തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങള്‍
(നോവല്‍)
തോപ്പില്‍ മുഹമ്മദ് മീരാന്‍
പേപ്പര്‍ പബ്ലിക്ക, തിരുവനന്തപുരം 2021
തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്റെ പുതിയ നോവലാണ് ഇത്. നോവലിനെക്കുറിച്ച് മനസ്സിലാക്കാന്‍ അര്‍ഷാദ് ബത്തേരി എഴുതിയ മുന്‍കുറി പൂര്‍ണമായി ഇവിടെ ചേര്‍ക്കുന്നു:
ഗ്രാമവഴികളിലെ നാട്ടുവെളിച്ചം
അര്‍ഷാദ് ബത്തേരി
‘ഇവിടെ ഒരു പള്ളിക്കൂടമുണ്ടാകണം’. മഹ്മൂദ് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വീറോടെ മുന്‍പോട്ടു നടന്നു.
തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്റെ ഏറെ വായിക്കപ്പെട്ട ‘ഒരു കടലോരഗ്രാമത്തിന്റെ കഥ’ എന്ന നോവലിന്റെ പത്താം അധ്യായത്തിലെ അവസാന വാചകമാണിത്. നാട്ടിലൊരു പള്ളിവേണമെന്നു പറയാതെ, പകരം പള്ളിക്കൂടം വേണമെന്ന് തന്റെ കഥാപാത്രത്തിലൂടെ പറയുന്ന എഴുത്തു രാഷ്ടീയം ആ നോവലില്‍ ഉടനീളമുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കും, ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും തൊണ്ണുറ്റിയൊമ്പതിലെ ക്രോസ്‌വേര്‍ഡ് ബുക്ക് അവാര്‍ഡിന് ഷോര്‍ട്ട്‌ലിസ്ററ് ചെയ്യപ്പെടുകയും ചെയ്ത, കടലോര ഗ്രാമത്തിന്റെ കഥ എന്ന നോവല്‍ എന്നും നമുക്ക് മടുപ്പില്ലാതെ വായിക്കാവുന്ന പുസ്തകമാണ്.
മിത്തുകള്‍ ചരിത്രമായി വാഴ്ത്തപ്പെടുന്ന അപകടംപിടിച്ച ഈ കാലത്ത് പ്രാദേശിക ജീവിതങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അന്ധവിശ്വാസങ്ങള്‍ ഉള്ളയിടത്താണ് ഇടുങ്ങിയ മതബോധം വേഗത്തില്‍ പടര്‍ന്നുപിടിക്കുക. മീരാന്റെ ക്യതികളില്‍ മുസ്ലീം സമൂഹത്തിലെ കടുത്ത അന്ധവിശ്വാസങ്ങളില്‍ പെറ്റുകിടക്കുന്ന മനുഷ്യരെ കാണാം. ആ വിഭാഗത്തിലെ ജാതിയമായ മേല്‍ക്കോയ്മകളെയും, അജ്ഞതയുടെ മഹാകയത്തില്‍ നിന്നും കയറിവരാന്‍ മടിക്കുന്നവരെയും കാണാം. എന്നാല്‍, ഇതിനോട് പൊരുതുന്ന ചെറുകൂട്ടത്തെയും അദ്ദേഹം രചനകളില്‍ ശക്തമായി വരച്ചിടാറുമുണ്ട്. നാട്ടുജിവിതത്തിന്റെ അതിജീവനം, മനുഷ്യപ്രയാണങ്ങള്‍, ആചാരനുഷ്ഠാനങ്ങള്‍ തൊട്ടു സകലതും എഴുതപ്പെടുമ്പോള്‍ നാം അതുവരെ അനുഭവിക്കാത്ത ഒരു ലോകത്തെ അറിയുന്നു. നാം ജീവിക്കുന്ന ദേശത്തെയും നാം വായിക്കുന്ന നാടിനെയും കുറിച്ചുള്ള സമാനതകളും വൈരുദ്ധ്യങ്ങളും നമ്മെ പുതിയ ചില ആലോചനകളിലേക്കും ചോദ്യങ്ങളിലേക്കും നയിക്കുന്നു. മനുഷ്യജീവിതത്തിന്റെ അടിത്തട്ടിലേക്കു പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നു. ചില നേരങ്ങളില്‍ നമ്മളില്‍ നന്മയുടെ വിത്തുകള്‍ പോലും മുളയ്ക്കുന്നു. ഒരു ദേശത്തിന്റെ ചരിത്രത്തെയും മിത്തുകളെയും വേര്‍തിരിച്ചെടുക്കാന്‍ പ്രാപ്തമാക്കുന്ന ഉദാത്തമായ രാഷ്ട്രീയബോധം സ്യഷ്ടിക്കുന്നു. അത് ഓരോ വ്യക്തിയെയും നവീകരിക്കുന്നു.
