(കേരള പൊലീസ് അക്കാദമിയിലെ പക്ഷികള്‍)
ഡോ.ബി.സന്ധ്യ, 
വിനോദ് വി ജി.
തൃശൂരില്‍ രാമവര്‍മ്മപുരത്തുള്ള കേരള പൊലീസ് അക്കാദമിയുടെ വിശാലമായ വളപ്പില്‍ കാണപ്പെടുന്ന പക്ഷികളെക്കുറിച്ചുള്ള കൃതിയാണിത്. ഇതിന് ഡോ.ബി.സന്ധ്യ ഐ.പി.എസും വിനോദ് വി.ജിയും എഴുതിയ ആമുഖവും പ്രൊഫ. കുഞ്ഞികൃഷ്ണന്‍ എഴുതിയ അവതാരികയും ചുവടെ ചേര്‍ക്കുന്നു:
മുഖവുര
പക്ഷികള്‍ മനുഷ്യന്റെ ഭാവനയെ സ്വര്‍ഗത്തിലേക്കുയര്‍ത്തുന്നു. ‘To a Skylark’ എന്ന കവിതയില്‍, ഷെല്ലി Blithe Spirit എന്നാണ് പക്ഷിയെ വിളിക്കുന്നത്. ‘സ്വര്‍ഗത്തില്‍ നിന്നോ അതിനു അടുത്തുനിന്നോ വരുന്നവള്‍….’ എന്നാണ്. പി.പി. രാമചന്ദ്രന്‍ ആവട്ടെ ലളിതം എന്ന തന്റെ കവിതയില്‍ ‘ഇവിടെയുണ്ട് ഞാന്‍ എന്നറിയിക്കുവാന്‍ മധുരമായൊരു കൂവല്‍ മാത്രം മതി’ എന്നു പാടുന്നു. ‘ഒട്ടു വാനില്‍ പറന്നു കളിക്കുന്ന പക്ഷികളെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണു മനുഷ്യന്‍ കാണുന്നത്. ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന ഉള്ളൂര്‍ കവിതയിലൂടെ പക്ഷികളെക്കുറിച്ച് പാടിത്തുടങ്ങുന്ന കുട്ടി അവസാനംവരെ ജീവിതത്തിലെ ഒരു നിമിഷത്തില്‍ പക്ഷികളെക്കുറിച്ച് പാടുകയും പറയുകയും, പക്ഷിയായിപ്പറക്കാന്‍ കൊതിക്കുകയും ഒക്കെ ചെയ്യുന്നു.
ഒരിക്കല്‍ കിണറ്റിന്റെ ഭിത്തിയില്‍ പൊന്‍മാന്‍ മുട്ടയിട്ടു വിരിയിച്ച ഒരു കുഞ്ഞ് കിണറ്റില്‍ വീണു. അതിനെ ഞങ്ങള്‍ കുട്ടി കള്‍ ഏറെ സാഹസികമായി രക്ഷിച്ച് അതിന്റെ അമ്മയ്ക്ക് തിരികെ നല്‍കി. മറ്റൊരിക്കല്‍ കാക്ക തന്റെ കുഞ്ഞല്ലെന്ന് തിരിച്ചറിഞ്ഞ് ഒരു പുള്ളിക്കുയില്‍ക്കുഞ്ഞിനെ കൊത്തിപ്പറിക്കുന്നതുകണ്ട് ഞങ്ങള്‍ കാക്കകളെ ഓടിച്ചുവിട്ട് കുയില്‍ക്കുഞ്ഞിനെ രക്ഷിച്ചു. അതിനെ പറക്കമുറ്റുന്നതുവരെ കൂട്ടിലിട്ടു വളര്‍ത്തി. പ്രാണിയെയും ഇയ്യലിനെയുമൊക്കെ പിടിച്ചുകൊടുത്ത് അതിനെ വളര്‍ത്തി. മറ്റൊരിക്കല്‍, ഒരു കൃഷ്ണപ്പരുന്ത് ചിറകിനു പരിക്കേറ്റ് വീട്ടുമുറ്റത്തു വീണു. മുറിവുണങ്ങുന്നതു വരെ അതിനെ പരിപാലിച്ച് പറത്തിവിട്ടു. ആ പരുന്ത് പിന്നീട് നാലഞ്ചുവര്‍ഷം നന്ദിസൂചകമായി മുറ്റത്തെത്തിയിരുന്നു. കൃഷ്ണപ്പരുന്തിന് സുഖമാണോ എന്ന് ചോദിക്കുമ്പോള്‍ അതിന്റെ കണ്ണുകളില്‍ വല്ലാത്ത ഒരു സ്‌നേഹഭാവം പ്രകടമായിരുന്നു.
