നേതാജി സുഭാഷ് ചന്ദ്രബോസ്
(ജീവചരിത്രം)
പേരൂര്‍ എസ്. പ്രഭാകരന്‍
കറന്റ്‌റ് ബുക്സ്, തൃശൂര്‍ 1988
കോസ്‌മോബുക്സ്, ത്യശൂര്‍
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആവേശോജ്ജ്വലമായ ജീവചരിത്രം. ‘അഭിപ്രായസ്ഥിരത’, ആദര്‍ശനിഷ്ഠ, സ്ഥിരപ്രയത്‌നം സ്വാര്‍ത്ഥരാഹിത്യം, അസാമാന്യമായ ധീരത, ത്യാഗസന്നദ്ധത, സാഹസപ്രിയം മുതലായവയില്‍ സുഭാഷ് ചന്ദ്രബോസിന് കിടപിടിക്കുന്ന നേതാക്കള്‍ ഇന്‍ഡ്യയിലോ മറ്റു രാജ്യങ്ങളിലോ അപൂര്‍വമായേ പിറന്നിട്ടുള്ളൂ”
അവതാരിക
എന്‍.വി.കൃഷ്ണവാരിയര്‍
ഇന്ത്യയെന്ന ഈ മഹാരാജ്യത്തിലെ ജനകോടികള്‍ വിദേശീയ മേധാവിത്വത്തത്തില്‍നിന്നു മോചനം നേടുന്നതിനുവേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ നടത്തിയ സമരത്തിന്റെ ഇതിഹാസം ദീര്‍ഘമാണ്; വൈചിത്ര്യപൂര്‍ണമാണ്; ആവേശജനകവുമാണ്. ഉജ്ജ്വലമായ ഈ ഇതിഹാസത്തിലെ ഉജ്ജ്വലതരമായ ഒരു ഉപാഖ്യാനം മാത്രമായാണ് നേതാജി സുഭാസ് ചന്ദ്രബോസിന്റെ ജീവചരിത്രം ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍, ലോകചരിത്ര സംഭവഗതികളില്‍ അല്പമായ വ്യതിയാനം സംഭവിച്ചിരുന്നെങ്കില്‍, ഉദാഹരണത്തിന്, ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിക്കാതിരിക്കുകയോ, അമേരിക്ക ആറ്റംബോംബ് കണ്ടുപിടിക്കാതിരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍, ഭാരതസ്വാതന്ത്ര്യസമരമാകുന്ന ഇതിഹാസത്തിന്റെ കേന്ദ്രകഥാനായകന്‍, ഒരുപക്ഷേ, സുഭാസ് ചന്ദ്രബോസ് ആകുമായിരുന്നു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഏറിയകൂറും അക്രമരഹിതമായി നടത്തിയ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും ബഹുജന സമരങ്ങളിലൂടെയുമാണ് ഭാരതീയജനത സ്വാതന്ത്ര്യം നേടിയത്. എന്നാല്‍, സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് ഒരുവഴി മാത്രമല്ല ഉള്ളത്. പല രാഷ്ട്രങ്ങളിലും ജനങ്ങള്‍ സ്വാതന്ത്ര്യം പിടിച്ചടക്കിയിട്ടുള്ളത് സായുധസംഘട്ടനങ്ങളിലൂടെയോ വിപ്ലവപ്രവര്‍ത്തനങ്ങളിലൂടെയോ സൈനിക ആക്രമണങ്ങളിലൂടെയോ ആണ്. ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടുന്നതിന്, മഹാത്മാഗാന്ധിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭ-നിസ്സഹകരണ-സംഘട്ടനപരിപാടിയില്‍നിന്ന് വ്യത്യസ്തമായി സൈനിക ആക്രമണമെന്ന വ്യക്തവും ക്ഷിപ്ര ഫലപ്രദവുമായ മാര്‍ഗ്ഗം നേതാജി സുഭാസ് ചന്ദ്രബോസ് ആസൂത്രണംചെയ്തു. 1941 ജനുവരിയില്‍ ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷനായ ബോസ് ജര്‍മ്മനിയിലെത്തി. 1941 നവംബര്‍ 2-ാം തീയതി ‘ആസാദ് ഹിന്ദ് ഗവണ്‍മെന്റ്’ എന്ന പേരില്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടം ബെര്‍ലിനില്‍ ഉദ്ഘാടനംചെയ്തു. സ്വതന്ത്രഭാരതത്തിന്റെ സൈന്യം രൂപവല്‍ക്കരിക്കുകയും സ്വതന്ത്രഭാരത ഗവണ്‍മെന്ററിനുവേണ്ടി റേഡിയോ പ്രഭാഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 1943 ജൂണ്‍ മാസത്തില്‍ അദ്ദേഹം സിംഗപ്പൂരില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ രൂപംകൊണ്ടുകഴിഞ്ഞിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.ഏ) യുടെ നേതൃത്വം ഏറ്റെടുത്തു. ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍നിന്നു ബ്രിട്ടീഷ് ഭരണത്തെ ജവാന്‍മാര്‍ തൂത്തെറിഞ്ഞപ്പോള്‍ ബോസിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രഭാരത ഗവണ്‍മെന്റിനു സ്വന്തമായ ഒരു ഭൂപ്രദേശം ഉണ്ടായിത്തീര്‍ന്നു.
