ഡോ.ബി.ആര്‍ അംബേദ്കര്‍
പരിഭാഷ: സി.എ ജോബ്
സൈന്‍ ബുക്‌സ് 2024
ജാതിക്കെതിരായ രാജ്യത്തെ ഏറ്റവും മുഴക്കമുള്ള ശബ്ദം ഡോ.ബി.ആര്‍ അംബേദ്കറുടേതാണ്. അസ്പൃശ്യര്‍ക്കുവേണ്ടി ഇതിഹാസ സമാനമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. ജാതിയെ ഏറ്റവും ആഴത്തില്‍ പഠിച്ച ഇന്ത്യക്കാരനും അംബേദ്കറാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ജാതിക്കെതിരായ പ്രസ്ഥാനങ്ങളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. സവര്‍ണലോകത്തെ എതിരിട്ടുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ആധുനിക ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. ഇവയില്‍ ഏറ്റവും പ്രധാന സന്ദര്‍ഭങ്ങളെയാണ് ഈ സമാഹാരം ഉള്‍ക്കൊള്ളുന്നത്. ഒന്നാം വട്ടമേശ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം മുതല്‍ ജീവിതസായാഹ്നത്തില്‍ അനുയായികളോടൊപ്പം ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ നടത്തിയ പ്രസംഗം വരെയുള്ള ജാതിക്കെതിരായ അംബേദ്കറുടെ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളെ ഈ കൃതി സമാഹരിക്കുന്നു.
അവതാരിക
ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയുടെ ബദല്‍വായന
ഡോ.എം.കുഞ്ഞാമന്‍
ബി.ആര്‍. അംബേദ്കറെ നോക്കിക്കാണുന്നതില്‍ പലരും പല വീക്ഷണങ്ങളും അവതരിപ്പിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ബഹുമുഖത്വം കൊണ്ടുതന്നെയായിരുന്നു. ഭരണഘടനാ ശില്‍പ്പി അല്ലെങ്കില്‍ അധഃസ്ഥിതരുടെ മോചനവും പുരോഗതിയും വിഭാവനം ചെയ്തയാള്‍ തുടങ്ങിയ പല നിലകളിലാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലതും സാമൂഹിക ശാസ്ത്രജ്ഞരുടെയും വീക്ഷണങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കുറച്ചുപേര്‍ക്കുമാത്രമേ ഇത്തരത്തിലാകാന്‍ കഴിഞ്ഞിട്ടുള്ളൂ. നെഹ്രുവിന് അതിന് കുറെയെല്ലാം കഴിഞ്ഞു, ഗാന്ധിജിക്കും കഴിഞ്ഞു. വേറെയാരെയും നമുക്കങ്ങനെ എടുത്തുപറയാന്‍ കഴിയില്ല. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലും പുറത്തും ബി.ആര്‍. അംബേദ്കര്‍ അധഃസ്ഥിതരുടെ പ്രശ്നങ്ങളാണ് ഊന്നിപ്പറഞ്ഞത്. മറിച്ച്, ആദിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് വിപുലമായ വിശകലനം നടത്തിയത് ജയ്പാല്‍സിങ്ങും നെഹ്രുവുമാണ്. നെഹ്രു തന്റെ ട്രൈബല്‍ പഞ്ചശീല്‍ വെരിയര്‍ എല്‍വിന്റെ സഹായത്തോടുകൂടി ആവിഷ്‌കരിച്ചതാണ്. ആ അഞ്ചുതത്വങ്ങള്‍. വെരിയര്‍ എല്‍വിന്‍ നെഹ്രുവിന്റെ നരവംശ ശാസ്ത്ര ഉപദേശകനായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇതില്‍ പ്രസക്തമല്ല.
രണ്ടാമത്തെ കാര്യം, എല്ലാവരും ഒരുപോലെ അംഗീകരിച്ചിട്ടുള്ള ഒരു പുസ്തകവും ഇതുവരെ എഴുതപ്പെട്ടിട്ടില്ല. ഒരു പുസ്തകവും എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ലതാനും. അതു ലക്ഷ്യംവയ്ക്കുന്ന ഒരു വായന സമൂഹമുണ്ടാകും. മൂന്നാമത്തെയൊരു പ്രവണത, എല്ലാ ചിന്തകരുടെയും ചിന്തകളെ ഒരു പ്രത്യയശാസ്ത്രത്തിന്റെ തലത്തിലേക്ക് നാം ഉയര്‍ത്തുന്നു എന്നതാണ്. മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം, ലിബറല്‍ പ്രത്യയശാസ്ത്രം എന്നിങ്ങനെ നിരവധി പ്രത്യയശാസ്ത്രങ്ങളാണുള്ളത്. അംബേദ്കറിസവും ഒരു പ്രത്യയശാസ്ത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇത് വാസ്തവത്തില്‍ വളരെ അനാരോഗ്യകരമായ പ്രവണതയാണ്.
പ്രത്യയശാസ്ത്രം ആശയങ്ങളെ കൊല്ലും (Ideologies kill ideas). പലപ്പോഴും അതിന് മാറിവരുന്ന ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. ഏതൊരു പ്രത്യയശാസ്ത്രവും ഈ വിധത്തിലുള്ളതാണ്. ഈയൊരു അപകടം അംബേദ്കറിസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രകടമാണ്. വിവാദങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെങ്കിലും വിവാദങ്ങളിലേറെ വിമര്‍ശനവും വിശകലനവുമാണ് സാമൂഹ്യശാസ്ത്രപരമായി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സാധാരണക്കാര്‍ക്കെപ്പോഴും താത്പര്യം വിവാദങ്ങളിലാണ്. അതുകൊണ്ടുതന്നെ വിശകലനാത്മകവും വിമര്‍ശനാത്മകവുമായ സമീപനമാണ് വിട്ടുപോകുന്നത്. ഈയൊരു അപകടം അംബേദ്കറിസത്തിന്റെ കാര്യത്തിലും സംഭവിച്ചു. സംഭവിച്ചുകൊണ്ടുമിരിക്കുന്നു.
എന്നാല്‍, ഒരു ദാര്‍ശനിക സ്വഭാവത്തെയാണ് നമ്മള്‍ അംബേദ്കറുടെ രചനകളില്‍നിന്ന് വായിച്ചെടുക്കേണ്ടത്. ദാര്‍ശനികര്‍ എപ്പോഴും ദേശ, കാല സീമകള്‍ക്കതീതമായി ചിന്തിക്കുന്നവരായിരിക്കും. ദൈനംദിന കാര്യങ്ങളെക്കുറിച്ച് പറയുകയും അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് പലപ്പോഴും ഒരു ദാര്‍ശനികനാകാന്‍ സാധിക്കില്ല. അവര്‍ അന്നന്നത്തെ കാര്യങ്ങളാകും പറയുക. സാമൂഹ്യ പ്രക്രിയയുടെ സ്വാഭാവംതന്നെ ആ പ്രക്രിയ സദാ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ആ പ്രക്രിയ മാറുമ്പോള്‍ ചിന്തകരെ സംബന്ധിച്ച്, അവരുടെ അഭിപ്രായങ്ങളും മാറുന്നു. അതുകൊണ്ട് ഒന്നുംതന്നെ സ്ഥിരമായി നിലനില്‍ക്കുന്നതല്ല.
എപ്പോഴും ഒരു പ്രസ്ഥാനത്തെയോ പ്രത്യയശാസ്ത്രത്തെയോ വളര്‍ത്തുന്നത് അതിന്റെ വിമര്‍ശകരും തളര്‍ത്തുന്നത് അതിന്റെ വിശ്വാസികളുമാണ്. ഏതു പ്രത്യയശാസ്ത്രത്തിന്റെയും സ്ഥിതി അതാണ്. ലോകത്തില്‍ മൊത്തത്തില്‍ ഇതു സംഭവിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി ഇതു സംഭവിച്ചതായി കാണുന്നത് കമ്മ്യൂണിസത്തിലാണ്. അത് എന്തുകൊണ്ട് അങ്ങനെയായി എന്നത് മറ്റൊരുരീതിയില്‍ വിശദാമായി ചര്‍ച്ചചെയ്യേണ്ട കാര്യമാണ്.