സന്ദേശകാവ്യങ്ങളില്‍ മയിലിനെയും ഹംസത്തേയുമൊക്കെ സന്ദേശവാഹകരാക്കുന്നു. രവിവര്‍മ്മയുടെ ഹംസദമയന്തീ ചിത്രം മുതല്‍ ചിത്രകാരന്മാര്‍ എത്രയോ പക്ഷികളെ വരകളിലൂടെ ശാശ്വതീകരിച്ചിരിക്കുന്നു.
എഴുത്തച്ഛന്‍ എന്തിനാണാവോ തന്റെ കവിതകളൊക്കെ ശാരികപ്പൈതലിനെക്കൊണ്ട് ചൊല്ലിച്ചത്? വ്യാസനാവട്ടെ തത്തയോടുള്ള സ്‌നേഹത്തിലൂടെ ശുകന്‍ എന്ന പുത്രന് ജന്മം നല്‍കി. ജടായു, സമ്പാതി തുടങ്ങിയ പക്ഷികള്‍ രാമായണത്തില്‍ നന്മനിറഞ്ഞ മനുഷ്യരോളം പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്.
വില്ലന്മാരുടെ വൃത്തികെട്ട നോട്ടത്തെ കഴുകന്‍ കണ്ണുകൊണ്ടുള്ള നോട്ടം എന്ന് മലയാളത്തില്‍ പറയാറുണ്ടെങ്കിലും പരുന്ത് എന്ന പക്ഷി ഏറ്റവുമധികം അവധാനതയോടെ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന മാതൃത്വ പ്രതീകമായിട്ടാണ് ആംഗലേയത്തില്‍ കണക്കാക്കപ്പെടുന്നത്. കുയില്‍ മലയാളത്തില്‍ ഒട്ടേറെ കവികളെ പാടിപ്പിച്ചിട്ടുള്ള പക്ഷിയാണ്. ഉറക്കു പാട്ടില്‍ പൂന്തേന്‍ കുഴമ്പാല്‍ കുഞ്ഞിന്റെ കര്‍ണ്ണയുശം നിറയ്ക്കുന്ന വള്ളത്തോളിനെ കാണാം. വള്ളിക്കുടിലിനുള്ളിലിരിക്കുന്ന പുള്ളിക്കുയിലാണ് ഒ.എന്‍.വിയെ പാട്ടുകാരനാക്കിയത്. പച്ചപ്പനന്തത്തയാണ് പൊന്‍കുന്നം ദാമോദരനെ പാടിച്ചത്. എത്രപാടിയാലും തീരാത്ത പക്ഷിക്കവിതകളും പാട്ടുകളും കാണുമ്പോള്‍ ഒന്നു തീര്‍ച്ചപ്പെടുത്താം… മനുഷ്യനു പക്ഷികളോട് തങ്ങളെ സ്വര്‍ഗത്തോടടുപ്പിക്കുന്ന കൂട്ടുകാരെന്ന ഭാവമാണുള്ളത്.
