മലയാള ഭാഷാ ചരിത്രം എഴുത്തച്ഛന്‍ വരെ
(ഭാഷാചരിത്രം)
ഡോ. കെ. രത്‌നമ്മ
കേരള ഭാഷാ ഇന്‍സ്റ്റിററൂട്ട്
പന്ത്രണ്ടാം ശതകം മുതല്‍ പതിനഞ്ചാം ശതകം വരെയുള്ള മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍ ഭാഷാശാസ്ത്രദൃഷ്ട്യാ വിവരിക്കുന്ന ആധികാരിക ഗ്രന്ഥം. ഭാഷയ്ക്ക് ലിഖിതസാഹിത്യം ഉണ്ടായതു മുതല്‍ എഴുത്തച്ഛന്റെ കാലം വരെയുള്ള ശാസനങ്ങളും ഗദ്യ-പദ്യകൃതികളും ഇവിടെ പഠനവിധേയമാകുന്നു. വ്യാകരണം, വാക്യഘടന, പദാവലി തുടങ്ങിയവയിലുണ്ടായ പരിണാമങ്ങള്‍ സുസൂക്ഷ്മം ഇവിടെ വിലയിരുത്തുന്നുണ്ട്. പ്രാചീന ഭാഷാപഠനത്തിന് അത്യന്തം പ്രയോജനപ്പെടുന്ന കൃതി. പ്രൊഫ.എസ്.ഗുപ്തന്‍ നായരുടെ അവതാരിക.
ഉള്ളടക്കം
പ്രവേശിക
ഒന്‍പതാം ശതകം
പത്താം ശതകം
പതിനൊന്നാം ശതകം
പന്ത്രണ്ടാം ശതകം
പതിമൂന്നും പതിന്നാലും ശതകങ്ങള്‍
പതിനഞ്ചാം ശതകം
നിഗമനങ്ങള്‍
അനുബന്ധം
ശാസനങ്ങള്‍
അവതാരിക
എസ്.ഗുപ്തന്‍ നായര്‍
അനുദിന വികസ്വരമായ ഒരു ജീവല്‍ ഭാഷയും അതിന്റെ പ്രാക്തനാവസ്ഥയും തമ്മിലുള്ള അന്തരം കുറച്ചൊന്നുമല്ല. അന്വേഷണം അല്പം ക്ലേശകരമാണ്. അറിഞ്ഞേടത്തോളം പഴയകാലം മുതല്‍ എഴുത്തച്ഛന്‍വരെയുള്ള ഏതാനും നൂറ്റാാണ്ടുകളിലെ മലയാളഭാഷാ വികസനത്തിന്റെ കഥയാണ് ഡോ. രത്‌നമ്മ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. എഴുത്തച്ഛനിലെത്തിയപ്പോള്‍ നാം ഇന്നത്തെ മലയാളത്തിന്റെ ഗുരുനാഥനെ കണ്ടെത്തുകയായിരുന്നു. അതിനാല്‍ ആ ഭാഗം വിട്ടുകളഞ്ഞത് യുക്തംതന്നെ. പക്ഷേ, എഴുത്തച്ഛന്‍ ഭാഷയ്ക്കു നല്‍കിയ ശക്തിയുടെയും സൗന്ദര്യത്തിന്റെയും സ്വഭാവമെന്തെന്ന വസ്തുതയും രസകരമായ അന്വേഷണമാണ്.
ചെന്താരില്‍ മാതുതന്‍ പുണ്യവിലാസമേ
നെഞ്ചമിടിഞ്ഞിടിഞ്ഞീടുന്നിതേറ്റവും (ദ്രോണം)
എന്നു ഭാവിയിലെ വള്ളത്തോളിനു കളമൊരുക്കിക്കൊടുക്കാനും
നിമ്‌നോന്നത ഗുഹാഗഹ്വരശര്‍ക്കരാ-
ദുര്‍മാര്‍ഗമെത്രയും കണ്ടക വൃന്ദവും (അയോധ്യ)
എന്ന് ഉള്ളൂരിന്റെ വഴി ഉറപ്പിക്കാനും ആ കവികുലഗുരു ആളായിരുന്നു. അതിനുമുമ്പുള്ള ഭാഷയുടെ കഥയോ അവ്യക്തം; സന്ദേഹ ധൂമിലം.