ദേശ,കാല സീമകള്‍ക്കതീതമായി ചിന്തിക്കുന്ന ഒരാള്‍ക്കാണ് ചരിത്രത്തില്‍ ഒരു സ്ഥാനമുള്ളത്. മൗലികമായ ചില മൂല്യങ്ങളില്‍ അധിഷ്ഠിതമായിട്ടാകും അങ്ങനെയുള്ള ചിന്ത ഉണ്ടാകുന്നത്. ആരെല്ലാമാണ് ഹ്യൂമനിസം, സെക്കുലറിസം, ശാസ്ത്രീയത, സാര്‍വത്രികത എന്നീ നാലുകാര്യങ്ങളെയും മൗലികമൂല്യങ്ങളായി കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്
അവരാണ് ചരിത്രത്തില്‍ ഓര്‍മ്മിപ്പിക്കപ്പെടുക. ആധുനികകാലത്ത് ഈ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സാമൂഹിക ശാസ്ത്ര വിശകലനങ്ങളിലും ഈ മൂല്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ച് ഇംഗ്ലണ്ടിലും മറ്റും സംഭവിച്ച നവോത്ഥാനത്തെപ്പറ്റി പറയുമ്പോള്‍ ഇത് മനസ്സിലാകും. ഇക്കാര്യത്തില്‍ ന്യൂട്ടന്റെ സമീപനം ശ്രദ്ധേയമാണ്. വിശ്വാസത്തിനുമേല്‍ യുക്തിയുടെ വിജയം ഉണ്ടാകുന്നതിനെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്രം യുക്തിയില്‍ അധിഷ്ഠിതമാണ്. എന്നാല്‍, വിശ്വാസത്തിന്റെ അടിത്തറ മതമാണ്. അതുകൊണ്ടാണ് പല മതങ്ങളും മൗലികവാദപരമാകുന്നത്. മിക്ക മതങ്ങളും അങ്ങനെയാണ്.
മൗലികമായ മൂല്യങ്ങളില്‍ വിശ്വസിച്ചുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസം നേടാനായതാണ് അംബേദ്കറെ വ്യത്യസ്തനാക്കിയത്. കൊളംബിയ യൂണിവേഴ്സിറ്റിയിലും മറ്റും പോയി പഠിച്ച് അവിടെനിന്നെല്ലാം ആര്‍ജിച്ച മൂല്യബോധവും ആധുനികമായ കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടി ലുള്ള പലര്‍ക്കും അതിന് സാധിച്ചിരുന്നില്ല. അംബേദ്കര്‍ക്ക് ഇതിന് കഴിഞ്ഞു. അദ്ദേഹത്തിന് ആധുനിക രാഷ്ട്രീയചിന്ത ഉള്‍ക്കൊള്ളാനുമായി. അതുകൊണ്ടുകൂടിയാണ് ദൈനംദിന കാര്യങ്ങള്‍ക്ക് അതീതനായി നില്‍ക്കുന്ന ഒരു trascending power അദ്ദേഹത്തിനുണ്ടായത്. ഒരു പണ്ഡിതന് ഇതാവശ്യമാണ്. ഇവിടെ, ഇപ്പോഴുള്ള കാര്യങ്ങള്‍ എന്നതിന് അപ്പുറത്തേക്ക് പോകുന്നതിന് അതാവശ്യമാണ്. ഇന്നത്തെയും ഇപ്പോഴത്തെയും കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്ന ഒരാള്‍ക്ക് ഈ വിധത്തില്‍ ഒരു തത്വജ്ഞാനിയോ, ചിന്തകനോ ആകാന്‍ കഴിയില്ല. എന്നാല്‍, അത് അംബേദ്കര്‍ക്ക് സാധിച്ചു.
അന്ന് അധഃസ്ഥിതര്‍ക്ക് മനുഷ്യാവകാശം ഇല്ലായിരുന്നു. പൊതുവഴികളിലൂടെ നടക്കാനോ, വെള്ളം കോരിക്കുടിക്കാനോ അവര്‍ക്ക് കഴിയുമായിരുന്നില്ല. അന്നത്തെ കാലത്തില്‍നിന്ന് നമ്മള്‍ ഇന്ന് എത്രയോ മുമ്പോട്ടുപോയിട്ടുണ്ട്. ആളുകള്‍ പലപ്പോഴും അത് മറക്കുകയാണ് ചെയ്യുന്നത്. മനുഷ്യാവകാശ അംഗീകാരത്തിനുവേണ്ടിയായിരുന്നു അംബേദ്കറുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍. അതിനുവേണ്ടി പറഞ്ഞിരുന്ന കാര്യങ്ങളില്‍ സംവരണവുമുണ്ടായിരുന്നു. എന്നാല്‍, സംവരണം അംബേദ്കറുടെ പ്രാഥമികമോ മൗലികമോ ആയ ഒരു ആവശ്യമായിരുന്നില്ല.
സംവരണംകൊണ്ട് എന്താണ് സംഭവിക്കുന്നത്? തീരുമാനങ്ങളെടുക്കുന്നതില്‍ പ്രാതിനിധ്യവും പങ്കാളിത്തവുമാണത്. അധഃസ്ഥിതരുടെ സംവരണമായാലും ആദിവാസികളുടെ സംവരണമായാലും പാര്‍ലമെന്റ് പാസ്സാക്കിയ സ്ത്രീസംവരണമായാലും മൗലികവും ഘടനാപരവുമായ ഒരു മാറ്റത്തിന് കാരണമാകില്ല. ഇത് അമേരിക്കയിലും സംഭവിച്ചതാണ്. അമേരിക്കയുടെ പാര്‍ലമെന്റ് അടിമസമ്പ്രദായം തുടരണം എന്ന് നിയമം പാസ്സാക്കി. ഏബ്രഹാം ലിങ്കനോട് അതു പറഞ്ഞപ്പോള്‍ ഇതെങ്ങനെ ശരിയാകും എന്നദ്ദേഹം ചോദിച്ചു. അപ്പോള്‍ എതിര്‍പക്ഷം, ഞങ്ങള്‍ക്ക് അതു നിശ്ചയിക്കാനുള്ള ജനവിധിയുണ്ട്, ഞങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ട് എന്നാണ് മറുപടി നല്‍കിയത്. ഭൂരിപക്ഷം എന്നത് ജനാധിപത്യത്തില്‍ എല്ലാമല്ല എന്നായിരുന്നു ഏബ്രഹാം ലിങ്കണ്‍ പ്രതികരിച്ചത്. ആ electorateന്റെ സ്വഭാവവും ഘടനയും പ്രധാനമാണ്. അന്ന് അമേരിക്കയില്‍ വെള്ളക്കാരായ പുരുഷന്‍മാര്‍ക്കുമാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊരു ജനവിധിയെ സ്വീകരിക്കാനാകില്ല എന്ന് ഏബ്രഹാം ലിങ്കണ്‍ പറഞ്ഞു.
വനിതാ ബില്‍ പാസ്സാക്കിയ ലോക്സഭയുടെയും രാജ്യസഭയുടെയും ഘടന എത്തരത്തിലുള്ളതാണെന്ന് പരിശോധിക്കേണ്ടതുണ്ട്. വനിതാ സംവരണത്തില്‍ ദളിത് സംവരണം വേണം എന്ന ആവശ്യമുന്നയിക്കപ്പെട്ടത് ഈയൊരു പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. അങ്ങനെയുണ്ടായില്ലെങ്കില്‍ വരേണ്യരുടെ പുനര്‍ചംക്രമണം മാത്രമേ അതിലൂടെ സംഭ വിക്കൂ. സമ്പത്തും വിജ്ഞാനവും വാചാലതയുമുള്ളവരാകും അങ്ങനെ മുമ്പോട്ടുവരിക.
എന്നാല്‍, സംവരണം സാമൂഹികഘടനയെ സ്വാധീനിക്കും എന്ന് കരുതാനാകില്ല. ഒഡിഷയിലെ ധാതുക്കള്‍ പോസ്‌കോയ്ക്ക് കൊടുക്കണോ വേദാന്തയ്ക്കു കൊടുക്കണോ എന്ന ചര്‍ച്ചയില്‍ ആദിവാസികള്‍ പങ്കെടുത്തതുകൊണ്ട് അതിലൊരു മാറ്റവും വരാന്‍ പോകുന്നില്ല. അതവര്‍ക്കു കിട്ടുന്ന ഒരു അഭിപ്രായ അവകാശം മാത്രമാണ്. പോസ്‌കോയ്ക്കും വേദാന്തയ്ക്കുമല്ല കൊടുക്കേണ്ടത്, അത് ഞങ്ങള്‍ക്കാണ് നല്‍കേണ്ടത് എന്നാണ് പറയേണ്ടത്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ വരുന്ന സ്ഥലമാണല്ലോ അത്. ആദിവാസി നിയമമനുസരിച്ച് ഭരണഘടനാപരമായി അവര്‍ക്കു കിട്ടുന്ന നിയമത്തിന്റെ സത്ത എന്നു പറയുന്നത് 244-ാം വകുപ്പാണ്. ആദിവാസി സ്വയംഭരണാവകാശമാണത്. അഭിപ്രായപ്രകടനത്തിലുള്ള പങ്കാളിത്തം കൊണ്ടോ പ്രാതിനിധ്യംകൊണ്ടോ ഇതവര്‍ക്ക് ലഭിക്കുന്നില്ല. ഒരിടത്തും ഇത് ലഭിക്കുന്നുമില്ല.