പച്ചപ്പനന്തത്ത, മഞ്ഞക്കിളി, കുഞ്ഞാറ്റക്കിളി, പ്രാവ്, ഓലഞ്ഞാലിക്കുയില്‍, ഇങ്ങനെ കവിതകളിലും കഥകളിലും എത്രയോ പക്ഷികളാണ്. തൊടിയില്‍ പൂങ്കുയില്‍ പാടുന്നത് വസന്തത്തെ അറിയിക്കാനായി മാത്രമല്ല കവികള്‍ ഉപയോഗിക്കുന്നത്. വള്ളത്തോള്‍ തന്റെ ‘ഉറക്കുപാട്ടില്‍ മാന്തളിര്‍ തിന്നുമദിച്ച ഇളം കുയില്‍ക്കുഞ്ഞിന്റെ കാതുകളില്‍ പുന്തേന്‍ കുഴമ്പുനിറയ്ക്കാനായി ഓടക്കുഴലൂതുന്നതായാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. എത്ര പാടിയാലും തീരാത്ത പക്ഷിക്കവിതകളും പാട്ടുകളും അറിയാതെ അയവിറക്കിപ്പോകും നാം കേരളാ പൊലീസ് അക്കാദമിയിലെ വഴികളിലൂടെ നടക്കാനിറങ്ങിയാല്‍.
ഓണവും വിഷ്ടവുമൊക്കെ വന്നെന്ന് ആദ്യം നമ്മെ അറിയിച്ചിരുന്നത് ഓണപ്പക്ഷിയും വിഷുപ്പക്ഷിയുമാണ്. നത്ത്, പുള്ള് തുടങ്ങി ചില പക്ഷികളെ ദുര്‍നിമിത്തമായി കാണാറുണ്ടെങ്കിലും പൊതുവേ പക്ഷികളുടെ പാട്ടും പറക്കലും മനുഷ്യന് ഒരു സ്വപ്നലോകം തന്നെ. എന്നാല്‍, ഏതാണ്ട് 21 ശതമാനം പക്ഷികളും വംശനാശത്തിന്റെ വക്കിലാണെന്നു പറയുന്നു. ഇതുമൂലം പരാഗണം, പക്ഷികളിലൂടെയുള്ള വിത്തുവിതരണം തുടങ്ങി സാധാരണ ജൈവപ്രക്രിയകളൊക്കെ തകിടംമറിഞ്ഞേക്കും. കുഞ്ഞാറ്റക്കുരുവി മുതല്‍ ഇരപിടിയന്‍ പക്ഷികള്‍വരെ നമ്മുടെ കൃഷിസ്ഥലത്തെ പ്രാണികളെയും ജീവികളെയുമൊക്കെ പിടിച്ചുതിന്നുകൊണ്ട് ജൈവചക്രത്തെ തിരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. രാസവസ്തു പ്രയോഗവും വേട്ടയാടലുംമൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന പക്ഷികള്‍ കണക്കുകളേക്കാള്‍ എത്രയോ വലുതാണ്.
ജീവവ്യവസ്ഥ തകിടംമറിഞ്ഞ് പക്ഷികള്‍ ഇല്ലാതാകുമ്പോള്‍ കൃഷി വളരെ ബുദ്ധിമുട്ടുള്ള കാര്യമാകുന്നു. വേണ്ടത്ര വിളവു കിട്ടാതെ കര്‍ഷകര്‍ കഷ്ടത്തിലാകുന്നു. കാലാവസ്ഥാ വ്യതിയാനം കുറച്ചുകൊണ്ടുവരാനായി ഗ്രീന്‍ ജി.ഡി.പിയെക്കുറിച്ച് നാം ഇന്ന് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ജി.ഡി.പി കൂട്ടുന്നതിനായി പരിസ്ഥിതിയെ ബലികഴിച്ചുകൊണ്ടുള്ള വികസനത്തിന് എത്ര വില നാം കൊടുക്കേണ്ടിവരും എന്നു കണക്കുകൂട്ടി വേണം നാം ജി.ഡി.പി. കണക്കാക്കേണ്ടത്. കാര്‍ബണ്‍ പ്രസരണം കുറച്ചുകൊണ്ടുവരാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് ശാസ്ത്രീയമായി പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുന്നു. എങ്കിലും ‘ഗ്രീന്‍ ജി.ഡി.പി.’ എന്ന വാക്ക് ആവശ്യത്തിന് കേട്ടുതുടങ്ങിയിട്ടുണ്ടോ എന്നു സംശയമാണ്.
