(നോവല്‍)
കോവിലന്‍
കോവിലന്‍ എന്ന അയ്യപ്പന്‍ എഴുതിയ പ്രശസ്ത നോവലാണ് തട്ടകം. ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി എന്ന ദേശത്തിന്റെ പെരുമയാണ് കോവിലന്‍ ആവിഷ്‌കരിക്കുന്നത്. കോവിലന്റെ നാടാണിത്. നോവലില്‍ കണ്ടാണശ്ശേരി മുപ്പിലിശ്ശേരിയായി മാറുന്നു. മുപ്പിലിശ്ശേരി ദേശത്തിന്റെ അറുനൂറില്‍പ്പരം വര്‍ഷത്തിന്റെ ചരിത്രകഥനമാണ് നോവല്‍. കോവിലന്റെ പൈതൃകം കണ്ടാണശേരിയുടെ ദേശചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നു. പന്ത്രണ്ടുവര്‍ഷമെടുത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്. ആഖ്യാനരീതിയിലും രചനാശൈലിയിലും അനന്യത അവകാശപ്പെടാവുന്നതാണ് തട്ടകം.
തട്ടകം പതിനേഴാം അധ്യായത്തില്‍ ഇങ്ങനെ പറയുന്നു:” ചരിത്രം ശുദ്ധപൊളിയുമാകാം. നിലനില്‍ക്കുന്നത് ചരിത്രബോധമാകുന്നു; ഈ ഭൂമിക്കും ഭൂമിയിലെ മനുഷ്യനും സര്‍വജീവജാലങ്ങള്‍ക്കും ഒരു ചരിത്രം ഉണ്ടെന്ന ബോധം.”
കോവിലന്‍ തന്നെ മറ്റൊരിക്കല്‍ പറയുന്നു: ” ചരിത്രം നേതാവിന്റെയും സാഹിത്യം മനുഷ്യന്റേതുമാണല്ലോ”.
ചരിത്രത്തെ മനുഷ്യകഥയാക്കി മാറ്റിയെടുക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. കോവിലന്റെ ‘തട്ടകം’ മുപ്പിലിശ്ശേരി എന്ന ദേശത്തെ സൃഷ്ടിച്ച അനേകതരം മനുഷ്യരുടെ ജീവിതഭൂമിയാണ്. പക്ഷേ, തട്ടകത്തിലെ എല്ലാ കഥാപാത്രങ്ങളും ശരാശരി മനുഷ്യരല്ലതാനും. തലപ്പൊക്കമുള്ള മനുഷ്യരാണ് മിക്കവരും. ”മൂപ്പിലിശ്ശേരിയില്‍ തെങ്ങിന് ആരുബലം കൂടും’ എന്ന് കോവിലന്‍ പറയുന്നത് നോവലിലെ കഥാപാത്രങ്ങളുടെ അസാധാരണത്വത്തെക്കൂടി ഉദ്ദേശിച്ചാണ്. ‘കല്ലൂത്തിപ്പാറപോലെ’ എന്നാണ് പ്രാകൃതനായ നായാടി രാമനെ നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത്. നോവലിലെ എതാണ്ടെല്ലാ കഥാപാത്രങ്ങള്‍ക്കും ഇങ്ങനെ സാധാരണയില്‍കവിഞ്ഞ മട്ടുംമാതിരിയുമുണ്ട്. കേവലമനുഷ്യരില്‍ അസാധാരണമാനമുള്ള കഥാപാത്രങ്ങളെ കണ്ടെത്തിക്കൊണ്ടാണ് മുപ്പിലിശ്ശേരിയെ നോവലിസ്റ്റ് ഒരു ഇതിഹാസമാക്കുന്നത്.
പുരാവൃത്ത സമൃദ്ധമാണ് ‘തട്ടകം’. നൂറ്റാണ്ടുകളിലൂടെ, തലമുറകളിലൂടെ മുപ്പിലിശേരി രൂപാന്തരപ്പെടുമ്പോള്‍ വ്യക്തികളുടെ, സംഭവങ്ങളുടെ, ചരിത്രയാഥാര്‍ഥ്യങ്ങളുടെ എത്രയോ പുരാവൃത്തങ്ങള്‍ കൂടി അതോടൊപ്പം നിര്‍മിക്കപ്പെടുന്നുണ്ട്. ഇവയില്‍ സമൂഹം വളര്‍ത്തിയെടുത്ത പ്രാദേശിക പുരാവൃത്തങ്ങളുണ്ട്, ചരിത്രസംഭവങ്ങളുടെ നാടകീയാവതരണങ്ങളുണ്ട്, പുരാണകഥകളിലെ സന്ദര്‍ഭസൂചനകളുണ്ട്. ഒപ്പം, നോവലിസ്റ്റ് തന്നെ രൂപപ്പെടുത്തിയ കല്‍പിതകഥകളുമുണ്ട്.