അപ്പോള്‍, ഇത്തരത്തിലുള്ള പങ്കാളിത്തവും പ്രാതിനിധ്യവുമല്ല അംബേദ്കര്‍ ഉദ്ദേശിച്ചത്. അംബേദ്കര്‍വാദികള്‍ അംബേദ്കറുടെ കാഴ്ചപ്പാടുകളെ ഇത്തരത്തില്‍ ചുരുക്കിക്കാണുകയോ ന്യൂനീകരിക്കുകയോ ആണ് ചെയ്യുന്നത്. അംബേദ്കര്‍ = സംവരണം = സാമൂഹിക നീതി എന്നാണവര്‍ കരുതുന്നത്. മൂന്നു രംഗങ്ങളിലാണ് സംവരണം ഉള്ളത്, വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ അവര്‍ക്ക് കുറേ മുമ്പോട്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയരംഗത്തുള്ള സംവരണം അപകടമാണ് വരുത്തിയിട്ടുള്ളത്. ഫ്യൂഡല്‍ മുതലാളിത്ത ശക്തികളോടുള്ള വിധേയത്വം പ്രകടിപ്പിക്കുന്നതിന് ചില നേതാക്കള്‍ക്കു കിട്ടിയ ഒരു അവസരം മാത്രമാണത്. അവരുടെ ഭാഗധേയം ഈ വിധേയത്വം പ്രകടിപ്പിക്കുന്നതിലാണ്. അവര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയില്ല.
അംബേദ്കര്‍ ഉദ്ദേശിച്ചത് എന്താണ്? സമൂഹത്തില്‍നിന്നും പ്രാന്തവല്‍ക്കരിക്കപ്പെടുന്നവരും സമൂഹത്തില്‍നിന്ന് പുറന്തള്ളപ്പെടുന്നവരുമായ വിഭാഗങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതില്‍ ഒരു പ്രാതിനിധ്യം വേണമെന്നതിനപ്പുറം അദ്ദേഹം അതിനെ കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ ശരിയായ അജന്‍ഡ എന്നു പറയുന്നത് ജാതിയുടെ ഉന്‍മൂലനമാണ്. ജാതിയുടെ ഭൗതിക അടിത്തറയെ മനസ്സിലാക്കിക്കൊണ്ടു മാത്രമേ അതിനു കഴിയൂ. ഇതിലാണ് അംബേദ്കറുടെ പ്രാധാന്യം നാം ശരിക്കും മനസ്സിലാക്കേണ്ടത്.
അയിത്തത്തിന് ഗാന്ധിജി എതിരായിരുന്നു. മനുഷ്യനും ദൈവത്തിനും എതിരായ പാപമായാണ് അദ്ദേഹം അതിനെ കണ്ടത്. എന്നാല്‍, ഗാന്ധിജിക്ക് അതൊരു ധാര്‍മ്മികപ്രശ്നമായിരുന്നു. അംബേദ്കര്‍ക്ക് എന്നാലത് ഒരു സാമൂഹിക, സാമ്പത്തിക പ്രശ്നമായിരുന്നു.
ക്ലാസിക്കല്‍ മാര്‍ക്‌സിസത്തില്‍ ഊന്നിക്കൊണ്ട് ഉത്പാദനബന്ധങ്ങളാണ് സാമൂഹികബന്ധങ്ങളെ നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നത് എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നത്. എന്നാല്‍, അംബേദ്കര്‍ ഒരു പ്രതിവിജ്ഞാനശാസ്ത്രം (counter epistemology) നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്തത്. ഇന്ത്യയെപ്പോലുള്ള സാമൂഹ്യ സാഹചര്യങ്ങളുള്ള സമൂഹങ്ങളില്‍ സാമൂഹികബന്ധങ്ങളാണ് ഉത്പാദനബന്ധങ്ങളെ നിശ്ചയിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. ഇതിനദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ബ്രാഹ്മണിക ശ്രേണീഘടനയെയാണ്. സാധാരണ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അയിത്തവും ജാതിയും ഒരു മാനസികാവസ്ഥയുടെ പ്രശ്‌നമാണ്.
ശ്രേണീബദ്ധമായൊരു സാമൂഹിക സംവിധാനം, അല്ലെങ്കില്‍ ബ്രാഹ്മണികമായൊരു ശ്രേണീഘടനയാണ് കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത്. സാമ്പത്തികകാര്യങ്ങളിലേക്ക് വരുമ്പോള്‍ ചില കാര്യങ്ങളാണ് അതിനെ നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നത്. ഒന്ന്, സ്വത്തവകാശത്തിന്റെ ഘടന. ആരാണ് സ്വത്ത് കൈവശം വയ്ക്കുന്നത്, ആര്‍ക്കാണ് അതിനു കഴിയാത്തത്. അത് ജാതിവ്യവസ്ഥയാണ് തീരുമാനിക്കുന്നത്. രണ്ടാമത്തേത്, തൊഴില്‍ വിഭജനം. മറ്റു സമൂഹങ്ങളിലൊക്കെ കഴിവിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് തൊഴില്‍ വിഭജനം നിശ്ചയിക്കപ്പെടുന്നത്. ഇവിടെ അങ്ങനെയല്ല. ഏതു ജാതിക്കാരന്‍ ഏതു ജോലിചെയ്യണം എന്നതാണ് നിര്‍വചിക്കുന്നത്. മൂന്നാമത്, സാമൂഹിക ഉത്പാദനത്തിന്റെ വിഭജനം. ഉത്പാദനത്തില്‍ പങ്കാളികളാകുന്ന വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അത് എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നത്. അതും ജാതിയാണ് നിശ്ചയിക്കുന്നത്. അതുപോലെതന്നെ ആര്‍ക്കെല്ലാം സാമൂഹികമിച്ചം കൈയടക്കാം, അതെങ്ങനെ ഉപയോഗിക്കാം എന്നതും. അതും ഈ ബ്രാഹ്മണികതയാണ് തീരുമാനിച്ചത്.
മുതലാളിത്തത്തിന്റെ വ്യാപനം ഉണ്ടാകുന്നതുവരെ ഈ സാമൂഹിക മിച്ചം എന്തിനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്? താജ്മഹല്‍ പോലുള്ള കെട്ടിടങ്ങളുണ്ടാക്കാന്‍, വലിയ അമ്പലങ്ങള്‍ നിര്‍മ്മിക്കാന്‍. കൊട്ടാരങ്ങള്‍ പണിയാന്‍. ഇതെല്ലാം സമ്പത്ത് കുന്നുകൂട്ടുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായാണ് ഉപയോഗിച്ചത്. സാമൂഹിക മിച്ചത്തെ (ഇത് മുതലാളിത്തത്തിലുള്ള അര്‍ത്ഥത്തിലല്ല, ആകെ ഉത്പാദനത്തില്‍ നിന്ന് ആകെ ഉപഭോഗം കുറയ്ക്കുമ്പോള്‍ ലഭിക്കുന്നത്) കൈവശപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നതിനും കഴിയുന്നതിനെപ്പറ്റിയാണ്. അത് പ്രത്യുത്പാദനപരമായി ഉപയോഗപ്പെടുത്തുമ്പോഴാണ് ഒരു സമൂഹം സാമ്പത്തികമായി വളരുന്നത്. എന്നാല്‍, എങ്ങനെയാണ് ഈ മിച്ചം ഉപയോഗിക്കപ്പെട്ടത്? ഈയൊരു കാര്യത്തിലും പങ്കാളിത്തം ഉണ്ടായിരുന്നില്ല. ശരിയായ രാഷ്ട്രീയം, ഭരണത്തില്‍ പ്രാതിനിധ്യവും പങ്കാളിത്തവും ലഭിക്കുക എന്നതല്ല. ഭരണം പിടിച്ചടക്കുന്നതിനുപോലുമുള്ളതല്ല രാഷ്ട്രീയം. ശരിയായ രാഷ്ട്രീയം എന്നത് അധികാരത്തെ ചോദ്യംചെയ്യുക എന്നതാണ്. ഇതൊക്കെ നിശ്ചയിക്കാന്‍ നിങ്ങള്‍ക്ക് ആര് അധികാരം നല്‍കി എന്ന ചോദ്യമാണത്. ഇത്രയും സമ്പത്ത് കുന്നുകൂട്ടിവയ്ക്കാനും ചില സാമൂഹികവിഭാഗങ്ങളെ അടിച്ചമര്‍ത്തുന്ന സാമൂഹികാവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള അധികാരം നിങ്ങള്‍ക്കാരാണ് നല്‍കിയത് എന്ന് ചോദ്യം ഉന്നയിക്കലാണത്. ഇങ്ങനെ അധികാരഘടനയെ ചോദ്യംചെയ്യുന്ന താണ് ശരിയായ രാഷ്ട്രീയം.
