(ജീവചരിത്രം)
എം.കെ. സാനു
സമാഹരണം, പഠനം ടി.എം.എബ്രഹാം
ഡി.സി ബുക്‌സ് 2011
മലയാളത്തിന്റെ പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോനെപ്പറ്റിയുള്ള ജീവചരിത്ര ഗ്രന്ഥമാണിത്. ഗ്രന്ഥകാരന്‍ എം.കെ.സാനു അതെപ്പറ്റി പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ഇതോടൊപ്പം നല്‍കുന്നു:
പ്രസ്താവന
തെളിഞ്ഞ വെയിലുള്ള ഒരു സായാഹ്നത്തില്‍ എറണാകുളം സുഭാഷ് പാര്‍ക്കിലിരുന്നു വര്‍ത്തമാനം പറയുന്നതിനിടയ്ക്ക് വൈലോപ്പിള്ളിയോടു ഞാന്‍ പറഞ്ഞു: ‘എന്നില്‍നിന്നൊരു ഭീഷണി മാസ്റ്റര്‍ നേരിടാതെ നിവൃത്തിയില്ല.’ അദ്ദേഹം നല്ല മൂഡിലായിരുന്നു. ”എന്താണാവോ ഭീഷണി?’ എന്ന്, വിസ്മയം തിങ്ങിനില്‍ക്കുന്ന കണ്ണുകളോടെ എന്റെ മുഖത്തു നോക്കി ക്കൊണ്ട് അദ്ദേഹം ചോദിച്ചു. ‘മാസ്റ്ററുടെ ജീവിതത്തെക്കുറിച്ചു പുസ്തകമെഴുതണമെന്ന ദുരാഗ്രഹം എന്നിലുണര്‍ന്നിരിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന ഭീഷണി നേരിടേണ്ടതു മാസ്റ്ററാണല്ലോ’ എന്ന എന്റെ മറുപടി കേട്ടപ്പോള്‍ അദ്ദേഹം ചെറുതായൊന്നു ചിരിച്ചു. ആ ദുരാഗ്രഹം ശമിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സഹായം ആവശ്യമാണെന്നു ഞാന്‍ തുടര്‍ന്നു പറഞ്ഞപ്പോള്‍ ആ ചിരി മാഞ്ഞു. ഒരുനിമിഷം തന്നിലേക്ക് സ്വയം ഒതുങ്ങി മൗനിയായിരുന്നിട്ട് അദ്ദേഹം പറഞ്ഞു: ”നിങ്ങളെപ്പോലൊരാള്‍ എഴുതുന്നതിനെ ഞാന്‍ അവാര്‍ഡിനേക്കാള്‍ വിലമതിക്കുന്നു. പക്ഷേ, നിങ്ങള്‍ പുറമേ കാണുന്നയാളല്ല ഞാന്‍. സഹ്യന്റെ മകനെപ്പോലെ ഞാന്‍ മറ്റൊരു ലോകം ഉള്ളില്‍ പേറിക്കൊണ്ടാണു നടക്കുന്നത്.’
തുടര്‍ന്ന് അദ്ദേഹം വാചാലനായി. അദ്ദേഹം പലതും പറഞ്ഞുകൊണ്ടിരുന്നു. അതൊക്കെയും കൗതുകത്തോടുകൂടി ഞാന്‍ കേട്ടു. അദ്ദേഹം വര്‍ത്തമാനം നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: ”എനിക്കറിയേണ്ടത് ആ ആന്തരജീവിതമാണ്. അത് അല്പമെങ്കിലും കാണാനുപകരിക്കുന്ന കാര്യങ്ങള്‍ മാസ്റ്റര്‍ പറഞ്ഞുതന്നാല്‍ മതി.’
പാര്‍ക്കില്‍നിന്നു പുറത്തിറങ്ങി ഞങ്ങള്‍ നടന്നു. സമീപമുള്ള കോഫിഹൗസില്‍ കയറി കാപ്പി കുടിച്ചു. അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ആ രംഗം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ആത്മകഥാപരമായ വര്‍ത്തമാനം കേള്‍ക്കാന്‍ അനേകം അവസരങ്ങള്‍ എനിക്കു ലഭിച്ചു. അതില്‍ പലതും കുറിച്ചുവയ്ക്കാന്‍ എനിക്കെങ്ങനെയോ സാധിക്കുകയും ചെയ്തു. ആ അവസരങ്ങളോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ആന്തരികജീവിതമാണ് എഴുത്തുകാരന്റെ മൂലധനം. അതില്‍നിന്നാണു രചനയ്ക്കാധാരമായ സാമഗ്രികള്‍ അയാള്‍ക്കു ലഭിക്കുന്നത്. സര്‍ഗാത്മക രചനയിലാകുമ്പോള്‍ ആ സാമഗ്രികള്‍ക്കു വികാരപരവും ഭാവനാപരവുമായ മാനങ്ങള്‍ കൈവരുന്നു. അവയാണ് ഏറിനില്ക്കുക. അയാളുടെ കൃതികളിലൂടെ അന്വേഷണോത്സുകമായി സഞ്ചരിക്കുമ്പോള്‍ ആ ആന്തരിക ജീവിതത്തിന്റെ സങ്കീര്‍ണതയുമായി നാം സന്ധിക്കുന്നു. അതിന്റെ ചില
അംശങ്ങളെങ്കിലും വേര്‍തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച നമുക്കു ലഭിക്കുകയും ചെയ്യുന്നു. അപ്രകാരം ലഭിക്കുന്ന ഉള്‍ക്കാഴ്ചയാണ് ജീവചരിത്ര രചനയില്‍ എനിക്കു സഹായകമായിരുന്നിട്ടുള്ളത്. ബാഹ്യജീവിതത്തിലെ സംഭവങ്ങള്‍ അതിനൊരു ചട്ടക്കൂട് നല്‍കുന്നുവെന്നു മാത്രം. അനേകമാളുകളുമായി സംസാരിച്ചതില്‍നിന്നു കിട്ടിയ വിവരങ്ങളും ഈ ജീവചരിത്ര രചനയില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വൈലോപ്പിള്ളിയുടെ സഹധര്‍മ്മിണി ഭാനുമതിയമ്മ ടീച്ചര്‍, സഹോദരി ശ്രീമതി ലീലാവതിയമ്മ, അവരുടെ ഭര്‍ത്താവ് ശ്രീ. ശങ്കരമേനോന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. അവരുടെ നേര്‍ക്ക് ഞാന്‍ കൃതജ്ഞനാണ്.
