മാപ്പിള മലയാളം
(ഭാഷാപഠനം)
കെ.ഒ. ഷംസുദ്ദീൻ
ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
‘മാപ്പിളമലയാളം’ എന്നു വകതിരിഞ്ഞു നില്ക്കുന്ന വാമൊഴിയെയും ‘അറബി-മലയാളം’ എന്നു വിളിക്കപ്പെടുന്ന വരമൊഴിയെയും അവയില്‍ പുലര്‍ന്നുപോരുന്ന ആവിഷ്‌ക്കാര സമ്പ്രദായങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന പഠനം. ഈ വഴിക്കുള്ള മലയാളത്തിലെ ഒരേയൊരു പുസ്തകം. സാഹിത്യത്തിന്റെ വഴിക്കല്ല ഭാഷയുടെ വഴിക്കാണ് കെ.ഒ. ഷംസുദ്ദീന്‍ സമീപിക്കുന്നത്. ആ ഭാഷാഭേദത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ഉത്സാഹിക്കുന്നവര്‍ക്ക് നല്ലൊരു കൈപ്പുസ്തകമാണിത്.
ഗ്രന്ഥകാരന്റെ പാണ്ഡിത്യവും വിശകലന പാടവവും ഇതിനെ ആധികാരികമാക്കിയിട്ടുണ്ട്. പ്രതിപാദനം ലളിതമാണ്. മുപ്പത്തഞ്ചു കൊല്ലംമുമ്പ് പുറപ്പെട്ട പുസ്തകത്തിന്റെ പുതിയ പതിപ്പാണിത്. കേരളത്തിലെ മുസ്ലിങ്ങളുടെ ഗാനസാഹിതീ പാരമ്പര്യമായ മാപ്പിളപ്പാട്ടിന് പേരും പ്രശസ്തിയുമുണ്ട്. അത് അറബി-മലയാളം എന്നു പേരായ സാഹിത്യമേഖലയിലെ പദ്യവിഭാഗം മാത്രമാണ് എന്ന് അധികം പേര്‍ക്കും ആലോചന ചെല്ലുകയില്ല. പ്രസ്തുത രംഗത്തെപ്പറ്റി പഠനങ്ങള്‍ അധികമില്ല എന്നതാണ് കാരണം. ആ കുറവ് നികത്തുന്ന ഗ്രന്ഥമാണിത്.
മാപ്പിള മലയാളം
അവതാരിക
ശൂരനാട്ടു കുഞ്ഞൻപിള്ള
എന്റെ പ്രിയസുഹ്യത്ത് ശ്രീ. കെ.ഒ. ഷംസുദ്ദീന്‍കുഞ്ഞ് രചിച്ചിട്ടുള്ള മാപ്പിളമലയാളം എന്ന ഗ്രന്ഥം വിലപ്പെട്ട ഒരു സംഭാവനയാണ്. മലബാറിലെ മുസ്ലിംസമുദായത്തിന്റെ ഇടയില്‍ പ്രചരിക്കുന്ന ഭാഷാഭേദത്തിനാണ് മാപ്പിള മലയാളം എന്നുപറയുന്നത്. അറബിമലയാളമെന്നും പറയും. അറബിപദങ്ങളും പ്രയോഗങ്ങളും ചേര്‍ന്ന മലയാളമാണ് അത്. തിരുവിതാംകൂര്‍-കൊച്ചി പ്രദേശങ്ങളിലും അറബിഭാഷയ്ക്കു മതവിഷയകമായ പ്രാധാന്യം കുറവല്ലെങ്കിലും, അറബിമലയാള മിശ്രഭാഷ ഇവിടെ വളര്‍ന്നുവന്നിട്ടില്ല. അതിനുകാരണം, മലബാര്‍ പ്രദേശത്ത് മുസ്ലിംപ്രേരണ രണ്ടുതരത്തില്‍ കൂടുതലാണെന്നുള്ളതാണ്.
