രുക്മിണീസ്വയംവരം സുവിശേഷം
-ഒരു അരുണാക്ഷരപ്പതിപ്പ്
(ആത്മീയ പഠനം)
സുഭാഷ് വലവൂര്‍
പരിധി പബ്ലിക്കേഷന്‍സ് 2015
ആത്മീയ പഠനമാണ് സുഭാഷ് വലവൂരിന്റെ ഈ കൃതി. ആത്മീയ സാഹിത്യത്തില്‍ കൗതുകകരമായൊരു പരീക്ഷണമാണ് ഈ ഗ്രന്ഥം. ഭാഗവതത്തിലെ രുക്മിണീ സ്വയംവരം കഥയാണ് ഇതിവൃത്തം. ഏഴു ഭാഗങ്ങളായിട്ടാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ‘യാത്ര’ എന്ന ഭാഗത്തില്‍ രുക്മിണീസ്വയംവരം കഥയ്ക്ക് ഭക്തിയുടെയോ ആത്മീയതയുടെയോ സ്പര്‍ശമില്ലാതെ തന്റേതായ ആഖ്യാനം നല്കിയിരിക്കുന്നു. ഒരു സാധാരണ കഥ. ‘സ്വയംവര കഥാസാരം (സാമാന്യം)’ എന്ന ഭാഗത്ത് കഥയുടെ സാംഗത്യം സാമാന്യേന പറഞ്ഞുപോകുന്നു. ‘സ്വയംവര കഥാസാരം (വിശേഷം)’ എന്ന ഭാഗത്ത് ആത്മീയാന്വേഷണം എന്ന സങ്കല്‍പ്പത്തെ എങ്ങനെയാണ് ഈ കഥയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നത് എന്നു സൂചിപ്പിക്കുന്നു.
‘വചനവിചാരം’ എന്ന ഭാഗത്ത് യേശുക്രിസ്തുവിന്റെ വചനങ്ങള്‍ ആത്മീയാന്വേഷണത്തെ സൂചിപ്പിക്കുന്നവയാണെന്ന് സുഭാഷ് വലവൂര്‍ സമര്‍ത്ഥിക്കുന്നു. രുക്മിണീ സ്വയംവരകഥയിലെ ഓരോ സന്ദര്‍ഭവും ക്രിസ്തുവചനങ്ങളെ സാക്ഷ്യപ്പെടുത്തുന്നു എന്ന് അതില്‍ സൂചിപ്പിക്കുന്നു. രുക്മിണീ സ്വയംവരം സുവിശേഷം എന്ന ഭാഗത്ത് കൗതുകകരമായ ഒരു പ്രവൃത്തിയാണ് ഗ്രന്ഥകാരന് ചെയ്തിരിക്കുന്നത്. രുക്മിണീ സ്വയംവരകഥ പഴയ മലയാളം ബൈബിളിലെ മലയാള ഭാഷയുടെ ശൈലിയില്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകുമെന്ന് അതില്‍ പരീക്ഷിച്ചിരിക്കുന്നു. പാരായണം ചെയ്യാവുന്ന സുവിശേഷമായിത്തന്നെയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
മറ്റൊരു ശ്രദ്ധേയമായ കാര്യം ഇപ്പറഞ്ഞ സുവിശേഷത്തില്‍ ഓരോ സന്ദര്‍ഭത്തിലും പ്രസക്തമായ യേശുവചനങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട് എന്നതാണ്. എന്നുതന്നെയല്ല, പുസ്തകത്തിന്റെ പേരിലെ ‘അരുണാക്ഷരപ്പതിപ്പ്’ എന്ന വാക്ക് സൂചിപ്പിക്കുന്നത് ഈ ക്രിസ്തുവചനങ്ങളുടെ രേഖപ്പെടുത്തലിനെയാണ്. ക്രിസ്തുവചനങ്ങള്‍ മാത്രം ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയ ബൈബിള്‍ പതിപ്പിനെ ‘റെഡ് ലെറ്റര്‍ എഡിഷന്’ എന്നാണ് വിളിക്കുന്നത്. അതിന്റെ മലയാളം എന്ന നിലയിലാണ് ‘അരുണാക്ഷരപ്പതിപ്പ്’ എന്ന് കൊടുത്തിരിക്കുന്നത്.
അവസാനഭാഗമായി ‘സ്വയംവരഗീതങ്ങള്’ എന്ന ഭാഗത്ത് ബൈബിളിലെ സങ്കീര്‍ത്തനങ്ങളുടെ മാതൃകയിലുള്ള ഗീതങ്ങള്‍ കൊടുത്തിരിക്കുകയാണ്. ക്രിസ്തീയ സാഹിത്യത്തില്‍ അവഗാഹമുള്ള, ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.ഡി. ബാബു പോളാണ് അവതാരിക എഴുതിയിട്ടുള്ളത്.
Leave a Reply