കൃഷിയിടങ്ങളില്‍ മണ്ണിനെ നോവിക്കാതെ വിളകള്‍ കൃഷി ചെയ്‌തെടുക്കണം, നമ്മുടെ സ്വപ്നങ്ങളെയും പ്രജ്ഞകളെയുമൊക്കെ ഇത്രയേറെ പ്രചോദിപ്പിക്കുന്ന നാട്ടുപക്ഷികളും കാട്ടുകിളികളും എന്നെന്നേക്കുമായി പറന്നക ലാതെ നോക്കേണ്ടത് നാമാണ്. അതിലൂടെ മാത്രമേ യഥാര്‍ഥ വികസനം അഥവാ ഗ്രീന്‍ ജി.ഡി.പിയിലേക്ക് മുന്നേറാന്‍ നമുക്കാവുകയുള്ളൂ.
നാളെ വ്യാസനും എഴുത്തച്ഛനുമൊക്കെ പ്രചോദനമേകാന്‍ ശാരിക പൈതലും, വള്ളത്തോളിനെയും ഒ.എന്‍.വിയേയും പ്രചോദിപ്പിക്കാന്‍ കുയിലുകളും, വിമാനം യാഥാര്‍ഥ്യമാക്കിയ റൈറ്റ് സഹോദരന്മാരെ പറക്കാന്‍ പ്രചോദിപ്പിച്ച ബസാര്‍ഡ് പക്ഷികളുമൊന്നും ഭൂമിയില്‍ ഇല്ലായിരുന്നുവെങ്കില്‍, മനുഷ്യന്റെ ഭാവനയ്‌ക്കെവിടെ സ്ഥാനം? സ്വപ്നങ്ങളില്ലാതെ എന്തു വികാസം? എന്തു സൗഖ്യം? എവിടെ സ്വാസ്ഥ്യം? പക്ഷികളില്ലെങ്കില്‍ അവയെല്ലാം നമ്മുടെ ചിറകില്ലാത്ത വൃഥാസ്വപ്നമായേനെ. പക്ഷികളും പരിസ്ഥിതിയുമൊക്കെ സൗന്ദര്യാരാധകരുടെ ചിന്തകളിലെ അധിക പുറ്റുകളാണെന്ന് ധരിച്ചാല്‍ തെറ്റി, അവ ജീവചേതനകള്‍ തന്നെ.
ഒരു പ്രദേശത്ത് ഏറ്റവുമധികയിനം പക്ഷികളെ കാണുന്നതെവിടെയാണ് കേരളത്തിലെന്നു ചോദിച്ചാല്‍ അത് കേരളാ പൊലീസ് അക്കാദമിയിലായിരിക്കാം എന്നാണ് കേരളാ വനഗവേഷണ കേന്ദ്രത്തിലെ (Kerala Forest Research Institute, Peechi, Kerala) ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞത്. പക്ഷികളുടെ ഡൈവേഴ്സിറ്റി മാപ്പിങ് ഇവിടെ ശാസ്ത്രീയമായി നടത്താനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നമുക്ക് കാണാവുന്ന, കേള്‍ക്കാവുന്ന പക്ഷികള്‍ തൊട്ടടുത്ത മരക്കൊമ്പുകളിലും തടാകങ്ങളിലും കരിയിലകള്‍ക്കിടയിലും, നിലത്തും, മാറിവരുന്ന ഋതുക്കളില്‍ കാണുന്ന പക്ഷികളുടെ ചിത്രങ്ങളെടുത്ത്, അവയെക്കുറിച്ചുള്ള ശാസ്ത്രീയവും കാല്പനികവുമായ അറിവുകളും നാട്ടറിവുകളും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നുള്ളത് കുറച്ചുകാലമായുള്ള ആഗ്രഹമാണ്.