എട്ടു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ബോസിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രഭാരത ഗവണ്‍മെന്റിനെ അംഗീകരിച്ചു. സ്വന്തം മന്ത്രിസഭ, മന്ത്രിമാര്‍ക്കുകീഴില്‍ വിവിധ വകുപ്പുകള്‍, സൈന്യം, ബാങ്ക്, സാമ്പത്തികഭദ്രത.. ഒരു സര്‍ക്കാരിന്റെ എല്ലാ ഉപാധികളും ബോസിന്റെ കീഴില്‍ സ്വതന്ത്രഭാരത ഗവണ്‍മെന്റിന് കൈവന്നു. ഈ ഗവണ്‍മെന്റ് ബ്രിട്ടനെതിരെ സമരം പ്രഖ്യാപിച്ചു. 1944 മാര്‍ച്ച് 21-ാം തീയതി ബര്‍മ്മയില്‍നിന്ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മി മണിപ്പൂര്‍ ഇംഫാല്‍ പ്രദേശത്തെത്തി. നാലുമാസത്തോളം കാലം ഇവിടെ വിസ്തൃതമായ ഒരു ഭൂപ്രദേശം ഈ സേനയുടെ കൈവശമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ നയിച്ചുകൊണ്ട് സുഭാസ് ചന്ദ്രബോസിനു ബംഗാളില്‍ കാല്‍കുത്തുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ആ നിമിഷത്തില്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ സായുധകലാപം ആരംഭിക്കുകയും, ദില്ലിയിലെ വൈസ്രോയ്ഭരണം മഴ നനഞ്ഞ പുറ്റുപോലെ തകര്‍ന്നുവീഴുകയും ചെയ്യുമായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ചരിത്രത്തിന്റെ പ്രവാഹം വേറൊരു വഴിക്കായിപ്പോയി. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സമയം നേതാജി സുഭാസ് ചന്ദ്രബോസിനു ലഭിക്കുംമുമ്പ് ജര്‍മ്മനിയുടെ പരാജയവും ജപ്പാനില്‍ അമേരിക്കയുടെ ആറ്റംബോംബ് പ്രയോഗവും രണ്ടാം മഹായുദ്ധത്തിന്റെ അന്ത്യംകുറിച്ചു. രഹസ്യമയമായ ചുറ്റുപാടുകളില്‍ സുഭാസ് ചന്ദ്രബോസ് എന്നെന്നേയ്ക്കുമായി ലോകരംഗത്തില്‍നിന്നു തിരോഭവിക്കുകയും ചെയ്തു. മഹാഭാരതത്തില്‍ നളകഥ മാതിരിയോ സാവിത്യുപാഖ്യാനം പോലെയോ സുഭാസ് ചന്ദ്രബോസിന്റെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസത്തില്‍ അത്യുജ്ജ്വലമെങ്കിലും അപ്രധാനമായ ഒരു ഉപാഖ്യാനം മാത്രമായിത്തീര്‍ന്നത് അങ്ങനെയാണ്.
എങ്കിലും, ആ ഉപാഖ്യാനത്തിന് സ്വതന്ത്രമായ ഒരു ഇതിഹാസത്തിന്റെ പൊലിമയുണ്ട്. അഖിലേന്ത്യാതലത്തിലും പ്രാദേശികതലത്തിലും ഖ്യാതി നേടിയവരും ത്യാഗധനരുമായ പതിനായിരക്കണക്കിനു നേതാക്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനുണ്ടായിരുന്നു. നിബിഡമായ ഈ നേതൃപരമ്പരയില്‍ തികച്ചും അന്യാദൃശമാണ് സുഭാസ് ചന്ദ്രബോസിന്റെ വ്യക്തിത്വം. ആ വ്യക്തിത്വം രൂപവല്‍കരിക്കുന്നതില്‍ വിവേകാനന്ദന്റെയെന്നപോലെ മാര്‍ക്‌സിന്റെയും ദര്‍ശനങ്ങള്‍ പങ്കുവഹിച്ചു. ഐ.സി.എസ് പരീക്ഷാവിജയം വാഗ്ദാനം ചെയ്ത ആഡംബരജീവിതം വലിച്ചെറിഞ്ഞ് ആപത്തു നിറഞ്ഞ ദേശസേവനം തിരഞ്ഞെടുത്ത സുഭാസ് ചന്ദ്രബോസ് അല്പകാലംകൊണ്ട് ഭാരതീയ യുവാക്കളുടെ മുഴുവന്‍ ആരാധനാപാത്രമായിത്തീര്‍ന്നു. ദേശബന്ധു സി.ആര്‍.ദാസിന്റെയും മഹാത്മാഗാന്ധിയുടെയും നേതൃത്വത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച ബോസ് ക്രമത്തില്‍ കോണ്‍ഗ്രസിനകത്തെ ഇടതുപക്ഷ ചിന്താഗതികളുടെ കേന്ദ്രബിന്ദുവായി. സ്വന്തമായ കാരണങ്ങളാല്‍ മഹാത്മാഗാന്ധി തന്റെ പിന്‍ഗാമിയായി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ തിരഞ്ഞെടുത്തിരുന്നി ല്ലെങ്കില്‍, ഒരുപക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി സുഭാസ് ചന്ദ്രബോസ് ആകുമായിരുന്നു.
സ്വതന്ത്രഭാരതം അതിന്റെ ലക്ഷ്യങ്ങളായി പിന്നീട് അംഗീകരിച്ച മതനിരപേക്ഷത, ജനാധിപത്യം, സാമ്പത്തികവും സാമൂഹ്യവുമായ സമത്വം, ആസൂത്രിതവികസനം, വ്യവസായവല്‍കരണത്തിലൂടെയുള്ള ദാരിദ്ര്യനിര്‍മാര്‍ജനം മുതലായ മുല്യങ്ങളെ സ്വാതന്ത്ര്യലബ്ധിക്ക് എത്രയോ മുമ്പുതന്നെ സുഭാസ് ചന്ദ്രബോസ് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 1930-കളുടെ അവസാനത്തിലും 1940-കളുടെ ആരംഭത്തിലും ജവാഹര്‍ലാല്‍ നെഹ്റുവിനേക്കാളേറെ, ഒരുപക്ഷേ, മഹാത്മാഗാന്ധിയേക്കാളേറെ ഇന്ത്യയ്ക്കകത്ത് ബഹുജനപ്രീതി ആര്‍ജിക്കാന്‍ സുഭാസ് ചന്ദ്രബോസിനു കഴിഞ്ഞിരുന്നു. വിശദമായ ചിന്ത, അഭിപ്രായസ്ഥിരത, ആദര്‍ശനിഷ്ഠ, സ്ഥിരപ്രയത്‌നം, സ്വാര്‍ത്ഥരാഹിത്യം, അസാമാന്യമായ ധീരത, ത്യാഗസന്നദ്ധത, സാഹസപ്രിയം മുതലായവയില്‍ അദ്ദേഹത്തിനു കിടനില്‍ക്കുന്ന നേതാക്കള്‍ ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ അപൂര്‍വമായേ പിറന്നിട്ടുള്ളു.
സുഭാസ് ചന്ദ്രബോസിന്റെ ജീവചരിത്രം വായിക്കുക എന്നത് അത്യന്തം ആവേശകരമായ ഒരനുഭവമാണ്. യുവജനങ്ങള്‍ക്കു പ്രത്യേകിച്ചും ഉത്തേജകമായിരിക്കും അത്. നൈതികമൂല്യങ്ങള്‍ക്കു വളരെയധികം വിലയിടിഞ്ഞിട്ടുള്ള ഈ കാലഘട്ടത്തില്‍ നഷ്ടപ്പെട്ടുപോയ നന്മയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് ഭാരതത്തിലെ യുവജനങ്ങളെ നേതാജിയുടെ ജീവിതേതിഹാസവുമായുള്ള പരിചയം വളരെയേറെ സഹായിക്കാതിരിക്കുകയില്ല. സ്വാതന്ത്ര്യത്തിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന ഈ അവസരത്തില്‍ നേതാജിയുടെ വിപുലമായ ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതില്‍ തികഞ്ഞ ഔചിത്യം ഉണ്ട്.
ധാരാളം ആധാരഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷയോടെ വായിച്ചുപഠിച്ച് ഇങ്ങനെ ഒരു ബൃഹത്തായ നേതാജിചരിത്രം രചിച്ച ശ്രീ. പേരൂര്‍ എസ്. പ്രഭാകരനെ ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. കേരളത്തിലെ യുവജനങ്ങള്‍ ഈ പുസ്തകം മനസ്സിരുത്തി പഠിക്കുകയും അതിനെപ്പറ്റി ചര്‍ച്ചകള്‍, നടത്തുകയും, ഭാവിജീവിത രൂപവല്‍കരണത്തിനുവേണ്ട വിജ്ഞാനവും ആവേശവും അതില്‍നിന്നു നേടുകയും ചെയ്യുമെന്നു ഞാന്‍ ആശിക്കുന്നു.
എന്‍.വി. കൃഷ്ണവാരിയര്‍
മാതൃഭൂമി, 1988.
Leave a Reply