(ചരിത്രവിമര്‍ശനം)
ആനന്ദ് തെല്‍തുംഡെ
പരിഭാഷ പി.കെ. ശിവദാസ്
ഒലിവ് 2024
അംബേദ്കര്‍ക്ക് മുസ്ലിങ്ങളോടുള്ള മനോഭാവം എന്തെല്ലാം മിത്തുകളാല്‍ നിര്‍മ്മിതമാണെന്ന് അപഗ്രഥിക്കുകയും അവ പൊളിച്ചുകാട്ടുകയും ചെയ്യുന്ന പുസ്തകം. ഡോ.അംബേദ്ക്കറെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം തുറന്നുകാട്ടുകയും എതിര്‍ക്കുകയും ചെയ്‌തേപറ്റൂ. ഡോ.അംബേദ്ക്കറെ തട്ടിയെടുക്കാനും അദ്ദേഹത്തിന്റെ സന്ദേശത്തെ വക്രീകരിക്കാനും നിയോഗത്തെ വളച്ചൊടിക്കാനുമുള്ള പ്രതിലോമകാരികളുടെ ശ്രമങ്ങളെ തുറന്നുകാട്ടുന്നു.
മുഖവുര
ബി.ജെ.പി ഇപ്പോള്‍ അധികാരം നിലനിര്‍ത്താനുള്ള ബദ്ധപ്പാടിലാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അതിന്റെ സഖ്യകക്ഷികള്‍ ദേശീയതലത്തില്‍ കലാപമുയര്‍ത്തിയേക്കും. ഇത് പാര്‍ട്ടിക്ക് ഗുരുതരമായ തിരിച്ചടിയാകും.
ബി.ജെ.പിയിലെ ചില വ്യക്തികള്‍ സര്‍ക്കാര്‍ പദവികള്‍ക്കുവേണ്ടി കുപ്പായം തുന്നിച്ചിരിക്കുകയാണ്. അത്തരം സ്ഥാനമാന ങ്ങള്‍കൊണ്ട് വ്യക്തിപരമായ നേട്ടമുണ്ടാക്കാം എന്നാണ് അവരുടെ കണക്കുകൂട്ടല്‍. ബി.ജെ.പിയുടെ (അതിന്റെ സഖ്യകക്ഷികളില്‍ പ്രധാനപ്പെട്ട ചിലതിന്റേയും) ചരിത്രം കേന്ദ്രത്തിലോ അവര്‍ അധികാരത്തില്‍ ഇരിക്കുന്ന ചില സംസ്ഥാനങ്ങളിലോ ഒട്ടും ആശാവഹമല്ല. അഴിമതി, കെടുകാര്യസ്ഥത, ദുര്‍ഭരണം എന്നിവയെല്ലാം പാര്‍ട്ടിയേയും സഖ്യകക്ഷികളേയും വിടാതെ പിടികൂടിയിട്ടുണ്ട്. ഏതായാലും ബി.ജെ.പിക്കാകട്ടെ, അതിനേക്കാള്‍ ഉപരി സംഘപ രിവാറിനാകട്ടെ, അധികാരത്തിലല്ല, ഔദ്യോഗിക പദവികളുടെ ചക്കരക്കുടത്തിലാണ് നോട്ടം.
സംഘപരിവാറിന് കൃത്യമായ ഒരു കാര്യപരിപാടി നടപ്പിലാക്കാനുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ സ്വഭാവംതന്നെ മാറ്റുക എന്നതാണ് ആ പരിപാടി. ഇന്നുള്ള മതേതര-ജനാധിപത്യ-റിപ്പബ്ലിക്കന്‍ ഇന്ത്യയുടെ സ്ഥാനത്ത് ഒരു ഹിന്ദുരാഷ്ട്രം സ്ഥാപി ക്കലാണ് അതിന്റെ ലക്ഷ്യം.