തൃശൂര്‍ രാമവര്‍മ്മപുരത്ത് സ്ഥിതിചെയ്യുന്ന പൊലീസ് അക്കാദമിയുടെ 348 ഏക്കര്‍ വരുന്ന വിശാലമായ ക്യാമ്പസില്‍ ജൈവവൈവിധ്യം ഏറെയുണ്ട്. ഇവിടത്തെ പക്ഷികള്‍ ക്യാമ്പസിനുള്ളിലെ സൗന്ദര്യസാന്നിധ്യമാണ്. ശ്രീ. വിനോദ് എന്ന പൊലീസുകാരന്‍ ക്യാമറക്കമ്പവും പക്ഷി നിരീക്ഷണപാടവവും, ഒപ്പം റിസര്‍ച്ച് വിങ്ങിലെ ശ്രീ. സതീഷിന്റെ ഉത്സാഹവും ഡോ. ജയേഷ് ജോസഫിന്റെ ഏകോപനസഹായവും കൂടിയായപ്പോള്‍ പുസ്തകം യാഥാര്‍ഥ്യമായി. ഇത് പക്ഷികളില്‍ കൗതുകവും താല്‍പ്പര്യവും ഉള്ളവരില്‍ വായനാകൗതുകം ഉണര്‍ത്തുമെന്ന് കരുതുന്നു.
മരങ്ങളും കുറ്റിച്ചെടികളുമൊക്കെ നിധിപോലെ സംരക്ഷിക്കാന്‍ അക്കാദമിയില്‍ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്. ജൈവവൈവിധ്യം നിലനിര്‍ത്താനായി പ്രത്യേകം താത്പര്യം എടുക്കുന്നതുകൊണ്ട് മറ്റെങ്ങും കാണാനില്ലാത്ത ഒരുപാട് ജീവജാലങ്ങള്‍ അക്കാദമി ഭൂമികയിലുണ്ട്. അവയില്‍നിന്നു പക്ഷികളെ മാത്രം അടര്‍ത്തിയെടുത്ത് തയാറാക്കിയ ഈ പുസ്തകം അക്കാദമിയിലെ ജൈവവൈവിധ്യം നിലനിര്‍ത്താന്‍ വരുംതലമുറയിലുള്ളവര്‍ക്ക് പ്രചോദനമാകും എന്നു കരുതുന്നു. ഭൂമിയെയും സ്വര്‍ഗത്തേയും ബന്ധിപ്പിക്കുന്ന പക്ഷികളെ അക്കാദമിയുടെ ഐശ്വര്യമായി കണക്കാക്കുന്നതില്‍ തെറ്റില്ല.
പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ വരുംകാലത്ത് ലോകം നേരിടാന്‍പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. അവ കൈകാര്യം ചെയ്യാന്‍ പൊലീസും നന്നായി സജ്ജരാകേണ്ടതുണ്ട്.
ജീവജാലങ്ങള്‍ പരിസ്ഥിതി സന്തുലനത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവയെ വംശനാശഭീഷണിയില്‍ നിന്നു രക്ഷിക്കുന്നതിനായുള്ള നിയമങ്ങളെക്കുറിച്ചുമൊക്കെ പൊലീസിന് വേണ്ടത്ര പരിജ്ഞാനമുണ്ടാകണം. ഏതൊക്കെ മരങ്ങളും ജന്തുക്കളും വംശനാശഭീഷണി നേരിടുന്നവയാണ് എന്ന് പൊലീസിന് അറിവുണ്ടെങ്കിലേ അവയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ അവര്‍ എടുക്കുകയുള്ളൂ. പാരിസ്ഥിതിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ചെറിയ അവബോധം ട്രെയിനികളില്‍ സൃഷ്ടിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. മരമഞ്ഞളും രക്തചന്ദനവും നക്ഷത്ര ആമയും വെള്ളി മൂങ്ങയും ഇരുതലമൂരിയുമൊക്കെ എന്താണെന്നു തിരിച്ചറിയാന്‍ പൊലീസുദ്യോഗസ്ഥര്‍ക്കു കഴിയണം. ഏറെ ഔഷധമൂല്യമുള്ള ഒട്ടേറെ വൃക്ഷങ്ങളും ചെടികളും അക്കാദമിയിലുണ്ട്. അവയെക്കുറിച്ചൊക്കെയുള്ള സാമാന്യബോധവും അനിവാര്യമാണ്.
ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പക്ഷികളെക്കുറിച്ച് സാമാന്യ അവബോധം നല്‍കുന്ന ഈ പുസ്തകത്തിന് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പക്ഷികളുടെ മനോഹരചിത്രങ്ങളും, അവയെക്കുറിച്ചുള്ള ചെറുവിവരണങ്ങളുമടങ്ങിയ പുസ്തകം രചിക്കുമ്പോള്‍ കേരള പൊലീസ് അക്കാദമി എന്ന സങ്കല്പം മനസ്സില്‍ താലോലിച്ച് അതു യാഥാര്‍ഥ്യമാക്കിയ ഓരോ പൊലീസ് മേധാവിമാരോടും അക്കാദമി ഡയറക്ടര്‍മാരോടുമുള്ള കുടപ്പാടും നന്ദിയുംകൊണ്ട് മനസ്സ് നിറയുന്നു. നല്ല ചിത്രങ്ങളെടുക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുള്ള പക്ഷികളെ മാത്രമാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പക്ഷിനിരീക്ഷണം ഹോബിയായിട്ടുള്ള ട്രെയിനികളും സാധാരണക്കാരുമൊക്കെ ഈ പുസ്തകം മറിച്ചുനോക്കാനിഷ്ടപ്പെടും എന്നു കരുതുന്നു. കൂടുതല്‍ ഗഹനമായ പഠനങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയാകട്ടെ എന്ന് ആശംസിക്കുന്നു.
ഈ പുസ്തകം കേരള പൊലീസ് അക്കാദമിയെ ഒരു പച്ചത്തുരുത്തായി നിലനിര്‍ത്തുവാന്‍ ദീര്‍ഘദര്‍ശനം ചെയ്ത എന്റെ മുന്‍ഗാമികള്‍ക്കും ഇവിടത്തെ ‘പറക്കുന്ന സൗന്ദര്യ’ങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.
ഡോ.ബി.സന്ധ്യ
തിരുവനന്തപുരം
20-05-2021
ആസ്വാദനക്കുറിപ്പ്
പ്രൊഫ. ഇ.കുഞ്ഞികൃഷ്ണന്‍
നാട്ടിന്‍പുറങ്ങളില്‍ വളരുന്ന കുട്ടികള്‍ ആദ്യം ഉച്ചരിക്കുന്ന വാക്കുകളില്‍ ഒന്ന് ‘കാക്ക’ എന്നായിരിക്കും. പിന്നീട് നമ്മുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താന്‍ പറ്റാത്ത ജീവികളാണ് പക്ഷികള്‍. ഏതെങ്കിലും പക്ഷിയെ കാണാതെ ഒരു ദിവസം കടന്നുപോകാനുള്ള സാധ്യത കുറവാണ്.
പക്ഷേ, നമ്മളില്‍ എത്രപേര്‍ ചുറ്റുമുള്ള പക്ഷികളെ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്? ഏതെല്ലാംതരം പക്ഷികളാണ് നമ്മുടെ ചുറ്റുപാടുമുള്ളത്. അവയെങ്ങനെ ആഹാരസമ്പാദനം നടത്തുന്നു, കൂടുകൂട്ടുന്നു, കുഞ്ഞുങ്ങളെ വളര്‍ത്തുന്നു എന്നതിലൊക്കെ താത്പര്യം ജനിക്കുമ്പോള്‍ നമ്മളൊരു പക്ഷിനിരീക്ഷകനായി മാറുന്നു. മനസ്സിന് ഏറ്റവും സന്തോഷവും സമാധാനവും തരുന്ന ഒരു ഹോബിയാണ് പക്ഷിനിരീക്ഷണം.
പക്ഷിനിരീക്ഷണം എന്നപേരില്‍ ഒരു പുസ്തകം ആദ്യം എഴുതുന്നത് പക്ഷിസ്‌നേഹിയായ ബ്രിട്ടീഷുകാരന്‍ ‘എഡ്മണ്ട് സിലസ്’ (Edmund Selous) ആണ്. 1901 ലാണ് അദ്ദേഹം ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ശ്രീ. കെ.കെ. നീലകണ്ഠനാണ് കേരളത്തിലെ പക്ഷിനിരീക്ഷകരുടെ കുലഗുരു. നമ്മുടെ ചുറ്റുപാടുമുള്ള പക്ഷികളെക്കുറിച്ച്, 1950 കളില്‍ത്തന്നെ അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ഇന്ദുചൂഡന്‍’ എന്ന തൂലികാനാമത്തില്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. ഈ വിവരണങ്ങള്‍ എല്ലാം ചേര്‍ത്താണ് ‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി 1958 ല്‍ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ പതിപ്പുകള്‍ വീണ്ടും ഇറക്കി. എത്ര മലയാളികളെ ഈ ഒരു പുസ്തകം ഗൗരവതരമായ പക്ഷി നിരീക്ഷണത്തിലേക്ക് തള്ളിവിട്ടെന്ന് കണക്കുകൂട്ടുക പ്രയാസം. നീലകണ്ഠന്‍ മാഷുടെ പക്ഷിനിരീക്ഷണ ക്യാമ്പുകളില്‍ 1980 കാലഘട്ടത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ എന്റെ മനസ്സിലിപ്പോഴും സജീവമാണ്.