അങ്ങനെ നോക്കുമ്പോള്‍ രാഷ്ട്രീയരംഗത്തുണ്ടായ സംവരണം മര്‍ദ്ദിത, പ്രാന്തവല്‍കൃത വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ദോഷമാണ് ചെയ്തതെന്ന് കാണാം. നമ്മുടെ ജനാധിപത്യവ്യവസ്ഥ ചില പ്രത്യേകതകളുള്ളതാണ്. അവിടെ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ ആരെയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണം എന്നത് ജനങ്ങളല്ല തീരുമാനിക്കുന്നത്. അത് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കലാണ്. തങ്ങളുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് അത് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതാക്കളാണ്. അവരുടെ വര്‍ഗതാത്പര്യമാണ് അതില്‍ പ്രധാനമായുളളത്, ജാതിതാല്‍പ്പര്യം മാത്രമല്ല അതില്‍ വരുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ മുദ്രാവാക്യം എന്തായിരുന്നു? ഭൂമി മണ്ണില്‍ പണിയെടുക്കുന്നവന് എന്നതായിരുന്നു അത്. കൃഷിഭൂമി കര്‍ഷകന് എന്നതായിരുന്നില്ല അത്. ആ മുദ്രാവാക്യമുയര്‍ത്തി നടപ്പാക്കിയ ഒരു പരിപാടിയില്‍ പരമ്പരാഗത ഭൂരഹിത കര്‍ഷകത്തൊഴിലാളിക്ക് ഭൂമി കൊടുത്തില്ല. അവര്‍ക്ക് കൊടുക്ക ണമെന്ന് മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികളും പറഞ്ഞില്ല. കാരണം, ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ക്ക് പൊതുവായ ഒരു വര്‍ഗതാല്‍പ്പര്യമുണ്ട്. അതിനെ പൊളിക്കാന്‍ സംവരണത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധിക്കുന്നുമില്ല. രാഷ്ട്രീയസംവരണം ഇന്ത്യയില്‍ ഒരു പരാജയം തന്നെയാണ്.
സ്ത്രീ സംവരണം പരിശോധിക്കുമ്പോള്‍, നമ്മുടെ സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന സാഹചര്യം കാണണം. സിവില്‍ സര്‍വീസില്‍, ബിസിനസ്സില്‍, കലാരംഗത്ത്, കായികരംഗത്ത് എല്ലാം അവര്‍ മുമ്പോട്ടുപോകുകയാണ്. രാഷ്ട്രീയരംഗത്ത് അതു പറ്റുന്നില്ലെന്നു പറഞ്ഞാല്‍ അതിനെ ആരാണ് തടയുന്നത് എന്നാണ് നോക്കേണ്ടത്. ഉയര്‍ന്ന ജാതികളിലും ഉയര്‍ന്നവര്‍ഗങ്ങളിലുമുള്ള പുരുഷന്‍മാര്‍തന്നെയാണ് അവരുടെ പ്രവേശനം തടയുന്നത്, പിന്നാക്ക ജാതികളിലുള്ളവരല്ല. നിയമസഭകളിലെത്താന്‍ ഭരണഘടനാപരമായ വഴികളല്ല നോക്കേണ്ടത്. രാഷ്ട്രീയമായ വഴികളാണ് നോക്കേണ്ടത്. രാഷ്ട്രീയമായി എന്നു പറയുമ്പോള്‍ തെരുവില്‍ അടിക്കേണ്ടവരെ അടിക്കണം. അങ്ങനെയാണ് രാഷ്ട്രീയം എന്ന മല്‍സരത്തിലേക്ക് വരേണ്ടത്.
ഇങ്ങനെയൊരു രാഷ്ട്രീയം ഇന്ത്യയില്‍ ഉയര്‍ന്നുവന്നില്ല. അടിച്ചമര്‍ത്തലിന്റെ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ അധികാരഘടനയുമായി ബന്ധപ്പെട്ടതാണ്. അതാണ് ശരിയായ രാഷ്ട്രീയം. അധികാരത്തെ ചോദ്യം ചെയ്യലാണത്. അതിന് ഇവരില്‍ നിന്നാരും ഉയര്‍ന്നുവന്നില്ല. രണ്ടാമത്, അവരില്‍ത്തന്നെ അധികാരസ്ഥാനങ്ങളോടുള്ള ആരാധനയും ആദരവും അധികാരത്തോട് അഭിനിവേശവും ഉണ്ടായി. അതുകൊണ്ട് ഏതെങ്കിലും മേഖലയില്‍ അവര്‍ക്കുണ്ടാകുന്ന ഒരു പുരോഗതിയെ സാമൂഹികമായല്ല അവര്‍ കാണുന്നത്, തങ്ങളുടെ കഴിവിന്റെ ഒരു മാനദണ്ഡമായി മാത്രമാണ്. അധികാരത്തിന്റെ കുറെ ആരാധകരെയാണ് ഈ സംവരണ വ്യവസ്ഥ സൃഷ്ടിച്ചത്.
അധികാരത്തെ അവര്‍ ചോദ്യംചെയ്യുന്നില്ല. ഇത്തരത്തിലുള്ള പല പ്രസ്ഥാനങ്ങളും അനുവര്‍ത്തിച്ചുവരുന്നൊരു നയമാണിത്. അവരുടെ രാഷ്ട്രീയം അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയമാണ്. സമര്‍ത്ഥമായി പ്രയോഗിക്കുന്ന ഒരു രാഷ്ട്രീയമാണത്. അധികാര രാഷ്ട്രീയക്കാര്‍ ചെയ്യുന്നതുതന്നെയാണ് അവരും ചെയ്യുന്നത്. മറ്റവര്‍തന്നെയാണ്
ഇവര്‍ക്കും മാതൃക. മറ്റുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചേര്‍ന്നുകൊണ്ടും, രാഷ്ട്രീയനേതാക്കളുടെ ഉത്തരവുകള്‍ ശിരസ്സാവഹിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മാത്രമല്ല, അവരുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന്, ബി.എസ്.പി.യുടെ അവസ്ഥ. മായാവതിക്ക് ഒരു ജനാധിപത്യവാദിയാകാന്‍ കഴിയില്ല. അവര്‍ ഏറ്റവും വലിയ അഴിമതിക്കാരിലും ഏറ്റവും വലിയ സമ്പന്നരിലും ഒരാളായി മാറുകയാണ് ചെയ്തത്. അതിനാണവര്‍ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിയത്. അതിനാല്‍ അവരും വ്യത്യസ്തരല്ല. കാരണം, അവര്‍ക്കൊരു അടിസ്ഥാന പദ്ധതിയുണ്ടായിരുന്നില്ല.
ഇത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രത്യേക ചിന്താഗതിയുടെ ഭാഗമാണ്. അധികാരം വഴിമാറും ശക്തന്‍ വരുമ്പോള്‍. അത് അശക്തനെ എന്നും ശിക്ഷിച്ചുകൊണ്ടിരിക്കും. വ്യവസ്ഥിതിയെ കൈയാളുന്നവരുടെ അധികാരത്തിനുള്ള അവകാശത്തെ ചോദ്യംചെയ്യുന്ന ഒരു പ്രസ്ഥനവും ഉയര്‍ന്നുവന്നില്ല. അവരെപ്പോഴും ഒരു പ്രത്യേക വൃത്തത്തിനുള്ളില്‍ കുടുങ്ങിക്കഴിയുകയാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ അവരും ഉയര്‍ത്തുന്നു എന്നത് ശരിയാണ്. അത് ശരിക്കും ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയമാണ്. അത് ഇന്ത്യക്കാര്‍ കണ്ടെത്തിയതല്ല.