പതിവുപോലെ ഹിന്ദുരാഷ്ട്രമെന്ന കാര്യപരിപാടിയെക്കുറിച്ചും സങ്കല്‍പ്പനത്തെക്കുറിച്ചും ആ സംഘടനകള്‍ ഇരട്ടനാവുകൊണ്ടാണ് സംസാരിക്കുന്നത്. നിലവില്‍ സ്ഥാപിതമായിട്ടുള്ള പദാവലികളുടെ സ്ഥാനത്ത് പുതിയവ ആവിഷ്‌കരിക്കുക, അര്‍ത്ഥം തന്നെ വക്രീകരിക്കുക എന്നിവയൊക്കെ അവയുടെ സ്ഥിരം ഏര്‍പ്പാടുകളാണ്. ചരിത്രവസ്തുതകളെ വളച്ചൊടിക്കുക, പുതിയ പദാവലികള്‍ സൃഷ്ടിക്കുക- ഇതും അവയുടെ സ്ഥിരം ബൗദ്ധിക വ്യായാമത്തിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, ‘കപടമതേതരം’ എന്ന വാക്ക്. അല്ലെങ്കില്‍ ‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, പക്ഷേ ഹിന്ദു ഭരണകൂടമല്ല’ എന്ന പ്രസ്താവന. ‘തര്‍ക്കഭൂമി’ എന്നതാണ് മറ്റൊന്ന്. ഇവയെല്ലാം സമീപകാലത്തെ ഉദാഹരണങ്ങള്‍.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമോ കാശിയിലെയും മഥുരയിലേയും പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണമോ മാത്രമല്ല, ഹിന്ദു രാഷ്ട്രവാദക്കാരുടെ കാര്യപരിപാടി; ഒരു പൊതു സിവില്‍കോഡ് നടപ്പിലാക്കുക, ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പ് ഇല്ലാതാക്കുക എന്നിവയും മാത്രമല്ല. ചില നിയതമായ ആവശ്യങ്ങളിലും നടപടികളിലും അത് ഒതുങ്ങുന്നില്ല. ഹിന്ദു പരമാധികാരം, തീവ്ര ദേശീയവാദം, സൈനികോത്സുകത, ഉപമേഖലീയമായ അധീശത്വം എന്നിവയൊക്കെ അതിന്റെ ഭാഗങ്ങളാണ്. തീര്‍ത്തും റിപ്പബ്ലിക്കന്‍ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതേതര വിരുദ്ധവുമാണ്, ആ കാര്യപരിപാടിയുടെ
സത്ത. ഈ കാര്യപരിപാടി നടപ്പിലാക്കുന്നതില്‍ ബി.ജെപി.ക്ക് നിരന്തരമായി ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വര്‍ഗീയതയും തീവ്ര ദേശീയവികാരവും ഉണര്‍ത്തിവിട്ടിട്ടും ജനങ്ങളെ അതിനുപിന്നില്‍ അണിനിരത്താന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. ചില ബുദ്ധിവേലക്കാരെ ഒപ്പം നിര്‍ത്താനേ അതിനായിട്ടുള്ളൂ. ഇത്തരക്കാരാകട്ടെ, ഭൂരിപക്ഷവാദത്തിനും ഹിന്ദു-ഉന്നതജാതിവാദങ്ങള്‍ക്കും പുതിയ നന്മകള്‍ കണ്ടെത്തുകയുമാണ്. പിന്നെയൊരു കൂട്ടര്‍ ഉണ്ട്-പംക്തീകാരന്മാര്‍, പരസ്യകാംക്ഷികള്‍, ഏറെക്കാലമായി പച്ചനുണ പറയല്‍ തൊഴിലാക്കിയിട്ടുള്ളവര്‍. ഒളിഞ്ഞോ തെളിഞ്ഞോ അവര്‍ എടുക്കുന്ന വേലകാരണം ചില മധ്യവര്‍ഗ വോട്ടുകള്‍ നേടിക്കൊടുക്കാനോ പത്രപംക്തീ വായനക്കാരെ വഴിതെറ്റിക്കാനോ അവര്‍ക്ക് കഴിവുണ്ടാകും. അത്രമാത്രം. പക്ഷേ, എന്നിട്ടും അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയ്ക്കോ ഇന്ത്യന്‍ രാഷ്ട്രത്തിനോ ഭരണകൂടത്തിനോ എതിരെ ഒരു തുറന്ന കലാപത്തിന് ജനങ്ങളെ കൂട്ടാന്‍ കഴിഞ്ഞിട്ടില്ല. ഹിന്ദുത്വശക്തികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ‘നല്ല’ കാര്യം ഏതെങ്കിലും ഒരു ഇത്തിരിവെട്ടത്തില്‍ ന്യൂനപക്ഷ വിരുദ്ധവികാരം ഉണര്‍ത്തിവിടാന്‍ മാത്രമാണ്. പക്ഷേ, ആ ഇത്തിരിവെട്ടത്തില്‍ അതുളവാക്കുന്ന പ്രത്യാഘാതത്തിന് വളരെ പ്രാധാന്യമുണ്ട്.
