ഉണ്ണായി വാര്യര്‍

പ്രമുഖ ആട്ടക്കഥാകാരനായ ഉണ്ണായി വാര്യരുടെ പ്രസിദ്ധമായ നളചരിതം ആട്ടക്കഥ നാലു ദിവസം ആടാനുള്ളതാണ്. അതില്‍ രണ്ടാം ദിവസത്തെ കഥയാണിത്. മഹാഭാരതത്തെ അവലംബിച്ചാണ് ഈ ആട്ടക്കഥ എഴുതിയിട്ടുള്ളത്.

കഥാസാരം

വിവാഹം ഭംഗിയായി കഴിഞ്ഞ് നളദമയന്തിമാര്‍ തിരിച്ച് നളന്റെ കൊട്ടാരത്തിലേക്ക് എത്തി. ഈ സമയം
ദേവലോകത്തേയ്ക്കുള്ള വഴിമദ്ധ്യ ഇന്ദ്രാദികള്‍ നളദമയന്തി വിവാഹം കഴിഞ്ഞ് തിരിച്ച് പോകുകയാണ്. അപ്പോള്‍ എതിരെ കലിയും ദ്വാപരനും കൂടി വരുന്നു. എവിടുന്നാണ് നിങ്ങള്‍ വരുന്നത് എന്ന് ഇന്ദ്രാദികളോട് കലി ചോദിക്കുന്നു. ഞങ്ങള്‍ ദമയന്തിയുടെ വിവാഹം കണ്ട് മടങ്ങുകയാണ്, ദമയന്തി നളമഹാരാജാവിനെ വിവാഹം ചെയ്തു എന്ന് കലിദ്വാപരന്മാരോട് അവര്‍ പറയുന്നു. കലിദ്വാപരന്മാര്‍ ദമയന്തീ വിവാഹത്തിനു പോകുന്ന വഴി ആയിരുന്നു അത്. വെള്ളം ചോര്‍ന്ന് പോയിട്ട് പാലം കെട്ടുന്നതെന്തിനാണ് എന്ന് ഇന്ദ്രന്റെ പ്രസിദ്ധമായ വാക്യം കേട്ട്, കലിദ്വാപരന്മാര്‍ക്ക് ദേഷ്യം വരുന്നു. ഒരു മനുഷ്യപ്പുഴുവിനെ ദമയന്തി വിവാഹം ചെയ്തതിനാല്‍ ഞാന്‍ നളനേയും ദമയന്തിയേയും തമ്മില്‍ തെറ്റിക്കും എന്ന് പറയുന്നു.
നളനു പുഷ്‌കരന്‍ എന്ന പേരില്‍ വകയില്‍ ഒരു അനുജനുണ്ട്, അവനെ നമുക്ക് പോയി സത്കരിച്ച് മുഷ്‌കരനാക്കി നളനോട് ചൂതുകളിച്ച് രാജ്യം വാങ്ങി, നളനെ കാട്ടിലയക്കാം എന്ന് സൂത്രം ദ്വാപരന്‍ കലിക്ക് പറഞ്ഞ് കൊടുക്കുന്നു. അതിനായി കലിദ്വാപരന്മാര്‍ നിഷധരാജ്യത്തിലേക്ക് പ്രവേശിക്കുന്നു. എന്നിട്ട് പുഷ്‌കരനെ കണ്ട് വീര്യം കൊടുത്ത് പുഷ്‌കരനോട് നളനെ ചൂതുകളിക്കാന്‍ വിളിക്കാന്‍ പറയുന്നു.
അതുപ്രകാരം പുഷ്‌കരന്‍ നളനെ ചൂതിനു വിളിക്കുന്നു. പുഷ്‌കരന്‍ കളിയില്‍ മിടുക്കനല്ല എന്ന് പറഞ്ഞ് ദമയന്തിയെ സമാധാനിപ്പിച്ച് നളന്‍ ചൂതുകളിയുടെ വെല്ലുവിളി സ്വീകരിക്കുന്നു.
ചൂതമായി വന്ന കലികാരണം നളന്‍ ചൂതുകളിയില്‍ തോല്‍ക്കുന്നു. രാജ്യവും ധനങ്ങളും നഷ്ടപ്പെടുന്നു. പുഷ്‌കരന്‍ നളനോട്, ദമയന്തിയെ കൂട്ടി കാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ദമയന്തിയും തന്റേതാകും എന്ന് പറയുന്നു.നളദമയന്തിമാര്‍ കാട്ടിലേക്ക് പോകുന്നു.
കലി ആവേശിതനായ നളന്‍ ഉണ്ടായ സംഭവങ്ങളെ ഓര്‍ത്ത് വനപ്രദേശത്തില്‍ വച്ച് വിലപിക്കുന്നു. വിശപ്പ് തീര്‍ക്കാനായി സ്വന്തം വസ്ത്രം പകുതി മുറിച്ച് പക്ഷികളെ വലവീശി പിടിയ്ക്കാനായി ഒരുങ്ങുന്നു. എന്നാല്‍, പക്ഷികള്‍ ആ വസ്ത്രവും കൊണ്ട് പോകുന്നു. പോകുന്നവഴിക്ക് പക്ഷികള്‍, ഞങ്ങള്‍ വെറും പക്ഷികള്‍ അല്ല, നിന്നെ ചതിച്ച വിരുതന്മാരായ ഞങ്ങള്‍ ചതുരംഗക്കളത്തിലെ കരുക്കള്‍ എന്നു കരുതുക എന്ന് അറിയിക്കുന്നു. കലിയുടെ മറ്റൊരു ചതി ആയിരുന്നു ഇത്.