1936-ല്‍ പ്രസിദ്ധീകൃതമായ ‘ദി ഇവല്യൂഷന്‍ ഓഫ് മലയാളം മോര്‍ഫോളജി’ എന്ന പുസ്തകത്തില്‍ പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ പ്രൊഫസര്‍ എല്‍.വി. രാമസ്വാമി അയ്യര്‍ ഇങ്ങനെ പറഞ്ഞു: ”ദ്രാവിഡഭാഷകളുടെ താരതമ്യാത്മക പഠനത്തിന്റെ പ്രാധാന്യം ഇന്നു കൂടുതല്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടു വരുകയാണ്. പക്ഷേ, എല്ലാ താരതമ്യാത്മക പഠനത്തിനും ഒരു പൂര്‍വോപാധിയുണ്ട്- ഓരോ അംഗഭാഷയുടെയും സ്വഭാവത്തെ ചരിത്രപരമായും വിവരണാത്മകമായും വെവ്വേറെ പഠിക്കുക. എന്റെ ഈ പഠനം അതിനു പ്രയോജനപ്പെടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.’ രാമസ്വാമി അയ്യര്‍ ഇതെഴുതിവച്ചിട്ട് പതിറ്റാണ്ടുകളേറെയായി. ഈ നീണ്ട കാലത്തിനിടയ്ക്ക് കൂടുതല്‍ ശാസനങ്ങളും കൂടുതല്‍ പ്രാചീനകൃതികളും വെളിച്ചം കണ്ടിട്ടുമുണ്ട്. എന്നിട്ടും, ഭാഷാവികാസ വിഷയമായി വേണ്ടത്ര പഠനങ്ങള്‍ ഉണ്ടായോ? ഗുരുനാഥന്മാരായിരുന്ന ഗോദവര്‍മയും ഇളംകുളവും കുറേയൊക്കെ ചെയ്തുവച്ചു. എന്നാല്‍, ഇനിയുമുണ്ട് പോകാന്‍ വഴി. കഴിഞ്ഞ ഒന്നുരണ്ടു ദശവത്സരത്തിനുള്ളില്‍ വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍, പുതുശ്ശേരി രാമചന്ദ്രന്‍, എം.എം. പുരുഷോത്തമന്‍ നായര്‍, എന്‍.ഗോപിനാഥന്‍നായര്‍, ഗോപാലകൃഷ്ണന്‍നായര്‍ മുതലായി ചിലര്‍ ഒറ്റയൊറ്റ കൃതികളെയോ കൃതിസഞ്ചയങ്ങളെയോ എടുത്ത് ശാസ്ത്രീയമായ ഭാഷാപഗ്രഥനം നടത്തിയിട്ടുണ്ട്. അവരുടെ ഗവേഷണപഠനങ്ങള്‍ പുതിയ ഗവേഷകര്‍ക്ക് നല്ല വഴികാട്ടികളാണ്. ഡോ. രത്‌നമ്മ അവരുടെ പ്രൗഢ പ്രബന്ധങ്ങളെയെല്ലാം വേണ്ടമട്ടില്‍ ഉപജീവിച്ചിട്ടുണ്ടെന്നു സമ്മതിച്ചുകൊണ്ടാണ് ഈ ഗ്രന്ഥരചന നിര്‍വഹിക്കുന്നത്.
”പ്രാചീന ഭാഷാസ്വരൂപം മനസ്സിലാക്കുന്നത് സാഹിത്യഗ്രന്ഥങ്ങളെക്കാള്‍, ചെറിയ ചെറിയ വാചകങ്ങളില്‍ അതതു സ്ഥലത്തെ ഭാഷയില്‍ എഴുതിയിട്ടുള്ള ശാസനങ്ങളാണ് കൂടുതല്‍ ഉപകരിക്കുന്നത്. എന്നാല്‍, ഭാഷാപരമായ ഗവേഷണത്തിനുവേണ്ടി അവ ഉപയോഗപ്പെടുത്തുന്നതു വളരെ സൂക്ഷിച്ചുവേണം……. എന്തെന്നാല്‍ ഒരു ആധാരമെഴുത്തുരീതി അമ്മാതിരി ചെപ്പേടുകളില്‍ സ്ഥാനംപിടിച്ചു എന്നു വരാം’ (ഇളംകുളം, കേ.ഭാ.വി.പ. ഏഴാം പതിപ്പ് പൂ. 43)