പാര്‍ലമെന്റേതര പാത ഫലിക്കാതെ പോകുന്നതിന് സൈന്യത്തിന്റെ നിലപാടും ഒരു കാരണമാണ്. സൈന്യം ഹിന്ദുത്വശ ക്തികളുടെ താളത്തിനൊത്ത് ഭരണഘടനേതരമോ ഭരണഘടനാതീതമോ ആയ എന്തെങ്കിലും നടപടിക്ക് മുതിര്‍ന്നിട്ടില്ല. ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയവും ഒരു ബഹുജന ഫാഷിസ്റ്റ് പ്രസ്ഥാനത്തെ അനുകൂലിക്കുന്നില്ല. അതിന്റെ വിജയം ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടുതന്നെ അധികാരത്തിലേറാന്‍ സംഘപരിവാറിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റിയേ പറ്റൂ. ഇവിടെയും കടമ്പകള്‍ ഏറെയുണ്ട്.
തീര്‍ച്ചയായും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകള്‍ കൊണ്ട് ബി.ജെ.പിയുടെ വോട്ടിന്റെ പങ്ക് വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷേ, അധികാരത്തില്‍ ഒറ്റയ്ക്ക് കയറാന്‍ ഇപ്പോഴും പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഇപ്പോഴാകട്ടെ, വോട്ടുകളുടെ എണ്ണത്തില്‍ ഉണ്ടാ യിരുന്ന വര്‍ധനയും ഒരു നിരപ്പില്‍ എത്തിനില്‍ക്കുകയാണ്. നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സ് ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ് അതിന് അധികാരം കൈവന്നിട്ടുള്ളത്. സ്വാഭാവികമായും അധികാരം പങ്കുവയ്ക്കാതെ തരമില്ലല്ലോ. സഖ്യകക്ഷികള്‍ തുടര്‍ച്ചയായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുണ്ടാകാം. പക്ഷേ, അടിസ്ഥാനപരമായ കാര്യപരിപാടി തെളിച്ച് നടപ്പിലാക്കാന്‍ സംഘടനയ്ക്ക് കഴിയുന്നില്ല. ബി.ജെ.പി സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളാകട്ടെ, ഒരു കാലാവധിക്കുശേഷം അതിന് അധികാരം നല്‍കാതെ കഴിക്കുന്നുമുണ്ട്. (ഗോവയും ഗുജറാത്തുമാണ് ഇക്കാര്യത്തില്‍ അപവാദങ്ങള്‍. അതില്‍ത്തന്നെ ഗോവ നന്നേ ചെറിയ ഒരു പ്രദേശം; അതുകൊണ്ട് അതൊരു പ്രവണതയുടെ സൂചകമായി എടുക്കാന്‍ തരമില്ല. രണ്ടാമത്തെ സംസ്ഥാനത്തിലെ പരീക്ഷണത്തിന്റെ വില ഇപ്പോഴും ദേശീയതലത്തില്‍ അറിയപ്പെട്ടു തുടങ്ങിയിട്ടുമില്ല.)