ഇനി വേര്‍പാട് രംഗമാണ്. വനമണ്ഡപം ആണ് പശ്ചാത്തലം. നളദമയന്തിമാരുടെ പരസ്പരം വിലാപങ്ങള്‍ കഴിഞ്ഞ് ദമയന്തിയോട് കുണ്ഡിനത്തിലേക്ക് ഉള്ള വഴി നളന്‍ കാണിച്ചുകൊടുക്കുന്നു. വേര്‍പെടുകയില്ല വല്ലഭനെ എന്ന് ആണയിട്ട് പറഞ്ഞ് ക്ഷീണിതയായ ദമയന്തി നളന്റെ മടിയില്‍ തലവെച്ച് കിടക്കുന്നു. ആ സമയം കലിബാധിച്ച നളന്‍, ദമയന്തിയെ ഉപേക്ഷിച്ച് പോകുന്നു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ദമയന്തി നളനെ അന്വേഷിച്ച് കരയുന്നു. ഏത് ഭൂതത്താലാണോ എന്റെ കാന്തന്‍ എന്നെ വിട്ട് പിരിഞ്ഞത്, ആ ഭൂതം (കലി) എരിതീയില്‍ പതിയ്ക്കട്ടെ എന്ന് ശപിക്കുകയും ചെയ്യുന്നു.