പുരാതനകാലം മുതല്‍ക്കേ കോഴിക്കോട് തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളില്‍ അറബിക്കച്ചവടക്കാര്‍ തെക്കന്‍ പ്രദേശങ്ങ ളെക്കാളും കൂടുതല്‍ വന്നിരുന്നു. പിന്നെ, മൈസൂര്‍ ആക്രമണകാലത്ത് മലബാറില്‍ മുസ്ലിംശക്തിയും ആ വഴിക്ക് അറബിഭാഷാ പ്രേരണയും ദൃഢതരമാവുകയും ചെയ്തു. ലബ്ബമാരും മതപണ്ഡിതന്മാരും കേരളത്തിന്റെ എല്ലാഭാഗങ്ങളിലും അറബി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എങ്കിലും മലബാറിലാണ് സാമാന്യജനങ്ങളുടെ ഇടയില്‍ ഭാഷയ്ക്ക് ഗണ നീയമായ അധികാരം സിദ്ധിച്ചത്. ഇതാണ് മലബാറിലെ അറബിമലയാള ഭാഷാഭേദത്തിന്റെ പശ്ചാത്തലം.
ആര്യ ബ്രാഹ്മണരായ നമ്പൂരിമാരുടെയും നാട്ടുകാരുടെയും സമ്പര്‍ക്കത്തിന്റെ ഫലമായി മണിപ്രവാളമെന്ന സങ്കരഭാഷ വളര്‍ന്നതുപോലെയാണ് അറബികളുടെയും നാട്ടുകാരുടെയും സമ്പര്‍ക്കംകൊണ്ട് മാപ്പിളമലയാളം രൂപംകൊണ്ടത്. എന്നാല്‍, ശ്രദ്ധേയമായ ഒരു സംഗതിയുണ്ട് ഇവയുടെ താരതമ്യത്തില്‍. മണിപ്രവാളം പലഘട്ടങ്ങളെ തരണംചെയ്ത് ഇന്നത്തെ മലയാളഭാഷയായി പ്രതിഷ്ഠ നേടിയപ്പോള്‍ മാപ്പിളമലയാളം മലബാറില്‍ മുസ്ലിങ്ങളുടെ ഇടയില്‍ ഒരു വിഭാഗീയ ഭാഷാഭേദമായി നിലനില്‍ക്കുകയാണ്. അതിന് അത്രയും പരിമിതിയുണ്ടെങ്കിലും അതും നമ്മുടെ ആദരവും ശ്രദ്ധയും അവകാശപ്പെടുന്നു. അവിടത്തെ മുസ്ലിം സഹോദരങ്ങളുടെ ജീവിതസ്ഫുരണങ്ങളും സംസ്‌കാരവിശേഷങ്ങളും ഗ്രഹിക്കാന്‍ ഉതകുന്ന ഭാഷാഭേദമെന്ന നിലയ്ക്ക് ഒരു മലയാളിക്കും അതു വിഗണിക്കാനാവുന്നതല്ല.
അവിടത്തെ മുസ്ലിങ്ങളുടെ വ്യവഹാരഭാഷയും അതില്‍ക്കൂടെ അവരുടെ ജീവിതരീതിയും സംസ്‌കാരവും മനസ്സിലാക്കാന്‍ മാത്രമായിട്ടല്ല ഈ ഭാഷാഭേദം പഠിക്കേണ്ടത്. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്ന നല്ലൊരു സാഹിത്യസമ്പത്തും മാപ്പിളമലയാളത്തില്‍ പുഷ്ടിപ്രാപിച്ചിട്ടുണ്ട്. മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ ‘ഹുസ്നുല്‍ജമാല്‍’, ‘ബദര്‍പ്പട’, ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെ ‘ബദര്‍പ്പട മഹാകാവ്യം’ മുതലായ മനോഹരകാവ്യങ്ങള്‍ മലയാളസാഹിത്യത്തിന്റെ വിലയേറിയ സമ്പത്തുകളാണല്ലോ. ഇവയെല്ലാം സാധാരണ മലയാളികളുടെ ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്നത് ഖേദകരമാണ്.