അങ്ങനെ, പുതിയ നിയോജകമണ്ഡലങ്ങളും വോട്ടുകളും തേടാന്‍ ബി.ജെ.പി നിര്‍ബന്ധിക്കപ്പെടുകയാണ്. ഇപ്പോഴും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കെ ഇന്ത്യയിലും വേണ്ടത്ര കടന്നുകയറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. (ഈ ഗ്രന്ഥരചന നടന്ന 2003 വരെ. അതിനുശേഷം കര്‍ണാടകത്തില്‍ അവര്‍ അധികാരത്തില്‍ വന്നു: വിവര്‍ത്തകന്‍) സാമൂഹികമായി, ആദിവാസി-ദലിത് വോട്ടുകളും ഇനിയും നേടാനാണ് ഇരിക്കുന്നത്; രണ്ടിലും കുറച്ചൊക്കെ വിജയിക്കാന്‍ അതിനു കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത മറക്കുന്നില്ല.
സംഘപരിവാറിന് ദലിതുകളെ ആകര്‍ഷിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഹിന്ദുത്വത്തിന്റെയും ബ്രാഹ്മണ മേധാവിത്വത്തി ന്റെയും അക്രമശക്തി എക്കാലവും അവരെ അലട്ടിയിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ അവയെക്കുറിച്ച് ദലിതുകള്‍ക്ക് കാഴ്ചത്തെറ്റൊന്നും തരമില്ല. മുസ്‌ലിംങ്ങള്‍, ക്രിസ്ത്യാനികള്‍, ഇത്യാദി ന്യൂനപക്ഷ സമുദായക്കാരോട് കൈക്കൊള്ളുന്ന അതേ സമീപനംതന്നെയാണ് ഹിന്ദുത്വശക്തികള്‍ ദലിതുകളോടും പുലര്‍ത്തുന്നത്. സമാധാനവും സുരക്ഷയും അനുഭവിച്ച് ഈ നാട്ടില്‍ കഴിഞ്ഞുകൂടുക; ഞങ്ങള്‍ നിങ്ങളെ ‘സഹിച്ചു’ കൊള്ളാം- ഇതാണ് ഈ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ‘വാഗ്ദാനം.’ ഞങ്ങള്‍ നിങ്ങള്‍ക്ക് ചില ഇളവുകളും അവകാശങ്ങളും തരാം. പക്ഷേ, അതിനുവേണ്ടി പ്രക്ഷോഭമൊന്നും കൂട്ടാന്‍ നോക്കേണ്ട; ജാതി, ജാതീയമായ അടിച്ചമര്‍ത്തല്‍, അസ്പൃശ്യത എന്നിവയെക്കുറിച്ചൊന്നും പരാമര്‍ശിച്ച് ഭൂരിപക്ഷവികാരം വ്രണപ്പെടുത്താനും മിനക്കെടേണ്ട. ഹിന്ദുത്വശക്തികള്‍ ഓരോ തവണ ദലിതര്‍ക്കെതിരെ അക്രമം കാണിക്കുമ്പോഴും ദലിതരുടേതാണ് കുറ്റം എന്ന മട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കാറുള്ളത്. ‘ഗുജറാത്തിലെ മുസ്ലിങ്ങള്‍ക്ക് അര്‍ഹിച്ചതാണ് കിട്ടിയത്’ എന്നുപറയുന്ന അതേ മനോഭാവം തന്നെ.
പക്ഷേ ആദ്യം വോട്ടര്‍മാര്‍ എന്ന നിലയ്ക്കും പിന്നെ ഹിന്ദുരാഷ്ട്രമെന്ന കാര്യപരിപാടി നടപ്പിലാക്കാനുള്ള തെരുവു പോരാളികള്‍ എന്ന നിലയ്ക്കും ദലിതരെ പക്ഷംകൂട്ടിയേ മതിയാകൂ എന്നും ഹിന്ദുത്വ ശക്തികള്‍ക്ക് അറിയാം.
