(ജീവചരിത്രം)
പ്രൊഫ. എം.കെ സാനു
ഡി.സി ബുക്സ് 2007
ആമുഖത്തില്‍ പ്രൊഫ. എം.കെ. സാനു ഇങ്ങനെ എഴുതുന്നു:
ഇങ്ങനെയൊരു പുസ്തകം വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചെഴുതുന്നതിന് തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്, എന്റെ ആദ്യകാല ശിഷ്യന്മാരിലൊരാളായ (1957) മഹാരാജാസ്), പി.കെ. പ്രതാപചന്ദ്രനാണ്. അദ്ദേഹം സാഹിത്യകാരനല്ല, എന്‍ജിനീയറാണ്. പ്രശസ്തമായ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ സിവില്‍ എന്‍ജിനീയറായി ഇരുപത്താറു വര്‍ഷം സേവനമനുഷ്ഠിച്ചു. സത്യസന്ധനാണ്, അഴിമതികളുമായി പൊരുത്തപ്പെടാത്ത സ്വഭാവം. അതുകൊണ്ട്, അഴിമതിയുടെ സാഹചര്യം അസഹ്യമായപ്പോള്‍, ഔദ്യോഗികസ്ഥാനങ്ങളില്‍ ഉന്നതങ്ങളിലെത്താമായിരുന്നിട്ടും, പിന്നെയും പത്തുവര്‍ഷം ബാക്കിനില്‍ക്കെ, അദ്ദേഹം സ്വയം സര്‍വീസില്‍നിന്ന് പിരിഞ്ഞു. ഇത്രയും അദ്ദേഹത്തെപ്പറ്റി പറയേണ്ടതാവശ്യമാണ്.
ബഷീറിന്റെ സാഹിത്യലോകവുമായി ആത്മബന്ധം സ്ഥാപിച്ചിട്ടുള്ള ആസ്വാദകനാണ് അദ്ദേഹം. 1990-ല്‍ ‘ബഷീറിന്റെ ഐരാവതങ്ങള്‍’ എന്ന പേരില്‍ ബഷീറിനെപ്പറ്റി ഡിസി പ്രകാശിപ്പിച്ച ലേഖനസമാഹാരത്തില്‍, ബഷീറിനു കിട്ടിയ ‘കാക്കത്തൊള്ളായിരം’ കത്തുകളില്‍നിന്ന്, പ്രതാപചന്ദ്രന്‍ അയച്ച ഒരു കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘സുന്ദരമായ കത്തെ’ന്നും പറഞ്ഞ് ബഷീര്‍ നിര്‍ദേശിച്ചാണ് ആ പുസ്തകത്തില്‍ അതുള്‍പ്പെടുത്തിയത്.
ഒരു ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ (2002) ഞാനും പ്രസംഗകനായിരുന്നു. സദസ്സില്‍ പ്രതാപചന്ദ്രനുമുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ സമീപിച്ചു. പ്രസംഗത്തെ അഭിനന്ദിക്കുന്നതി നിടയില്‍ ഇങ്ങനെയൊരു പുസ്തകമെഴുതുക എന്ന ആശയം അവതരിപ്പിക്കുകയും ചെയ്തു. ആരെന്തു പറഞ്ഞാലും സമ്മതിക്കുന്ന പ്രകൃതമാണെന്റേത്. അതുകൊണ്ട് ഞാന്‍ അതങ്ങു സമ്മതിച്ചു. അവിടംകൊണ്ട് കാര്യം അവസാനിച്ചില്ല. അദ്ദേഹം നിരന്തരം ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ജീവചരിത്രമെഴുതുന്നതിന്റെ പ്രാരംഭമായി ബഷീറിന്റെ വീടും പരിസരങ്ങളും കാണേണ്ടതാവശ്യമാണ്. ഒരു ദിവസം പ്രതാപചന്ദ്രന്‍ കാറുമായി വന്നു. നല്ലൊരു ആസ്വാദകനായ പ്രൊഫ.ഡോ.)പി.വി. വിജയനെയും എന്നെയും കൂട്ടിക്കൊണ്ട് നേരേ തലയോലപ്പറമ്പിലേക്കു തിരിച്ചു. പഴയവീടും പരിസരങ്ങളും ഞങ്ങള്‍ ചുറ്റിനടന്നു കണ്ടു. തറവാട്ടില്‍ താമസിക്കുന്ന അബൂബക്കര്‍ എന്ന അബുവിനോട് പലതും ചോദിച്ചറിഞ്ഞു. പാത്തുമ്മയുടെ വീട് സന്ദര്‍ശിച്ചു. പാത്തുമ്മയുമായി ധാരാളം സംസാരിച്ചു. കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചു.