വനമണ്ഡപത്തില്‍ നിന്നും ദമയന്തി ഇറങ്ങി നടക്കുന്നതിനു മുന്നേ കാട്ടാളന്‍ വരുന്നു. കാട്ടാളന്‍ തന്റെ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഒരു ശബ്ദം കേള്‍ക്കുന്നുു അത് എന്താണെന്ന് ആത്മഗതം ചെയ്യുന്നു.ആ സമയം ദമയന്തീ വിലാപം കേള്‍ക്കുന്നു. കാട്ടാളന്‍ ശബ്ദം കേട്ട് ഒരു സ്ത്രീ ആണെന്ന് ഉറപ്പിക്കുന്നു. തന്നെ ഒരു പാമ്പ് വിഴുങ്ങാന്‍ നോക്കുന്നതായും രക്ഷിക്കൂ എന്നും ദമയന്തി വിലപിക്കുന്നു. ബന്ധുമിത്രാദികള്‍ ഒന്നും ഇല്ലാതെ ഒറ്റയ്ക്ക് ഈ കാട്ടില്‍ വന്നുപെട്ട സ്ത്രീയെ, ഞാന്‍ നിന്നെ രക്ഷിക്കാം എന്നു കാട്ടാളന്‍ പറയുന്നു. എന്നിട്ട് നമുക്ക് എന്റെ വീട്ടില്‍ പോയി സുഖമായി വസിക്കാം എന്ന് കാട്ടാളന്‍ പറയുന്നു. പാമ്പ് വിഴുങ്ങാന്‍ നോക്കുമ്പോള്‍ മോഹത്തോടെ വന്ന കാട്ടാളനെ കണ്ട് ദമയന്തി കൂടുതല്‍ വിലപിക്കുന്നു. പ്രാണരക്ഷണം ചെയ്താല്‍ അതിനു പ്രത്യുപകാരം ഒന്നും ചെയ്യാന്‍ ഇല്ല എന്ന് കാട്ടാളനോട് ദമയന്തി പറയുന്നു. പാമ്പിനെ കൊന്ന് ദമയന്തിയെ രക്ഷിച്ച്, കാട്ടാളന്‍ വീണ്ടും തന്റെ മോഹം പറയുന്നു.
തുടര്‍ന്ന് ദമയന്തി, പാതിവ്രത്യവ്രതത്തെ ഭംഗപ്പെടുത്തുന്നവന്‍ ഭസ്മമാകുമെന്ന ഇന്ദ്രന്റെ വരം ഓര്‍ക്കുന്നു. കാട്ടാളന്‍ ഭസ്മമാകുന്നു. തുടര്‍ന്ന് ഇന്ദ്രാദികളെ സ്മരിച്ച് നടന്നുകൊണ്ട് ദമയന്തി വിലപിക്കുന്നു. തുടര്‍ന്ന് ദമയന്തി കാട്ടില്‍ സഞ്ചരിക്കുന്ന നേരം ഒരു നദീതീരത്ത് എത്തി. സാര്‍ത്ഥവാഹകസംഘത്തെ കാണുകയും അവരോടൊപ്പം സഞ്ചരിക്കാം എന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്നു.

ദമയന്തിയെ കണ്ട് സംഘത്തിലുള്ളവര്‍ ഒറ്റപ്പെട്ട ഒരു സ്ത്രീ കാട്ടില്‍ ഇങ്ങനെ വന്നുകണ്ടതിനാല്‍ പരിഭ്രമിക്കുന്നു. സംഘത്തലവനായ ശുചി ദമയന്തിയോട് കാര്യം ആരായുന്നു. ദമയന്തി തന്റെ കഥകള്‍ ചുരുക്കി ശുചിയോട് പറയുന്നു. അത് കേട്ട് വ്യാപാരിയായ ശുചി ചേദിരാജ്യത്ത് ചെല്ലാന്‍ ദമയന്തിയെ ഉപദേശിക്കുന്നു. അങ്ങനെ ശുചി ചേദിരാജാവായ സുബാഹുവിന്റെ കൊട്ടാരത്തിലേയ്ക്ക് ദമയന്തിയെ കൊണ്ട് പോയി വിടുന്നു.
ദമയന്തിയെ കണ്ട് സുബാഹുവിന്റെ അമ്മ ആരാ എന്ന് ചോദിക്കുന്നു. സുബാഹുവിന്റെ അമ്മയോട് ഉച്ഛിഷ്ടം കഴിക്കില്ല, ഞാന്‍ ദേവിയുമല്ല കിന്നരിയുമില്ല. പക്ഷെ, പുരുഷന്മാരോട് മിണ്ടുകയുമില്ല.
ഇതിനിടെ ദളദമയന്തിമാരുടെ ദയനീയകഥ അറിഞ്ഞ് ദമയന്തിയുടെ അച്ഛന്‍ ഭീമരാജാവ്, അവരെ കണ്ടുപിടിക്കാന്‍ പലദിക്കിലേക്കും ബ്രാഹ്മണരെ അയച്ചു. അങ്ങനെ സുദേവന്‍ എന്ന ബ്രാഹ്മണന്‍ സുബാഹുവിന്റെ കൊട്ടാരത്തിലും ഒരുദിവസം എത്തി ദമയന്തിയെ തിരിച്ചറിഞ്ഞു. സുദേവന്‍ ദമയന്തിയോട് സംസാരിച്ചു. ചേദിരാജ്ഞിയോട് സംസാരിച്ച് അനുവാദം വാങ്ങി കുണ്ഡിനത്തിലേക്ക് ദമയന്തിയെ കൂട്ടിക്കൊണ്ട് പോകുന്നു.