രാജൻ എവിടെ?
(രാഷ്ട്രീയ അന്വേഷണം)
സെബാസ്റ്റ്യന്‍ ജോസഫ്
പൂര്‍ണ പബ്ലിക്കേഷന്‍സ് 2023
കേരള ഹൈക്കോടതിയുടെയും കോയമ്പത്തൂർ സെഷൻസ് കോടതിയുടെയും നടപടികളുടെ വെളിച്ചത്തിൽ രാജൻ സംഭവവും കക്കയം ക്യാമ്പിലെ ഭീകരതയും അനാവരണം ചെയ്യാനുള്ള ഒരു ഉദ്യമമാണ് ഈ പുസ്‌തകം.
ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ എഴുതുന്നു:
1975 ജൂണ്‍ 25ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. പത്രങ്ങളുടെ വായ മൂടിക്കെട്ടി. പൗരസ്വാതന്ത്യങ്ങള്‍ നിഷേധിച്ചു. അങ്ങനെ സമസ്ത ഇന്ത്യക്കാരുടെയും ചലനങ്ങളെ നിയന്ത്രിച്ചു. ഭരണാധികാരിയായ ഇന്ദിരാഗാന്ധിയെ മൂലക്കിരുത്തിയായിരുന്നു ഇതെല്ലാം നടമാടിയത്. അടിയന്തരാവസ്ഥ ഇരുപത്തൊന്ന് മാസം നീളുകയും 1977 മാര്‍ച്ച് ഇരുപത്തിമൂന്നിന് പിന്‍വലിക്കപ്പെടുകയും ചെയ്തു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്തൊട്ടാകെ നിരവധി മനുഷ്യജീവനുകളാണ് ഹോമിക്കപ്പെട്ടത്. ആരും അതിനെപ്പറ്റി ആരോടും ചോദിക്കുകയുണ്ടായില്ല. ചോദിക്കാനൊട്ട് പറ്റുമായിരുന്നുമില്ല.
ഇങ്ങ് തെക്ക് സഖാവ് അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിംലീഗ് തുടങ്ങിയ ‘പുരോഗമന കക്ഷികള്‍’ ചേര്‍ന്ന മുന്നണി ആയിരുന്നു ഭരിച്ചിരുന്നത്. തേനും പാലും ഒഴുക്കിയുള്ള അവരുടെ ഭരണത്തിനിടയില്‍ നക്സലൈറ്റുകള്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ആര്‍.ഇ.സി. വിദ്യാര്‍ഥികളായ പി.രാജനെയും ജോസഫ് ചാലിയെയും ഒരുസംഘം കാക്കിധാരികള്‍ ബലമായി കസ്റ്റഡിയിലെടുത്തു. ഫാറൂഖ് കോളേജില്‍ നിന്ന് കലാമേള കഴിഞ്ഞ് മടങ്ങിവരികയായിരുന്നു രാജന്‍. ചാലി ഹോസ്റ്റലിലും.
കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയ അവരെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലുള്ള ഭീകരമര്‍ദനത്തിന് ഇരയാക്കി. അവിടെ രാജനും ചാലിയും മറ്റു പലരും ‘ഉരുട്ടല്‍ ചികിത്സയ്ക്ക്’ വിധേയരാക്കപ്പെട്ടു.
ഇതൊന്നുമറിയാതെ രാജനെ തേടിയുള്ള പിതാവ് ഈച്ചരവാര്യരുടെ അന്വേഷണം ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ അദ്ദേഹം കേരള ഹൈക്കോടതിയില്‍ ‘ഹേബിയസ് കോര്‍പ്പസ്’ ഹര്‍ജി ഫയല്‍ ചെയ്തു. വിധികര്‍ത്താക്കളായ ജഡ്ജിമാരുടെ രാഷ്ട്രീയ-സാമൂഹ്യ ബന്ധങ്ങളെപ്പറ്റി സംശയങ്ങളുയര്‍ന്നു നില്‍ക്കേ, രാജനെ കണ്ടെത്തിക്കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് വിധിയുണ്ടായി.
രാജനെവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന ധനി?
പിന്നെയും നിയമയുദ്ധങ്ങളുണ്ടായി. മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ കായണ്ണ ക്യാമ്പിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥന്മാരും കായണ്ണ ക്യാമ്പും വിസ്തരിക്കപ്പെട്ടു. രാജന്‍ ജീവിച്ചിരിപ്പുണ്ടെന്നും മര്‍ദനത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നുമുള്ള വാദങ്ങളുയര്‍ന്നു. രാജന്റെ ശവം എന്തു ചെയ്തു? എവിടെ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ വ്യവഹരിക്കപ്പെട്ടു. കോയമ്പത്തൂര്‍ സെഷന്‍സ് കോടതി നിരവധി വാചാടോപങ്ങളുടെ വേദിയായി. വിധി വന്നു. നാലുപേര്‍ നിരുപാധികം വിട്ടയക്കപ്പെട്ടു. ബാക്കി മൂന്നുപേര്‍ക്ക് ചെറിയ തേയ്മാനം സംഭവിച്ചു. പിന്നെയും ചോദ്യങ്ങള്‍ ബാക്കിയായി. 1976 മാര്‍ച്ച് രണ്ട്, മൂന്ന് തീയതികള്‍ക്കുശേഷം രാജന്‍ എവിടെ? അതിനുത്തരം ഇന്നും സ്വതന്ത്രമനസ്സാക്ഷിയുള്ളവര്‍ തേടിക്കൊണ്ടിരിക്കുന്നു.
