(ജീവചരിത്രം)
എസ്.കെ.ബാലകൃഷ്ണന്‍
കെ ആര്‍ ബ്രദര്‍സ് കോഴിക്കോട് 1952
രണ്ടാം പതിപ്പ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രസിഡണ്ടായ സുഭാസ് ചന്ദ്രബോസിന്റെ സംഭവബഹുലമായ ജീവചരിത്രം. ഗ്രന്ഥകര്‍ത്താവ് ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: സാമാന്യം വിപുലമായ രീതിയില്‍ത്തന്നെ എഴുതേണമെന്നായിരുന്നു ഞാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. അതിനുവേണ്ടത്ര വിവരങ്ങള്‍ പല മാസികകളില്‍ നിന്നും പത്രങ്ങളില്‍നിന്നും ഞാന്‍ സംഭരിച്ചുവരികയും ചെയ്തിരുന്നു. അതിന്നു മേലയാണ് ബോസ് അടിയന്തരമായി കേരളപര്യടനത്തിനു ഉദ്യുക്തനായിട്ടുണ്ടെന്നുള്ള വര്‍ത്തമാനം പ്രഖ്യാപിതമായത്. ഏതായാലും, അദ്ദേഹം വരുന്നതിന്നു മുമ്പായിട്ടുതന്നെ ഈ പുസ്തകം പ്രസിദ്ധപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നു എനിക്കുതോന്നി. തന്നിമിത്തം കഴിയുന്നത്ര വേഗത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള സൗകര്യത്ത ആസ്പദമാക്കി സുഭാസിന്റെ ജീവചരിത്രം സംഗ്രഹിച്ചെഴുതുവാന്‍ ഞാന്‍ നിര്‍ബ്ബന്ധനായി. എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെ സാരമായി സ്പര്‍ശിച്ച സര്‍വസംഭവങ്ങളും ഇതില്‍ ക്രോഡീകരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പുസ്തകം ഏതാണ്ട് പൂര്‍ത്തിയായതോടുകൂടിയാണ് സുഭാസ് തന്റെ യാത്രാപരിപാടി ഭേദപ്പെടുത്തിയ വിവരം പ്രഖ്യാപിച്ചത്. അതോടുകൂടി ബാധിച്ച അലസതയാലും, പ്രസിലെ വമ്പിച്ച ജോലിത്തിരക്കിനാലും പുസ്തകം പ്രസിദ്ധപ്പെടുത്തുവാന്‍ ഇപ്പോള്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. സുഭാസ് ബോസിന്റെ ത്യാഗസുരഭിലമായ ജീവിതമാതൃക പൊതുജനങ്ങളില്‍ വല്ല പ്രചോദനവും പ്രേരണയും ഉണ്ടാക്കിത്തിക്കുകയും, അതു വല്ലവിധത്തിലും സ്വാതന്ത്ര്യസമ്പാദനത്തെ ത്വരിതപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നപക്ഷം ഞാന്‍ കൃതാര്‍ഥനായി.
ഈ ഗ്രന്ഥം സശ്രദ്ധം വായിച്ചുനോക്കി സരസവും സുദീര്‍ഘവുമായ ഒരു അവതാരിക എഴുതിത്തന്ന സ്ഥലത്തെ മുന്‍സിപ്പാല്‍ ചെയര്‍മാനും, ഒരു അഭിഭാഷകപ്രവീണനും, സ്വാതന്ത്ര്യസമര സേനാനിയുമായ ശ്രീ. പി. കുഞ്ഞിരാമന്‍, ബി. എ. ബി.എല്‍. അവര്‍കളോടും, മുദ്രണകൃത്യം ഭംഗിയായി നിറവേറ്റിയ പ്രസ് മാനേജരോടും എനിക്കുള്ള ആത്മമായ കൃതജ്ഞതയെ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.
എസ്.കെ.ബി.
