ഉണ്ണായി വാര്യര്‍

ഉണ്ണായി വാര്യരുടെ പ്രസിദ്ധമായ നളചരിതം ആട്ടക്കഥ നാലു ദിവസം ആടാനുള്ളതാണ്. അതില്‍ മൂന്നാം ദിവസത്തെ കഥയാണിത്. മഹാഭാരതത്തെ അവലംബിച്ചാണ് ഈ ആട്ടക്കഥ എഴുതിയിട്ടുള്ളത്.

കഥാസാരം

ദമയന്തിയെ ഉപേക്ഷിച്ച് ഏകനായി വനത്തിലൂടെ നടന്നുപോകുന്നു നളന്‍. ദേവന്മാരോട് നന്മയ്ക്കായി പ്രാര്‍ത്ഥിച്ച്, അവസാനം ദമയന്തിയേയും നമിക്കുന്നു. തത്വചിന്താപരമായി തന്റെ ജീവിതത്തില്‍ കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ക്കുകയാണ്.നളന്‍ വീണ്ടും വനത്തിലൂടെ ഒറ്റയ്ക്ക് നടക്കുന്നു. വനത്തിന്റെ ഭീകരതയും മറ്റും കണ്ട് വീണ്ടും തത്വചിന്തകള്‍ നളന്റെ മനസ്സിലേക്ക് വരുന്നു.
തളര്‍ന്നും വിചാരം കലര്‍ന്നും പുല്‍മേട്ടില്‍കിടന്നും അങ്ങനെ വനത്തിലൂടെ ദിവസങ്ങളായി സഞ്ചരിക്കുന്ന നളന്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കാട്ടുതീ കാണുന്നു. കാട്ടുതീയുടെ നടുവില്‍ നിന്ന് രക്ഷിക്കാനായി നളനെ വിളിച്ച് കരയുന്ന ഒരു ശബ്ദം കേള്‍ക്കുന്നു. കാര്‍ക്കോടകന്‍ എന്ന പാമ്പായിരുന്നു അത്. നളന്‍ കാര്‍ക്കോടകനെ തീയില്‍ നിന്നും രക്ഷിക്കുന്നു. കാര്‍ക്കോടകന്‍ നളനെ കടിക്കുന്നു. നളന്റെ രൂപം എല്ലാം മാറുന്നു. ശേഷം കാര്‍ക്കോടകന്‍ നളനു രണ്ടുവസ്ത്രം കൊടുക്കുന്നു, ആ വസ്ത്രം ധരിച്ചാല്‍ പഴയരൂപം പ്രാപിക്കുമെന്നും പറയുന്നു. കടിച്ചത്, നളനെ അല്ല, നളനെ ബാധിച്ച കലിയെയാണെന്നും ആ കലി ഇപ്പോള്‍ തന്റെ വിഷം കൊണ്ട് എരിയുകയാണെന്നും കാര്‍ക്കോടകന്‍ പറയുന്നു. ബാഹുകനെന്ന പേരില്‍ സാകേതരാജ്യത്തില്‍ പോയി ഋതുപര്‍ണരാജാവിന്റെ തേരാളിയായി കഴിയാന്‍ ഉപദേശിക്കുന്നു. ശേഷം എല്ലാം നളനു മംഗളമായി ഭവിക്കുമെന്നും പറഞ്ഞ് കാര്‍ക്കോടകന്‍ മറയുന്നു.

കാര്‍ക്കോടകന്റെ ഉപദേശപ്രകാരം നളന്‍ ഋതുപര്‍ണരാജധാനിയില്‍ എത്തി അവിടെ ഋതുപര്‍ണന്റെ പാചകക്കാരനായും കുതിരക്കാരനായും കഴിയുന്നു. അങ്ങനെ ഋതുപര്‍ണരാജ്യത്ത് ബാഹുകന്‍ കഴിയുന്ന ഒരു ദിവസം രാത്രി, ദമയന്തിയെ പറ്റിയുള്ള അതികഠിനമായ ആലോചനയാല്‍, ബാഹുകനില്‍ നിന്നും ഒരു വാങ്മയമാകുന്ന നിലാവ് ആവിര്‍ഭവിച്ചു. അതുകേട്ട് ഒപ്പം കിടക്കുന്ന ജീവലവാര്‍ഷ്‌ണേയന്മാര്‍ ആരെ പറ്റി ഓര്‍ത്താണ് ബാഹുകന്‍ കരയുന്നത്, ആരാണ് ആ സുന്ദരി എന്നൊക്കെ ചോദിക്കുന്നു. ബാഹുകന്‍ സത്യം പറയാതെ ഒഴികഴിവ് പറഞ്ഞ് മാറുന്നു.

അതേസമയം,സാകേതത്തില്‍ കഴിയുന്ന ദമയന്തി ബ്രഹ്മണരോട് ഇങ്ങനെ പറഞ്ഞു: എല്ലാ രാജാക്കന്‍മാരുടെയും സഭകളില്‍ പോയി വിനോദത്തിനെന്നോണം ഒളിവില്‍ ഒരു ചൊല്ല് പറയുക, ആ വാക്കിന് ഒരുത്തന്‍ മറുമൊഴി പറഞ്ഞാല്‍ ഉടനെ നിങ്ങള്‍ ഇവിടെ വന്ന് പറയണം. ഇങ്ങനെ ദമയന്തിയുടെ വാക്കുകേട്ട് പുറപ്പെട്ടവരില്‍ ഒരുവനായ പര്‍ണാദന്‍ ഋതുപര്‍ണസവിധത്തില്‍ അതു പറഞ്ഞു. ഇതുകേട്ട്
പര്‍ണാദന്‍ തിരിച്ച് വന്ന് ഋതുപര്‍ണ്ണരാജധാനിയില്‍ നിന്നും ഒരുത്തന്‍ തന്റെ വാക്യത്തിനു മറുപടി പറഞ്ഞതായി ദമയന്തിയെ അറിയിക്കുന്നു.