കഞ്ചാവു വലിച്ചും മൃഗങ്ങളുടെ ഇറച്ചിതിന്നും നടക്കുന്ന അവധൂതനായ സ്വാമിയാര്‍, മുനിമടയിലെ പുല്ലാനിമൂര്‍ഖനെ കൈത്തണ്ടയില്‍ ഞാത്തിനടക്കുന്ന ആമന്തരു, ലാടവൈദ്യനൊപ്പം ഒളിച്ചോടുന്ന വശ്യമോഹിനിയായ എറക്കത്തെ കുറുമ്പ-ഇത്തരം നാട്ടുജന്മങ്ങളുടെ ഒരു നീണ്ടനിര ഒരുഭാഗത്ത്; ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, കേളപ്പന്‍, എ.കെ.ജി തുടങ്ങിയ ചരിത്രപുരുഷന്മാരുടെ മറ്റൊരു വിഭാഗം. ഇവരൊക്കെ കഥാപാത്രങ്ങളായി പുനര്‍ജനിക്കുന്നു. ഇങ്ങനെ തമ്മില്‍ തൊട്ടും തൊടാതെയും പല വിതാനങ്ങളില്‍ വികസിക്കുന്ന അനേകം കഥകളുടെ സമാഹാരമാണ് തട്ടകം.
നോവലില്‍ ആറ് ഖണ്ഡങ്ങളാണുള്ളത്- പുരാവൃത്തം, പിതാക്കള്‍, ഭിക്ഷു, സ്‌കൂള്‍, നാട്ടായ്മകള്‍, സന്തതികള്‍. പാവറട്ടി കോളേജിലെ സംസ്‌കൃത പഠനത്തിനും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിനുമിടയില്‍ ശങ്കിച്ചുനില്‍ക്കുന്ന നോവലിസ്റ്റിന്റെ ആത്മാംശമുള്ള അപ്പുക്കുട്ടനിലാണ് നോവല്‍ എത്തിനില്‍ക്കുന്നത്. വംശപ്രതിഷ്ഠാപകനായ ഒരു പൂര്‍വപിതാവില്‍നിന്ന് തന്നിലേക്കുള്ള ചരിത്രദൂരം രേഖപ്പെടുത്തുകയാണ് തട്ടകത്തിലൂടെ കോവിലന്‍ ചെയ്യുന്നത്.
ആഖ്യാനപരമായ അനന്യതകൊണ്ടും, താളത്തനിമയുള്ള ഭാഷാശൈലികൊണ്ടും ശ്രദ്ധേയമാണ് തട്ടകത്തിന്റെ ഒന്നാമധ്യായം. ആര്‍ഭാടമൊട്ടുമില്ലാത്ത ഒരു ചെറുവാക്യത്തിലാണ് തുടക്കം.
”ഉണ്ണീരിമുത്തപ്പന്‍ ചന്തയ്ക്കുപോയി.”
എഴരവെളുപ്പിനെണീറ്റ് കുളിച്ച് കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പെടാനൊരുങ്ങി.”
നോവലിന്റെ ഒന്നാമധ്യായത്തിന് വടക്കന്‍പാട്ടുകളോടുളള ആഖ്യാനപരമായ ചാര്‍ച്ച ശ്രദ്ധിക്കപ്പെടേണ്ടതാണ്. കാലിച്ചന്തയിലേക്കുള്ള ഉണ്ണീരിമുത്തപ്പന്റെ പുറപ്പാടൊരുക്കംതന്നെ ചേകവന്മാരുടെ അങ്കപ്പുറപ്പാടിനോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്.
”അരമടിശ്ശീല കെട്ടി അരവാള്‍ ചുറ്റി ഉണ്ണീരി പുറപ്പെട്ടു. എന്റച്ഛാ, എന്റമ്മേ ഒരു കരിക്ക് കന്നിനെ വേണം. വാണിയംകുളം ചന്തയ്ക്ക് പോയ് വരട്ടെ. അച്ഛനെ വണങ്ങി, അമ്മയെ വണങ്ങി ഉണ്ണീരിക്കുട്ടി യാത്ര ചോദിച്ചു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് കടത്തനാട്ടുനിന്നും വെട്ടത്തുനിന്നും കണ്ടാണശേരിയിലേക്ക് കുടിയേറിവന്ന ചേകവന്മാരുടെ കുടുംബപുരാണം കൂടിയാണ് തട്ടകം എന്ന് കോവിലന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍പാട്ടുകളെ പിന്‍പറ്റുന്ന ആഖ്യാനതന്ത്രത്തിന് കാരണം ഈ ചരിത്രപ്പഴമയാവാം.
ഗോത്രവര്‍ഗ സംസ്‌കൃതിയുടെയും ചരിത്രത്തില്‍ അതിനെ പിന്തുടര്‍ന്നുവന്ന കാര്‍ഷികജീവിതവ്യവസ്ഥയുടെയും പൂര്‍വകാല ചിഹ്നങ്ങള്‍ തട്ടകത്തില്‍ ധാരാളമുണ്ട്. മുപ്പിലിശ്ശേരിയുടെ ആദികാലം ദ്രാവിഡഗോത്ര സംസ്‌കൃതിയുടെ വാഴ്ചക്കാലമാണ്.