തലശ്ശേരി
10-2-1952
അവതാരിക
ഈ പുസ്തകത്തിന് ഒരു അവതാരിക എഴുതണമെന്നും ഇതിന്റെ കത്താവ് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ എനിക്കു അല്പം ”പുതുമ”യാണുണ്ടായത്. ഈ ”പുതുമ” വായനക്കാരില്‍ പലക്കും ഉണ്ടായിരിപ്പാന്‍ ഇടയുണ്ട്. എന്തെന്നാല്‍ ‘സാഹിത്യദേശത്തില്‍ സുപ്രസിദ്ധി നേടീട്ടുള്ള പഴയ പല ‘തറവാട്ടുകാരും ഇന്നുണ്ടെന്നു മാത്രമല്ല, ‘സാഹിത്യനഗര’ത്തില്‍ പരിഷ്‌ക്കരിച്ച ‘ബംഗ്ലാവു’കാരും കുറച്ചല്ല. ഇങ്ങനെയുള്ള അനേകം പേര്‍ ഉണ്ടായിരിക്കെ, സാഹിത്യ’ദേശത്തില്‍ ഒരു കുടി ലോ, സാഹിത്യ”നഗരി”യില്‍ ഒരു ”കോട്ടേജോ ഉണ്ട് എന്ന് അഭിമാനിക്കാന്‍’പോലും വഴിയില്ലാത്ത എന്നോടു ഒരു അവതാരിക എഴുതേണമെന്ന് ഒരു സാഹിത്യകാരന്‍ ആവശ്യപ്പെട്ടാല്‍ അതു ഒരു ‘പുതുമ’ എന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്! എന്നാല്‍, ഈ ”പുതുമ” യില്‍ ചിലക്ക് നീരസം ഉണ്ടായേക്കാമെങ്കിലും, പലക്കും നിശ്ചയമായും ഒരു രസം തോന്നിയേക്കാം. സാഹിത്യലോകത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഒരാളെക്കൊണ്ടു ഒരു പുസ്തകത്തിന്നു അവതാരികയോ, പീഠികയോ, പ്രസ്താവനയോ, അഥവാ ആമുഖോപന്യാസം തന്നെയോ, എഴുതിക്കയെന്നത് ഒരു ”പുതിയ പ്രസ്ഥാന”മാണെന്നു വന്നാല്‍ അതില്‍ സന്തോഷിക്കാനല്ലേ വഴിയുള്ളു! സാഹിത്യഭണ്ഡാര പോഷണത്തിനും സ്വമേധയാ ഒന്നും ചെയ്യാന്‍ സാധിക്കാതെ ആയാസപ്പെടുന്ന സാഹിത്യേതാക്കള്‍ക്ക് ഈ മാതിരി പ്രസ്ഥാനങ്ങള്‍ വലിയ അനുഗ്രഹം തന്നെ ആയിരിക്കുമല്ലൊ. എന്നാല്‍, പഴയ സാഹിത്യ ‘തറവാട്ടു’കാരില്‍ ചിലര്‍ക്ക് ഈ നവീനപ്രസ്ഥാനത്തില്‍ നീരസം ഉണ്ടാകുന്നപക്ഷം അതില്‍ അതിശയിക്കാനില്ല. അതിന് അവരെ കുററം പറഞ്ഞിട്ടു ഫലമുണ്ടെന്നും തോന്നുന്നില്ല. എങ്ങനെയായാലും ആവകക്കാര്‍ അവരുടെ നീരസം പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ ഒരുങ്ങുകയില്ലെന്നുള്ള പ്രത്യാശയും, പ്രകടിപ്പിക്കുന്നതായാല്‍ പ്രത്യക്ഷത്തില്‍ അവരെക്കാണാമല്ലോ എന്ന പ്രതീക്ഷയും ആണ് ഒടുക്കം ഈ ‘പുതുമ’യേറിയ സാഹസത്തിനു എന്നെ ധൈര്യപ്പെടുത്തിയത്.