തുല്യതയാണ് പ്രധാനം. ഹെഗല്‍ 1820-ല്‍ പറഞ്ഞു, സ്വത്താണ് സ്വാതന്ത്ര്യം. സമ്പത്തല്ല, സ്വത്ത്. സ്വത്താണ് അധികാരം. അതിനെ വിമര്‍ശിച്ച് മാര്‍ക്‌സ് 1843-ല്‍ എഴുതിയിട്ടുണ്ട്. 1807-ലെഴുതിയ ഹെഗലിന്റെ രചനയില്‍ ആശയമാണ്, ജ്ഞാനമാണ് പരമമായത് എന്നു പറയുന്നുണ്ട്. ആശയവും വിജ്ഞാനവും നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, മൂന്നുരംഗങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്ക് മുമ്പോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രത്തില്‍ എല്ലായ്‌പോഴും എല്ലായിടത്തും സാമൂഹിക നിയന്ത്രണം കൈയാളിയത് സമ്പത്തും വിജ്ഞാനവും അധികാരവുമുള്ളവരാണ്. സമ്പത്തുള്ളവര്‍ വിജ്ഞാനത്തെ നിയന്ത്രിക്കും. അവര്‍ വിജ്ഞാനം ഉണ്ടാക്കുന്നു എന്നല്ല, അവര്‍ വിജ്ഞാനത്തെ നിയന്ത്രി ക്കുകയാണ് ചെയ്യുന്നത്. സമ്പത്തും വിജ്ഞാനവും നിയന്ത്രിക്കുന്നവര്‍ അധികാരം നിയന്ത്രിക്കുന്നു. അവരുടെ കൈയിലാണ് അധികാരമുള്ളത്. എന്നാല്‍, വാസ്തവത്തില്‍ അവരല്ല സമൂഹത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത്. ഒരു അധികാരിക്ക് സമൂഹത്തെ മുമ്പോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. സമൂഹത്തെ മുമ്പോട്ടുകൊണ്ടുപോകാന്‍ കഴിയുന്നത് ശാസ്ത്ര ജ്ഞന്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കുമാണ്. അതാണ് ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അടിസ്ഥാന പങ്ക്. മനുഷ്യര്‍ക്ക് രണ്ടുതരത്തിലുള്ള ധര്‍മ്മങ്ങളുണ്ടെന്ന് മാര്‍ക്സ് പറഞ്ഞിരുന്നു. ഒന്ന്, മൃഗങ്ങള്‍ക്കും എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള ഒരു പ്രവൃത്തിയാണ്. അത്, ഭക്ഷിക്കുക, ഇണചേരുക, സന്താനോല്‍പ്പാദനം നടത്തുക എന്നതാണ്. രണ്ടാമത്തേത് ബുദ്ധിശക്തിയാണ്. ചിന്തിക്കാനുള്ള കഴിവാണത്. അത് മനുഷ്യര്‍ക്കു മാത്രമേയുള്ളു. മറ്റു മൃഗങ്ങള്‍ക്കില്ല. താന്‍ ജനിച്ച സാമൂഹ്യ അവസ്ഥയെ മാറ്റുന്നതിന് മനുഷ്യനു മാത്രമേ കഴിയൂ. മറ്റുള്ള മൃഗങ്ങള്‍ക്ക് അവയുടെ സാമൂഹ്യസാഹചര്യത്തോട് ചേര്‍ന്നുപോകാന്‍ മാത്രമേ കഴിയൂ. മനുഷ്യന് ഒന്നുകില്‍ അതു മാറ്റാം. അല്ലെങ്കില്‍ അവിടെനിന്നും മാറിപ്പോകാം. ഒരു സ്ഥലം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് പോകാവുന്നതാണ്. ആ സാധ്യത മനുഷ്യനുണ്ട്. എന്നാല്‍, ഒരു കോഴിക്കോ ഒരു പൂച്ചയ്ക്കോ അതിനുള്ള കഴിവില്ല. അതിനുള്ള സാധ്യതയുമില്ല. ഇതിലൂടെയാണ് മനുഷ്യസംസ്‌കാരം ഒരു ഉയര്‍ന്നതലത്തിലേക്ക് എത്തുന്നത്. അത് സൃഷ്ടിക്കുന്നത് ശാസ്ത്രമാണ്.
ഇന്നോളമുള്ള മനുഷ്യപുരോഗതി സംഭവിച്ചത് ശാസ്ത്ര സാങ്കേതികവിദ്യ വളര്‍ന്നതിന്റെ ഭാഗമായിട്ടാണ്. ആദിവാസികളുടെ കാലം മുതലേ ശാസ്ത്രവും സാങ്കേതികവിദ്യയും ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ രീതിയിലല്ലെങ്കിലും. ഇപ്പോള്‍ ശാസ്ത്രം ക്രമീകൃതവത്കരിക്കപ്പെട്ട ഒരു വിജ്ഞാനമാണ്. മനുഷ്യനു മാത്രമുള്ള ഈ കഴിവ് വളര്‍ന്നുകൊണ്ടിരിക്കും. ചിന്തിക്കുന്ന മനുഷ്യരുടെ എണ്ണം കൂടിക്കൂടി വരും. ശാസ്ത്രത്തിന്റെ പ്രയോഗമായ സാങ്കേതിക വിദ്യയും എന്നും വികസിച്ചുകൊണ്ടിരിക്കും. മനുഷ്യപുരോഗതിയും സംസ്‌കാരവും മുമ്പോട്ടുപോകുന്നത് ശാസ്ത്രം കൊണ്ടും സാങ്കേതികവിദ്യ കൊണ്ടുമാണ്. മുദ്രാവാക്യങ്ങളുയര്‍ത്തിയതു കൊണ്ടോ പ്രാര്‍ഥിച്ചതുകൊണ്ടോ അല്ല. മതത്തിനും പാര്‍ട്ടി രാഷ്ട്രീയത്തിനും മനുഷ്യപുരോഗതിയില്‍ യാതൊരു പങ്കുമില്ല. അവര്‍ യഥാര്‍ത്ഥത്തില്‍ അധ്വാനിക്കുന്ന മനുഷ്യരെ ചൂഷണംചെയ്യുകയാണ് ചെയ്യുന്നത്.
എന്നാല്‍, ഇത്തരത്തില്‍ അധഃസ്ഥിത മര്‍ദിതവിഭാഗങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിഞ്ഞില്ല. ദളിത് വിഭാഗങ്ങളുടെ കാര്യം നോക്കുക, അവരില്‍ നിന്ന് രാഷ്ട്രപതിയുണ്ടായി. ചീഫ് ജസ്റ്റിസ് ഉണ്ടായി. ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു രാഷ്ട്രപതി ഉയര്‍ന്നുവന്നു. എന്നാല്‍, ധൈഷണികരംഗത്ത് അവര്‍ക്കൊരു ദൃശ്യതയില്ല. മാധ്യമപ്രവര്‍ത്തനത്തിലായാലും സര്‍ഗാത്മക രചനയിലായാലും സിനിമാസംവിധാന രംഗത്തായാലും (നടന്‍മാരുണ്ടാകും, അത് മറ്റൊന്നാണ്, സംവിധാനം സര്‍ഗാത്മകമാണ്. സംവിധായകന്‍ പറയുന്നതാണ് അഭിനേതാവ് ചെയ്യുന്നത്) അങ്ങനെ സര്‍ഗാത്മകമായ തലത്തില്‍ ദേശീയതലത്തിലോ അന്തര്‍ദേശീയ തലത്തിലോ അവര്‍ ഉയര്‍ന്നുവന്നിട്ടില്ല. അവിടേക്ക് ഉയരണമെങ്കില്‍ ആദ്യം ദാരിദ്ര്യത്തില്‍നിന്ന് മുക്തി വേണം. മനുഷ്യര്‍ക്ക് ഒഴിവുസമയം വേണം. ജോലിചെയ്ത്, ഭക്ഷണം കഴിച്ച് അതിനുശേഷം കുറച്ച് ഒഴിവുസമയം കിട്ടുമ്പോഴാണല്ലോ വായിക്കുകയും ചിന്തിക്കുകയും ചെയ്യാനാകുക. വിജ്ഞാന വളര്‍ച്ചയ്ക്കുവേണ്ടത് പുനരാലോചനയും അനുമാനവുമാണെന്നാണ് ആഡം സ്മിത്തും പറഞ്ഞത്. അങ്ങനെയൊന്ന് അവര്‍ക്ക് ഉണ്ടാകുന്നില്ല. ദിവസത്തിന്റെ മുക്കാല്‍ ഭാഗവും കഠിനാദ്ധ്വാനം ചെയ്യണം. മറ്റുള്ളവരാണ് അവര്‍ക്കുവേണ്ടി ചിന്തിക്കുന്നത്. ചിന്തിക്കല്‍ ഒരു ബ്രാഹ്മണിക പ്രവൃത്തിയായി മാറിയത് അങ്ങനെയാണ്. മറ്റുള്ളവര്‍ ചിന്തിക്കുന്നു എന്നത് ഇവരുടെ ജ്ഞാനം മോശമായതുകൊണ്ടല്ല. വിജ്ഞാനത്തിലൂടെ പുതിയൊരു ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകും. തങ്ങളുടെ ദാരിദ്ര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് ഇവര്‍ ശരിയായി വിശകലനം ചെയ്ത് മനസ്സിലാക്കിയിട്ടില്ല. അത് തങ്ങളുടെ വിധി എന്നാണവര്‍ കരുതുന്നത്. അത് ഒരു സാമൂഹ്യസൃഷ്ടിയാണെന്നതാണ് അവര്‍ മനസ്സിലാക്കാതിരിക്കുന്നത്.
