മൈഥിലി കഥകള്‍
(കഥകള്‍)
എഡിറ്റര്‍: ഡോ.പി.കെ.രാധാമണി
കണ്‍സല്‍ട്ടന്റ് എഡിറ്റര്‍: പ്രദീപ് ബിഹാരി
വിവര്‍ത്തകര്‍ : ഭാഷാ സമന്വയ വേദി
പൂര്‍ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്
ബിഹാറിന്റെ ചില ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ഭാഷയാണ് മൈഥിലി. ഈ ഭാഷയില്‍നിന്ന് തിരഞ്ഞെടുത്ത 26 കഥകള്‍ ഭാഷാ സമന്വയവേദി മലയാള വായനയ്ക്കായി സമര്‍പ്പിക്കുന്നു. ബിഹാറിലെ നാടോടി വിജ്ഞാനങ്ങളും ആചാരാനുഷ്ഠാനങ്ങളും നിറയുന്ന കഥകളാണ് സമാഹരിച്ചിരിക്കുന്നത്. കഥകള്‍ തിരഞ്ഞെടുത്ത് പുസ്തകം തയ്യാറാക്കാന്‍ സഹായിച്ചത് ബിഹാറി സാഹിത്യകാരന്‍ പ്രദീപ് ബിഹാരിയാണ്. ഭാഷാ സമന്വയവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതം മുഴുവന്‍ അറിയ പ്പെടുന്ന നിലയിലേക്ക് പ്രസ്ഥാനത്തെ വളര്‍ത്തിയ ഡോ. ആര്‍സുവാണ് ഈ സംരംഭത്തിന് പിന്നിലെ പ്രചോദനം.
കൃതിക്ക് ഡോ.ആര്‍സു എഴുതിയ ആമുഖത്തിന്റെ പൂര്‍ണരൂപം ചുവടെ:
ചാരം മാറ്റിയപ്പോൾ കിട്ടിയ രത്നങ്ങൾ
ഡോ.ആർസു
മിഥിലയെക്കുറിച്ച് നമ്മള്‍ ആദ്യം അറിയുന്നത് രാമയണകഥയില്‍ നിന്നായിരിക്കും. ദശരഥന്‍ അയോധ്യയിലേയും ജനകന്‍ മിഥിലയിലേയും രാജാക്കന്മാരായിരുന്നു. അവരുടെ മകനും മകളും തമ്മില്‍ വിവാഹിതരായി. വിവാഹത്തിന് തൊട്ടുമുമ്പ് ശൈവചാപം കുലയ്ക്കാന്‍ സാധിക്കുന്ന വരനായിരിക്കണം സീതയെ വേള്‍ക്കേണ്ടതെന്ന ഒരു നിബന്ധന ജനകന്‍ മുന്നില്‍ വച്ചിരുന്നു. അത് കുലച്ചശേഷമാണ് ശ്രീരാമന്‍ സീതയെ പാണിഗ്രഹണം നടത്തിയത്…അങ്ങനെ പോകുന്നു രാമയണകഥകളിലെ ഇഴകള്‍.
ഇപ്പോഴത്തെ നിലയില്‍ മിഥില ബിഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമാണ്. അങ്ങനെ ഒരു പ്രത്യേക ജില്ല അവിടെയില്ല. ഉത്തര ബിഹാറിലെ കുറേ പ്രദേശങ്ങള്‍ വ്യാപിച്ചുകിടക്കുന്നതാണ് മിഥില. നേപ്പാളിന്റെ താഴ്വര പ്രദേശമാണിത്. സര്‍ഹസ സുപോല്‍, മദേപുര, പൂര്‍ണിയ, കടിഹാര, ഭാഗള്‍പുര്‍, മുംഗേര്‍, ബെഗുസറായ്, സമഷ്ടിപൂര്‍, ദര്‍ഭംഗ, മധുബനി, മുജഫര്‍പൂര്‍, ഹാജിപൂര്‍, ഝാര്‍ഖണ്ഡിലെ കുറച്ചുഭാഗങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നതാണ് മിഥില. കമല, ബലാന്‍, കോസി, ഭാഗമതി, ഹേമുദ, ഗംഗ എന്നീ നദികള്‍ ഈ പ്രദേശത്തെ തഴുകിയൊഴുകുന്നു.