ഒരു പുസ്തകത്തിന്നു സ്വതവേ ഗുണം ഒന്നുംതന്നെ ഇല്ലെങ്കില്‍ മഹാന്മാരില്‍ വല്ലവരെക്കൊണ്ടും, അതിന്നു ഒരു അവതാരികയോ മറേറാ എഴുതിച്ചതുകൊണ്ടുമാത്രം ആ പുസ്തകത്തിന്നു വിശേഷിച്ച് ഒരു മെച്ചം കിട്ടിയെന്നു വരുന്നതല്ല. പ്രത്യുത, പലതുകൊണ്ടും ഗുണമുള്ളതാണ് പുസ്തകമെങ്കില്‍ വല്ലവരും എഴുതിയ ഒരു അവതാരിക അതില്‍ ചേര്‍ത്തതുകൊണ്ടു ആ പുസ്തകത്തിന്റെ ഗുണം അതുകൊണ്ടു പോയ്‌പോയെന്നും വന്നുകൂടാ. ഈ സംഗതിയുംകൂടി ഈ അവതാരിക എഴുതുന്ന കാര്യത്തില്‍ എനിക്കു ധൈര്യം നല്‍കീട്ടുണ്ട്.
ഒരു ഗ്രന്ഥത്തിന്റെ ശ്രേഷ്ഠത ഗണിക്കേണ്ടത് ഒന്നാമത് അതിന്റെ ഉള്ളടക്കംകൊണ്ടും, രണ്ടാമത് അതിന്റെ പ്രതിപാദനരീതി, അതായത് ശൈലികൊണ്ടും, മൂന്നാമതായി അതിന്റെ ആകപ്പാടെയുള്ള ആകൃതിവിശേഷം കൊണ്ടുമാണ്. നല്ല പുസ്തകമെന്ന പേര്‍ അര്‍ഹിക്കേണമെങ്കില്‍ ആദ്യം പറഞ്ഞ രണ്ടുകാര്യങ്ങള്‍ അത്യന്താപേക്ഷി തങ്ങളാണ്. ഈ പുസ്തകത്തിന്റെ കര്‍ത്താവാകട്ടെ, പല മഹാന്മാരുടെയും ജീവചരിത്രങ്ങളെഴുതി സാഹിത്യഭണ്ഡാരത്തെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തികഞ്ഞ യുവസാഹിത്യ രസികനാണ്. പല കവികളുടേയും കൃതികളെ കൂലങ്കഷമായി പരിശോധിച്ചു മുഖംനോക്കാതെ സാഹിത്യത്തിന്റെ മേന്മയെ മാത്രം ലക്ഷ്യമാക്കി നിര്‍ദ്ദാക്ഷിണ്യമാണെങ്കിലും, നിഷ്പക്ഷമായി വിമശിക്കുന്ന ആളാണെന്ന് അറിയപ്പെടുന്ന ശ്രീമാന്‍ പാറപ്പുറത്ത് സഞ്ജയന്റെ തൂലികയില്‍നിന്ന് ഒരുവിധം നല്ല സട്ടിഫിക്കറ്റ് വാങ്ങാനുള്ള ഭാഗ്യം ഇതിന്റെ കര്‍ത്താവ് ശ്രീമാന്‍ എസ്.കെ. ബാലകൃഷ്ണന്നുണ്ടായിട്ടുണ്ടെന്നു ഓര്‍ത്താല്‍ ഈ പുസ്തകത്തിലെ ഭാഷാരീതിയെപ്പറ്റിയോ, ആശയപ്രവാഹത്തെപ്പറ്റിയോ ഒന്നുംതന്നെ പ്രസ്താവിക്കേണ്ട
തായിട്ടില്ല.