മലയാളിയുടെ വായനയില്‍ ബംഗാളി ക്യതികളെ വായിക്കുകയും ആഘോഷിക്കുകയും ചെയ്യപ്പെടുന്നതുപോലെ തൊട്ടയല്‍പക്കമായ തമിഴ്, കന്നട ഭാഷയിലെ പുസ്തകങ്ങളെ സജീവമായി പിന്‍തുടരുകയോ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. തമിഴിലെ സുന്ദര രാമസാമിയുടെ ‘ജേ ജേ ചില കുറിപ്പുകള്‍’, ‘പുളിമരത്തണലില്‍’ തുടങ്ങിയ പുസ്തകങ്ങള്‍ ഇവിടെ നന്നായി വായിക്കപ്പെട്ടു. ജയമോഹനനും മലയാളിയുടെ പ്രിയ എഴുത്തുകാരനായി മാറി. കന്നടയിലെ ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍, പാവത്താന്‍ എന്നിവ ഇന്നും വായിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഈ രണ്ടു ഭാഷയിലേയും മറ്റു എഴുത്തുകാരുടെ പുസ്തകങ്ങള്‍ വളരെ അപൂര്‍വമായേ നമ്മുടെ ഭാഷയില്‍ വരുന്നുള്ളു. ശക്തമായ സാഹിത്യസ്യഷ്ടികള്‍ തമിഴില്‍ സംഭവിക്കുന്നു. അവിടത്തെ പുതിയ എഴുത്തുകാര്‍ ക്യത്യമായ നിലപാടുകള്‍ തങ്ങളുടെ എഴുത്തിലൂടെ പ്രഖ്യാപിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെ പുസ്തകങ്ങളുടെ പരിഭാഷകള്‍ ലഭിക്കുന്നതുപോലെ നമ്മുടെ രാജ്യത്തെ മറ്റു ഭാഷകളിലെ ഏറ്റവും പുതിയ കാലത്തിന്റെ എഴുത്തുകള്‍ വായിക്കാന്‍ അവസരങ്ങള്‍ ഒരുക്കേണ്ടത് ഇവിടത്തെ പ്രസാധകരാണ്. അത്തരമൊരു നീക്കം വരും കാലങ്ങളില്‍ സംഭവിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് നാട്ടുദേശങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍. അത്രമേല്‍ വൈവി ധ്യമാര്‍ന്നതാണല്ലോ നമ്മുടെ രാജ്യത്തെ ദേശങ്ങളും ജീവിതവും, സംസ്‌കാരവുമെല്ലാം. മാത്രമല്ല, മാറിവരുന്ന പുതിയ കാലത്തിന്റെ മനുഷ്യരെയും ദേശത്തിന്റെ ദ്യശ്യങ്ങളും ഓരോ എഴുത്തുകാരനും എഴുതിവയ്‌ക്കേണ്ടതാണല്ലോ.