‘ശാസനങ്ങളിലെ ഭാഷ അതിന്റെ നിര്‍മാണകാലത്തെ വ്യവഹാരഭാഷാരീതിയെ പ്രതിനിധാനം ചെയ്യുന്നുവെന്ന സങ്കല്പം ഭദ്രമല്ല’ (സി.എല്‍. ആന്റണി, ഭാഷാപഠനങ്ങള്‍, പു. 48). എന്നാല്‍, തുടര്‍ന്ന്, ആന്റണി ഇത്രയുംകൂടി പറയുന്നു:-”ഊറ്റി എടുത്തു പരിശോധിച്ചാല്‍ ശാസനം എഴുതിയകാലത്തെ ഭാഷയുടെ ഏതാണ്ടൊരു മട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും’ (ടി. പുസ്തകം). അപ്പോള്‍ ശാസനഭാഷയെ അവഗണിക്കാന്‍ പറ്റില്ല എന്നു സ്പഷ്ടം. അതിന്റെ ശിലീഭൂതസ്വഭാവം അംഗീകരിച്ചുകൊണ്ടുവേണം പഠിക്കാന്‍ എന്നേ ഉള്ളു. ഒമ്പതാം നൂറ്റാണ്ടിലെ ശാസനത്തില്‍ കാണുന്ന ‘നാനാഴി അരിചികൊണ്ടു പൂതപലി ഊട്ടക്കടവര്‍’ എന്നതിലെ കടവര്‍ പതിനെട്ടാം നൂറ്റാണ്ടിലെ പാലയൂര്‍ ശാസനത്തിലും കാണാം (‘കൊടുക്കവും കൊള്ളവും കടവര്‍’). എന്നാല്‍ ഗ്രന്ഥഭാഷയില്‍ ഇതു കാണുകയില്ല. ‘നീരോടും പൂവോടും അട്ടിക്കൊടുക്കുന്നത്’ ഈയിടെവരെ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ ശാസനഭാഷയെ അപഗ്രഥിക്കുന്നതു വ്യര്‍ഥമാണെന്നാണോ? അല്ല. ശാസനമാണെന്നറിഞ്ഞുകൊണ്ടു ചെയ്യണമെന്നുമാത്രം. പ്രാചീന രേഖകളായി മറ്റൊന്നുമില്ലാത്തപ്പോള്‍ നമുക്ക് അവയെ പിന്തുടരുകയല്ലാതെ ഗത്യന്തരവുമില്ല.
പുരുഷഭേദനിരാസം, ഒരു നിരാസമല്ല, സ്വീകാരമാണ് എന്ന് ഡോ.കെ.എം. ജോര്‍ജ് ഒരിക്കല്‍ പറഞ്ഞു (വളരുന്ന കൈരളി (1954). എന്നാല്‍, അതു നിരാസം തന്നെയെന്നും പ്രാചീന മലയാളത്തില്‍ അതു നിയമേന നിലനിന്നുവെന്നും ഉള്ളതിന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ തെളിവുകിട്ടിക്കൊണ്ടിരിക്കുന്നു. ”കേരളപാണിനിയുടെ മഹാനയങ്ങളില്‍ ഏതിനെല്ലാം മറിച്ചടിവന്നാലും പുരുഷഭേദനിരാസം അചഞ്ചലമായി നിലകൊള്ളുകതന്നെ ചെയ്യും’ എന്ന് സി. എല്‍. ആന്റണി പറഞ്ഞതാണ് സ്വീകാര്യം. ഈ പുസ്തകത്തില്‍ അതിനുള്ള തെളിവുകളും നിരത്തിയിട്ടുണ്ട്.
ഡോ. രത്‌നമ്മ ഓരോ നൂറ്റാണ്ടിലെയും ഭാഷയുടെ ലക്ഷണങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. അപഗ്രഥന ഭാഷാശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ശരിക്ക് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പഠനം എന്നതുതന്നെ ഇതിന്റെ മെച്ചം.