ഈ സ്ഥിതിക്ക് രണ്ടു സംഗതികളാണ് മുഖ്യകാരണം. ആ സാഹിത്യകൃതികള്‍ അറബിലിപിയിലാണ് എഴുതിയിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ പ്രയാസം. അവയിലെ ഭാഷ മുഖ്യമായും മലയാളം തന്നെയെങ്കിലും, സാധാരണ മലയാളികള്‍ക്ക് മനസ്സിലാകാത്ത അനേകം അറബിപദങ്ങളും അവയില്‍ പ്രയോഗിച്ചിട്ടുണ്ടെന്നുള്ളതാണ് രണ്ടാമത്തെ വൈഷമ്യം. ഈ പ്രയാസങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ ഈ സാഹിത്യസമ്പത്ത് മലയാളികള്‍ക്ക് പൊതുവേ പ്രയോജനപ്പെടുകയുള്ളൂ. ഈ ഗ്രന്ഥങ്ങള്‍ മലയാളലിപിയില്‍ പ്രസിദ്ധപ്പെടുത്തണം. സാമാന്യവായനക്കാര്‍ക്ക് ഉപകരിക്കുന്ന വ്യാഖ്യാനവും ഉണ്ടാകണം. ഒരു അറബി-മലയാളനിഘണ്ടുവും സാധാരണക്കാര്‍ക്കു കിട്ടത്തക്കവണ്ണം ഉണ്ടായിരിക്കണം. ഇത്രയും സാധിച്ചാല്‍ ഇന്നു വേണ്ടപോലെ പ്രയോജനപ്പെടാതെ കിടക്കുന്ന അറബി മലയാളസമ്പത്ത് എല്ലാ മലയാളികള്‍ക്കും പ്രാപ്യമാകും. അതിലേക്കുവേണ്ട യത്‌നം കേരളത്തിലെ അറബി പണ്ഡിതന്മാര്‍ ചെയ്യണമെന്നുള്ള ആഗ്രഹം ഞാന്‍ പലപ്പോഴും പ്രകാശിപ്പിച്ചിട്ടുണ്ട്.
മലയാള മഹാനിഘണ്ടുവിന്റെ സംവിധാനത്തിനു സമാരംഭിച്ച കാലത്ത് മാപ്പിളപ്പാട്ടുകളും അറബി മലയാളവും പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ പ്രാധാന്യം എനിക്കു ബോധ്യമായി. അറബി മലയാളപഠനത്തിന് ചില പണ്ഡിതന്മാര്‍ ഇതിനകം അല്പസ്വല്പ സേവനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും പര്യാപ്തമായ രീതിയില്‍ ആ ഭാഷാഭേദ പഠനം ഇന്നുവരെ നടന്നിട്ടില്ല. ആ സ്ഥിതിയിലാണ് ശ്രീ. ഷംസുദ്ദീന്‍ കുഞ്ഞിന്റെ ഈ ഗ്രന്ഥം ഞാന്‍ സന്തോഷപുരസ്സരം സ്വാഗതം ചെയ്യുന്നത്.
മാപ്പിള മലയാളത്തിലേക്ക് ഒരു നല്ല പ്രവേശകഗ്രന്ഥമാണിത്. ആ ഭാഷാഭേദത്തിന്റെ ഉത്ഭവവും വികാസവും അതിന്റെ ഉച്ചാരണരീതി, അക്ഷരമാല, വര്‍ണ്ണവികാരം, ശബ്ദസഞ്ചയം, രൂപവിശേഷങ്ങള്‍, അര്‍ത്ഥവിചാരം, വാക്യഘടന, ഗദ്യമാതൃകകള്‍, കവിതാസമ്പ്രദായം, മാപ്പിളപ്പാട്ടിലെ വൃത്തവിശേഷങ്ങള്‍ മുതലായ വിഷയങ്ങള്‍ ശ്രീ ഷംസുദ്ദീന്‍കുഞ്ഞ് പ്രതിപാദിച്ചിട്ടുണ്ട്. ഈ ഓരോ വിഷയത്തെപ്പറ്റിയും പ്രത്യേകം എടുത്ത് ഇവിടെ പരിഗണിക്കണമെന്നില്ലല്ലോ. അനതിദീര്‍ഘമായ ഈ ഗ്രന്ഥം വായിച്ച് ആ പ്രമേയങ്ങളെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
മാപ്പിളമലയാളം മനസ്സിലാക്കുന്നതിനു മാത്രമല്ല, മലയാളഭാഷയുടെ പ്രാദേശിക ഗതിഭേദങ്ങളും വ്യാകരണ തത്ത്വങ്ങളും ഗ്രഹിക്കുന്നതിനും ഈ ഗ്രന്ഥം ഉപകാരമാകും. ഭാഷയില്‍ ഉപരിപഠനം ചെയ്യുന്നവര്‍ക്ക് വലിയൊരു സേവനമാണ് ഈ ഗ്രന്ഥരചനകൊണ്ട് ശ്രീ. ഷംസുദ്ദീന്‍കുഞ്ഞ് നിര്‍വഹിച്ചിരിക്കുന്നത്.
തിരുവനന്തപുരം
18.8.1978
Leave a Reply