മലയാളി വായനക്കാര്‍ ഏറെ ആഘോഷിച്ച എഴുത്തുകാരനൊന്നുമല്ല തോപ്പില്‍ മുഹമ്മദ് മീരാന്‍. എന്നാല്‍, നമ്മുടെ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കപ്പെട്ടിട്ടുമുണ്ട്. നാട്ടുദേശ ജീവിതങ്ങളെ അതേ അളവില്‍ പകര്‍ത്തിയാണ് ഈ എഴുത്തുകാരന്‍ വായനക്കാരന്റെ ഹൃദയത്തില്‍ ഇടംപിടിച്ചത്. തനിക്ക് പരിചയമുള്ളതും അനുഭ വിച്ചതുമായ എഴുത്തിനേ എപ്പോഴും മീരാന്‍ മുതിര്‍ന്നിട്ടുള്ളു. അത് ഒരുപക്ഷേ, അദ്ദേഹത്തിന് ഗുണവും ദോഷവും ചെയ്തിട്ടുണ്ടാവും. എന്നാല്‍, താന്‍ ജനിച്ചുജീവിച്ച സമുദായത്തിന്റെ അഴുക്കുപുരണ്ട ഇടങ്ങള്‍, അന്ധവിശ്വാസങ്ങള്‍, പൗരോഹിത്യ വാഴ്ചകളെ വരെ തന്റെ എഴുത്തുകൊണ്ട് ധീരമായി നേരിട്ടതിനെ നാം ആവര്‍ത്തിച്ചുപറഞ്ഞ്, പ്രചരിപ്പിക്കേണ്ട ഒന്നാണ്. എഴുത്തുരാഷ്ട്രീയത്തിന്റെ തെന്നിപ്പോകാത്ത നിലപാടുകള്‍ വരുംകാല എഴുത്തുകാര്‍ക്കുളള വെളിച്ചം കൂടിയാവണമെന്നു മീരാന്‍ തന്റെ ഉള്ളില്‍ എന്നോ എഴുതിവച്ചിട്ടുമുണ്ടാവും.
നമുക്ക് അപരിചിതമായ ഗ്രാമത്തിന്റെ കഥ തന്നെയാണ് ‘തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങള്‍’ എന്ന ചെറുനോവലിലും പറഞ്ഞുവയ്ക്കുന്നത്. അഞ്ചുവണ്ണം തെരുവിലെ തെരുവും പള്ളിയും, നബീസ മന്‍സില്‍ എന്ന വീടും കുറെ ഗ്രാമീണ മനുഷ്യരുമായാണ് കഥയുടെ പരിസരങ്ങളും തെളിയുന്നത്. ദൈവത്തില്‍ വിശ്വസിക്കുകയും നമസ്‌ക്കരിക്കുകയും സക്കാത്ത് കൊടുക്കുകയും ചെയ്യുന്ന ബാപ്പ എന്ന കഥാപാത്രം സ്വന്തം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വാക്കാലും പ്രവൃത്തിയാലും ചാട്ടവാര്‍ വീശുന്നുണ്ട്. അത്തരം കഥാപാത്രങ്ങള്‍ സ്യഷ്ടിക്കുന്നതു തന്നെ ഒരുപക്ഷേ തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന പച്ചമനുഷ്യന് തന്റെ മതത്തിലുള്ള വരുംകാല തലമുറയ്ക്കായുള്ള ചരിത്രമെഴുത്തുകൂടിയാണ് അട യളപ്പെടുത്തി വയ്ക്കുന്നതെന്നു. പറയേണ്ടിവരും. ഒപ്പം, നഷ്ടപ്പെടുന്ന ഗ്രാമജീവിതത്തിന്റെ അടിവേരുകളും, സൗന്ദര്യവും, ഭാഷയും, അതിജീവനവും, നന്മയുടെ കൂട്ടങ്ങളും, മതസ്‌നേഹത്തെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മനുഷ്യസ്‌നേഹ മുഹൂര്‍ത്തങ്ങളും തൊട്ട് ഗ്രാമീണ ആഘോഷങ്ങള്‍ വരെ മീരാന്റെ എഴുത്തുകളില്‍ വായിക്കാനാവുന്നു. ദേശ-കാല വിഭവങ്ങള്‍ കഥയായും, നോവലായും ചരിത്രത്തിന്റെ വെളിച്ചമായും മിത്തുകളുടെ കൗതുകമാര്‍ന്ന ഭാവനയാലും ഏറെ ആവിഷ്‌ക്കരിക്കപ്പെടേണ്ടത് ഈ കാലത്ത് അനിവാര്യമായ ഉത്തരവാദിത്വമാണെന്ന് ഈ എഴുത്തുകാരന്‍ വിശ്വസിക്കുന്നു എന്ന് ബോധ്യപ്പെടുന്നതുമാണ് മിക്ക രചനകളും. അതിന്റെ ആഖ്യാനശൈലിയോട് യോജിപ്പും വിയോജിപ്പും ഉണ്ടാവും. അങ്ങനെ ചിന്തിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം വായനക്കാരനുണ്ട്. തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങള്‍ എന്ന ഈ ക്യതിയിലും പുതിയ കാലത്തിന്റേതായ യാതൊരു നവ ആഖ്യാനത്തെയും മീരാന്‍ തന്റെ എഴുത്തിനൊപ്പം കൂട്ടുന്നില്ല. മുന്‍ കാലങ്ങളിലെ തന്റെ എഴുത്തുവഴികളിലൂടെ തന്നെയാണ് തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങളും എഴുതിവച്ചത്. അത് മീരാന്റെ ഇഷ്ട ഇടവുമാകാം.