പ്രാചീനകാലത്തുതന്നെ അനേകം പണ്ഡിതന്മാരുടെ ജന്മനാടായിരുന്നു മിഥില. മഹര്‍ഷി യാജ്ഞവല്‍ക്യന്‍, ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍, മണ്ഡന്‍ മിശ്ര എന്നിവര്‍ പിറന്ന പ്രദേശമാണിതെന്ന് അറിയാന്‍ സാധിച്ചു. കര്‍ണാട്, ഓയിന്‍വാര്‍ രാജവംശങ്ങളുടെ ഭരണം ഇവിടെ ഏറെക്കാലം നീണ്ടുനിന്നു. മൗര്യ, ഗുപ്ത. തുഗ്ലക്, മുഗള്‍ രാജാക്കന്മാരുടെ ഭരണവും ഈ നാടു കണ്ടു. അക്ബര്‍ നേരിട്ടു ഭരണംനടത്താതെ മഹേശ് ഠാകുറിനെ രാജാവായി നിയോഗിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ ഈ പ്രദേശവും അവരുടെ ഭരണത്തിന്‍കീഴിലായി. മൈഥിലി ഭാഷയേയും സാഹിത്യത്തെയുംകുറിച്ച് എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത് ബിഹാര്‍ സന്ദര്‍ശന സന്ദര്‍ഭത്തിലായിരുന്നു. സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ് നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ 2001ല്‍ പങ്കെടുത്തു. അവിടത്തെ മുതിര്‍ന്ന എഴുത്തുകാരനായ സ്വര്‍ണകിരണ്‍ പാരമ്പര്യത്തിന്റെ വേരുകള്‍ നന്നായറിയുന്ന വ്യക്തിയായിരുന്നു. ഒരു ലിറ്റില്‍ മാഗസിന്റെ എഡിറ്ററുമായിരുന്നു. ബിഹാര്‍ സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചപ്പോള്‍ അതു സ്വീകരിക്കാന്‍ പറ്റ്‌നയിലെത്തി. ഒരാഴ്ച അവിടെ താമസിച്ച് കുറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പല എഴുത്തുകാരേയും നേരില്‍ കാണാനായി. ഉദയരാജ സിംഹിന്റെ ‘നയിധാര’ മാസികയില്‍ മുമ്പ് ഞാന്‍ കുറെ ലേഖനങ്ങള്‍ എഴുതിയിരുന്നു. അതിന്റെ എഡിറ്റര്‍ക്കും വായനക്കാര്‍ക്കും എന്റെ പേര് പരിചിതമായിരുന്നു. ബിഹാര്‍ രാഷ്ട്രഭാഷ പരിഷദ് ഓഫീസില്‍ പോയി.
ജെ.എന്‍.യു ഹിന്ദി വിഭാഗത്തില്‍ പ്രൊഫസറായ ദേവ്ശങ്കര്‍ നവീന്‍ മൈഥിലി മാതൃഭാഷക്കാരനാണ്. ഒരു പിഎച്ച്ഡി ഓപ്പണ്‍ ഡിഫന്‍സിന് എന്നെ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തില്‍നിന്ന് മൈഥിലി സാഹിത്യത്തെക്കുറിച്ച് കുറെ കാര്യങ്ങള്‍ അറിയാന്‍കഴിഞ്ഞു. എന്തിനാണിത്ര ആഴത്തിലുള്ള കാര്യങ്ങള്‍ ഒരു മലയാളി അന്വേഷിക്കുന്നതെന്ന മറുചോദ്യം ചോദിച്ചുവെങ്കിലും എന്റെ പല സംശയങ്ങള്‍ക്കും നിവാരണമുണ്ടായി. അന്തരംഗ് മാസിക (ബേഗുസറായ്) യുമായി വളരെ നേരത്തെ ബന്ധപ്പെടാന്‍ സാധിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായ പ്രദീപ് ബിഹാരിയാണ് ഇതിന്റെ എഡിറ്റര്‍. അദ്ദേഹം 1994 ല്‍ കോഴിക്കോട്ട് വന്നിരുന്നു. ആ മാസിക രണ്ടുതവണ മലയാളം വിശേഷാല്‍പ്പതിപ്പുകള്‍ പുറത്തിറക്കിയപ്പോള്‍ നമ്മുടെ വിവര്‍ത്തകരുടെ സഹകരണം ലഭ്യമാക്കാന്‍ സാധിച്ചു. എഴുത്തുകാരിയായിരുന്ന മുന്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ മുജഫര്‍പൂര്‍ നിവാസിയായിരുന്നു. ഈ ഗ്രാമം മിഥിലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. അവരുടെ അഭിപ്രായങ്ങളും ഞാന്‍ ശ്രദ്ധയോടെ കേട്ടു.