ദരിദ്രര്‍ രണ്ടുകാര്യങ്ങളാണ് ഒരേസമയത്ത് ചെയ്യുന്നത്. ഒന്ന്, സമ്പന്നനുവേണ്ടി അവര്‍ സമ്പത്ത് ഉത്പാദിപ്പിക്കുന്നു. അങ്ങനെ സമ്പത്തുത്പാദിപ്പിക്കുന്ന സമയത്ത് അവരുടെതന്നെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും അവര്‍ പുനര്‍സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് രക്ഷപ്പെടുന്നതിന് രണ്ടുകാര്യങ്ങള്‍ വേണം. ഒന്ന്, സാര്‍വലൗകികമായിട്ടുള്ള സ്വത്തവകാശം. ഭരണഘടനയിലെ മൗലികാവകാശങ്ങളിലൊന്നാവണം അത്. ആര്‍ട്ടിക്കിള്‍ 21-right to life. ജീവിക്കാനുള്ള അവകാശം എന്നത് യാഥാര്‍ത്ഥ്യമാകുക ഉപജീവനത്തിനുള്ള അവകാശം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മാത്രമാണെന്ന് എണ്‍പതുകളില്‍ സുപ്രീംകോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, ഉപജീവനമാര്‍ഗം നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നാണ് അവര്‍ പറഞ്ഞത്. അക്കാര്യമിപ്പോള്‍ കുറച്ചൊക്കെ നടപ്പാക്കിവരുന്നുണ്ട്, ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലൂടെ.
ദാരിദ്ര്യം മറ്റൊരുവിധത്തിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അത് ഡിജിറ്റല്‍ ദാരിദ്ര്യമാണ്. ഒരു ഡിജിറ്റല്‍ വിഭജനം ഇവിടുണ്ടാകുന്നു. ആഗോളവത്കരിക്കപ്പെട്ട ലോകമാകെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത് ഒരു ഡിജിറ്റല്‍ വ്യവസ്ഥയായാണ്. ഇപ്പോള്‍ രാജ്യങ്ങളൊന്നുമില്ല. മറ്റ് രാജ്യങ്ങളുമായി വ്യാപാരവും ഇടപാടുകളും നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ഇതെല്ലാം ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും. ഇങ്ങനെയൊരു ആഗോളവത്കരിക്കപ്പെട്ട ലോകത്ത് സജീവമായി ഉത്പാദനരംഗത്തും വിപണനരംഗത്തും പങ്കെടുക്കണമെങ്കില്‍ അത്യന്താധുനികമായിട്ടുള്ള സാങ്കേതികവിദ്യ വേണം. അതിപ്പോള്‍ ഡിജിറ്റല്‍ ടെക്‌നോളജിയാണ്. അവിടെ അവര്‍ പിന്തള്ളപ്പെടുമ്പോള്‍ സ്വാഭാവികമായും ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാനുള്ള അവരുടെ കഴിവ് തടയപ്പെടുകയാണ്. ഉത്പാദന വിപണന രംഗങ്ങളിലേക്ക് പോയി നേട്ടമുണ്ടാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഇതിന് സ്വത്തവകാശം കോടതിവഴി സ്ഥാപിച്ചുകിട്ടാവുന്ന അവകാശങ്ങളിലൊന്നാക്കണം. സ്വത്തവകാശത്തെ ആര്‍ട്ടിക്കിള്‍ 21-ന്റെ ഭാഗമായി കാണണം. സമ്പത്ത് തുല്യമായി വിതരണം ചെയ്യപ്പെടണം. സാര്‍വലൗകിക സ്വത്തവകാശവും സമ്പത്തിന്റെ തുല്യമായുള്ള പുനര്‍വിതരണവും വന്നാല്‍ മാത്രമേ നിഷ്‌കാസിതരും പ്രാന്തവല്‍കൃതരുമായ വിഭാഗങ്ങള്‍ക്ക് രക്ഷയുള്ളു. ഇനി ദളിതരുടെ പ്രശ്നം, ആദിവാസി പ്രശ്‌നം എന്നൊക്കെ പറഞ്ഞ് ഇറങ്ങിയിട്ട് കാര്യമില്ല. അത് അവരുടെ പ്രശ്‌നമേ ആകുന്നുള്ളൂ. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഭാഗമായി നിരന്തരം നിഷ്‌കാസിതരാക്കപ്പെടുന്ന ജനങ്ങളെ സാമൂഹ്യപഠിതാക്കള്‍ precariat എന്നാണ് വിളിക്കുന്നത്. അങ്ങനെയുള്ളവര്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. അമേരിക്കയിലും മറ്റും ഇവരുടെ പ്രശ്‌നം വളരെ ഗുരുതരമാണ്. പ്രാവീണ്യം കുറച്ചുള്ളവരോ പ്രാവീണ്യമേ ഇല്ലാത്തവരോ ആയ തൊഴിലാളികളുടെ പ്രശ്നമാണത്. അത് സ്വാഭാവികവുമാ ണ്. പുതിയ സാങ്കേതികവിദ്യ ഉണ്ടാകുമ്പോള്‍ പഴയ സാങ്കേതികവിദ്യ അപ്രസക്തമാകുന്നത് എല്ലാക്കാലത്തും ഉണ്ടാകുന്നതാണ്. എന്നാല്‍, അവര്‍ക്കുള്ള പുനരധിവാസ പരിപാടികള്‍, വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും തൊഴില്‍സാധ്യത സൃഷ്ടിക്കേണ്ടതാണ്. അതില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യമാണ്.
ഇതു വന്നാലാണ് അംബേദ്കര്‍ പറഞ്ഞ രണ്ടുകാര്യങ്ങള്‍ യാഥാര്‍ഥ്യമാകുക. അതിലൊന്ന് തുല്യത എന്നതാണ്, നീതി എന്നതാണ്. നീതിയെ പലരും നിര്‍വചിച്ചിട്ടുണ്ട്. ഇതില്‍ അടുത്തകാലത്തു വന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ് 1971-ല്‍ ഇറങ്ങിയ ജോണ്‍ റോള്‍സിന്റെ ‘എ തിയറി ഓഫ് ജസ്റ്റീസ്.’ വികസനത്തെ വിലയിരുത്തേണ്ടത് ഒരു സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നു നോക്കിയാകണം എന്ന കാഴ്ചപ്പാടാണ് ഈ കൃതി അവതരിപ്പിക്കുന്നത്. പിന്നീടുവന്ന ശ്രദ്ധേയമായ പുസ്തകമാണ് 2009- ഇറങ്ങിയ അമര്‍ത്യാസെന്നിന്റെ ‘ഐഡിയ ഓഫ് ജസ്റ്റീസ്.’
മാര്‍ക്‌സിനും അംബേദ്കര്‍ക്കും അമര്‍ത്യാസെന്നിനുമൊക്കെയുള്ള ഒരു വിശകലന സമീപനമുണ്ട്. അത് Normative Reasoning ആണ്. ശാസ്ത്രജ്ഞന്മാരുടേത് ഈ രീതിയല്ല. അവര്‍ക്ക് പൊസിറ്റിവിസ്റ്റിക് ആയ രീതിയാണുള്ളത്. നോര്‍മാറ്റീവ് റീസണിങ്ങിന് ചില മാനദണ്ഡങ്ങളുണ്ടാകും. സ്വത്ത് വിതരണം ചെയ്യപ്പെടുന്നത് തുടങ്ങിയ ആശയങ്ങളാണത്. അംബേദ്കറുടെയും രീതിശാസ്ത്രം ഇതായിരുന്നു.