മറ്റു ചില എഴുത്തുകാര്‍ക്കുള്ളതുപോലെ തോപ്പില്‍ മുഹമ്മദ് മീരാനുമായി എനിക്കും ചെറിയൊരു അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും തമിഴിലെയോ മലയാളത്തിലെയോ സാഹിത്യപക്ഷം ചേര്‍ന്ന കൂട്ടായ്മയിലൊന്നും അംഗവുമായിരുന്നില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദാര്‍ശനിക വചനങ്ങള്‍ ഉരുവിട്ടിരുന്നില്ല. ഒരു നാടോടി ജീവിതം പോലെയായി ആ മനുഷ്യന്‍ വരുന്നു. ആ സാഹിത്യജീവിതമെന്നും മാനിടമായ വ്യക്തി എന്ന നിലയില്‍ പ്രിയവുമായിരുന്നു. അത്രമേല്‍ ലളിതമായിരുന്നു. എന്നാല്‍, എഴുത്തിലെ ചില സ്വഭാവത്തോട് ഞാന്‍ വിയോജിച്ചിട്ടുണ്ട്. ഒരിക്കല്‍ രാത്രിയില്‍ നട ക്കാനായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. അന്ന് ഇത്തരമൊരു ചര്‍ച്ചയില്‍ വഴിയൊരുങ്ങി. ചില കൃതികളോടുള്ള ഇഷ്ടവും ചിലതിനോടുള്ള അനിഷ്ടവും പ്രകടമാക്കിയപ്പോള്‍ എന്നോട് ചെറിയൊരു നീരസമുള്ളതായി തോന്നി. എന്നാല്‍, ഗ്രാമീണനായ ഒരു മനുഷ്യന്‍ ആ എഴുത്തുകാരന്റെ ഉള്ളില്‍ ഉള്ളതുകൊണ്ടാവാം ചെറിയൊരു ചിരിയിലൂടെ ആ നിമിഷത്തെ മനോഹരമാക്കിത്തീര്‍ത്തു. അര്‍ഷാദിനെപ്പോലെയുള്ള പുതിയ എഴുത്തുകാരുടെ ശൈലിയല്ലല്ലോ എന്റേതെന്നു പറയുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീര്‍ റിയലിസ്റ്റിക്കല്ലേ എന്നു ചോദിക്കുകയും ചെയ്തു. ബഷിര്‍ എന്ന മഹാപ്രതിഭ റിയലിസ്റ്റിക്കായി എഴുതുമ്പോള്‍ത്തന്നെ അതിനായി ഒരുക്കുന്ന പരിസരവും, കഥാപാത്രങ്ങളും ആ റിയലിസത്തെ ഗംഭീരമായി മറികടക്കുന്നതിനെക്കുറിച്ച് ഉദാഹരണസഹിതം പറഞ്ഞപ്പോഴും ചിരിച്ചു. ബഷീറിന്റെ എഴുത്തിനെ ആരാധനയോടെ വായിക്കുന്ന വ്യക്തികൂടിയാണ് മീരാന്‍.
”മീരാന്‍ സാറെ, അങ്ങയുടെ ചില നോവലുകള്‍ തീര്‍ച്ചയായും ഇനിയും വായിക്കപ്പെടും. അതില്‍ നാട്ടിന്‍പുറങ്ങളും സാധാരണ മനുഷ്യരും അവരുടെ ജീവിതവും സംസ്‌കാരവുമെല്ലാം വായനക്കാരായ ഞങ്ങളെ അനുഭവിപ്പിക്കുന്നുണ്ട്. മാത്രമല്ല, മതവാദികളെയും അവരുടെ വിഷപ്പല്ലുകളെയും നടപ്പുശീലങ്ങളെയും തച്ചുടയ്ക്കുന്നുമുണ്ട്. എന്നാല്‍, ഒരേപോലെ എഴുതുന്ന ഈ എഴുത്തുരീതിയോട് വിയോജിപ്പുവരാം. ക്ഷമിക്കണം’- ഇത്രയും ഞാന്‍ പറഞ്ഞൊപ്പിച്ചു. അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. സ്‌നേഹത്തിന്റെ നനവ് സമ്മാനിച്ച നേരം.
