(പഠനങ്ങള്‍)
വിവിധ ലേഖകര്‍
എഡിറ്റര്‍: രാജേഷ് കെ.എരുമേലി
മൈത്രി ബുക്സ് തിരുവനന്തപുരം

മാര്‍ക്സിസത്തിന്റെയും അംബേദ്കര്‍ ചിന്തയുടെയും പ്രസക്തി മുന്‍നിര്‍ത്തിയുള്ള സംവാദമാണ് ഈ പുസ്തകം.
പങ്കെടുക്കുന്നവര്‍:
സ്ലാവോക് സിസെക്
ഗെയ്ല്‍ ഓംവെദ് |
ആനന്ദ് തെല്‍തുംദെ
രാം പുനിയാനി |
വെങ്കിടേഷ് രാമകൃഷ്ണന്‍
ടി.എച്ച്.പി. ചെന്താരശ്ശേരി
ഡോ.കെ.എന്‍. ഗണേശ്
ഡോ.പി.കെ.പോക്കര്‍
| ഡോ.ടി.ടി. ശ്രീകുമാര്‍ |
ഡോ. സനല്‍ മോഹന്‍
ഡോ. കെ.എസ് മാധവന്‍ |
കെ.എം.സലീംകുമാര്‍
ജെ. രഘു |
ജി.പി. രാമചന്ദ്രന്‍ |
ആര്‍.കെ. ബിജുരാജ്
ജോണ്‍ കെ. എരുമേലി |
വൈ.റ്റി.വിനയരാജ് |
എ.എം. ഷിനാസ്
ഡോ.എം.ബി.മനോജ് |
ഡോ. അജയ്
ആര്‍. അനിരുദ്ധന്‍ |
കെ.കെ.എസ്. ദാസ് |ബാബു
ശേഖര്‍
കെ.വി. ശശി |
ഷാജു വി. ജോസഫ് |
എ.കെ. ഗോപാലന്‍
കെ.എം.വേണുഗോപാലന്‍ |
വി.പി. ഭാസ്‌കരന്‍
ബോബി ആര്‍. |
കെ. പന്മന
വി.കെ. നാരായണന്‍

……………….

ആമുഖം
സംവാദത്തിന്റെ തുറസ്സുകള്‍
രാജേഷ് കെ. എരുമേലി
മാര്‍ക്‌സിസവും അംബേദ്കര്‍ ചിന്തയും ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രമാത്രം സംവാദം ആവശ്യപ്പെടുന്നു എന്ന ആലോചനയാണ് ഈ പുസ്തകം എഡിറ്റ് ചെയ്യാന്‍ പ്രേരകമായ മുഖ്യഘടകം. ഇന്ത്യന്‍ ഭരണകൂടം അപകടകരമാംവിധം ആധിപത്യ പ്രത്യയശാസ്ത്രത്തെ ഉറപ്പിക്കുന്ന തരത്തില്‍ ആശയപരമായും സൈദ്ധാന്തികമായും ഇടപെടലുകള്‍ നടത്തുകയാണ്. ബഹുസ്വരതയുടെ എല്ലാ ഇടങ്ങളെയും റദ്ദാക്കിക്കൊണ്ടാണ് അധീശത്വ ആശയവാഹകര്‍ ഇത്തരം നിലപാട് സ്ഥാപിച്ചെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടത് ജനാധിപത്യസമൂഹത്തിന്റെ ആവശ്യമാണ്.
ലോകമെങ്ങുമുള്ള തൊഴിലാളിവര്‍ഗത്തിന്റെ മോചനമാണ് മാര്‍ക്‌സ് മുന്നോട്ടുവച്ച ആശയത്തിന്റെ പൊരുള്‍. വര്‍ഗപരമായ വീക്ഷണത്തിലൂടെയാണ് തൊഴിലാളിവര്‍ഗ വിമോചന ആശയങ്ങള്‍ മാര്‍ക്‌സ് അവതരിപ്പിച്ചത്. ഇന്ത്യയിലെ അടിത്തട്ടു മനുഷ്യരുടെ സാമൂഹിക പുരോഗതിയാണ് അംബേദ്കര്‍ സ്വപ്നംകണ്ടത്. ജാതി ഉന്മൂലനത്തിലൂടെ നവ ജനാധിപത്യ ഇന്ത്യ എന്ന സങ്കല്പമാണ് അംബേദ്കര്‍ മുന്നോട്ടുവച്ചത്. അതിനായി ബഹുസ്വരതയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഭരണഘടന അംബേദ്കര്‍ നിര്‍മ്മിച്ചു. ഇന്ന് ഭരണഘടന പോലും അട്ടിമറിക്കപ്പെടുന്ന തരത്തില്‍ അധീശത്വ അധികാരം പ്രവര്‍ത്തിക്കുകയാണ്.
