(ജീവചരിത്രം)
എം.കെ. സാനു
സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്
കുട്ടിച്ചാത്തന്റെ അന്തകന്‍- അങ്ങനെയാണ് യുക്തിവാദി എം.സി. ജോസഫിനെപ്പറ്റി ആളുകള്‍ ഒരുകാലത്ത് പറഞ്ഞു പോന്നിരുന്നത്. ചാത്തന്‍ ശല്യവും പ്രേതബാധോപദ്രവവും അന്ന് സസ്‌നേഹത്തില്‍ ധാരാളമായുണ്ടായിരുന്നു. അവയുടെ പൊള്ളത്തരം വെളിപ്പെടുത്തി ജനസാമാന്യത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നു മോചിപ്പിക്കാനാണ് എം.സി. ജോസഫ് ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചത്. യുക്തിയും ശാസ്ത്രീയ വീക്ഷണവുമായിരുന്നു ആ പരിശ്രമത്തില്‍ അദ്ദേഹത്തിന്റെ ആയുധങ്ങള്‍.
കര്‍മ്മങ്ങളിലൂടെയും രചനകളിലൂടെയും കൂടി കേരളീയ പാരമ്പര്യത്തെ തിരുത്തിക്കുറിച്ച എം.സി. ജോസഫ് മതവിശ്വാസത്തിനും, ദൈവവിശ്വാസത്തിനും എതിരായിരുന്നു. പരമമായ മൂല്യം മനുഷ്യനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രകോപനപരമായ ആശയങ്ങള്‍ പ്രായോഗിക ബുദ്ധിയോടുകൂടി പ്രചരിപ്പിച്ച് ഒരു കാലഘട്ടത്തെ പ്രബുദ്ധതയിലേക്ക് നയിച്ച വ്യക്തി എന്ന നിലയില്‍ യുക്തിവാദി എം.സി. ജോസഫ് കേരളചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനമാണ് നേടിയിട്ടുള്ളത്.
എം.സി.യുടെ ജീവിതത്തെയും ആശയങ്ങളെയും കുറിച്ച് വിശദമായറിയാന്‍ ഉപകരിക്കുന്ന രീതിയിലാണ് പ്രൊഫ. എം. കെ. സാനു ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. യുക്തിവാദി പ്രസ്ഥാനത്തിന് ഒരു മുഖവുരയായും ഇതുപകരിക്കുന്നു.
സ്വതഃസിദ്ധമായ ലാളിത്യത്തോടും ഉള്‍ക്കാഴ്ചയോടും കൂടി എം.കെ. സാനു രൂപംനല്‍കിയിട്ടുള്ള ഈ ജീവചരിത്രം കേരള സംസ്‌കാരചരിത്രത്തിലെ ഒരു പ്രകാശബിന്ദുവായി അനുഭവപ്പെടാതിരിക്കയില്ല. ഇതില്‍ ഒരു ജീവിതം തുടിക്കുകയും ചെയ്യുന്നു.