”നമുക്ക് കുറച്ചു കോഴിക്കോടന്‍ ഹലുവ കഴിച്ചാലോ’ -അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ ചെറിയൊരു ഹലുവക്കടയിലേക്ക് കയറി. ചെറിയ രണ്ടു ഹലുവ കഷ്ണം വാങ്ങി. അതിന്റെ പശനിറഞ്ഞ മധുരം നുണഞ്ഞ് രാത്രിയില്‍ കോഴിക്കോട് അങ്ങാടിയിലൂടെ വിശേഷങ്ങള്‍ പറഞ്ഞുനടന്നു. അവസാനമായി കണ്ടതും സംസാരിച്ചതും അന്നായിരുന്നു.
തൈക്കാപ്പളളിയിലെ മിനാരങ്ങളിലെ കഥ പറയുന്ന ചുറ്റുപാടുകള്‍ നമുക്ക് പരിചിതമല്ലാത്ത ദേശത്താണെങ്കിലും ചില കഥാപാത്രങ്ങളെ നമുക്ക് പരിചയമുള്ളതായി തോന്നും. എല്ലാ ദേശത്തുമുണ്ട് സമാനരായ മനുഷ്യരെന്നും, അവരുടെ ജീവിതത്തിലെ മതം കുത്തി ിറയ്ക്കുന്ന ജീര്‍ണതയെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ന്യൂനപക്ഷമേ ഉണ്ടാവുകയുള്ളൂ എന്നുംകൂടെ ഇത്തരം എഴുത്തുകള്‍ ഓര്‍മപ്പെടുത്തുന്നു. ഈ നോവലിലെ നബീസ മന്‍സില്‍ എന്ന പേരുള്ള വീടും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ഉത്പാദിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ വിശാസമായി ഏറ്റെടുത്ത് ആ വീടിനെ പ്രചരിപ്പിക്കാന്‍ അഞ്ചുവണ്ണം തെരുവ് ഒരു പിശുക്കും കാണിച്ചിട്ടില്ല. അത്തരം അവസ്ഥയിലേക്ക് സാധാരണമനുഷ്യരെ വലിച്ചടുപ്പിക്കുകയും, ഒരാളുടെ ഉള്ളിലേക്ക് ഇരുട്ടിനെ കടത്തിവിട്ട് മതബോധത്തിന്റെ അപകടം പിടിച്ച എണ്ണം ചേര്‍ക്കല്‍ കൂടിയാണ് അന്ധവിശാസങ്ങളാല്‍ നടത്തുന്ന മറ്റൊരു പ്രവൃത്തി. തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന എഴുത്തുകാരന്‍ പലപ്പോഴും എഴുത്തിന്റെ ഉത്തരവാദിത്വത്തെ ഏറ്റെടക്കുന്നത് ഏതെങ്കിലും ഒരു കൊടിയുടെയോ, നിരവധി വിഭാഗങ്ങളുള്ള സ്വന്തം മതത്തിലെ ഒരു വിഭാഗത്തിന്റെയോ പിന്‍ബലത്തിലോ അല്ലായെന്നത് മീരാനെ കൂടുതല്‍ നമ്മളിലേക്കു അടുപ്പിക്കുന്നു.
