(കവിതകള്‍)
പി.എസ്.ഉണ്ണികൃഷ്ണന്‍
ലോഗോസ് ബുക്‌സ് 2023
പി.എസ്. ഉണ്ണികൃഷ്ണന്റെ രണ്ടാമത്തെ പുസ്തകമാണിത്. ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ പറയുന്നു:
ആദ്യ പുസ്തകമിറങ്ങി പത്തുവര്‍ഷത്തെ വൈകലിനും വൈകുന്നേരത്തിനും ശേഷമാണ് പുതിയ പുസ്തകം സാധ്യമാകുന്നത്. ഇനിയൊരു കവിതാപുസ്തകം ഉണ്ടാകില്ലെന്ന് തീര്‍ച്ചപ്പെടുത്തിയതാണ്.
ആ തീര്‍ച്ചയെ മാഞ്ഞുപോകുന്ന വരികളുള്ള കവിതയാക്കി മാറ്റി കാലം. കവിതയെനിക്ക് എന്നെത്തേടി വരുന്ന ദുഃഖമോ ഞാന്‍ തേടിച്ചെല്ലുന്ന സന്തോഷമോ അല്ല. എന്നെ വെളിപ്പെടുത്താനുള്ള മാര്‍ഗമോ ഞാനെന്ന് ഞെളിഞ്ഞുനില്‍ക്കാനുള്ള ഉപാധിയോ അല്ല. കവിതയെനിക്ക് ഹൃദയമിടിക്കും പോലൊരു മിടിപ്പ് മാത്രം.
ഉള്ളില്‍, ഞാനറിയാതെ ജീവിക്കുന്ന ഒരു ജീവിയുണ്ട്, അതിന്റെ ഹൃദയമിടിപ്പ്. ആ മിടിപ്പിന് കവിതയെന്ന് പേരിട്ട് ഞാന്‍ എഴുതിവയ്ക്കുന്നു.
എനിക്ക് കവിതയില്ലാതെയും ജീവിക്കാം, പ്രണയിക്കാം, മരിക്കാം, തര്‍ക്കമില്ല. പക്ഷേ, ഉള്ളിലെ ജീവിക്ക് അതു പറ്റില്ലെന്ന് തോന്നുന്നു. മറ്റുള്ളവരെക്കൂടി പരിഗണിക്കല്‍ ആണല്ലോ ജീവിതം. അതിനാല്‍ അതിനെ പരിഗണിക്കാന്‍, ആനന്ദിപ്പിക്കാന്‍ ഞാന്‍ എഴുതുന്നു. നാളെയത് എന്നില്‍നിന്നും ഇറങ്ങിപ്പോകുമ്പോള്‍ എന്റെ കവിതയും നിര്‍ത്തും.
നന്ദി ഒരു ഔപചാരിക വാക്ക് മാത്രമായി മാറിയ കാലത്ത് ആരോടും നന്ദി പറയുന്നില്ല. ജനിച്ചു എന്ന സന്തോഷത്തിനും, നിങ്ങള്‍ക്കൊപ്പം ജീവിച്ചിരിക്കുന്നുവെന്ന പ്രതിഭാസത്തിനും മുന്നില്‍ ശിരസ്സ് നമിക്കുന്നു.
സ്‌നേഹപൂര്‍വം നിങ്ങളെ കവിതയിലേക്ക് ക്ഷണിക്കുന്നു. മറ്റൊന്നും ഉറപ്പില്ലെങ്കിലും ഒരുറപ്പു മാത്രം. ഈ കവിതകള്‍ നിങ്ങളെ മുന്നിലോട്ടു കൊണ്ടുപോകാന്‍ മാത്രമേ ശ്രമിക്കൂ. അവയില്‍ നിങ്ങള്‍ക്ക് നടക്കാം, ഓടാം, തുഴയാം ,നീന്താം, പറക്കാം.