രണ്ടുമൂന്ന് കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഒന്ന്, അദ്ദേഹത്തിനുണ്ടായിരുന്ന ഒരു വികസന കാഴ്ചപ്പാട്. സംവരണ കാര്യമേറെയും ഈ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ടതായിരുന്നു. അങ്ങനെയാണ് ജാതിയുടെ ഉന്മൂലനം നടക്കുന്നത്. രാജ്യത്ത് കൃഷിഭൂമി ആകെ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നശേഷം അത് കാര്‍ഷിക കുടുംബങ്ങള്‍ക്ക് തുല്യമായി നല്‍കണം. അത് ഭൂപരിഷ്‌കരണമല്ല. കമ്മ്യൂണിസ്റ്റുകാര്‍ ബൂര്‍ഷ്വാ ഭൂപരിഷ്‌കരണമാണ് നടപ്പാക്കിയത്. കുടിയായ്മ നിരോധിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു അത്. ഭൂവിതരണത്തിനുള്ള പരിപാടി കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. അതാവശ്യപ്പെടുന്നവരെ ഭരണകൂടത്തിന്റെ ശക്തിയും തങ്ങളുടെ കേഡര്‍ ശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് അവര്‍ ചെയ്തത്. ളാഹ ഗോപാലന്‍, സി.കെ.ജാനു, ഗീതാനന്ദന്‍ തുടങ്ങിയവരുടെ ശ്രമങ്ങളെ അവര്‍ അടിച്ചമര്‍ത്തി. ജയിലിലിട്ട് മര്‍ദിക്കുകയും ചെയ്തു.
ഭൂവിതരണ പരിപാടിയെ വികസനത്തിന്റെ മൗലികമായ ആദ്യ നടപടിയായാണ് അംബേദ്കര്‍ കണ്ടത്. രണ്ടാമത്, അതുവരെ നമുക്കുണ്ടായിരുന്ന ഒരു ധാരണ, നീതി ഒരു ധാര്‍മ്മികപ്രശ്നമാണെന്നതായിരുന്നു. അങ്ങനെ വരേണ്ടതല്ല നീതി. നീതിക്ക് മൂര്‍ത്തമായ ഒരു അര്‍ത്ഥമുണ്ട്. സാമ്പത്തിക തുല്യതയാണ് നീതി.
ഇവിടെ നീതി ഉണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ഒരു Graded Inequaltiy യാണ്. Graded injustice ആണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്നും നീതി കിട്ടുന്നില്ല. നീതിന്യായ വ്യവസ്ഥയിലൂടെയല്ല നീതികിട്ടുന്നത്. നീതി സാമ്പത്തികരംഗത്തും സാമൂഹികരംഗത്തും രാഷ്ട്രീയരംഗത്തും ഉണ്ടാകേണ്ടതാണ്. നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്നത് നീതിയുടെ അടിസ്ഥാനത്തിലല്ല, ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. തുലാസാണല്ലോ ഒരു ചിഹ്നം. ജഡ്ജി നോക്കുന്നത് നീതിയല്ല. നീതി അന്വേഷിച്ചുപോകാനൊന്നും സമയമില്ല. തന്റെ മുമ്പിലവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങളെ വസ്തുതാപരമായി പരിശോധിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ കോടതികളും നിസ്സഹായരാണ്. സാമ്പത്തികമായ തുല്യതയിലൂടെയേ യഥാര്‍ത്ഥനീതി യാഥാര്‍ത്ഥ്യമാകൂ.
അതാണ് സമ്പത്ത് പുനര്‍വിതരണം ചെയ്യപ്പെടണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനം. ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്കൊക്കെ വേണ്ടി പ്രത്യേക പരിപാടികളുണ്ട്. അഞ്ചാം പഞ്ചവല്‍സര പദ്ധതി തൊട്ട് ആദിവാസികള്‍ക്കുവേണ്ടിയും ഏഴാം പഞ്ചവല്‍സര പദ്ധതി തൊട്ട് ദളിതര്‍ക്കുവേണ്ടിയുമുള്ള പ്രത്യേക പരിപാടികളുണ്ട്. ഈ പ്രത്യേക പരിപാടികളിലൂടെ അവര്‍ക്ക് തുല്യതയിലേക്ക് വരാന്‍ പറ്റിയില്ല. അവര്‍ക്കും അവരെപ്പോലെയുള്ള ദരിദ്രവിഭാഗങ്ങള്‍ക്കും വേണ്ടത് പ്രത്യേക അവകാശമല്ല, തുല്യ അവകാശമാണ്. ഇതിന് സമ്പത്തിന്റെ പുനര്‍വിതരണം നടക്കണം.
ഇപ്പോള്‍ ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന ആഭ്യന്തര പ്രശ്‌നമെന്താണ്? അത് അസമത്വമാണ്. കാലാവസ്ഥാ വ്യതിയാനം ഒരു ആഭ്യന്തരപ്രശ്‌നമല്ല. അതൊരു സാര്‍വദേശീയ പ്രശ്നമാണ്. അത് കൂടിയാലോചനകളിലൂടെ പരിഹാരം കണ്ടെത്തപ്പെടേണ്ടതാണ്. മുതലാളിത്തമാണ് അതിന്റെ ഉത്തരവാദി എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തേക്കുവിടുന്നത് ചൈനയാണ്. ചൈനയുടെ ദേശീയ ഉത്പാദനത്തിന്റെ 60 ശതമാനം ഫോസില്‍ ഇന്ധനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അത് മറ്റൊരു പ്രശ്‌നമാണ്. എന്നാല്‍, ശക്തമായ ആഭ്യന്തരപ്രശ്നം അസമത്വം തന്നെയാണ്.
അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്നു. അംബാനിയുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനു വേണ്ടിയായിരുന്നില്ല അത്. വാളയാറിലെ അമ്മയ്ക്ക് നീതി ലഭിക്കാത്തതിന്റെ പ്രശ്നവും ഇങ്ങനെയാണ്. അത് ആഭ്യന്തരമായി നടപ്പിലാക്കേണ്ട നയത്തിന്റെ പ്രശ്നമാണ്. അതുകൊണ്ട് അവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പി ക്കണം. അവരെ പൊതുപരിപാടിയുടെ ഭാഗമാക്കണം. പൊതുപരിപാടിയില്‍ തങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ടോ എന്നാണവര്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത്. ചരിത്രത്തെ തിരുത്താനുള്ള, ലോകത്തെ പൊളിച്ചെഴുതാനുള്ള പങ്കും ഉത്തരവാദിത്വവും തൊഴിലാളിവര്‍ഗത്തിനാണെന്ന് മാര്‍ക്‌സ് പറഞ്ഞു. സംഘടിത തൊഴിലാളിവര്‍ഗത്തെപ്പറ്റിയുള്ള നിര്‍ വചനം ഇപ്പോഴത്തെ യാഥാര്‍ത്ഥ്യങ്ങളിലെങ്ങനെയാണെന്നത് മറ്റൊരു വിഷയമാണ്. ഇന്ത്യയിലെ ബ്രാഹ്മണികമായ ശ്രേണീഘടനയെ തൂത്തെറിയുന്നതിനും, ഇന്ത്യന്‍ സമൂഹത്തെ പുനര്‍സംവിധാനം ചെയ്യുന്നതിനുമുള്ള പങ്ക് ഇവിടത്തെ അധഃസ്ഥിതര്‍ക്കാണെന്നാണ് അംബേദ്കര്‍ പറഞ്ഞത്. ആ പങ്ക് വ്യക്തമായി നിര്‍വചിക്കപ്പെട്ടതാണ്. അതവരുടെ കടമയാണ്.
പക്ഷേ, പല കാരണങ്ങള്‍ക്കൊണ്ടും സംഭവിച്ചത് പഴയ ബ്രാഹ്മണിക ഘടനയ്ക്കു പകരം പുതിയൊരു ബ്രാഹ്മണിക ഘടന വന്നു എന്നതാണ്. അധികാരം കൈയാളുന്ന ഒരു വിഭാഗമാണത്. ദളിതരിലും ആദിവാസികളിലും പിന്നാക്ക വിഭാഗങ്ങളിലും നിന്നെല്ലാം ശക്തരായ വ്യക്തികളുയര്‍ന്നുവന്നു. അവരും അധികാരത്തിന്റെ വക്താക്കളായി.