ബഹുജന്‍ സമാജ് പാര്‍ട്ടിയുമായുള്ള സഖ്യം, ഗുജറാത്ത് കൂട്ടക്കൊലയാല്‍ ദലിതര്‍ ഹിന്ദുവര്‍ഗീയവാദികള്‍ക്കൊപ്പം നിന്നത്, ഹിന്ദുത്വശക്തികളോട് ചില ദലിത് നേതാക്കള്‍ കാണിക്കുന്ന മൃദുസമീപനം എന്നിവയൊക്കെ ഒരളവുവരെ ഈ ശക്തികളെ ആഹ്ലാദിപ്പിക്കുന്നുണ്ട്.
ഇപ്പോഴവര്‍ ഡോ.ബാബാസാഹെബ് അംബേദ്ക്കറെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അവരുടെ വാത്സല്യം അനുഭവിക്കുന്ന ബുദ്ധിജീവികള്‍ ഡോ.അംബേദ്ക്കറെ നിന്ദിക്കുകയും അദ്ദേഹത്തെ രാക്ഷസനായി ചിത്രീകരിക്കുകയും ഉണ്ടായി. ഇപ്പോള്‍ ബി.ജെ.പി അടവുമാറ്റിയിട്ടുണ്ട്. ഡോ.അംബേദ്ക്കര്‍ ഇപ്പോഴവര്‍ക്ക് പ്രാതഃസ്മരണീയനായിരിക്കുന്നു. ഹിന്ദുയിസത്തിന്റെ വക്താവ്, മുസ്ലിം വിരുദ്ധന്‍, സാംസ്‌കാരിക ദേശീയതയില്‍ വിശ്വസിച്ചുപോന്ന തീവ്രദേശീയവാദി എന്നൊക്കെയാണ് പാര്‍ട്ടിയിപ്പോള്‍ ഡോ.അംബേദ്കര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന പട്ടങ്ങള്‍. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുകയും എല്ലാ ജനവിഭാഗങ്ങളുടേയും സ്വയം നിര്‍ണയാവകാശത്തിനുവേണ്ടി വാദിക്കുകയും ചെയ്ത കരുത്തനായ ജനാധിപത്യവാദിയായിരുന്നു അദ്ദേഹം എന്നത് അവര്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. ഡോ.അംബേദ്കര്‍ ഹിന്ദുയിസത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. അത് സൃഷ്ടി ച്ചുപോരുന്ന അസമത്വങ്ങളെ കഠിനമായി എതിര്‍ത്തിരുന്നു എന്ന കാര്യവും ബി.ജെ.പിക്ക് ഇപ്പോള്‍ അപ്രസക്തമാണ്. കൂടുതല്‍ മര്‍ദിതരും ചൂഷിതരുമായ കൂട്ടരെ സംഘടിപ്പിച്ച, ജാതി ഇല്ലാതാക്കാന്‍ യത്‌നിച്ച, വ്യക്തിയായിരുന്നു അദ്ദേഹം എന്നും പാര്‍ട്ടിയിപ്പോള്‍ ഗൗനിക്കുന്നില്ല. ഡോ.അംബേദ്കര്‍ ഒരു സാര്‍വലൗകിക വിപ്ലവനിലപാട് കൈക്കൊണ്ടിരുന്നതും അതിന് പ്രശ്‌നമല്ല. നുണകളും ഇരട്ടവര്‍ത്തമാനവും ദുര്‍വ്യാഖ്യാനവും തെറ്റായ ഉദ്ധരണികളും നിരത്തി ഡോ.അംബേദ്കറെ സ്വന്തമാക്കാനുള്ള ഹീനശ്രമത്തിലാണ് അവര്‍.