ഈ സന്ദര്‍ഭത്തില്‍ മാര്‍ക്സിനെയും അംബേദ്കറെയും വിപരീതമായി കാണേണ്ടതില്ല. ഇവരുടെ ആശയങ്ങള്‍ തമ്മിലുള്ള വിമര്‍ശനപരമായ സംവാദമാണ് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത്. ഈ അര്‍ത്ഥത്തില്‍ മാര്‍ക്സിനെയും അംബേദ്കറെയും താരതമ്യംചെയ്യുന്നതും ഇരുവരെയും വ്യത്യസ്തമായി വിശകലനം ചെയ്യുന്നതുമായ പഠനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. കേരളത്തില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത് എഴുപതുകളിലാണ്. സീഡിയന്‍ എന്ന പ്രസ്ഥാനവും അതേപേരില്‍ അതിന്റെ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ മാസികയുമാണ് ഇത്തരമൊരു സംവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതിനുശേഷം ഈ സംവാദം കേരളത്തില്‍ കാര്യമായി മുന്നോട്ടുപോയില്ല. അംബേദ്കര്‍ ചിന്തയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അതിന് കാര്യമായ പരിഗണന നല്‍കാത്തതാണ് കാരണങ്ങളിലൊന്ന്. ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷങ്ങള്‍ ഇത്തരമൊരു സംവാദത്തിന് ഒരിക്കലും സന്നദ്ധമായിരുന്നില്ല എന്നതും മറ്റൊരു വസ്തുതയാണ്. അംബേദ്കറെക്കുറിച്ചുള്ള പഴയ ധാരണകളില്‍നിന്നും വിട്ടുമാറാന്‍ അവര്‍ക്ക് കഴിയാത്തതാണ് അതിനു കാരണം. മറുവശത്ത് ദലിത് സംഘടനകള്‍/ബുദ്ധിജീവികള്‍ മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ കീഴാളവിരുദ്ധമായി കാണുന്ന സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യയെപ്പോലെ ജാതിബദ്ധമായ ഇടത്ത് വര്‍ഗവീക്ഷണത്തിലൂടെ കാര്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയില്ല എന്ന വിമര്‍ശനമാണ് പ്രധാനമായും അവര്‍ ഉയര്‍ത്തിയത്.
മഹാരാഷ്ട്രയില്‍ ദലിത് പാന്തര്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ മാര്‍ക്‌സ്-അംബേദ്കര്‍ സംവാദത്തെ രാഷ്ട്രീയമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. തുടര്‍ന്ന് വ്യക്തികളിലേക്കു മാത്രമായി ഈ സംവാദങ്ങള്‍ മാറുകയാണ്. ഇന്ത്യയില്‍ എഴുപതുകളോടെ ഉയര്‍ന്നുവന്ന കീഴാള പഠനങ്ങളാണ് തുടര്‍ന്ന് ഈ മേഖലയില്‍ ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നത്. അക്കാദമിക് രംഗത്ത് നിരവധി സംവാദങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍, അവയില്‍ ബഹുഭൂരിപക്ഷവും ഏകപക്ഷീയമായ നിരീക്ഷണങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. അതില്‍നിന്നും വ്യത്യസ്തമായി സംവാദത്തിന്റെ വഴിയാണ് ഈ പുസ്തകം സ്വീകരിക്കുന്നത്.