ദമയന്തി തന്റെ അമ്മയുടെ അടുത്തുചെന്ന് ദുഃഖങ്ങള്‍ പറയുന്നു. ഒപ്പം പര്‍ണാദന്‍ പറഞ്ഞ വിവരങ്ങളും. മറ്റൊരു ബ്രാഹ്മണനെ (സുദേവന്‍) ഋതുപര്‍ണരാജധാനിയിലേക്ക് അയക്കാനായി അമ്മയുടെ അനുവാദം ദമയന്തി വാങ്ങുന്നു. ദമയന്തി സുദേവനോട് ഉടനെ അച്ഛന്‍ പോലും അറിയാതെ, ഋതുപര്‍ണരാജധാനിയില്‍ പോയി തന്റെ രണ്ടാംവിവാഹ വാര്‍ത്ത അറിയിക്കാനായി ആവശ്യപ്പെടുന്നു. സമര്‍ത്ഥനായ സുദേവന്‍ രണ്ടാം വിവാഹം നാളെ എന്ന് അവിടെപോയി പറയാം എന്ന് സമ്മതിക്കുന്നു.
ഋതുപര്‍ണന്റെ രാജധാനിയില്‍ ചെന്ന സുദേവന്‍, ബാഹുകന്റെ സാന്നിദ്ധ്യത്തില്‍ ദമയന്തിയുടെ രണ്ടാം വിവാഹ വാര്‍ത്ത വ്യാജമായി അറിയിക്കുന്നു. ഋതുപര്‍ണന്‍ ബാഹുകനെ വിളിച്ച് തിടുക്കത്തില്‍ കുണ്ഡിനത്തിലേക്ക് യാത്രയാകാനായി തേരുതയ്യാറാക്കന്‍ പറയുന്നു.

അങ്ങനെ ബാഹുകന്‍ തേര്‍ത്തട്ടില്‍ ഇരുന്ന് ദമയന്തിയുടെ രണ്ടാംവിവാഹവാര്‍ത്തയെ പറ്റി ആലോചിച്ച് കരയുന്നു.ഋതുപര്‍ണ്ണനും ബാഹുകനും വാര്‍ഷ്‌ണേയനും തേരില്‍ കയറി യാത്ര തുടങ്ങുന്നു. രഥവേഗം കണ്ട് അത്ഭുതപ്പെടുന്ന വാര്‍ഷ്‌ണേയന്‍ ബാഹുകന്‍ നളന്‍തന്നെ എന്ന് ഉറപ്പിക്കുന്നു. രഥവേഗം കണ്ട് ഋതുപര്‍ണനും അത്ഭുതപരതന്ത്രനാകുന്നു. അതിനിടയ്ക്ക് ഋതുപര്‍ണന്റെ മേല്‍മുണ്ട് താഴെ വീഴുന്നു. രഥം പെട്ടെന്ന് നിര്‍ത്തി മേല്‍മുണ്ട് എടുക്കാനായി ഋതുപര്‍ണന്‍ ബാഹുകനോട് പറയുന്നു. രഥം നിര്‍ത്തുന്നു. സന്ധ്യയ്ക്ക് മുന്‍പ് കുണ്ഡിനത്തില്‍ എത്തണമെങ്കില്‍ പെട്ടെന്ന് പോകണം, വീണ മേല്‍മുണ്ട് അടുത്തൊന്നും അല്ല, ബഹുയോജന പിന്നിലാണ് എന്ന് ബാഹുകന്‍ അറിയിക്കുന്നു. മുന്നില്‍ കാണുന്ന താന്നിമരത്തില്‍ മൂന്ന് ലക്ഷത്തിമുപ്പതിനായിരം ഇലകള്‍ ഉണ്ട്, വിശ്വാസം വരുന്നില്ലെങ്കില്‍ അവിടെ പോയി ഇലകള്‍ എണ്ണിനോക്കാന്‍ ബാഹുകനോട്, ഋതുപര്‍ണന്‍ ആവശ്യപ്പെടുന്നു. അതുപ്രകാരം ബാഹുകന്‍ താന്നിമരച്ചുവട്ടില്‍ പോയി എണ്ണിനോക്കി കൃത്യമെന്ന് കണ്ട് അത്ഭുതപ്പെടുന്നു. ഋതുപര്‍ണനു അശ്വഹൃദയം ബാഹുകന്‍ ഉപദേശിക്കുന്നു. തിരിച്ച് നളനു അക്ഷഹൃദയം ഋതുപര്‍ണനും ഉപദേശിക്കുന്നു. അക്ഷഹൃദയം പഠിച്ചതോടെ ബാഹുകന്റെ ശരീരത്തില്‍ നിന്നും കലി പുറത്ത് വരുന്നു.
ദേഹത്തുനിന്ന് പുറത്തുവന്ന കലിയെ വധിക്കാന്‍ നളന്‍ ശ്രമിക്കുന്നു. കലി മാപ്പപേക്ഷിക്കുന്നു. നളന്‍ ഇനി ആരേയും ഉപദ്രവിക്കരുത് എന്ന് ക്ഷമിച്ച് കലിയെ വെറുതെ വിടുന്നു. ശേഷം മൂവരും ചേര്‍ന്ന് കുണ്ഡിനത്തിലേക്കുള്ള യാത്ര തുടരുന്നു.