ഇതില്‍ ഞങ്ങളെ സഹായിച്ച ഒരു വ്യക്തിയുണ്ട്-സുഗുണന്‍. എസ്.എന്‍.ഡി.പി. യോഗം പ്രസിഡണ്ടും രാഷ്ട്രീയ നേതാവുമായിരുന്ന കെ.ആര്‍. നാരായണന്റെ പുത്രന്‍. അദ്ദേഹം അതിനടുത്താണ് താമസിക്കുന്നത്. ബഷീറുമായി ബന്ധപ്പെട്ട പലതും അദ്ദേഹം ഞങ്ങള്‍ക്കു പരിചയപ്പെടുത്തിത്തന്നു. പുഴയിലെ ഒരു പ്രത്യേക ഭാഗത്ത് ബഷീര്‍ കുളിക്കുന്നതും വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നതും മറ്റും അദ്ദേഹം അനേകം പ്രാവശ്യം കണ്ടിട്ടുണ്ട്. സാഹിത്യാസ്വാദകന്‍ കൂടിയായ അദ്ദേഹത്തെ ഞാന്‍ കൃതജ്ഞതയോടെ ഓര്‍മ്മിക്കുന്നു. ആലുവയില്‍ പോയി എം.വി. ദേവനുമായും ഞങ്ങള്‍ വിശദമായി സംസാരിച്ചു.
പിന്നീട് രചന തുടങ്ങാന്‍ താമസമുണ്ടായില്ല. ഓരോ അധ്യായം തീരുമ്പോള്‍ അതു മുഴുവന്‍ കമ്പ്യൂട്ടറില്‍ പകര്‍ത്തുക എന്ന ക്ലേശകരമായ ചുമതല പ്രതാപചന്ദ്രന്‍ നിര്‍വഹിച്ചുപോന്നു. പക്ഷേ, ആദ്യത്തെ ഏതാനും അധ്യായങ്ങള്‍ കഴിഞ്ഞതോടെ, എനിക്ക് നേത്രചികിത്സ നടത്തേണ്ടതായിവന്നു. രചന നിലച്ചു. ചികിത്സ കഴിഞ്ഞപ്പോള്‍ കുടുംബപരമായ അസൗകര്യങ്ങള്‍ പലതുമുണ്ടായി. ഒരു വര്‍ഷത്തിലധികം രചന തുടരാന്‍ കഴിയാതെ കുഴങ്ങി. ഈ പ്രതികൂല സാഹചര്യങ്ങളിലും പ്രതാപചന്ദ്രനാണ് എനിക്കു തുണയായത്. അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഈ നിലയില്‍ നിര്‍ബന്ധിച്ചിരുന്നില്ലെങ്കില്‍, ഈ രചന പൂര്‍ത്തിയാകാതെ കിടന്നേനേ; എന്റെ മറ്റു ചില രചനകളുടെയും കൂട്ടത്തില്‍.
മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നതോടൊപ്പം പ്രതാപചന്ദ്രന്‍ വലിയ വായനക്കാരനുമായിരുന്നു. മലയാള കഥാകാരന്മാരില്‍ ബഷീറാണ് അദ്ദേഹത്തെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ബാലനായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം ബഷീറുമായി പരിചയപ്പെട്ടു. ഒരിക്കല്‍ പ്രതാപചന്ദ്രനെ ബഷീര്‍ ഇങ്ങനെയാണ് പൊന്‍കുന്നം വര്‍ക്കിക്കും രാമുകാര്യാട്ടിനും പരിചയപ്പെടുത്തിയത്: ‘ഇതാണ് ഭാവിയിലെ പണ്ഡിത ജവഹരിലാല്‍ നെഹ്‌റു! ആ സൗഹൃദം ദൃഢമായി ഒടുവില്‍വരെ നിലനിന്നു. അതിന്റെ ഓര്‍മ്മയായിരിക്കാം ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതില്‍ അദ്ദേഹത്തിനും എനിക്കും തുണയായത് പ്രൊഫ.പി.വി. വിജയനാണ്.