അംബേദ്കര്‍-മാര്‍ക്‌സ് സംവാദത്തിനൊപ്പം മാര്‍ക്‌സിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള പഠനവും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഗാന്ധിയെയും അംബേദ്കറെയും മുന്‍നിര്‍ത്തി അസ്പൃശ്യതയുടെ സാമൂഹികതയെക്കുറിച്ചാണ് സ്ലാവോക് സിസെക് വിശദമാക്കുന്നത്. ഗാന്ധി, അംബേദ്കര്‍ സംവാദത്തെ ആഴത്തില്‍ പരിശോധിക്കാനാണ് ഗെയ്ല്‍ ഓംവെദ് ശ്രമിക്കുന്നത്. അംബേദ്കര്‍ മാര്‍ക്‌സിസത്തെ വായിച്ചത് എങ്ങനെയെന്നാണ് ആനന്ദ് തെല്‍തുംദെ പഠിക്കുന്നത്. രാം പുനിയാനി ജാതി ഉന്മൂലനത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് എഴുതുന്നു. മാര്‍ക്‌സ്, അംബേദ്കര്‍ സംവാദ ത്തില്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട വിഷയങ്ങള്‍ എന്തൊക്കെയാണെന്നാണ് വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നത്. അംബേദ്കറുടെ ആശയങ്ങളെ വിമര്‍ശനപരമായി പരിശോധിക്കുന്നു ഡോ. കെ.എന്‍.ഗണേശ്. മാര്‍ക്സിന്റെ ചരിത്രപ്രസക്തിയും ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് അംബേദ്കര്‍ നടത്തിയിട്ടുള്ള വിശകലനങ്ങളെയും സമകാലിക സന്ദര്‍ഭത്തില്‍ പഠിക്കാനാണ് ഡോ.പി.കെ.പോക്കര്‍ ശ്രമിക്കുന്നത്. അംബേദ്കറിനുള്ളിലെ ദാര്‍ശനികനെ കണ്ടെത്തുകയാണ് ടി.എച്ച്.പി ചെന്താരശ്ശേരി, ഡോ.ടി.ടി. ശ്രീകുമാര്‍ എന്നിവര്‍. അംബേദ്കറുടെ ആത്മീയതയെ വ്യത്യസ്ത വീക്ഷണകോണില്‍ നിന്നുകൊണ്ട് അവതരിപ്പിക്കുകയാണ് ഡോ. സനല്‍ മോഹന്‍. മാര്‍ക്‌സും അംബേദ്കറും സംവാദമണ്ഡലത്തില്‍ നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നു ഡോ.കെ.എസ്. മാധവന്‍ വിശകലനം ചെയ്യുന്നു. കെ.എം.സലിംകുമാര്‍, ജെ.രഘു. ജി.പി. രാമചന്ദ്രന്‍, ആര്‍.കെ.ബിജുരാജ്, ജോണ്‍ കെ.എരുമേലി, കെ.കെ.എസ്.ദാസ്, എ.കെ.ഗോപാലന്‍, ബോബി ആര്‍ എന്നിവരും മാര്‍ക്‌സിസത്തിന്റെ പ്രസക്തിയും അംബേദ്കര്‍ ചിന്തയുടെ ആവശ്യകതയും മുന്നോട്ടുവയ്ക്കുന്നു. വൈ.റ്റി.വിനയരാജ്, എ.എം. ഷിനാസ്, വി.കെ. നാരായണന്‍, ഡോ.എം.ബി.മനോജ്, ഡോ.അജയ് ശേഖര്‍, ആര്‍.അനിരുദ്ധന്‍ എന്നിവര്‍ അംബേദ്‌റിന്റെ ജനാധിപത്യ കാഴ്ചപ്പാടുകളെ അംബേദ്കറുടെ സ്ത്രീവിമോചന നിലപാടുകളെക്കുറിച്ചാണ് ബാബു കെ. പന്മന എഴുതുന്നത്. അംബേദ്കറും ഗാന്ധിയും തമ്മിലെ സംവാദങ്ങളെ സമകാലികതയില്‍ പരിശോധിക്കുകയാണ് കെ.വി.ശശി. അംബേദ്കറുടെ ജനാധിപത്യത്തെക്കുറിച്ചാണ് ഷാജു വി.ജോസഫ് എഴുതുന്നത്. കെ.എം.വേണുഗോപാലന്‍ ഇടതുപ ക്ഷവും ഇന്ത്യന്‍ പ്രത്യയശാസ്ത്രവും എന്തായിരിക്കണമെന്ന് വിശദമാക്കുന്നു. മാര്‍ക്‌സിസത്തിന്റെ ലോക പ്രസക്തിയെക്കുറിച്ചാണ് വി.പി.ഭാസ്‌കരന്റെ വിശകലനം.
അംബേദ്കറെ ഹിന്ദുത്വവത്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. അംബേദ്കറുടെ ആശയങ്ങളെ സംവാദമണ്ഡലത്തില്‍ കൊണ്ടുവരികയാണ് പ്രധാനകാര്യം. ഇന്ത്യന്‍ ദര്‍ശനത്തെ ആത്മീയതയില്‍ മാത്രം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചാര്‍വാകനിലും കണാദനിലും തുടങ്ങി ബുദ്ധനിലൂടെ വളര്‍ന്ന് ജ്യോതിബാ ഫൂലെയിലൂടെ അംബേദ്കറിലെത്തി വളരുന്നതാണ് ഇന്ത്യന്‍ ഭൗതികവാദ ദര്‍ശനം. അംബേദ്കറെ സ്വന്തമാക്കാനുള്ള പ്രതിലോമ ശക്തികളുടെ നീക്കത്തെ ചെറുക്കാന്‍ എല്ലാ ജനാധിപത്യ വാദികള്‍ക്കും കഴിയേണ്ടതുണ്ട്.