നമുക്കുചുറ്റുമുള്ള പക്ഷികളെക്കുറിച്ച് ഗൗരവവും സത്യസന്ധവുമായി എഴുതിയ ഏതു പക്ഷിപുസ്തകത്തെയും സ്വാഗതം ചെയ്യേണ്ടതാണ്. ‘പറക്കുന്ന സൗന്ദര്യങ്ങള്‍’ എന്ന ഈ പുസ്തകം തൃശൂര്‍ പൊലീസ് അക്കാദമി വളപ്പിലെ സ്ഥിരതാമസക്കാരായ പക്ഷികളെക്കുറിച്ചാണ്. അക്കാദമി വളപ്പില്‍ ദേശാടകരുമായ 100 ഓളം പക്ഷികളെക്കുറിച്ചുള്ള വിവരണമാണ് ഇത്. പൊലീസ് സേനയിലെ അഡീഷണല്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ ഐ.പി.എസ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ പേരു തന്നെ ശ്രീമതി ബി.സന്ധ്യയുടെ പക്ഷികളോടുള്ള മനോഭാവം വിളിച്ചു പറയുന്നുണ്ട്.
പക്ഷികളെ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായി കാണുന്ന ഒരാള്‍ക്ക് അക്കാദമിയിലെ നീണ്ട പരിചയത്തിനും നിരീക്ഷണത്തിനും ഒടുവില്‍ ഒരു പക്ഷിപുസ്തകം എഴുതുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനായില്ല എന്നു വേണം മനസ്സിലാക്കാന്‍. വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അക്കാദമി വളപ്പിനെക്കുറിച്ചുള്ള ഏകദേശധാരണ, പക്ഷികളെക്കുറിച്ച് സാമാന്യബോധമുള്ള ഒരാള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ശ്രീമതി. ബി.സന്ധ്യക്ക് സാധിച്ചിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളിലും കുറ്റിക്കാടുകളിലും തുറസ്സായ സ്ഥലങ്ങളിലും ഒക്കെ കാണുന്ന പക്ഷികള്‍ ഇക്കൂട്ടത്തിലുണ്ട്.
പക്ഷിനിരീക്ഷണം പൊലീസ് ട്രെയിനിങ്ങിന്റെ ഭാഗമാണോ? എന്തുകൊണ്ട് ആയിക്കൂടാ? പ്രകൃതിനിരീക്ഷണവും പക്ഷിനിരീക്ഷണവും ഒക്കെ ഡെവലപ്‌മെന്റല്‍ സൈക്കോളജിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാറുള്ള വിഷയങ്ങളാണ്. നഗരവല്‍ക്കരണത്തിന്റെ ആധിക്യത്തില്‍ ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും മടുപ്പും വിഷാദവും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നത് പച്ചപ്പിന്റെ സാന്നിധ്യമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. പക്ഷികളെ ഗൗരവമായി നിരീക്ഷിച്ചുതുടങ്ങിയാല്‍ കുറച്ചു കാലത്തിനകംതന്നെ അവയുടെ കാന്തികവലയത്തിനകത്തേക്ക് നമ്മള്‍ ആകര്‍ഷിക്കപ്പെടും. ഇതുവഴി മനസ്സിലേക്ക് കയറിവരുന്ന നിരവധിയായ ചോദ്യങ്ങളും ഉത്തരങ്ങളും നമ്മെ പ്രകൃതിയിലെ ആവാസ വ്യവസ്ഥകളിലേക്കും, ചെടികളുടേയും ജീവിവര്‍ഗത്തിന്റെയും വൈവിധ്യത്തിലേക്കും അവയുടെ പാരസ്പര്യത്തിനെക്കുറിച്ചുള്ള അറിവിലേക്കും ആനയിക്കും എന്നുറപ്പാണ്. ക്രമേണ നമ്മുടെ നിരീക്ഷണപാടവം സമ്പുഷ്ടമാകുന്നുവെന്നും കാണാം. പൊലീസ് സേനയില്‍ ജോലിചെയ്യുന്നവരുടെ നിരീക്ഷണപാടവം മെച്ചപ്പെട്ടാല്‍ അതുവഴി സമൂഹത്തിനുണ്ടാകുന്ന