എഴുത്തിന്റെ പുതിയ മാനങ്ങള്‍, സൗന്ദര്യം, പരിമിതികള്‍ എല്ലാം എഴുത്തുകാരനെക്കാള്‍ കൂടുതല്‍ തിരിച്ചറിയുന്നവരാണ് വായനക്കാര്‍. അങ്ങനെയൊരു വായനസമൂഹത്തിന്റെ മുന്നിലേക്കാണ് താന്‍ എഴുതുന്നതെല്ലാം എത്തിപ്പെടുന്നതെന്ന തിരിച്ചറിവാണല്ലോ ഒരു എഴുത്തുകാരനെ ജാഗ്രതയേറിയ ആലോചനയ്ക്കും എഴുത്തിനും പ്രേരിപ്പിക്കുന്നത്. തോപ്പില്‍ മീരാനെക്കുറിച്ചു കടലോരഗ്രാമത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍, ആ പുസ്തകത്തിന്റെ പരിഭാഷകന്‍ കൂടിയായ ശൂരനാട് രവി ഇങ്ങനെ പറയുന്നു: മീരാനിലെ കഥാക്യത്ത് കഥപറയുകയല്ല ചെയ്യുന്നത്, ചരിത്രം കഥപോലെ പറയുകയാണ്. താനുള്‍പ്പെട്ട തേങ്ങാപ്പട്ടണത്തിലെ രണ്ടുമൂന്നു നൂറ്റാണ്ട് ജിവിച്ചൊടുങ്ങിയ മനുഷ്യരുടെ ജീവിതകഥ. ഇങ്ങനെ കഥയെഴുതുന്നവര്‍ തമിഴ് സാഹിത്യത്തില്‍ വളരെ കുറവാണ്. അതാണ് മീരാന്‍ എന്ന കഥാക്യത്തിനെ തമിഴിലെ ഒറ്റയാനാക്കുന്നത്”- ഇപ്പറഞ്ഞതില്‍ ഏറെ ശരികളുണ്ട്. തോപ്പില്‍ മുഹമ്മദ് മീരാന്‍ തന്നിലെ എഴുത്തിനെ മറ്റുപലരും പറയാന്‍ ഭയക്കുന്ന ഇടങ്ങളില്‍ കൊണ്ടുവയ്ക്കുന്നു. മൗലികമായ നിരിക്ഷണങ്ങളാലും, നിര്‍ഭയമായ വാക്കുകളാലും കടലോരഗ്രാമത്തിന്റെ കഥയുടെ ഒരു തുടര്‍ച്ചയോ, അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെവന്ന ഭാഗമോ ആണെന്നു നമുക്ക് കണ്ടെത്താനാവില്ല തൈയ്ക്കാപ്പള്ളിയിലെ മിനാരത്തില്‍. എന്നാല്‍, ചില ചൂട്ടുവെളിച്ചത്തിന്റെ പ്രകാശം പോലെ മീരാന്റെ മിക്ക എഴുത്തിലും ചെറിയ സമാനതകള്‍ കാണാം. അത് ഒരുപക്ഷേ, ഗ്രാമജിവിതത്തോടുള്ള ഈ മനുഷ്യന്റെ അതിരുകളില്ലാത്ത ദാഹമാകാം. അല്ലെങ്കില്‍ താനുള്‍പ്പെടുന്ന സമൂഹവും, സമുദായവും കൂടുതല്‍ നവീകരിക്കപ്പെടേണ്ടതുണ്ടെന്ന തീരുമാനമായിരിക്കും.
തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങളില്‍ പുരാതനമായ പള്ളിയും അതിന്റെ പഴമയുടെ എല്ലാ വേരുകളും പിഴുതെറിയുന്ന ഒരു ഭാഗമുണ്ട്. പുതിയ പള്ളിപണിയാന്‍ വേണ്ടിയാണ് അതു ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ എല്ലായിടത്തും സംഭവിക്കുന്ന ഒന്നാണിത്. ആരാധനാലയങ്ങള്‍ പുതുക്കിപ്പണിത് മതിവരാത്ത ഒരു ജനതയായി നാം മാറിയിരിക്കുന്നു. ആരാധനാ ലയങ്ങളല്ല കെട്ടി ഉയര്‍ത്തേണ്ടതും, പുതുക്കിപ്പണിയേണ്ടതും. ഞാനിത് ആവര്‍ത്തിച്ചു പറയാറുള്ളതാണ്. വായനശാലകളും സാസ്‌കാരിക നിലയങ്ങളുമാണ്. തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങള്‍ എന്ന ഈ നോവലില്‍ അത്തരം വിയോജിപ്പുകള്‍ വേദനയോടെ, എന്നാല്‍ കരുത്തോടെ ആഞ്ഞുതറയ്ക്കുന്നുമുണ്ട്. വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍ കുടുങ്ങി പ്പോയ മനുഷ്യരെ ഈ നോവലില്‍ കാണാം. കുതറിമാാറാന്‍ കഴിയാത്ത അന്ധവിശ്വാസത്തിന്റെ കനത്ത ഇരുട്ടില്‍ കുരുങ്ങിക്കിടക്കുന്നവരെ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെയും കാണാം.