ഈ കൃതിയുടെ രചനയ്ക്ക് പ്രധാനമായും ആധാരമായത് പ്രസ്തുത നടപടിക്രമങ്ങളെ സംബന്ധിച്ച് ദേശാഭിമാനി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളും പരമ്പരകളുമാണ്. മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ ആനുകാലികങ്ങളില്‍ വന്ന പരമ്പരകളും പ്രയോജനപ്രദമായി. വേണു പൂവാട്ടുപറമ്പ്, തോമസ് ജോര്‍ജ് എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും, കാനങ്ങോട്ട് രാജന്‍, പ്രൊഫ. ഈച്ചരവാര്യര്‍, തോമസ് ജോര്‍ജ്, സി.ആര്‍. ഓമനക്കുട്ടന്‍, കൂമി കപൂര്‍, കാതറൈന്‍ ഫ്രാങ്ക് തുടങ്ങിയവരുടെ പുസ്തകങ്ങളും ഉപയോഗിക്കപ്പെട്ടു. ഗ്രന്ഥകര്‍ത്താവ് നടത്തിയ വ്യാപകമായ അന്വേഷണങ്ങളും കോയമ്പത്തൂര്‍ കോടതി, കേരള ഹൈക്കോടതി തുടങ്ങിയ ന്യായാസനങ്ങളുടെ നടപടിക്രമങ്ങളും തിരുവനന്തപുരം ആര്‍ക്കൈവ്‌സിലെ രേഖകളും അങ്ങേയറ്റം സഹായകരമായി.
ഇത്രയേറെ ഗവേഷണം നടത്തി അടിക്കുറിപ്പോടെ തയ്യാറാക്കിയ ഈ പുസ്തകം വായനക്കാര്‍ക്കും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഉപയുക്തമാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
തലശ്ശേരി-പുല്‍പ്പള്ളി കലാപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന എന്റെ ആദ്യഗ്രന്ഥത്തിന്റെ തുടര്‍ച്ചയെന്നോണമാണ് നക്‌സലിസത്തിന്റെ കുതിപ്പും കിതപ്പും, ഇടി മുഴങ്ങിയതാര്‍ക്ക് വേണ്ടി, കായണ്ണയും കക്കയവും എന്നീ പുസ്തകങ്ങള്‍ രചിച്ചത്. തുടര്‍ന്ന്, നക്സലിസത്തിന്റെ കുതിപ്പും കിതപ്പും, Naxal Varghese: Take off and Tailspin, 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന അടിയന്തരാവസ്ഥ: കിരാതവാഴ്ചയുടെ 21 മാസങ്ങള്‍ എന്നീ പുസ്തകങ്ങളും രചിച്ചു.
ഒടുവില്‍ പുറത്തിറങ്ങിയ ‘കായണ്ണയും കക്കയവും’ എന്ന ഗ്രന്ഥത്തിന്റെ തുടര്‍ച്ചയാണ് ‘രാജന്‍ എവിടെ?’ എന്ന ഈ പുസ്തകം. ഇതില്‍ പ്രതിപാദിക്കുന്ന സംഭവകാലത്തെ പത്രറിപ്പോര്‍ട്ടുകളുടെയും ചിത്രങ്ങളുടെയും കോപ്പി തന്ന് സഹായിച്ച ദേശാഭിമാനി പത്രത്തോടും മാനേജര്‍ ഒ.പി.സുരേഷിനോടും പ്രത്യേകം നന്ദിയുണ്ട്. രാജന്‍ കേസ് സംബന്ധ മായ കോയമ്പത്തൂര്‍ കോടതി വിധിപ്പകര്‍പ്പ് ലഭ്യമാക്കാന്‍ സഹായിച്ച അഡ്വ. ബി.വേണുഗോപാലിനോടും (കോഴിക്കോട് മുന്‍ ആര്‍.ടി.ഒ.) നന്ദി പറയുന്നു.
ഇത് സത്വരം പ്രസിദ്ധീകരിക്കാന്‍ സന്മനസ്സ് കാണിച്ച പൂര്‍ണ പബ്ലിക്കേഷന്‍സിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
കക്കയം ക്യാമ്പുമായി ബന്ധപ്പെട്ട സ്വാനുഭവങ്ങള്‍ വേണു പൂവാട്ടുപറമ്പ്, ഏബ്രഹാം ബെന്‍ഹര്‍, തുടങ്ങിയവര്‍ വിവരിച്ചുതന്നു.
”രാജന്‍ എവിടെ?’ ഉള്‍പ്പെടെയുള്ള എന്റെ എല്ലാ പുസ്തകങ്ങളുടെയും എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിച്ചത് ചരിത്രകാരനായ മുണ്ടക്കയം ഗോപിയും, എന്റെ ഭാര്യ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജിലെ ചരിത്രവിഭാഗം മുന്‍മേധാവി ഡോ.സ്റ്റെല്ലാ ജോസഫും ആണ്. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
സെബാസ്റ്റ്യന്‍ ജോസഫ്
Leave a Reply