ഉണ്ണായി വാര്യര്‍

പ്രമുഖ ആട്ടക്കഥാകാരനായ ഉണ്ണായി വാര്യരുടെ പ്രസിദ്ധമായ നളചരിതം ആട്ടക്കഥ നാലു ദിവസം ആടാനുള്ളതാണ്. അതില്‍ ഒന്നാം ദിവസത്തെ കഥയാണിത്. മഹാഭാരതത്തെ അവലംബിച്ചാണ് ഈ ആട്ടക്കഥ എഴുതിയിട്ടുള്ളത്.

കഥാസാരം

നളമഹാരാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് വന്ന നാരദമഹര്‍ഷിയെ രാജാവ് വന്ദിച്ച് യഥോചിതം സ്വീകരിച്ചിരുത്തി കുശലാന്വേഷണങ്ങള്‍ നടത്തുന്നു. ദേവന്മാര്‍ പോലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കുണ്ഡിനപുരിയിലെ ദമയന്തി നിനക്ക് അനുരൂപയാണെന്നും, അവളെ നേടാനായി യത്‌നിക്കണമെന്നും പറഞ്ഞു നാരദന്‍ പോകുന്നു. നാരദവാക്കു കേട്ട നളന്‍ പിന്നീട് ദമയന്തിയുടെ രൂപഗുണങ്ങളെക്കുറിച്ച് തന്നെ ആലോചിച്ചിരിക്കുന്നു. മറ്റുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാന്‍ പറ്റാതായ നളന്‍, രാജ്യഭാരം മന്ത്രിയെ ഏല്പിച്ച് ഉദ്യാനത്തിലേക്കു യാത്രയാകുന്നു.

വിജനമായ ഉദ്യാനത്തിലിരിക്കുന്ന നളന്‍ അവിടെ ഒരു സ്വര്‍ണവര്‍ണമുള്ള അരയന്നത്തെ കണ്ടു കൗതുകത്തോടെ അതിനെ പിടിക്കുന്നു. ഹംസം ദയനീയമായി വിലപിച്ചപ്പോള്‍ നളന്‍ അതിനെ വിട്ടയയ്ക്കുന്നു. ആ ഹംസം ഉപകാരസ്മരണയോടെ തിരിച്ച് നളന്റെ അടുത്തെത്തി, താന്‍ ദമയന്തിയുടെ മനസ്സ് അറിഞ്ഞുവരാമെന്ന് പറഞ്ഞ് കുണ്ഡിനപുരിയിലെക്ക് പോകുന്നു.

കുണ്ഡിനത്തിലെ ഉദ്യാനത്തില്‍ ദമയന്തിയും തോഴിമാരും കാഴ്ചകള്‍ കണ്ടു നടക്കുന്നു. കാമപരവശയായ ദമയന്തി ഉദ്യാനവാസം ദുഷ്‌കരമായതിനാല്‍ തോഴിമാരോടുകൂടി തിരിച്ച് കൊട്ടാരത്തിലേയ്ക്ക് പോകാനൊരുങ്ങുമ്പോള്‍, പറന്നു വരുന്ന സ്വര്‍ണഹംസത്തെ കാണുന്നു. ദമയന്തിയെ മെല്ലെ തോഴിമാരില്‍ നിന്ന് അകറ്റി, ഹംസം തന്റെ വാക്ചാതുരിയാല്‍ അവളുടെ മനസ്സിലുള്ള നളനോടുള്ള പ്രേമം വാക്കുകൊണ്ട് പറയിച്ച് അത് ഇളക്കി ഉറപ്പിക്കുന്നു. ഈ വിവരം തിരിച്ച് നളനോട് പറയാന്‍ ദമയന്തിയും ആവശ്യപ്പെടുന്നു.

ഹംസം നിഷധരാജ്യത്തിലേക്കു തിരിച്ചുവന്നു നളനെ കാര്യങ്ങളെല്ലാം പറഞ്ഞു സമാധാനിപ്പിക്കുന്നു. ഇനി സ്മരിക്കുമ്പോള്‍ വരാമെന്ന് പറഞ്ഞ് ഹംസം ആകാശത്തില്‍ മറയുന്നു. തുടര്‍ന്ന് നളന്‍ ദമയന്തിയുടെ സ്വയംവരത്തിനുള്ള ക്ഷണം സ്വീകരിച്ച് കുണ്ഡിനത്തിലേയ്ക്ക് പുറപ്പെടുന്നു.

ഈ സമയം കൂണ്ഡിനപുരിയിലേയ്ക്ക് പോകുന്ന ഇന്ദ്രാദികള്‍ വഴിമദ്ധ്യത്തില്‍ നളനെ കണ്ടുമുട്ടുന്നു. നളന്‍ അവരെ വന്ദിക്കുന്നു. ദേവന്മാര്‍ അഞ്ചുപേരിലൊരാളെ വരിക്കണം എന്ന് ദമയന്തിയോട് ചെന്നു പറയാന്‍ ദേവന്മാര്‍ ദമയന്തീകാമുകനായ നളനോടുതന്നെ അഭ്യര്‍ത്ഥിക്കുന്നു. അതിന്നായി തിരസ്‌കരണി മന്ത്രം ഉപദേശിച്ച് കൊടുക്കുന്നു.