പഴയ ഭാഷയിലെ രൂപങ്ങള്‍ മാറുന്നത് പടിപടിയായിട്ടാണ്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മാറിയ രൂപങ്ങളും മാറാത്ത രൂപങ്ങളും ഇടകലര്‍ന്നുകാണുക പതിവാണ്. രാമചരിതം അപഗ്രഥിച്ച ഗോപാലകൃഷ്ണന്‍നായര്‍, ആ കൃതിയില്‍ അനുനാസികാതിപ്രസര വിധേയമായ 3901 രൂപങ്ങളും അവിധേയമായ 3610 രൂപങ്ങളും ഉണ്ടെന്ന് കണ്ടെത്തി. രണ്ടും ഏതാണ്ടൊപ്പം എന്നര്‍ഥം. ഇതു പകര്‍പ്പെഴുത്തുകാരന്റെ അവ്യവസ്ഥയല്ല, ഭാഷയുടെ അവ്യവസ്ഥയാണ്. ”ആടുകിടന്നിടത്ത് ഒരു പൂടയെങ്കിലും കിടക്കും” എന്ന നാടന്‍ പ്രമാണം തന്നെയാണ് ഭാഷയുടെ കാര്യത്തിലും പ്രമാണം. ഈ നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ പോലും കണ്ടാറെ (കണ്ടവാ 2) എന്നു ചിലര്‍ പ്രയോഗിച്ചത് അവര്‍ പഠിച്ചുറപ്പിച്ച മലയാളം ബൈബിളിന്റെ സ്വാധീനത്താലാകണം. ഇംഗ്ലീഷില്‍ Knight എന്നും Knife എന്നും മറ്റുമുള്ള വിചിത്രമായ സ്‌പെല്ലിങ് കാണുമ്പോള്‍ പഴമയുടെ ഓര്‍മ പുതുക്കുകയാണവര്‍ എന്ന് ഓര്‍മിച്ചാല്‍ മതി. ഇതുപോലെ മലയാളത്തില്‍ ചിറ്റമ്മ (ചിറു+അമ്മ) എന്നോ ചിപ്പുക്കുട്ടി നായര്‍ എന്നോ (ചുപ്പു-സുബ്രഹ്മണ്യന്റെ ചുരുക്കം) കാണുമ്പോള്‍ നാം പഴമയെ ഒരിക്കലും തീരെ ഉപേക്ഷിക്കുന്നില്ല എന്നു മനസ്സിലാകും. തമിഴിലെ ‘ചിറു’ പിന്നീട് ‘ചെറു’ ആയി നാം മാറ്റിയിട്ടും ‘ചിറു’ പാടേ അപ്രത്യക്ഷമാകുന്നില്ല.
ഒരേകാലത്തുതന്നെ മലയാളത്തില്‍ രാമചരിതത്തിന്റെ പാട്ടുഭാഷയും മണിപ്രവാളഭാഷയും (അതിന്റെ ഗദ്യരൂപമാണ് ഭാഷാ കൗടലീയത്തിലെ ഭാഷ) കണ്ണശ്ശഭാഷയും നിലനിന്നിരിക്കണം. ഇവ തമ്മില്‍ അടിപിടിയും വഴക്കുമില്ല താനും! അല്ലെങ്കില്‍പ്പിന്നെ, ഉണ്ണുനീലിസന്ദേശം പോലൊരു ശുദ്ധ മണിപ്രവാളകൃതിയില്‍ ”കണ്ടം വണ്ടിന്‍ നിറമുടയനെക്കെങ്കനീരോടുതിങ്കള്‍ത്തുണ്ടം ചാര്‍ത്തും പരനെ വരമാതിന്നുമെയ്പാതിയോനെ” എന്നിങ്ങനെ 100 ശതമാനം ദ്രമിഡസംഘാതാക്ഷര നിബദ്ധമായ പദ്യം കടന്നുകൂടിയതെങ്ങനെ എന്ന് അദ്ഭുതപ്പെടേണ്ടിവരും. രാമചരിതത്തില്‍ സംസ്‌കൃത വിഭക്ത്യന്തപദങ്ങള്‍ കടന്നുകൂടിയതെങ്ങനെ എന്നും ചോദിക്കേണ്ടിവരും. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത് ഒന്നുമാത്രം. ഭാഷയുടെ മാറ്റം എന്നുപറയുന്നത് ഋജുവായ ഒരു രേഖയിലൂടെ സംഭവിക്കുന്നതല്ല. തൊല്‍ക്കാപ്പിയനാര്‍ പറയുംപോലെ വലിത്തലും മെലിത്തലും വിരിത്തലും തൊകുത്തലും (തൊല്‍. ചൊല്ലതികാരം 403) എല്ലാം ഏകകാലത്തുതന്നെ സംഭവിക്കും. ഐസോഗ്ലോസിന്റെ (സമഭാഷാംശ സീമാരേഖ) കാര്യത്തില്‍ ഗ്ലീസന്‍ പറഞ്ഞത് ഇവല്യൂഷനറി ലിങ്ഗ്വിസ്റ്റിക്സിലും (വികാ സക്രമികഭാഷാ വിജ്ഞാനീയം) സ്മരണീയമാണ്.
കൈയില്‍ കിട്ടിയ പ്രമാണങ്ങളെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുക എന്നതു മാത്രമാണ് കരണീയം. ആ കൃത്യം ഡോ. രത്‌നമ്മ പ്രശംസനീയമായി നിര്‍വഹിച്ചിരിക്കുന്നു. അതിനാല്‍ ഈ ഗ്രന്ഥം ഒരു പ്രമാണഗ്രന്ഥമായി ഉപയോഗിക്കുന്നതില്‍ ഒട്ടും സന്ദേഹം വേണ്ട.
എസ്. ഗുപ്തന്‍ നായര്‍
6-2-1994
Leave a Reply