മനുഷ്യരില്‍നിന്ന് മതങ്ങള്‍ക്കുവേണ്ട ചില കാര്യങ്ങളുണ്ട്. അനുസരണം, അച്ചടക്കം, വിശ്വാസം, വിധേയത്വം, അധികാരസ്ഥാനങ്ങളിലുള്ളവരോട് ആദരവ്. ഒരു പൂജാരി വരുമ്പോള്‍ അംഗീകരിക്കണം, അച്ചന്‍ വരുമ്പോള്‍ ബഹുമാനിക്കണം. ഈ അഞ്ചുകാര്യങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. അവര്‍ക്കും വേണം അനുസരണം, അച്ചടക്കം, അധികാരസ്ഥാനത്തോടുളള ആദരവ്. മതവും രാഷ്ട്രീയവും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണ്. വേര്‍പിരിക്കാനാകാത്ത വിധമുള്ള സയാമീസ് ഇരട്ടകളാണവര്‍. ഇതിനൊരു മാറ്റം വരണമെങ്കില്‍ തുല്യതയുണ്ടായാലേ പറ്റൂ. തുല്യത തൊഴിലുറപ്പു പദ്ധതിയും മറ്റും നടത്തലല്ല, സമ്പത്തിന്റെ പുനര്‍വിതരണമാണ്. അതിന്റെ ആദ്യപടിയായി സ്വത്തവകാശമാണ് വേണ്ടത്. ആധുനിക സാമ്പത്തിക ഇടപാടുകളില്‍ ഇടപെടാന്‍ അവര്‍ക്കു കഴിയണം. ബാങ്കില്‍ പോയി ഒരു വായ്പയ്ക്കു ശ്രമിക്കുമ്പോള്‍ അതിനൊരു ഈട് നല്‍കേണ്ടിവരും. ജോലിയുള്ളയൊരാള്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കാം. അവര്‍ക്ക് ഈടുനല്‍കാന്‍ ഭൂമിയുടെ അവകാശമില്ല. അതില്ലാത്തതിനാല്‍ അവര്‍ക്ക് ബാങ്കിനെ സമീപിക്കാനാകില്ല. ബാങ്ക് ധനം ഉപയോഗിച്ച് സംരംഭകരാകാന്‍ കഴിയില്ല. ഇത് കഴിവിന്റെ ഒരു പ്രശ്നമല്ല. സ്വാതന്ത്ര്യത്തിന്റെയും സാഹചര്യത്തിന്റെയും പ്രശ്നമാണ്. സാഹചര്യം എന്നത് സാമൂഹികമായി സൃഷ്ടിക്കേണ്ടതാണ്. അതിനുള്ള ആവശ്യം സമൂഹത്തിലെ ദരിദ്രരായ എല്ലാവരില്‍നിന്നും ഉയര്‍ന്നുവരേണ്ടതാണ്. അതില്‍ എല്ലാ വിഭാഗക്കാരും വരും.
ഇന്ത്യയില്‍ ഒരു പുതിയ ബ്രാഹ്മണികതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പുതിയൊരു ബ്രാഹ്മണ വര്‍ഗമുണ്ടായിട്ടുണ്ട്. ബ്രാഹ്മണര്‍ മാത്രമുള്ളതല്ലാത്ത ഒരു ബ്രാഹ്മണിക ശ്രേണീഘടനയാണത്. അതില്‍ ദളിതരുണ്ട്, ആദിവാസികളുണ്ട്. സവര്‍ണരുണ്ട്, എല്ലാവരുമുണ്ട്. പുതിയൊരു അധസ്ഥിത വര്‍ഗമുണ്ടായിട്ടുണ്ട്. അതിലും ഈ എല്ലാ വിഭാഗങ്ങളിലും പെട്ടവരുണ്ട്. ബ്രാഹ്മണരില്ലാത്ത ബ്രാഹ്ണികത എന്നുപറയാം. എന്നാല്‍, അവരുടെ തത്വശാസ്ത്രങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. എന്നാല്‍, അധികാരം കൈയാളുന്ന പുതിയൊരു ബ്രാഹ്മണിക വര്‍ഗം നിലവില്‍വന്നു. അതില്‍ ദളിതരുമുണ്ട്. ദളിതര്‍ക്കിടയില്‍ തന്നെ വിവേചനം ഉടലെടുത്തിട്ടുണ്ട്, അധികാരമുള്ളവരും അതില്ലാത്തവരും തമ്മില്‍. അധികാരം വഴിമാറും ശക്തന്‍ വരുമ്പോള്‍ എന്നാണല്ലോ.
അതിനാല്‍ ദളിതന്‍ എന്ന നിലയിലുള്ള ഒരു സ്വത്വമല്ല ഇനി ആവശ്യം. അത് കുറച്ച് ആനുകൂല്യങ്ങള്‍ക്കുവേണ്ടിയാണ്. ആനുകൂല്യങ്ങള്‍ അവശതയുടെ ഭാഗമാണ്. ആനുകൂല്യങ്ങളില്‍നിന്നും അവകാശങ്ങളിലേക്കുള്ള പരിണാമമാണ് സംഭവിക്കേണ്ടത്. ഈ അവകാശത്തെ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് പ്രധാന്യമര്‍ഹിക്കുന്നത്.
ജാതി ഒരിക്കലും ഇന്ത്യയില്‍ അപ്രത്യക്ഷമാകുന്നില്ല, നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്നില്ല എന്ന ഒരു അഭിപ്രായഗതി നിലനില്‍ക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍വരികയും അത് ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങളെ നിര്‍വചിക്കുകയും ചെയ്തു. ഭരണകൂടം നിര്‍വഹിക്കേണ്ട നയങ്ങളും കടമകളും അത് നിര്‍വചിച്ചു. ലോകത്തിലെ ആദ്യ ജനാധിപത്യം അമേരിക്കയിലേതാണല്ലോ. അമേരിക്കയില്‍ 1865 ല്‍ അടിമക്കച്ചവടം അവസാനിച്ചെങ്കിലും കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം ലഭിക്കുന്നത് 1965-ലാണ്. നൂറുവര്‍ഷം കഴിഞ്ഞാണ് അത് സംഭവിച്ചത്. അതും വളരെ നീണ്ടുനിന്ന ഒരു ആഭ്യന്തരയുദ്ധത്തിനു ശേഷം. ഇരുപതാം നൂറ്റാണ്ടിലാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന ആദ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ത്തന്നെ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കി. ഇത് വലിയൊരു മാറ്റമായിരുന്നു. ജാതിവ്യവസ്ഥ ക്രമേണ ക്ഷയിക്കാന്‍ തുടങ്ങി. കാരണം, ഒന്നാമതായി, ഒരാള്‍ക്ക് തൊഴില്‍ മാറ്റാമെന്നു വന്നു. കുലത്തൊഴില്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. രണ്ടാമതായി, മിശ്ര വിവാഹം കഴിക്കാം. മൂന്ന്, ഇഷ്ടമുള്ള സ്ഥലത്തുപോയി താമസിക്കാം. വിദ്യാഭ്യാസം നടത്താം. ഇത് വലിയൊരു സാധ്യതയാണ് അവരുടെ മുമ്പില്‍ തുറന്നുകൊടുത്തത്. അവരുടെ ചലനശേഷിയാണ് തിരികെ നല്‍കപ്പെട്ടത്. സാമൂഹ്യവും ഭൂമിശാസ്ത്രപരവുമായ ചലനശേഷി മാത്രമല്ല, അഭിലാഷപരമായ ചലനാത്മകതയും. പുതിയ ആഗ്രഹങ്ങളുടെയും അഭി നിവേശങ്ങളുടെയും സാധ്യതകളെ അത് തുറന്നു നല്‍കി. അതില്‍നിന്ന് അവരെ തടഞ്ഞുനിര്‍ത്തിയതോ, ഇപ്പോഴും തടഞ്ഞുനിര്‍ത്തുന്നതോ ആയ ഘടകം അവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥയാണ്. ജാതിവ്യവസ്ഥ പലയിടത്തും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പൗരസമൂഹ ഘടനയെത്തന്നെ നോക്കൂ. ഇപ്പോള്‍ തൊഴിലിന് ആളെ വിളിക്കുമ്പോള്‍ ആ തൊഴിലിന്റെ സംഘടിപ്പിക്കുന്നയാളെയല്ല ബന്ധപ്പെടുന്നത്, മൊബൈല്‍ ഫോണെടുത്ത് തൊഴിലാളിയെ നേരിട്ട് വിളിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ അവര്‍ക്കൊരു വിമോചനം സംഭവിച്ചിട്ടുണ്ട്.
പഴയ രീതിയിലുള്ള ജാതി ഇപ്പോള്‍ ഇല്ല. എന്നാല്‍, ജാതിപരമായ ചൂഷണം ഇപ്പോഴും പലയിടത്തും നില്‍ക്കുന്നത് സാമ്പത്തികമായ സ്വാശ്രയത്വം അവര്‍ക്ക് നേടാന്‍ കഴിയാത്തതിനാലാണ്. അതിനാലാണ് സാമൂഹികമായ ആശ്രിതത്വം ഉണ്ടാകുന്നത്. ഇങ്ങനെയൊരു പുനര്‍നിര്‍വചനം നടത്തിക്കൊണ്ട് മുമ്പോട്ടുപോകുന്നതാണ് പ്രധാനം.