ഈ അടവ് ദലിത് ബഹുജനങ്ങളിലെ ഒരു വിഭാഗത്തെയെങ്കിലും വഴിതെറ്റിക്കുമെന്നതാണ് അപകടം. ഒരു ഹിന്ദുരാഷ്ട്ര ത്തില്‍ ഒരു ഹിന്ദു സ്വര്‍ഗം എന്ന വാഗ്ദാനമൊന്നും അദ്ധ്വാനിക്കുന്ന ദലിത് വിഭാഗങ്ങളെ വഴിതെറ്റിക്കില്ല. പക്ഷേ, മുകളിലേക്ക് കയറിപ്പോകാനും ഹിന്ദു മുഖ്യധാരയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടാനുമുള്ള മോഹവുമായി കഴിഞ്ഞുകൂടുന്ന ചിലരെങ്കിലും ബി.ജെ.പിയുടെ ശകടത്തില്‍ ചാടിക്കയറിയേക്കും. അവരുടെ ഈ മോഹം അത്രയൊന്നും വലിയ ആഘാതം സൃഷ്ടിക്കില്ലായിരിക്കും; പക്ഷേ ബഹുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ അത് ഉതകും.
അതുകൊണ്ട് ഡോ.അംബേദ്കറെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം തുറന്നുകാട്ടുകയും എതിര്‍ക്കുകയും ചെയ്‌തേ പറ്റൂ. ഡോ. അംബേദ്കറെ തട്ടിയെടുക്കാനും അദ്ദേഹത്തിന്റെ സന്ദേശത്തെ വക്രീകരിക്കാനും നിയോഗത്തെ വളച്ചൊടിക്കാനുമുള്ള പ്രതിലോമകാരികളുടെ ശ്രമങ്ങളെ അനുവദിക്കാന്‍ പാടില്ല.
ഈ ഗ്രന്ഥത്തില്‍ ഡോ. ആനന്ദ് തെല്‍തുംഡെ ഈ പ്രവൃത്തി ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.
ഡോ.അംബേദ്കറെക്കുറിച്ച് ഹിന്ദുത്വപ്രചാരകര്‍ പരത്തിയിട്ടുള്ള സകലവാദങ്ങളേയും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്, നുണകള്‍ അപ്പാടെ തുറന്നുകാട്ടുന്നുമുണ്ട്. പണ്ഡിതോചിതമാണെങ്കിലും അത്രയും തന്നെ ഒരു ആക്റ്റിവിസ്റ്റിന്റെ വികാര തീവ്രതയുമുണ്ട്, അദ്ദേഹത്തിന്റെ ശ്രമത്തിന്. ഡോ.അംബേദ്കറുടെ തന്നെ രചനകളും പ്രസംഗങ്ങളും ഉപയോഗിച്ചാണ് രേഖ ശരിയാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. വിശദമായ ഉദ്ധരണികളും അന്യൂനമായ പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ഉപോദ്ബലകമാകുന്നു.
ഹിന്ദുത്വ പ്രചാരണത്തില്‍ വീണുപോകാത്തവരെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥം വളരെ പ്രധാനമാകും. അവരുടെ വാദങ്ങള്‍ക്ക് പുതിയ സാമഗ്രികള്‍ നിരത്താന്‍ മാത്രമല്ല, ഒരു പഠനാനുഭവമായിട്ടുകൂടി ഇത് ഉപകരിക്കും. ദേശീയത, ദേശസങ്ക ല്പം, പാര്‍ലമെന്ററി ജനാധിപത്യം എന്നിവ സംബന്ധിച്ച ഡോ.അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ അവര്‍ക്ക് ഏറെ വെളിച്ചമേ കും. ഡോ.അംബേദ്കറെക്കുറിച്ച് പൊതുവേയുള്ള മറ്റുചില മിത്തുകള്‍ പൊളിച്ചുകാട്ടാനും ഈ ഗ്രന്ഥം ഉപകരിക്കും. ഡോ. ആനന്ദ് തെല്‍തുംഡെയുടെ ഗംഭീര പരിശ്രമത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. സമയം, ഊര്‍ജം എന്നിവയ്‌ക്കൊക്കെ ഏറെ സമ്മര്‍ദം സഹിക്കുന്ന അദ്ദേഹം ഈ ലഘു ഗ്രന്ഥരചന നടത്താന്‍ സമ്മതിച്ചതിലും ഞങ്ങള്‍ക്ക് നന്ദിയുണ്ട്.
സന്ദീപ് പെന്‍ഡ്‌സെ
മുംബൈ,
2003