കുട്ടികളുടെ നേര്‍ക്ക് വൈലോപ്പിള്ളിക്ക് വലിയ വാത്സല്യമായിരുന്നു. അവര്‍ ബുദ്ധിയും സാംസ്‌കാരികാഭിരുചിയുമുള്ളവരാണെന്നു കണ്ടാല്‍ ആ വാത്സല്യം ഏറെ ദൃഢമായിത്തീരുന്നു. അങ്ങനെയാണ് എറണാകുളത്ത് അഡ്വ. എം.എം.ചെറിയാന്റെ പുത്രി ജമീല മേരി ചെറിയാന്‍ എന്ന കുട്ടി അദ്ദേഹത്തിന്റെ നിസ്സീമമായ വാത്സല്യത്തിനു പാത്രമായത് (ആ കുട്ടി ഇന്ന് ഡോക്ടര്‍ ജമീലയായും അമ്മയായും വളര്‍ന്നിരിക്കുന്നു). ജമീലയ്ക്ക് അദ്ദേഹമെഴുതിയ ചില കത്തുകള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിഷ്‌കളങ്കത തുളുമ്പുന്ന ആ കത്തുകള്‍ എനിക്കെന്നപോലെ വായനക്കാര്‍ക്കും ഹൃദ്യമായനുഭവപ്പെടുമെന്നു വിശ്വസിക്കുന്നു. ഡോ. ജമീലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു.
അവസാനകാലത്ത് വൈലോപ്പിള്ളിയുമായി അടുത്തിടപഴകാന്‍ ഭാഗ്യമുണ്ടായ വ്യക്തിയാണ് ഡോ.സി.പി.ലീല. അതില്‍നിന്നു കിട്ടിയ അറിവുകള്‍ സ്വന്തം പഠനവുമായി സമ്മേളിപ്പിച്ചുകൊണ്ട് അവര്‍ രചിച്ച ഗ്രന്ഥം(‘വൈലോ പ്പിള്ളി-നേരിന്റെ വേനല്‍പ്പൊരുള്‍’) ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡോ.സി.പി. ലീലയ്ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.
അനേകം കത്തുകള്‍ വൈലോപ്പിള്ളിയില്‍നിന്ന് എനിക്കു കിട്ടിയിട്ടുണ്ട്. ഇതുപോലൊരു ഗ്രന്ഥത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ പറ്റുന്ന കാര്യങ്ങള്‍ അവയിലില്ല.
നൈസര്‍ഗികമായ കവിത്വത്തിന്റെ ബലത്തില്‍ തന്റെ സങ്കീര്‍ണമായ ആന്തരികജീവിതം ആവിഷ്‌കരിക്കുന്നതിലൂടെ സ്വന്തമായ ഒരു ലോകം സൃഷ്ടിച്ചവശേഷിപ്പിച്ചുകൊണ്ടാണ് വൈലോപ്പിള്ളി ലോകത്തോടു വിടപറഞ്ഞത്. ഗഹനമായ ഒരു ലോകത്തിന്റെ ശബളകാന്തിയാര്‍ന്ന ഉള്ളറകളെ സമീപിക്കാന്‍ വായനക്കാര്‍ക്കുപകരിക്കണമെന്ന ലക്ഷ്യം ഈ ഗ്രന്ഥരചന യില്‍ എന്നെ എപ്പോഴും നിയന്ത്രിച്ചിരുന്നുവെന്നു മാത്രം ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
എഴുത്തിലും ക്രമീകരണത്തിലും എന്നെ സഹായിച്ച ശ്രീ ആര്‍.പ്രഭാകരന്‍പിള്ളയുടെ നേര്‍ക്ക് ഞാന്‍ കൃതജ്ഞനാണ്.
എം. കെ. സാനു