ബഷീറിന്റേത് സങ്കീര്‍ണമായ വ്യക്തിത്വമാണ്. ഉപരിതലത്തില്‍ കാണുന്ന കുസൃതികള്‍ക്കും തമാശകള്‍ക്കും പിന്നില്‍ ധാരാളം നന്മയും ആത്മീയതയും ശക്തിയും കാരുണ്യവും അദ്ദേഹത്തില്‍ സജീവമായിരുന്നു. അതുകൊണ്ടുതന്നെ, സമൂഹം കൊണ്ടാടുന്ന സദാചാരബോധത്തില്‍ (അതില്‍ കാപട്യത്തിനാണല്ലോ സ്ഥാനം) അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തില്‍ ഒരു നിഷേധിയുണ്ടായിരുന്നു. ‘അനര്‍ഘനിമിഷം’ എന്ന പുസ്തകത്തിലെ ‘അനല്‍ ഹഖ്’ വായിക്കുന്നവര്‍ക്ക് ആ നിഗൂഢമനസ്സിലേക്ക് എത്തിനോക്കാന്‍ കഴിഞ്ഞേക്കും. ആ ആന്തരികലോകം ഒരാളെ ഏകാകിയാക്കുന്നു. ‘ഏകാന്ത തയുടെ അപാരതീരം’ എന്തെന്ന് അയാള്‍ക്കേ അനുഭവിച്ചറിയാന്‍ സാധിക്കൂ. അതുകൂടി അറിയാന്‍ ശ്രമിച്ചുകൊണ്ടാണ് ഞാന്‍ സംഭവങ്ങള്‍ തിരഞ്ഞെടുത്തു വിന്യസിച്ചിട്ടുള്ളത്.
കോഴിക്കോട് സ്ഥിരതാമസമാക്കിയതിനു ശേഷമുള്ള ഭാഗം ഇതില്‍ ലഘുവായി മാത്രമേ പ്രതിപാദിച്ചിട്ടുള്ളു. ചുമതലാബോധമുള്ള ഒരു കുടുംബനാഥനായി എന്നതൊഴിച്ചാല്‍ ബഷീറിന് കാര്യമായ മാറ്റമൊന്നും ആ ഘട്ട ത്തിലുണ്ടായില്ല. മാധ്യമങ്ങള്‍ നല്‍കിയ പ്രചാരണ കോലാഹലത്തിനുപോലും ബഷീറിലെ തനിമയില്‍ മാറ്റം വരുത്താനായില്ല. അതറിഞ്ഞുകൊണ്ടാണ് ആ ഭാഗം സംക്ഷേപിച്ചത്.
ബഷീറുമായി അടുത്തു ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. സ്വകാര്യവേളകളില്‍ അദ്ദേഹം ഗൗരവത്തോടുകൂടി ജീവിതപ്രശ്‌നങ്ങളെപ്പറ്റി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍നിന്നു കിട്ടിയ ധാരണകള്‍ എനിക്ക് ഈ രചനയില്‍ സഹായകരമായി ഭവിച്ചു. ബഷീറിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍, ബഷീറിന്റെ രചനകള്‍, പത്രവാര്‍ത്തകള്‍ തുടങ്ങിയവയേയും ഞാന്‍ ഉപജീവിച്ചിട്ടുണ്ട്.
ഒരു കല്പിതകഥാപാത്രത്തെപ്പോലെ ജീവിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ വ്യക്തിത്വവും അദ്ദേഹത്തിനു കേരളത്തിലുള്ള സ്ഥാനവും ഒരളവോളമെങ്കിലും മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
പ്രൊഫ. എം.കെ. സാനു