മറ്റാരും കാണാതെ ദമയന്തിയുടെ അന്ത:പുരത്തില്‍ കടന്ന നളന്‍ ഇന്ദ്രന്റെ സന്ദേശം അവളെ അറിയിക്കുന്നു. തന്റെ മനസ്സില്‍ ഒരു വല്ലഭന്‍ ഉണ്ടെന്നും അതുകൊണ്ട് ദേവന്മാര്‍ ഇതാഗ്രഹിക്കുന്നത് ഉചിതമല്ലെന്നും ദമയന്തി ഉറപ്പിച്ച് പറയുന്നു.

നളന്‍ തിരിച്ചുവന്ന് ഇന്ദ്രനോട്, തന്നെ ഏല്‍പ്പിച്ച ദൗത്യം ചെയ്തുവെങ്കിലും ദമയന്തിയെ സമ്മതിപ്പിക്കാനായില്ല എന്നു പറയുന്നു. എന്നാല്‍ സ്വയംവരത്തിനു ദമയന്തി തങ്ങള്‍ അഞ്ചുപേരില്‍ ഒരുവനയേ വരിക്കൂ എന്ന് ഇന്ദ്രനും പറയുന്നു. ഭൂമിയിലുള്ള ഒരു പെണ്ണിനെ ദേവന്മാര്‍ മോഹിക്കുന്നതറിഞ്ഞ് അവളെ ലഭിക്കാന്‍ നമ്മളും ശ്രമിക്കണം എന്ന് പറഞ്ഞ് സൈന്യസമേതരായ് രാക്ഷസ രാജാക്കന്മാരും ദേവന്മാരും കുണ്ഡിനത്തിലേയ്ക്ക് പുറപ്പെടുന്നു.

ദേവഅസുരനാഗമനുഷ്യ സമൂഹങ്ങളെക്കൊണ്ട് കുണ്ഡിനം നിറഞ്ഞതു കണ്ട് ഭയന്ന ഭീമരാജാവ് വിഷ്ണുവിനെ ഭജിച്ചു. പ്രസന്നനായ മഹാവിഷ്ണു അയച്ച സരസ്വതീദേവി, ഭീമരാജാവിനോട് അവിടെ വന്നിട്ടുള്ള ജനങ്ങളുടെ വംശവും മഹിമയും എല്ലാം താന്‍തന്നെ വര്‍ണ്ണിക്കാം എന്ന് സമാധാനിപ്പിക്കുന്നു.

സര്‍വാലങ്കാര വിഭൂഷിതയായി, സരസ്വതീ സമേതയായി സ്വയംവരമണ്ഡപത്തിലെത്തിയ ദമയന്തി നിരവധി ഭൂപന്മാരുടെ ഇടയില്‍ നളന്റെ തത്സ്വരൂപത്തില്‍ അഞ്ചുപേരെ കാണുന്നു. തന്നെ പരീക്ഷിക്കരുതെന്ന് പ്രാര്‍ത്ഥിച്ച ദമയന്തിക്ക് ദിക്പാലകന്മാര്‍ അവരവരുടെ ശരിക്കുള്ള സ്വരൂപം കാണിച്ചുകൊടുക്കുന്നു. വിദര്‍ഭ നന്ദിനി നളന്റെ കഴുത്തില്‍ വരണമാല്യം ഇടുന്നു. ഇന്ദ്രാദികളും സരസ്വതിയും നളന് വരദാനം ചെയ്ത് മറയുന്നു. നളനു ദേവന്മാര്‍ വരങ്ങളും നല്‍കിയാണ് അനുഗ്രഹിച്ചത്. നീ യാഗം ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ടുവന്ന് ഹവിസ്സ് സ്വീകരിക്കും (സാധാരണ അഗ്‌നിയാണു ഇന്ദ്രന്ന് ഹവിസ്സ് എത്തിക്കുന്നത്) എന്നും നിനക്ക് ശിവസായൂജ്യം ലഭിക്കുമെന്നും ഇന്ദ്രന്‍ വരം നല്‍കുന്നു.
പാചകം ചെയ്യുന്നതിലും കത്തുന്നതിലും പൊള്ളുന്നതിലും ഞാന്‍ നിനക്ക് അധീനനായിരിക്കും, നീ വെച്ചുണ്ടാക്കുന്ന കറികള്‍ അമൃതിനുസമം സ്വാദിഷ്ടമായിരിക്കും എന്നായിരുന്നു അഗ്‌നിയുടെ വരം. ആപത്തിലും നിന്റെ ബുദ്ധി അധര്‍മ്മം പ്രവര്‍ത്തിക്കില്ല, എല്ലാ ആയുധവിദ്യകളും നിനക്ക് സ്വായത്തമാകും എന്നായിരുന്നു യമന്റെ വരം.

നീ സ്പര്‍ശിക്കുന്ന പൂക്കള്‍ ഒരിക്കലും വാടാതെ നില്‍ക്കും; മരുഭൂമിയിപ്പോലും നിനക്ക് വേണ്ടുവോളം വെള്ളം ലഭിക്കും എന്ന് വരുണന്‍ അനുഗ്രഹിച്ചു. ക്ലേശമില്ലാത്ത യമകവും അമൃതം പോലെ പദങ്ങളും, അര്‍ത്ഥഗാംഭീര്യം തുടങ്ങിയ സാഹിത്യഗുണങ്ങളുമായ സാരസ്വതം നിനക്കും നിന്‍ ദമയന്തിക്കും നിന്നെ നിനക്കുന്നവര്‍ക്കും ലഭിക്കും എന്നായിരുന്നു സരസ്വതിയുടെ വരദാനം.