എഴുത്തുകാരന്‍ അയാളുടെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുമ്പോള്‍ അത് സമൂഹത്തിന്റെ രാഷ്ട്രീയമായിത്തീരുകയും, കൊടികളുടെ നിറങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് അത് മഹത്തരമാകുന്നത്. അത് തോപ്പില്‍ മുഹമ്മദ് മീരാന്‍ പാലിക്കുന്നുണ്ട്. സമുഹം ആഗ്രഹിക്കുന്നതോ സ്വപ്നം കാണുന്നതോ ആയ ചിലതു പറയുമ്പോഴാണല്ലോ ഒരു എഴുത്തുകാരന്‍ കാലത്തിന്റെ വക്താവായി തീരുന്നത്.
തൈക്കാപ്പള്ളിയിലെ മിനാരങ്ങള്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അവസാനിപ്പിക്കുന്നത് വായനക്കാരന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്തുവച്ചാണ്. അത് മനോഹരമായിട്ടുണ്ട്.
അബ്ദുല്‍ ലത്തീഫ് ഹസ്രത്ത് എവിടെയാണ് കുഴപ്പം സംഭവിച്ചതെന്ന് ആലോചിച്ചുകൊണ്ടിരിക്കെയാണ് കച്ചപ്ര തെരുവിലുള്ള സുന്ദരിയായ മൈമൂന നാച്ചിയാരോട് തെരുവില്‍വച്ചു വാക്ക് തര്‍ക്കത്തിലേര്‍പ്പെടുന്നത്. മമ്മതുമ്മ വെട്ടിത്തുറന്ന് പറയുന്നു: ‘നീ, വയലു വാങ്കിനതും വീട് കട്ടിനതും യാരു തന്ത പണം?’. ഈ ചോദ്യത്തോടെയാണ് തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങള്‍ എന്ന നോവല്‍ അവസാനിക്കുന്നത്. എന്നാല്‍, വായന അവസാനിക്കുകയും വായനക്കാരനെ ചില ആലോചനകളിലേക്കു തള്ളിവിടുകയും ചെയ്യുന്നുണ്ട് തോപ്പില്‍ മുഹമ്മദ് മീരാന്‍. നാം നമ്മുടെ പരിചയത്തിലോ അല്ലെങ്കില്‍ നമ്മുടെ അനുഭവത്തിലോ സംഭവിച്ച, മറന്നതോ മറക്കാത്തതോ ആയ ഇടങ്ങളിലേക്കു ആ അവസാനത്തെ വാചകമെത്തിക്കുന്നു.
നാട്ടുദേശ ജീവിതങ്ങളെ അതേ അളവില്‍ പകര്‍ത്തുകയും തമിഴ്, മലയാള വായനക്കാര്‍ക്കിടയില്‍ ഇടംലഭിക്കുകയും ചെയ്ത എഴുത്തുകാരനാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍. നഷ്ടപ്പെട്ടുപോകുന്ന ഗ്രാമീണഭാഷയും മനുഷ്യബന്ധങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും മീരാന്റെ ഇഷ്ട എഴുത്ത് വഴികളാണ്. ഇത്തരം എഴുത്തിലൂടെ നാളെ ചരിത്രവും മിത്തുകളും അന്വേഷിക്കുന്നവര്‍ക്കായുള്ള ഒരിടം തന്റെ കൃതികളിലൂടെ പകര്‍ത്തിവച്ചു എന്നതാണ് മീരാന്റെ എഴുത്തു രാഷ്ട്രീയം. ലളിതമായ ഭാഷയും, മറ്റു പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാത്ത ആഖ്യാനവും അദ്ദേഹം എല്ലാ രചനകളിലും സൂക്ഷിച്ചു പോന്നു. തൈക്കാപ്പള്ളിയിലെ മിനാരങ്ങള്‍ എന്ന ഈ ചെറുനോവല്‍ ഒരു നാടോടിക്കഥ പോലെ ഓരോ വായനക്കാരിലേക്കും ചേര്‍ന്നുനില്‍ക്കും. ഇവിടെ ഭാഷയും കഥാപാത്രങ്ങളും പള്ളിയും ദേശവുമെല്ലാം ഒരുമിച്ചു നില്‍ക്കുകയും വായനയുടെ നാട്ടുഗന്ധം പരത്തുകയും ചെയ്യുന്നു. ആഴമേറിയ ചില മനുഷ്യജന്മങ്ങളെ ഈ നോവലില്‍ നിന്നും നമുക്ക് കണ്ടെടുക്കാനാവും.
ബത്തേരി
1-12-2021
Leave a Reply