ഗുണം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള സ്ഥായിയായ ഒരു വികസനത്തെക്കുറിച്ചാണ് (Sustainable Development) ഇപ്പോള്‍ ലോകം ചിന്തിക്കുന്നത്. നമ്മുടെ ചെയ്തികള്‍ കാലാവസ്ഥാ വ്യതിയാനത്തിനും സമുദ്രനിരപ്പിന്റെ അസുഖകരമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു എന്നതിനെക്കുറിച്ച് രണ്ടുപക്ഷമില്ല. നമ്മുടെ രാജ്യം പരിസ്ഥിതി-ആവാസവ്യവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര ഉടമ്പടികളില്‍ പങ്കാളിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് 2002ല്‍ പാസ്സാക്കിയ ജൈവവൈവിധ്യ സംരക്ഷണ നിയമം പഞ്ചായത്തുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയമപാലകര്‍ക്കും വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. ജൈവ വൈവിധ്യസംരക്ഷണം മനുഷ്യരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന ശാസ്ത്രസത്യം അംഗീകരിച്ച് മുന്നോട്ടുപോകണമെങ്കില്‍ നമ്മുടെ ജൈവവൈവിധ്യ സമ്പത്തിനെക്കുറിച്ചും അതിന്റെ സംരക്ഷണം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജ്ഞാനം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഡോ.ബി.സന്ധ്യയുടെ ഈയൊരു ഉദ്യമം സാര്‍ഥകമാകുന്നത് ഇത്തരം പശ്ചാത്തലത്തിലാണ്.
പരിശീലന മൊഡ്യൂളുകളില്‍ പ്രകൃതിനിരീക്ഷണവും പക്ഷിനിരീക്ഷണവും ഒക്കെ ഉള്‍പ്പെടുത്തി കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സമൂഹവും ലോകവും പ്രതീക്ഷിക്കുന്ന തലത്തിലേക്ക് നമ്മുടെ പൊലീസ് സേനയെ പാകപ്പെടുത്തിയെടുക്കാന്‍ ഡോ.ബി.സന്ധ്യയ്ക്ക് അവസരമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഓരോ വിവരണത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന പക്ഷിചിത്രങ്ങളുടെ ഗുണമേന്മ പ്രത്യേകം എടുത്തു പറയേണ്ടതാണ്. മലപ്പുറത്തുള്ള വിനോദ് വി.ജി. എന്ന സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് പടമെടുത്തത് എന്നറിയാന്‍ കഴിഞ്ഞു. എത്രമാത്രം ക്ഷമയോടെ ദിവസങ്ങള്‍ ചെലവാക്കിയാലാണ് ഗുണമേന്മയുള്ള പക്ഷിചിത്രങ്ങള്‍ കിട്ടുക എന്നത് സ്വന്തം അനുഭവങ്ങളിലൂടെ നന്നായി അറിയാം. ശ്രീ. വിനോദ് കാണിച്ച താത്പര്യവും അര്‍പ്പണമനോഭാവവും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. പച്ചപ്പ് കെടാതെ മനസ്സില്‍ കൊണ്ടുനടക്കുന്ന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും മുന്നോട്ടുപോകാനുള്ള അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
(പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍, മുന്‍ മേധാവി ജന്തുശാസ്ത്രവിഭാഗം, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം)