കിളിമാനൂര്‍ രാജരാജവര്‍മ്മ (വിദ്വാന്‍ ചെറുണ്ണി) കോയിത്തമ്പുരാന്‍ (1812-1846)
മഹാഭാഗവതം ദശമസ്‌കന്ദം, ഉത്തരരാമായണം രണ്ടാമദ്ധ്യായം എന്നിവയാണ് ഈ ആട്ടക്കഥയ്ക്ക് അവലംബം. കഥയിലെ ഒരു ഭാഗം രംഭാപ്രവേശം എന്ന് അറിയപ്പെടുന്നു.

കഥാസാരം

വൈശ്രവണനും പത്‌നിയും ഉദ്യാനത്തില്‍ ഉല്ലസിച്ചിരിക്കുന്നു. വൈശ്രവണന്‍ പത്‌നിയെ ആലിംഗനം ചെയ്തു ഇരിക്കുന്ന സമയത്ത് നാരദന്‍ വരുന്നു. പത്‌നിയെ പറഞ്ഞയച്ച് മുനിയെ സ്വാഗതം ചെയ്യാനായി ഒരുങ്ങുന്നു.
വൈശ്രവണന്‍ രാവണന്റെ ദുഷ്‌ചെയ്തികളെപറ്റി നാരദനോട് പരാതിപ്പെടുന്നു. രാവണന്റെ അടുത്തേയ്ക്ക് ദൂതനെ അയക്കാന്‍ പറഞ്ഞ് നാരദന്‍ പോകുന്നു. വൈശ്രവണന്‍ അപ്രകാരം ദൂതനെ വിളിച്ച് വരുത്തി അയക്കുന്നു.
ലങ്കയില്‍ രാവണനും മണ്ഡോദരിയും രമിച്ചിരിക്കുന്നു. രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്ത് ഇരിക്കുമ്പോള്‍, ദൂരെ നിന്നും ദൂതന്‍ വരുന്നതു കണ്ട് മണ്ഡോദരിയെ പറഞ്ഞയച്ച് വീരഭാവത്തില്‍ ഇരിക്കുന്നു.
ദൂതന്‍ വന്ന് രാവണനോട് വൈശ്രവണന്‍ പറഞ്ഞ കാര്യങ്ങള്‍ ഉണര്‍ത്തിക്കുന്നു. കോപാകുലനായ രാവണന്‍ ദൂതന്റെ കഴുത്തറുത്ത് കൊല്ലുന്നു. അതു എതിര്‍ത്ത സഹോദരനായ വിഭീഷണനെ കഴുത്തിനുപിടിച്ച് പുറത്താക്കിയിട്ട്, രാവണന്‍ യുദ്ധത്തിനായി പ്രഹസ്തനോടൊപ്പം തയ്യാറകുന്നു.
വൈശ്രവണന്റെ അനുയായികളും പ്രഹസ്തനും ഏറ്റുമുട്ടുന്നു. പ്രഹസ്തന്‍ തോറ്റോടുന്നു.
തുടര്‍ന്ന് ഹിമാലയതാഴ്വരയില്‍ രംഭാപ്രവേശം. രാവണന്‍, വൈശ്രവണോടു യുദ്ധത്തിനായി അളകാപുരിയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ, ഹിമാലയതഴ്വരയില്‍ സേനയോടൊപ്പം വിശ്രമിക്കുന്നു. പൗര്‍ണ്ണമി നാളില്‍ സന്ധ്യാസമയത്ത് രംഭ വൈശ്രവണപുത്രന്റെയടുക്കല്‍ പോകുന്നത് കണ്ട്, കാമാതുരനായ രാവണന്‍, രംഭയെ ബലാല്‍ക്കാരേണ പ്രാപിക്കുന്നു. അന്യസ്ത്രീകളെ അവരുടെ അനുവാദമില്ലാതെ തൊട്ടാല്‍ തല പൊട്ടിത്തെറിക്കും എന്ന് രംഭ രാവണനെ ശപിയ്ക്കുന്നു.
ഭീരു വന്ന് യുദ്ധവര്‍ത്തമാനങ്ങള്‍ അറിയിക്കുന്നു. രാവണന്‍ ഭീരുവിനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു. രാവണന്‍ വൈശ്രവണനുമായി നേരിട്ട് യുദ്ധം ചെയ്യുന്നു. വൈശ്രവണന്‍ തോറ്റു പിന്മാറുന്നു. രാവണന്‍ ‘പോ പോ, എന്റെ ജ്യേഷ്ഠനായതു കൊണ്ട് ഇപ്പോള്‍ കൊല്ലുന്നില്ല. നിന്റെ പുഷ്പകവിമാനം ഇനി എനിക്കുള്ളതാണ്. ദിക്പാലകന്മാര്‍ എന്റെ അധീശത്വം സ്വീകരിക്കുന്നു. ആകട്ടെ, ഇനി കൈലാസത്തില്‍ പോയി ലങ്കയിലേയ്ക്ക് മടങ്ങാം എന്നു പറഞ്ഞ് വിമാനത്തില്‍ കയറി പോകുന്നു.
കൈലാസം കാക്കുന്ന നന്ദികേശ്വരന്റെ ആത്മഗതമായ പദം ആണ് തുടര്‍ന്ന്.
രംഗം പത്തില്‍ രാവണന്‍ നന്ദികേശ്വരനുമായി ഏറ്റുമുട്ടുന്നു. തുടര്‍ന്ന് ശിവന്‍ രാവണനെ അനുഗ്രഹിച്ച് ചന്ദ്രഹാസം എന്ന വാള്‍ കൊടുക്കുന്നതോടെ രാവണവിജയം ആട്ടക്കഥ സമാപിക്കുന്നു.

വേഷങ്ങള്‍

രാവണന്‍ കത്തി
ദൂതന്‍ മിനുക്ക്
രംഭ മിനുക്ക് സ്ത്രീവേഷം
മറ്റ് വേഷങ്ങള്‍: വൈശ്രവണന്‍, പത്‌നി, നാരദന്‍, മണ്ഡോദരി, പ്രഹസ്തന്‍, ഭീരു, വിഭീഷണന്‍, മാണീചരന്‍, നന്ദികേശ്വരന്‍.