മൈഥിലി ഭാഷയേയും സാഹിത്യത്തേയും കുറിച്ച് പല ഗഹന വസ്തുതകളും യാത്രയിലൂടെയും സംഭാഷണത്തിലൂടെയും അറിയാനായപ്പോള്‍ ഈ ഭാഷയുടെ പക്കല്‍ വലിയ നിധിയുണ്ടെന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേര്‍ന്നത്. മാഗധി അപഭ്രംശത്തില്‍ നിന്നാണ് മൈഥിലി പിറന്നത്. ഭാഷാശാസ്ത്രജ്ഞന്മാര്‍ ഹിന്ദിയുടെ ഒരു ഡയലക്ട് ആയാണ് ഇതിന് സ്ഥാനം കല്പിച്ചത്. ‘വര്‍ണരത്‌നാകര്‍’ കര്‍ത്താവായ ജ്യോതിരീശ്വര്‍ ഠാകുര്‍, ‘വിദ്യാപതിപദ്’ രചിച്ച മൈഥില്‍കോകില്‍ വിദ്യാപതി (14-ാം നൂറ്റാണ്ട്) എന്നിവരാണ് ഈ ഭാഷയിലെ ആദ്യകാല കവികള്‍. മൈഥിലിയുടെ പൂര്‍വരൂപം സിദ്ധസാഹിത്യത്തില്‍ കാണാനാകും. എച്ച്.ടി കോള്‍ ബ്രൂക് മിഥിലാചലിലെ ഭാഷയെക്കുറിച്ച് പഠനം നടത്തിയ പണ്ഡിതനായിരുന്നു. വിദ്യാപതി ശിവഭക്തനായിരുന്നു. ശൃംഗാരവും ഭക്തിയും അദ്ദേഹത്തിന്റെ കവിതകളില്‍ മേളിച്ചു. രാജാ ശിവസിംഹിന്റെ കൊട്ടാര കവികളില്‍ ഒരാളായിരുന്നു വിദ്യാപതി. ഈ കവിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുന്നേറിയ പില്‍ക്കാല കവിയായിരുന്നു മന്‍ബോധ്. അദ്ദേഹം കൃഷ്ണന്റെ ബാലലീലകള്‍ വര്‍ണിച്ചുകൊണ്ടാണ് കവിതയിലേക്ക് കടന്നുവന്നത്. രാജാക്കന്മാരുടെ അത്യാചാരങ്ങളില്‍നിന്ന് മോചനം നേടാന്‍ ജനങ്ങളുടെയിടയില്‍നിന്ന് പുതിയ കൃഷ്ണന്മാര്‍ പിറക്കണമെന്ന് അദ്ദേഹം കൃതികളിലൂടെ ആഗ്രഹം പ്രകടിപ്പിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായതോടെ പദ്യത്തോടൊപ്പം ഗദ്യവും മൈഥിലിയില്‍ പുഷ്ടിപ്പെട്ടു. രഘുനന്ദന്‍ ദാസ്, ഭുവനേശ്വര്‍ സിംഗ് ഭൂവന്‍, കാഞ്ചിനാഥ് ഝാ കിരണ്‍, ഹരിദാസ് ഝാ എന്നിവര്‍ പുതിയ യുഗത്തിലെ പ്രശസ്ത എഴുത്തുകാരായി മാറി. നാഗാര്‍ജുന്‍ ഹിന്ദിയിലും മൈഥിലിയിലും കൃതികള്‍ രചിച്ചു. മൈഥിലിയില്‍ എഴുതുമ്പോള്‍ ‘യാത്രി’ എന്ന തൂലികനാമം അദ്ദേഹം സ്വീകരിച്ചു. രാജ്കമല്‍ ചൗധരി, രാമകൃഷ്ണ ഝാ കിസന്‍, മായാനന്ദ് മിശ്ര എന്നിവരുടെ വരവോടെ ഫിക്ഷന്‍ ശാഖ കരുത്താര്‍ജിച്ചു. അവരുടെ കൃതികളില്‍ സാമൂഹ്യബോധം പ്രബലമായി. മിഥിലയുടെ പ്രാദേശികഛവിയും അവിടെ തുടിച്ചുനിന്നു.
ഈ ശ്രേഷ്ഠ സാഹിത്യകാരന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പിറകെവന്ന തലമുറയില്‍ നിരവധി എഴുത്തുകാരുണ്ട്. പ്രഭാസ്‌കുമാര്‍ ചൗധരി, ഗംഗേഷ് ഗുംജന്‍, ജീവകാന്ത് എന്നിവര്‍ മൈഥിലി സാഹിത്യത്തിന് പുതിയ ഭാവോന്മേഷം പകര്‍ന്നു. അവര്‍ തങ്ങളുടെ സ്വരം വേറിട്ടു കേള്‍പ്പിച്ചു. ഉഷാകിരണ്‍ ഖാന്‍, വിഭൂതി ആനന്ദ്, ശിവശങ്കര്‍ ശ്രീനിവാസ്, പ്രദീപ് ബിഹാരി, കേദാര്‍ കാനന്‍, അശോക് ദേവ്ശങ്കര്‍ നവീന്‍, താരാനന്ദ് വിയോഗി, താരാനന്ദ് ഝാ. വിദ്യാനന്ദ ഝാ എന്നീ പ്രഗത്ഭര്‍ ഇന്ന് മൈഥിലി സാഹിത്യത്തിന് കരുത്തേകുന്നവരാണ്.
ഈ ഭാഷയിലെ സാഹിത്യത്തില്‍ സ്ത്രീനാദം മുഖരിതമാക്കിയ കുറെ എഴുത്തുകാരികളുണ്ട്. ഉഷാകരിണ്‍ ഖാന്‍, ലില്ലി റേ, നീരജ രേണു, വിഭാറാണി, സുസ്മിത പാഠക്, ജ്യോത്സന ചന്ദ്ര, സംസ്‌കൃതി മിശ്ര, നീഷു, മേനക മല്ലിക്, രേഷ്മ, ശ്വാരദ ഝാ. ഷേഫാലിക വര്‍മ്മ, ശിവപാലിയ, നിവേദിത മിശ്ര ഇവരെല്ലാം നിറഞ്ഞുനില്‍ക്കുന്നതാണ് മൈഥിലി കഥാസാഹിത്യത്തിലെ മഹിളാസാന്നിധ്യം. ദളിത് പ്രവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ജീവിത പശ്ചാത്തലങ്ങളും മേല്‍ സൂചിപ്പിച്ച എഴുത്തുകാരിലൂടെയും വര്‍ണിതമായി. പ്രകൃതി സൗന്ദര്യം, മാനവീയത, സാമൂഹതിന്മകളോടുള്ള രോഷം ഇവയെല്ലാം ഈ സാഹിത്യത്തില്‍ ഒളിചിന്തുന്നുണ്ട്.
മൈഥിലിയുടെ വ്യവഹാരമണ്ഡലം ഏറെ വിശാലമല്ലെങ്കിലും സാഹിത്യാവബോധം സജീവമാണ്. അവിടത്തെ പത്ര മാസികകള്‍ ഇതിന്റെ വ്യാപനത്തില്‍ വലിയ പങ്ക് വഹിക്കുന്നു. അന്തരംഗ്, മിഥില ആവാസ്, മിഥിലാമിലന്‍, മിഥില ദര്‍ശന്‍, മൈഥിലി പുനര്‍ ജാഗരണ്‍ പ്രകാശ് എന്നിവയാണ് പ്രമുഖ സാഹിത്യമാസികകള്‍. ദര്‍ഭംഗ, കാമേശ്വര്‍ സിംഹ്, ഭഗള്‍പൂര്‍, തില്‍കാമാഝി, ബി എന്‍ മണ്ഡല്‍, പൂര്‍ണിയ ഇവയാണ് ഈ പ്രദേശത്തെ യൂണിവേഴ്സിറ്റികള്‍. ഇവിടെയെല്ലാം മൈഥിലി പഠനം നടക്കുന്നുണ്ട്. 2003 ലാണ് മൈഥിലിക്ക് ഭരണഘടനയുടെ അംഗീകാരം ലഭിച്ചത്. വലിയ പ്രക്ഷോഭം നടന്നപ്പോള്‍ മായാനന്ദ് കമ്മിഷനെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. ഉദയ് നാരായണന്‍ സിംഗ്, സീതാകാന്ത് മഹാപാത്ര, ഗോപിചന്ദ്, നാരംഗ് എന്നിവരായിരുന്നു കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.
മുമ്പ് മിഥിലാക്ഷര്‍ എന്നൊരു പ്രത്യേക ലിപിയാണ് മൈഥിലി എഴുത്തുകാര്‍ പ്രയോഗിച്ചിരുന്നത്. പിന്നീടത് ദേവനാഗിരിയിലേക്ക് മാറ്റി. ഹിന്ദി, മഗഹി, ഭോജ്പുരി, മൈഥിലി, വജ്ജിക ഇവയെല്ലാം ബീഹാറില്‍ പ്രചാരത്തിലുള്ള ഭാഷകളാണ്. ജയാനന്ദ് മിത്ര, ദുര്‍ഗ്ഗനാഥ് ഝാ, ശ്രീശ്, ദിനേശ് കുമാര്‍ ഝാ, മായാനന്ദ് മിശ്ര എന്നിവര്‍ മൈഥിലി സാഹിത്യചരിത്രം രചിച്ചവരാണ്.