ഉള്ളടക്കത്തെപ്പറ്റി പറകയാണെങ്കിലോ, ഇന്നു കിരീടം കൂടാതെ ഭാരതത്തെ നയിക്കുന്ന രാഷ്ട്രപതിയുടെ ജീവചരിത്രവുമാണ്. ‘നിസ്വാര്‍ത്ഥമായ ദേശസേവനം, നിഷ്‌കളങ്കമായ സ്വരാജ്യസ്‌നേഹം, നിരുപമമായ നിരീക്ഷണ വൈഭവം, കറയറ്റ ദേശാഭിമാനം എന്നീ അതൃല്‍കൃഷ്ട ഗുണങ്ങള്‍മൂലം, ഭാരതീയജനതയുടെ ഏകോപിച്ച സ്‌നേഹാദര ബഹുമാനങ്ങളെ നിതരാം സമാര്‍ജിച്ചിരിക്കുന്ന വന്ദ്യനേതാക്കന്മാരില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനത്തെ അര്‍ഹിക്കുന്ന ഒരു മാന്യപുരുഷനാണ് സുഭാസ് ചന്ദ്രബോസ്’ എന്നു പറഞ്ഞുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകം ആരംഭിക്കുന്നതുതന്നെ. ത്രിപുരിയില്‍ ഇക്കൊല്ലം ചേരുന്ന ഭാരതമഹാജന സഭയുടെ 52-ാമത്തെ സമ്മേളനത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ശ്രീ. ബോസ് ചെയ്ത പ്രസ്താവനകള്‍ പരസ്യപ്പെടുത്തുന്നതുവരെ ശ്രീമാന്‍ ബോസിനെപ്പറ്റിപ്പറഞ്ഞ ഈ അഭിപ്രായത്തോട് യോജിക്കാത്തവര്‍ ആരും ഉണ്ടായിട്ടില്ലെന്നുതന്നെ വേണം പറവാന്‍. എങ്കിലും, ശ്രീമാന്‍ ബോസ് ചെയ്ത മേല്‍സൂചിപ്പിച്ച പ്രസ്താവനകളും അതിനെ തുടന്നുണ്ടായ തിരഞ്ഞെടുപ്പും ഈ അഭിപ്രായത്തിന്നു അല്പം ഉടവ് വരുത്തീട്ടുണ്ടെന്നു വന്നാലും ആവക പ്രസ്താവനകള്‍ കുറച്ച് അവിവേകമായിപ്പോയെന്ന് അഭിപ്രായപ്പെടാന്‍, പക്ഷേ അനുവദിക്കുന്നതിനല്ലാതെ ഭാരതമാതാവിന്റെ സ്വാതന്ത്ര്യലാഭത്തിന്നു വേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങളും, അനുഭവിച്ച നിരവധി കഷ്ടപ്പാടുകളും ഓര്‍മ്മിച്ചാല്‍, അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയിക്കുവാന്‍ സംഗതിയില്ലാത്തതാണ്. എന്നുമാത്രമല്ല, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു സിദ്ധിച്ച വിജയം ഇന്ത്യന്‍ ജനതയുടെ നേതൃത്വം അദ്ദേഹത്തില്‍ത്തന്നെ വിണ്ടും അര്‍പ്പിക്കുന്നതിന്നു ഭാരതമാതാവിന്റെ സന്താനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും സന്തോഷവും സമ്മതവും ആണെന്ന് പ്രസ്പഷ്ടമാക്കീട്ടുള്ള നിലയ്ക്ക് ഈ പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ ഉല്‍കൃഷ്ടതയെ സംബന്ധിച്ചു വായനക്കാരില്‍ രണ്ടുപക്ഷമുണ്ടാവാന്‍ തരംപോരാ.
ഒരു പുസ്തകത്തിനു വേണ്ടുന്ന മൂന്നാമത്തെ ഗുണമായ ആകൃതിവിശേഷം അപ്രധാനമായിട്ടുള്ളതിനാല്‍ അതിനെക്കുറിച്ചും വിശിഷ്യാ വല്ലതും പറയേണമെന്നു തോന്നുന്നില്ല. എന്നുതന്നെയുമല്ല, എനിക്കയച്ചുതരപ്പെട്ടത് ഈ പുസ്തകത്തിന്റെ പ്രൂഫ് കടലാസുതുണ്ടങ്ങള്‍ ആയിരുന്നതിനാല്‍ പുസ്തകത്തിന്റെ ആകപ്പാടെയുള്ള ആകൃതി ഒന്നു മനസ്സില്‍ സങ്കല്പിക്കാനേ തരമായിട്ടുള്ളൂ.
ഒരു കാര്യംകൂടി മാത്രമേ എനിക്ക് ഇനി ഇതിനെപ്പററി പറവാനുള്ളു. ഇന്ത്യ വലിയ ഒരു വിഷമഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നു രാഷ്ട്രീയ നിരീക്ഷണപടുക്കളില്‍ ചിലര്‍ പ്രവചിച്ചിരിക്കുന്നു! ഇരുള്‍മൂടിയ കാര്‍മേഘങ്ങള്‍ നിറഞ്ഞ ഒരു അന്തരീക്ഷമാണ് മാനവസമുദായത്തിന്റെ മനോദര്‍പ്പണങ്ങളില്‍ പ്രതിഫലിച്ചു കാണുന്നത്. എന്നാല്‍, ആവക വിഷമഘട്ടങ്ങളാവട്ടെ, ഇരുള്‍നിറഞ്ഞ അന്തരീക്ഷമാകട്ടെ, ഇന്ത്യയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതിന്നുതകുന്നതല്ലാതെ തടയുവാന്‍ പ്രാപ്തമാകയില്ലെന്ന് എല്ലാം നല്ലതിനാണെന്ന അറിവും അനുഭവവും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ബ്രിട്ടീഷുകാരുമായുള്ള സഖ്യം താമസവും, സമരം ശീഘ്രത്വവും നല്‍കുന്നതായിരിക്കും. ഭാരതമാതാവിന്റെ അടിമച്ചങ്ങല പൊട്ടിക്കേണമെങ്കില്‍, ഇന്ത്യക്ക് രാഷ്ട്രീയസ്വാതന്ത്ര്യം കരഗതമാകേണമെങ്കില്‍, ഭാരതമാതാവിന്റെ അരുമസന്താനങ്ങള്‍ അഹിംസയിലും സത്യത്തിലും വിശ്വസിച്ച് ചങ്ങല വരിക്കാനും, മറ്റനേകം മദ്ദനങ്ങള്‍ സഹിപ്പാനും, മരിക്കാന്‍തന്നെയും സന്നദ്ധരായിരിക്കണം. ശ്രീ. സുഭാസ് ബോസിന്റെ ജീവിതം ഈ ഉത്തമാദര്‍ശത്തിന്റെയും, അഭിപ്രായത്തിന്റെയും ശ്രേഷ്ഠമായ ദൃഷ്ടാന്തമാണ്. സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുള്ള പരിശ്രമം മറെറല്ലാററിലുംവച്ചു മഹനീയവും ആദരണീയവും അതിനുവേണ്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വാസ്തവത്തില്‍ കളങ്കരഹിതമായ സുഖാനുഭവത്തെ ഉളവാക്കുന്നതിനു പര്യാപ്തങ്ങളും ആണെന്ന് ഈ ജീവചരിത്രം ആരെയും ഉദ്‌ബോധിപ്പിക്കാന്‍ ഉപകരിക്കുന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും ഇതു വായിച്ചുപഠിക്കുന്നതിനു സൗകര്യം ഉണ്ടാക്കിക്കൊടുക്കേണ്ടതാണെന്ന് പ്രസ്താവിക്കുകയും, ഇതിന്റെ കത്താവിന്റെ പരിശ്രമത്തില്‍ അനുമോദിക്കുകയും, ഭാരതമാതാവിന്റെ വിജയത്തിനായി ആശംസിക്കുകയും ചെയ്തുകൊണ്ട് ഈ പുസ്തകം ലോകസമക്ഷം സവിനയം അവതരിപ്പിച്ചുകൊള്ളുന്നു.
തലശ്ശേരി,
2-2-39.