന് കേരളം തമിഴകമായിരുന്നു. ജീവിതം ഒരു യാത്രയാണ്, വഴിയോരക്കാഴ്ചകളാണ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയത്.
Leave a Reply