മൈഥിയിലെ 26 കഥകളുടെ സമാഹാരം മലയാള വായനക്കാരിലേക്ക് എത്തുന്ന സന്ദര്‍ഭമാണിത്. വിവര്‍ത്തകരെല്ലാം ഭാഷാസമന്വയവേദി അംഗങ്ങളാണ്. സമകാലീന്‍ ഭാരതീയസാഹിത്യ, അന്തരംഗ് എന്നീ ആനുകാലികങ്ങളില്‍ നിന്നാണ് കഥകള്‍ ശേഖരിച്ചത്. പ്രദീപ് ബിഹാരി, ഡോ. ദേവ്ശങ്കര്‍ നവീന്‍ എന്നിവരുടെ നിര്‍ദേശോപദേശങ്ങള്‍ ലഭിച്ചു. ഡോ.പി.കെ രാധാമണി വിവര്‍ത്തകരെ കഥകള്‍ ഏല്പിച്ച് സമയബന്ധിതമായി ലഭിക്കുവാനുള്ള പദ്ധതി തയ്യാറാക്കി. ഇവരെല്ലാം തുണച്ചതുകൊണ്ടാണ് മൈഥിലി കഥകള്‍ക്ക് മലയാളത്തില്‍ കടന്നുവരാനുള്ള വഴിയൊരുങ്ങിയത്. പ്രസാധന രംഗത്ത് ഞങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയത് പൂര്‍ണ പബ്ലിക്കേഷന്‍സാണ്. അതിന്റെ സാരഥികള്‍ക്കും നന്ദി.
മിഥിലയുടെ ഭിന്നഭാഗങ്ങളില്‍ കഴിയുന്നവരുടെ ആശകളും ആകാംക്ഷകളും ഈ കഥകളില്‍ തുടിച്ചുനില്‍ക്കുന്നുണ്ട്. ആദ്യ കഥാകൃത്ത് മുതല്‍ ഇന്നത്തെ കഥാകൃത്തുകള്‍ വരെ ഇവിടെ സാന്നിധ്യമറിയിക്കുന്നുണ്ട്. ആചാരങ്ങള്‍ പകര്‍ത്തുന്നവയാണ് ചില കഥകള്‍. പുതിയ കാലത്തിന്റെ ഭാവുകത്വം അറിയാന്‍ സഹായമാകുന്ന കഥകളുമുണ്ട്. സ്ത്രീ
സാന്നിധ്യം മൈഥിലി കഥകള്‍ക്ക് നല്‍കുന്ന കരുത്തും നമുക്കിതിലൂടെ ഗ്രഹിക്കാം.
പഞ്ചാബി, അരുണാചല്‍, ഛത്തിസ്ഗഢ്, കശ്മിരി, രാജസ്ഥാനി, അസമിയ, ഒറിയ, ബംഗാളി, നേപ്പാളി, തമിഴ്കഥാസമാഹാരങ്ങള്‍ ബി.എസ്.വി അംഗങ്ങള്‍ ചേര്‍ന്ന് നേരത്തെ തയ്യാറാക്കിയിരുന്നു. വേറെ ചില ഭാഷകളിലെ സമാഹാരങ്ങള്‍ പ്രസിലാണ്. ഇന്ത്യയുടെ ഹൃദയവികാരം അറിയാന്‍ ഭിന്നഭാഷകളിലെ സാഹിത്യകൃതികളുടെ വിവര്‍ത്തനം ആവശ്യമാണ്. അന്യോന്യമറിയലും അറിയിക്കലുമാണ് സംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമായിട്ടുള്ളത്. കൊച്ചുഭാഷകളുടെ പക്കലും മികച്ച സാഹിത്യത്തിന്റെ കലവറകളുണ്ട്. ചാരം അല്പം അകറ്റി മാറ്റിയാല്‍ രത്‌നം കിട്ടിയേക്കും. മൈഥിലി കഥകളുടെ വിവര്‍ത്തനം അങ്ങനെയൊരു അനുഭവമാണ് ഞങ്ങള്‍ക്കു നല്‍കിയത്. വായനക്കാരുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Leave a Reply